ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

മൂസ സ്വലാഹി, കാര

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

വിശ്വാസ ജീര്‍ണത, ആചാരാനുഷ്ഠാനങ്ങളിലെ കൃത്രിമത്വം, പ്രമാണനിരാസം എന്നിവ മുഖമുദ്രയാക്കി ഇസ്‌ലാമിനെ വികലവും വികൃതവുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ശീഈ-സ്വൂഫീ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമായി ഉടലെടുത്ത വിഭാഗമാണ് ബറേല്‍വികള്‍. ഈ സംയുക്ത കുടുംബത്തില്‍ മുതിര്‍ന്ന പേരക്കുട്ടികളുടെ സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നത് കേരള ശിയാക്കളായ സമസ്തക്കാരാണ്. അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ വിയര്‍ത്തോടുന്ന ഇവര്‍ ബറേല്‍വികളെ മിനുക്കിയെടുത്ത് അഹ്‌ലുസ്സുന്നയാക്കാനുള്ള വ്യഗ്രതയിലാണിപ്പോള്‍! ഇതിന്റെ വ്യക്തമായ തെളിവാണ് 2019 ജൂലൈ മാസം 'സുന്നത്ത്' മാസികയില്‍ 'അല്ലാമാ അഖ്തര്‍ റസാ ബറേലി(ന.മ) അഹ്‌ലുസ്സുന്നയുടെ പോരാളി' എന്ന പേരില്‍ ഡോ.അബ്ദുല്‍ ഹകീം സഅദി എഴുതിയ ലേഖനം. മതപരമായി ഒട്ടും യോജിക്കാന്‍ പറ്റാത്ത ആശയങ്ങള്‍ നിറഞ്ഞ പ്രസ്തുത ലേഖനത്തിലെ വിതണ്ഡവാദങ്ങളെ പ്രാമാണികമായൊന്ന് പരിശോധനാവിധേയമാക്കാം:

ലേഖകന്‍ എഴുതുന്നു:''ആദരണീയനായ അസ്ഹരി, ശരീഅത്തിന്റെ കിരീടം, ഇന്ത്യയിലെ ശരീഅത്ത് വിഭാഗം ചീഫ് ജസ്റ്റിസ്, അഹ്‌ലുസ്സുന്നയുടെ കിരീടാവകാശി, അഅ്‌ലാ ഹസ്രത്തിന്റെ വൈജ്ഞാനിക അനന്തരാവകാശി, ഇമാമിന്റെ പണ്ഡിത ശ്രേഷ്ഠന്‍, ലോകത്തിന്റെ ഖുത്വ്ബ്, കാലത്തിന്റെ ഗൗസ്...''(സുന്നത്ത് മാസിക, 2019 ജൂലൈ, പേജ് 38).

ഒരു മനുഷ്യന് മുസ്‌ലിയാര്‍ നല്‍കിയ ഈ തെറ്റായ വിശേഷണങ്ങള്‍ ബറേല്‍വിസത്തിന്റെ അപകടവും പൊള്ളത്തരവും ഏതൊരാള്‍ക്കും ബോധ്യമാകാന്‍ മതിയായതാണ്. ലോകത്തിന്റെ രക്ഷിതാവും നിയന്ത്രകനും സംരക്ഷകനും നിരീക്ഷകനും സഹായിയും സര്‍വജ്ഞാനിയും അല്ലാഹു മാത്രമായിരിക്കെ ഈ വിശേഷണങ്ങളൊക്കെ ഒരു സൃഷ്ടിയില്‍ ആരോപിക്കുന്നത് കടുത്ത അപരാധമല്ലേ? 'ഖുത്വ്ബ്' എന്നാല്‍ 'കേന്ദ്രബിന്ദു' എന്നും 'ഗൗസ്' എന്നാല്‍ സഹായി എന്നുമാണ് അര്‍ഥം. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങളെ ഔലിയാക്കളെന്ന് പറയപ്പെടുന്നവരിലേക്ക് വകവെച്ച് കൊടുക്കാനാണ് പൊതുവെ ഇത്തരം പ്രയോഗങ്ങള്‍ ഇവര്‍ നടത്താറുള്ളത്. കേരളത്തില്‍ സമസ്തക്കാര്‍ പ്രചരിപ്പിക്കുന്ന വിശ്വാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മുഹ്‌യിദ്ദീന്‍ ശൈഖിനെ കുറിച്ച് ഖുത്വുബിയ്യത്തുകാരന്‍ പറയുന്നു: ''ആകാശഭൂമി നിവാസികളുടെ ഖുത്വ്ബും (കേന്ദ്രബിന്ദു) ഗൗസുമായവരേ, വാനലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവര്‍കളേ...''(ഖുതുബിയ്യത്ത് പരിഭാഷ/പേജ്29).

