കുട്ടിക്കുപ്പായവും കൂട്ടുത്തരവാദിത്തവും

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

അങ്ങാടിയില്‍ നിന്ന് കുട്ടി ഒരു കുപ്പായം വാങ്ങി. വീട്ടില്‍ വന്ന് ഇട്ട് നോക്കുമ്പോള്‍ 4 സെന്റി മീറ്റര്‍ നീളം കൂടുതല്‍! കുട്ടി ഉമ്മയോട് അധികമുള്ള 4 സെന്റിമീറ്റര്‍ കുറച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. 

''ഇപ്പോള്‍ അല്‍പം തിരക്കിലാണ്''- ഉമ്മ അവരുടെ ജോലിയില്‍ മുഴുകി. 

കുട്ടി സഹോദരിയെ സമീപ്പിച്ചു, നീളം കുറച്ചു കൊടുക്കാന്‍ പറഞ്ഞു. 

''ഭക്ഷണമുണ്ടാക്കിക്കഴിയട്ടെ, എന്നിട്ടാവാം''-അവള്‍ പറഞ്ഞു.

പുത്തനുടുപ്പിന്റെ പൂതിയില്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത കുട്ടി കൂട്ടുകാരനില്‍ നിന്ന് തയ്യല്‍കൂലിയും കടം വാങ്ങി തയ്യല്‍കടയിലെത്തി കുപ്പായത്തിന്റെ നീളം കുറപ്പിച്ചു. വീട്ടിലെത്തിയ കുട്ടി കുപ്പായം ഭദ്രമായി ഷെല്‍ഫില്‍ വെച്ചു, പിറ്റേ ദിവസം പുത്തനുടുപ്പ് ധരിച്ച് സ്‌കൂളില്‍ പോകുന്നതു സ്വപ്‌നം കണ്ടുറങ്ങി. 

ജോലിത്തിരക്ക് കഴിഞ്ഞ് കുട്ടിയുടെ മുറിയിലെത്തിയ ഉമ്മയുടെ മനസ്സലിഞ്ഞു. കുട്ടിയെ ഉണര്‍ത്താതെ കുപ്പായം എടുത്തു കൊണ്ടുപോയി 4 സെന്റീമീറ്റര്‍ നീളം കുറച്ചു, വീണ്ടും ഷെല്‍ഫില്‍ കൊണ്ടു പോയി വെച്ചു! ആഹാരം തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് അനുജന്‍ കുപ്പായം നീളം കുറച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടത് പെങ്ങള്‍ ഓര്‍ത്തത്. ഉടനെ ഷെല്‍ഫില്‍ നിന്നും കുപ്പായമെടുത്ത് കൊണ്ടുപോയി 4 സെന്റീമീറ്റര്‍ നീളം കുറച്ചു! 

പിറ്റേദിവസം പ്രഭാതത്തില്‍ പുത്തനുടുപ്പിന്റെ പത്രാസ് ഓര്‍ത്തുണര്‍ന്ന കുട്ടി പ്രാഥമിക ഒരുക്കങ്ങള്‍ക്കു ശേഷം സ്‌കൂള്‍ കൂട്ടുകാര്‍ക്കു മുമ്പില്‍ ഊറ്റം കൊള്ളാന്‍ കുപ്പായം എടുത്തിട്ടു! വാരിയെല്ലുകള്‍ പോലും മറയാത്ത കുപ്പായം കണ്ടു അവന്‍ ഞെട്ടിത്തരിച്ചു! സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു. 

ഗുണപാഠം:

എല്ലാവരും ജോലി ചെയ്തു. എന്നാല്‍ മുന്‍കൂട്ടി ഉണ്ടാകേണ്ടിയിരുന്ന പരസ്പരധാരണ ഇല്ലാതെ പോയി. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. കൂടിയാലോചന ഇല്ലാതെ പോയതിനാല്‍ കര്‍മം വിഫലമായി.

ഇന്ത്യാരാജ്യത്തെ ഗ്രസിച്ച ഒരു വലിയ വിപത്തൊഴിവാക്കാന്‍ പലരും കഠിനാധ്വാനത്തിലാണ്. എന്നാല്‍ ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റക്ക് കുപ്പായം നീളം കുറക്കുന്ന പണിയിലാണ്. ശിഥിലമാവുന്ന ശ്രമങ്ങള്‍, ഒത്തിണക്കമില്ലാത്ത അധ്വാനങ്ങള്‍. ഇതു കണ്ട് കഴുകന്‍ കൊമ്പിലിരുന്ന് ഊറിച്ചിരിക്കുന്നു. 

ഒച്ചയെടുത്തതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കില്ല. പരസ്പര ധാരണയോടെ, വര്‍ഗീയ ഫാസിസത്തിന്നെതിരെ വോട്ടുകള്‍ ഏകോപിച്ചു പെട്ടിയില്‍ വീഴ്ത്താന്‍ പണിയെടുക്കണം.