ഈദ്ഗാഹ് സംഘടിപ്പിക്കല്‍ പ്രമാണവിരുദ്ധമോ?

മൂസ സ്വലാഹി, കാര

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

നബിചര്യയെ വാക്കിലും വരികളിലും മാത്രമൊതുക്കി ഞങ്ങള്‍ ഇസ്‌ലാമിന്റെ പ്രയോക്താക്കളാണെന്ന് പെരുമ്പറയടിച്ച് നടക്കുന്ന കേരള ശിയാക്കളായ സമസ്തക്കാര്‍ മതനിയമങ്ങളുടെ തണലില്‍ പുത്തന്‍ വിശ്വാസാചാരങ്ങള്‍ മെനഞ്ഞുണ്ടാക്കി, ഇസ്‌ലാം എന്താണോ പഠിപ്പിക്കുന്നത് അതില്‍ നിന്നെല്ലാം സമുദായത്തെ പരമാവധി അകറ്റാന്‍ പെടാപാട് പെടുന്നവരാണ്. 2019 ആഗസ്റ്റ് 15 ലക്കം 'സുന്നിവോയ്‌സി'ല്‍ അബ്ദുല്‍ അസീസ് സഖാഫി വാളക്കുളമെഴുതിയ 'ഈദ് ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു' എന്ന ലേഖനം ഇതിനുള്ള പുതിയ തെളിവാണ്.

മുസ്‌ലിയാര്‍ ലേഖനം ആരംഭിക്കുന്നത് തന്നെ ശുദ്ധ കളവുകൊണ്ടാണ്: ''ഈദ് ഗാഹിന്റെ പേരില്‍ വിശ്വാസികളെ പെരുന്നാള്‍ സുദിനങ്ങളില്‍ വൃത്തിഹീനമായ മാര്‍ക്കറ്റുകളിലേക്കും മൈതാനങ്ങളിലേക്കും നിസ്‌കാരത്തിന് വലിച്ചിഴക്കുന്നവരാണ് ബിദഇകള്‍''(പേജ്: 24).

പച്ചയായ തെറ്റുധരിപ്പിക്കലാണിത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി, ജനങ്ങളെ ഉദ്ബുദ്ധരാക്കി ഈദ് ഗാഹെന്ന സുന്നത്തിനെ ജീവിപ്പിക്കുന്നവരോട് മുസ്‌ലിയാക്കന്മാര്‍ അടങ്ങാത്ത കലിപ്പും വെറുപ്പും വച്ചുപുലര്‍ത്തുന്നതെന്തിനാണ്? നബിചര്യക്ക് നേരെ മുസ്‌ലിയാര്‍ നടത്തിയ 'വൃത്തിഹീനം', 'വലിച്ചിഴക്കല്‍' എന്നീ മോശം പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. എന്ത് തെളിവിന്റെഅടിസ്ഥാനത്തിലാണ് ഈ പറഞ്ഞിരിക്കുന്നത്? സ്വന്തം മനസ്സിനെ വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂ. ദീനിന്റെ നിര്‍ദേശങ്ങളെ ഗൗനിക്കാത്തത് കാരണമാണിത്. അല്ലാഹു പറയുന്നു:

''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (ക്വുര്‍ആന്‍ 4:115).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''എന്റെ സമൂഹം മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും, വിസമ്മതം കാണിച്ചവര്‍ ഒഴികെ.'' അവര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ആരാണ് വിസമ്മതം കാണിച്ചവര്‍?'' അവിടുന്ന് പറഞ്ഞു: ''എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ കടക്കും. എന്നെ ധിക്കരിച്ചവന്‍ ആരാണോ അവനാണ് വിസമ്മതം കാണിച്ചവന്‍'' (ബുഖാരി).

കേരളത്തില്‍ നടന്നുവരുന്ന 'ഈദ്ഗാഹ്' എന്ന സുന്നത്തിനെ മോശമാക്കി ചിത്രീകരിക്കുവാന്‍ മുസ്‌ലിയാര്‍ നടത്തുന്ന ശ്രമം കാണുക: ''എന്നാല്‍ ഈദ് ഗാഹിന്റെ വിഷയത്തില്‍ ഗള്‍ഫ് നാടുകളോട് താരതമ്യം ചെയ്യുന്നത് ശുദ്ധ വിവരക്കേടാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാരണം അവിടെങ്ങളിലെല്ലാം പെരുന്നാള്‍ നിസ്‌കാരത്തിനു വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയ്ത സ്ഥലങ്ങളെയാണ് ഈദ് ഗാഹ് എന്ന് വിളിക്കുന്നത്. നിസ്‌കാര ശേഷം പൂട്ടി അടുത്ത നിസ്‌കാരം വരെ സംരക്ഷിക്കുകയും വൃത്തിയായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളാണവ. അല്ലാതെ ഏതെങ്കിലും ചന്തകളിലോ മറ്റോ ബാനര്‍വച്ച തട്ടിക്കൂട്ട് ഈദ്ഗാഹുകളല്ല'' (പേജ്: 24)