സൃഷ്ടികളില്‍ ശ്രേഷ്ഠരും ഔലിയാക്കളുടെ നേതാവുമായ മുഹമ്മദ്‌നബി ﷺ ക്കോ മുന്‍കഴിഞ്ഞുപോയ മറ്റേെതങ്കിലുമൊരു പ്രവാചകനോ പോലും അല്ലാഹു ഇത്തരമൊരു പദവി നല്‍കിയിട്ടില്ലെന്നറിയുക! മഹാന്മാരായ നബിമാരെക്കാളും വലിയവരാണ് ഇവര്‍ക്ക് ഇവരുടെ ഖോജമാര്‍! അല്ലാഹുവിന്റെ വിശേഷണം അവന്റെ സൃഷ്ടികളില്‍ ആരോപിക്കുന്നത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)'' (ക്വുര്‍ആന്‍ 2:165).

ലേഖകന്‍ തുടരുന്നു: ''പത്തൊമ്പതാം വയസ്സില്‍ തന്നെ ആത്മീയ ഗുരുവഴിയിലെ കണ്ണിയാവാന്‍ അല്ലാമാക്ക് ഭാഗ്യം ലഭിച്ചു. ഖാദിരി, ബറകാത്തി, നക്‌രി തുടങ്ങി നിരവധി ആത്മീയ മാര്‍ഗങ്ങളില്‍ അദ്ദേഹം ബൈഅത്ത് ചെയ്യുകയും ഖിലാഫത്ത് (ഗുരുപദവി) ലഭിക്കുകയും ചെയ്തു''(സുന്നത്ത് മാസിക, പേജ് 40).

ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയില്‍ നിന്ന് വ്യതിചലിച്ചവരാണെന്നതിന്റെ മറ്റൊരു തെളിവാണിത്. സ്വിറാത്തുല്‍ മുസ്തക്വീമാണ് യഥാര്‍ഥ ത്വരീക്വത്ത്. ആദര്‍ശ ഭദ്രതയും പ്രമാണനിഷ്ഠയുമാണ് ഇതിന്റെ അടയാളം. അല്ലാഹു പറയുന്നു:

''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍ 6:153).

സ്വര്‍ഗത്തിലെത്താന്‍ ഒരു വഴിയേയുള്ളൂ. അത് നമുക്ക് അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്നിട്ടുണ്ട്. എന്നാല്‍ 'ശൈഖും മുരീദും കളിക്കുന്ന' വ്യക്തികേന്ദ്രീകൃത ത്വരീക്വത്തുകള്‍ ഇസ്‌ലാമിന് തീര്‍ത്തും അന്യമാണ്. ആരെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കുന്ന ആത്മീയമാര്‍ഗങ്ങളെ സ്വര്‍ഗത്തിലേക്കുള്ള വഴിയായി അഹ്‌ലുസ്സുന്നയുടെ ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.

മാല, മൗലീദുകള്‍, നേര്‍ച്ചപ്പൂരങ്ങള്‍,  കുത്തുന്നതും അല്ലാത്തതുമായ റാത്തീബുകള്‍, ജാറങ്ങള്‍... ഇതെല്ലാമാണ് ത്വരീക്വത്തുകളുടെ മുഖമുദ്ര! സമസ്തയുടെ എട്ടാം പ്രമേയത്തില്‍ നിന്ന് ഇങ്ങനെ വായിക്കാം: ''ഖാദിരിയ്യ, ശാദുലി, രിഫാഈ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖന്‍മാരുടെ കൈതുടര്‍ച്ചയും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകളും ചെയ്യലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും. മന്‍ഖൂസ് മുതലായ മൗലിദുകള്‍ ബദ്‌രിയ്യത്ത് ബൈത്ത്, ബദ്ര്‍ മാല, മുഹിയിദ്ദീന്‍ മാല, രിഫാഈ മാല നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക''(എസ്.വൈ.എസ് അറുപതാംവാര്‍ഷികോപഹാരം/പേജ്: 212,213).

ഇപ്പറഞ്ഞവയില്‍ അല്ലാഹുവും റസൂലും പഠിപ്പിച്ച എത്ര കാര്യങ്ങളുണ്ട് എന്ന് ചിന്തിച്ചുനോക്കുക.  ദീനുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം ഏര്‍പ്പാടുകളില്‍ വിഹരിക്കന്നവര്‍ക്കെങ്ങനെ തങ്ങള്‍ അഹ്‌ലുസ്സുന്നയാണ് എന്ന് പറയാന്‍ കഴിയും?

ലേഖകന്‍ എഴുതുന്നു: ''സ്വഹാബിമാര്‍ മുതല്‍ ഇക്കാലമത്രയും അഹ്‌ലുസ്സുന്നയുടെ പ്രധാന നേതൃത്വം കണിശക്കാരായ പണ്ഡിതന്മാര്‍ക്കായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഈ പാരമ്പര്യമാര്‍ഗം തന്നെയാണ് ഇമാം അഹ്മദ്‌റസാ ബറേല്‍വിയും പിന്‍പറ്റിയിരുന്നത്'' (പേജ്: 41).

അഹ്‌ലുസ്സുന്നതി വല്‍ജമാഅഃ എന്നത് വ്യക്തമായ ആശയവുംസുദൃഢമായ ആദര്‍ശവും ഉള്‍കൊള്ളുന്ന ഒരു സാങ്കേതിക ശബ്ദമാണ്. അതല്ലാതെ ഒരാളുടെ മുഖഭാവം നോക്കിയോ ഒരു വിഭാഗത്തിന്റെ പെരുപ്പം കണ്ടോ വിളിപ്പേരാക്കാനുള്ളതല്ല. ഇബ്‌നു കഥീര്‍(റഹി) പറയുന്നു: 'ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബികളാകുന്ന ആദ്യതലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണവര്‍' (ഇബ്‌നുകഥീര്‍: 3/574).

ആദ്യത്തെ മൂന്ന് തലമുറകളാണ് ഇതിന്റെ നേരായ വഴികാട്ടികള്‍. പിന്നീട് അതേപടി അവരെ പിന്‍പറ്റുന്നവരും.

അല്ലാഹു പറയുന്നു: ''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115).

അബ്ദുല്ലാഹ്(റ)വില്‍ നിന്ന് നിവേദനം;  നബി ﷺ  പറഞ്ഞു: 'എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍' (മുസ്‌ലിം).  

സമസ്തക്കാര്‍ കൊണ്ട് നടക്കുന്ന വിശ്വാസം എന്തെന്ന് അവരുടെ എട്ടാം പ്രമേയത്തില്‍ നിന്ന് തന്നെ വായിക്കാം: ''മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ കറാമത്ത് കൊണ്ടും ജാഹ്, ഹഖ്, ബറക്കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍(ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകളെക്കൊണ്ട് ബറക്കത്ത് മതിക്കലും...''(എസ്.വൈ.എസ്. വാര്‍ഷികോപഹാരം/പേജ്: 212).

ഇത്തരം വിശ്വാസങ്ങള്‍ നബി ﷺ  പഠിപ്പിച്ചിട്ടുണ്ട് എന്നതിനോ സ്വഹാബികളോ ശേഷമുള്ള ഉത്തമ തലമുറകൡ പെട്ടവരോ വെച്ചുപുലര്‍ത്തിയിരുന്നു എന്നതിനോ തെളിവ് കൊണ്ടുവരാന്‍ ഈ നൂതനവാദികള്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അപ്പം ചുട്ടെടുക്കുന്ന പോലെ പുത്തന്‍ വിശ്വാസാചാരങ്ങള്‍ ഉണ്ടാക്കി, അവയെ ഇസ്‌ലാമിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഇരുകൂട്ടര്‍ക്കും തങ്ങള്‍ അഹ്‌ലുസ്സുന്നയില്‍ പെട്ടവരാണ് എന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്? 

(അവസാനിച്ചില്ല)