തത്ത്വത്തില്‍ ഇദ്ഗാഹിനോട് എതിര്‍പ്പുള്ള ഇവര്‍ കേരളത്തിലെ ഈദ് ഗാഹുകളെ എതിര്‍ക്കുവാന്‍ ഗള്‍ഫ് നാടുകളിലെ ഈദ് ഗാഹുകളെ അംഗീകരിക്കുകയാണ് ഇതിലൂടെ! ഈദ് ഗാഹിനെ ഇവര്‍ അംഗീകരിക്കുന്നുവെങ്കില്‍ ഗള്‍ഫ് നാടുകളിലുള്ളതു പോലെ എന്തുകൊണ്ട് ഈദ് ഗാഹുകള്‍ ഇവര്‍ നടത്തുന്നില്ല? പ്രാമാണികമായി എതിര്‍ക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇങ്ങനെ പറയുകയല്ലാതെ ഇവരുടെ മുമ്പില്‍ വേറെ എന്തു വഴി! പള്ളിയല്ലാത്ത, നമസ്‌കാരയോഗ്യമായ സ്ഥലങ്ങള്‍ക്ക് 'മുസ്വല്ല' എന്ന് പറയാമെന്നത് മുസ്‌ലിയാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമാകില്ലല്ലോ.

മുസ്‌ലിയാര്‍ പറയുന്നു: ''പ്രവിശാലവും സൗകര്യപ്രദവുമായ മസ്ജിദുകള്‍ അടച്ച്പൂട്ടി പെരുന്നാള്‍ ദിനം വൃത്തിഹീനമായ സ്ഥലങ്ങളില്‍ പോയി നമസ്‌കാരം നിര്‍വഹിക്കുന്ന പുത്തന്‍വാദികളുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്'' (പേജ്: 24).

ഈദ്ഗാഹ് അഥവാ 'മുസ്വല്ലല്‍ ഈദ്' മതത്തിലെ നൂതനാചാരമാണോ? ഇത് നബിചര്യയില്‍ പെട്ടതല്ലേ? അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ''നബി ﷺ  പെരുന്നാള്‍ ദിവസം രാവിലെ മുസ്വല്ലയിലേക്ക് പോകാറുണ്ടായിരുന്നു'' (ബുഖാരി).

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം: ''നബി ﷺ  ചെറിയ പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്ക് പോകാറുണ്ടായിരുന്നു'' (നസാഈ).

'ജബാന' എന്ന സ്ഥലത്ത് പോയി നബി ﷺ  പെരുന്നാള്‍ നമസ്‌കരിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. സ്വഹാബികള്‍, താബിഉകള്‍, മദ്ഹബിന്റെ ഇമാമുമാര്‍, അഹ്‌ലുസ്സുന്നയുടെ മറ്റു പണ്ഡിതന്മാര്‍ എന്നിവരെല്ലാം ഇത് അംഗീകരിച്ചതിന് ധാരാളം തെളിവുകളുണ്ട്. നാല് മദ്ഹബുകളുടെയും നിലപാട് ഇതാണ്.

ഇമാം അല്‍ഐനി അല്‍ഹനഫി(റഹി) പറയുന്നു: ''അബൂസഈദ് അല്‍ഖുദ്‌രി(റ)യുടെ ഹദീഥില്‍ ഈദ്ഗാഹിലേക്ക് പുറപ്പെടണമെന്നതിന് തെളിവുണ്ട്. അനിവാര്യഘട്ടത്തിലാണ് പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കേണ്ടത്.''

ഇമാം ക്വുര്‍ത്വുബി അല്‍മാലികി(റഹി) തന്റെ 'അല്‍മുഫ്ഹിം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''നബി ﷺ  മുസ്വല്ലയിലേക്ക് പുറപ്പെട്ടത് തന്നെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഈദ്ഗാഹിലേക്ക് പുറപ്പെടണമെന്നതിന് തെളിവാണ്. അപ്രകാരമാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ച് പോന്നത്. ഇസ്‌ലാമിന്റെ സൗന്ദര്യവും പ്രൗഢിയും പ്രകടിപ്പിക്കലാണ് ഇതിന്റെ യുക്തി. സൗകര്യാര്‍ഥം ഏത് നാടും ഇതിനുപയോഗിക്കാം; മക്കയൊഴികെ. മക്കയില്‍ മസ്ജിദുല്‍ ഹറമില്‍ പെരുന്നാള്‍ നമസ്‌കരിക്കണം. അവിടെ നിന്ന് പുറത്തു പോകാവതല്ല. അത് അല്ലാഹുവിന്റെ ഭവനത്തോട് പ്രതിപത്തി പുലര്‍ത്തലാണ്.''

ഇമാം ശാഫിഈ(റഹി) തന്റെ 'അല്‍ഉമ്മി'ല്‍ പറയുന്നു: ''മദീനയിലായിരിക്കെ നബി ﷺ  പെരുന്നാള്‍ മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നുവെന്ന് നമ്മുക്ക് വിവരമെത്തിയിട്ടുണ്ട്. പ്രവാചകന് ശേഷവും അപ്രകാരം തന്നെയായിരുന്നു; മഴ പോലുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടായില്ലെങ്കില്‍. മക്കക്കാര്‍ ഒഴിച്ച് ബാക്കിയെല്ലാ നാട്ടുകാരും അപ്രകാരം തന്നെയായിരുന്നു.''

ഇമാം ഇബ്‌നുഖുദാമ അല്‍ഹമ്പലി(റഹി) തന്റെ 'അല്‍മുഗ്‌നി' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''പെരുന്നാള്‍ നമസ്‌കാരം മുസ്വല്ലയില്‍ വെച്ചാണ് സുന്നത്ത്. അങ്ങനെ ചെയ്യാന്‍ അലി(റ) കല്‍പിച്ചിട്ടുണ്ട്. ഔസാഈയും അറിവുള്ളവരും അതാണ് ഇഷ്ടപ്പെട്ടത്. അതാണ് ഇബ്‌നുമുന്‍ദിറിന്റെയും അഭിപ്രായം.''

ഇമാം ബുഖാരി(റഹി), ഇമാം മുസ്‌ലിം(റഹി) എന്നിവരും അവരുടെ ഹദീഥ് ഗ്രന്ഥങ്ങളില്‍ ഈദ് ഗാഹിനെ സംബന്ധിച്ച് ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. ഈ തെളിവുകളെയെല്ലാം പൂഴ്ത്തിവെച്ച് ഈദ് ഗാഹുകളെ പുത്തനാചാരമെന്ന് ആക്ഷേപിക്കുന്നവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്.

ലേഖകന്‍ തുടരുന്നു: ''നബി ﷺ  ചെറിയ പെരുന്നാള്‍ ദിവസവും വലിയ പെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു. ഇമാം മുസ്‌ലിം(റ) സ്വഹീഹില്‍ ഉദ്ധരിച്ച ഈ ഹദീസാണ് ഈ നടപടിക്ക് പുത്തന്‍വാദികള്‍ തെളിവാക്കാറുള്ളത്.''

മുസ്‌ലിയാര്‍ സൂചിപ്പിച്ച ഈ ഹദീഥില്‍ നിന്ന് ഈദ്ഗാഹിലേക്ക് പുറപ്പെടല്‍ പണ്ടേ ഉള്ളതാണെന്ന് വ്യക്തം. ഇമാം നവവി(റഹി) ഈ ഹദീഥിന് നല്‍കിയ വിശദീകരണം ഇപ്രകാരമാണ്: ''പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ്ഗാഹിലേക്ക് പുറപ്പെടല്‍ സുന്നത്താണെന്നും പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതിനെക്കാള്‍ ഉത്തമം അതാണെന്നും പറഞ്ഞവര്‍ക്ക് ഈ ഹദീഥാണ് തെളിവ്. മിക്ക നാടുകളിലും ഇതനുസരിച്ചാണ് ആളുകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ മക്കക്കാര്‍ ആദ്യകാലം മുതല്‍ക്കേ പള്ളിയിലാണ് നമസ്‌കരിച്ചിരുന്നത്. ശാഫിഈ മദ്ഹബിലെ പണ്ഡിതര്‍ ഇതില്‍ രണ്ട് വീക്ഷണക്കാരാണ്. ഒന്ന്, ഈ ഹദീഥ് പ്രകാരം ഉത്തമം മൈതാനമാണെന്ന്. രണ്ട്, പള്ളി വിശാലമാണെങ്കില്‍ അതാണ് ഉത്തമം'' (ശര്‍ഹു മുസ്‌ലിം, വാള്യം 3, പേജ്: 143).

ഈദ്ഗാഹിനെ പ്രോത്സാഹിപ്പിക്കുന്ന ഈ വിശദീകരണത്തെ പോലും വളച്ച് വശത്താക്കാന്‍ മുസ്‌ലിയാര്‍ ലേഖനത്തില്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലെവിടെയും ഈദ്ഗാഹിനെ വെറുക്കുന്നതോ, നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നുമില്ല. ഇനി ഇബ്‌നു ഖുദാമ അല്‍ ഹമ്പലി(റ) പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കാം: ''ഒരു പ്രദേശത്തെ പള്ളി വിശാലമാണെങ്കില്‍ അവിടെ നമസ്‌കരിക്കലാണ് ഉത്തമം. കാരണം അതാണല്ലോ ഉത്തമ സ്ഥലവും വൃത്തിയുള്ളതും. അതിനാലാണ് മക്കക്കാര്‍ മസ്ജിദുല്‍ ഹറമില്‍ നമസ്‌കരിക്കുന്നത്. എന്നാല്‍ ഇതിന് നമുക്ക് പറയാനുള്ളത് ഇതാണ്; നബി ﷺ  അവിടുത്തെ തന്നെ പള്ളി ഒഴിവാക്കിക്കൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. അദ്ദേഹത്തിന് ശേഷം ഖലീഫമാരും അങ്ങനെയായിരുന്നു. അടുത്തുള്ളതും ഏറ്റവും നല്ലതും ഒഴിവാക്കി അകലെയുള്ളതും നന്മ കുറഞ്ഞതും നബി ﷺ  എടുക്കുക എന്നത് സംഭവിക്കുകയുമില്ല. അവിടുന്ന് തന്റെ സമൂഹത്തിന് ഉത്തമമായതിനെ ഉപേക്ഷിക്കല്‍ നിയമമാക്കുകയില്ല. നബി ﷺ യെ പിന്തുടരുവാനും അനുഗമിക്കുവാനുമാണ് നാം കല്‍പിക്കപ്പെട്ടിട്ടുള്ളത്. കല്‍പിക്കപ്പെട്ടത് അപൂര്‍ണവും വിരോധിക്കപ്പെട്ടത് പൂര്‍ണവും എന്നത് സംഭവിക്കുകയില്ലല്ലോ. ഒരു കാരണവുമില്ലാതെ നബി ﷺ  പള്ളിയില്‍ വെച്ച് നമസ്‌കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്‌ലിംകളുടെ 'ഇജ്മാഅ്' ആണ്.''

ഇത്രയേറെ തെളിവുകളുണ്ടായിട്ടും എന്തിനാണിവര്‍ ഇതിനെ പുത്തന്‍വാദമെന്ന് ആക്ഷേപിക്കുന്നത്? തങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് നടപ്പിലാക്കാതിരിക്കാം. എന്നാല്‍ ഒരു വ്യക്തമായ സുന്നത്തിനെ നിഷേധിക്കുന്നതെന്തിന്?

ലേഖനത്തില്‍ ശരിയായ നിലപാടെടുക്കാന്‍ കഴിയാതെ അവസാനം മുസ്‌ലിയാര്‍ ഒഴുക്കന്‍ മട്ടില്‍ തട്ടിവിടുന്നത് കാണുക: ''പരിശുദ്ധ ഇസ്‌ലാം പെരുന്നാള്‍ നിസ്‌കാരം എവിടെവച്ചാകണമെന്നും ആകരുതെന്നും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ മറികടന്നു വരുന്ന എല്ലാ പുത്തനാശയങ്ങളും തള്ളപ്പെടേണ്ടതാണ്'' (പേജ്: 25).

സുന്നത്തുക്കളെ സൂക്ഷിക്കുന്നവര്‍ പുത്തന്‍ വാദികള്‍! ബിദ്അത്തുകളെ കൊണ്ടുനടക്കുന്നവര്‍ സുന്നികളും! എന്തൊരു വിരോധാഭാസമാണിത്! സമസ്ത വിശ്വസിച്ചാചരിക്കുന്നതില്‍ എത്ര ശതമാനം ഇസ്‌ലാമുണ്ടെന്ന് പരതിയാല്‍ ഏതാണ് തള്ളപ്പെടേണ്ടതെന്ന് എളുപ്പത്തില്‍ ബോധ്യമാകും.