ഖുതുബിയ്യത്തും റാതീബും

മൂസ സ്വലാഹി, കാര

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ ഭാഗം: 2)

മതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെ മതത്തിലെ ഏറ്റവും പോരിശയുള്ളവയായി അവതരിപ്പിച്ച് സമുദായത്തെ നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കലും അതുവഴി ചൂഷണം ചെയ്യലും പൗരോഹിത്യം തുടര്‍ന്നുവരുന്ന പണിയാണ്. വിവരവും വിവേകവുമുള്ള പണ്ഡിതന്മാര്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ അവരെ ഇക്കൂട്ടര്‍ വഴിപിഴച്ചവരായി ചിത്രീകരിക്കുകയും ചെയ്യും.

2019 ആഗസ്റ്റ് ആദ്യലക്കം 'സുന്നിവോയ്‌സി'ല്‍ സമസ്തയുടെ ഒരു 'വലിയ നേതാവ്' എഴുതിയ ലേഖനം ഇസ്‌ലാം പഠിപ്പിക്കാത്ത കര്‍മങ്ങളുടെ മഹത്ത്വം വായനക്കാരെ ബോധ്യപ്പെടുത്തുകയാണ്!

അദ്ദേഹം എഴുതുന്നു: ''ചെറുപ്പം മുതലേ സ്ഥിരമായി വീട്ടില്‍ നടന്നുവരാറുള്ള റാത്തീബുകളിലും ഖുത്ബിയ്യത്ത് സദസ്സുകളിലുമെല്ലാം മഹാന്മാരുടെ ചരിത്രങ്ങള്‍ കഥപോലെ അവതരിപ്പിക്കുമ്പോള്‍ അത് മനസ്സില്‍ വല്ലാത്ത സ്വാധീനം ചെലുത്തും''(പേജ് 12).

മഹാന്മാരുടെ ചരിത്രങ്ങള്‍ കഥപോലെ അവതരിപ്പിക്കുവാന്‍ ബിദ്അത്തുകളെ കൂട്ടുപിടിക്കേണ്ടതുണ്ടോ എന്ന് ചോദിക്കരുത്! ദീപസ്തംഭം മഹാശ്ചര്യം...

ഖുതുബിയ്യത്തും റാതീബുമൊക്കെ എറെ പുണ്യമുള്ള മതാചാരമാണെന്ന് വരുത്തിത്തീര്‍ക്കാനും ജനങ്ങളെ അതിലേക്ക് ക്ഷണിക്കാനും അതില്‍ ഉറപ്പിച്ചു നിര്‍ത്താനുമുള്ള കളിയാണിത്. ക്വാദി, ഇമാം, ഖത്വീബ് എന്നീ സ്ഥാനങ്ങള്‍ക്ക് ഒരു മുസ്‌ലിയാര്‍ അര്‍ഹനാകണമെങ്കില്‍ ഹദ്ദാദ്, റാതീബില്‍ വിശ്വാസമുണ്ടാകണമെന്ന് എട്ടാം പ്രമേയത്തിലൂടെ സമസ്ത പ്രഖ്യാപിച്ചിട്ടുമുണ്ട്.

എന്താണ് ഹദ്ദാദ്? അവര്‍ തന്നെ എഴുതുന്നു: ''ഭാഷാര്‍ത്ഥ പ്രകാരം റാത്തീബ് എന്നാല്‍ അല്ലാഹുവിന്റെ സംതൃപ്തി നേടിയെടുക്കാന്‍ വേണ്ടി ലക്ഷ്യസമേതം നിര്‍വഹിക്കപ്പെടുന്ന കര്‍മ്മമെന്നും സാങ്കേതികാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുണ്ടായിത്തീരാനും അറിവും മഅ്‌രിഫത്തും ലഭ്യമാകാനും പാരത്രിക വിജയം വര്‍ദ്ധിപ്പിക്കുവാനും പാപങ്ങളില്‍ നിന്നും നാശങ്ങളില്‍ നിന്നുമൊക്കെ അഭയം തേടുവാനും നന്മകള്‍ ചോദിക്കുവാനുമൊക്കെയായി ക്രോഡീകരിക്കപ്പെട്ട ദിക്‌റ് ദുആകളുടെ സമാഹരണത്തിനാണ് റാത്തീബ് എന്ന് പറയുന്നത്'' (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും, അബ്ദുസ്സമദ് ഫൈസി, പേജ്31).

ഹദ്ദാദ് ചൊല്ലേണ്ട വിധം, സമയം, ചൊല്ലിയാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍; ഇതും സമസ്ത തന്നെ തീരുമാനിച്ചിട്ടുണ്ട്.

''സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ ബഖറയുടെ തുടക്കത്തിലെ അഞ്ച് ആയത്തുകള്‍, ശേഷം വ ഇലാഹുകും ഇലാഹും വാഹിദ് എന്ന ആയത്ത്, ആയത്തുല്‍ കുര്‍സിയ്യ്, ലില്ലാഹി മാഫിസ്സമാവാത്തി എന്നു തുടങ്ങുന്ന ആയത്ത്, ആമനര്‍റസൂലു എന്നിവ ചൊല്ലിക്കൊടുക്കുന്ന ആള്‍ ഉച്ചത്തിലും മറ്റുള്ളവര്‍ ശബ്ദം താഴ്ത്തിയും ചൊല്ലുക. പിന്നീട് എല്ലാവരും ഒരുമിച്ചോ അല്ലെങ്കില്‍ ചൊല്ലിക്കൊടുക്കുന്ന ആള്‍ക്ക് പുറകെയോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓരോ പ്രാവശ്യവും പതിനഞ്ചാമത്തെ ദിക്‌റ് എഴു പ്രാവശ്യവും ഇരുപതാം ദിക്‌റ് നാലു തവണയും ഇരുപത്തിയൊന്നാമത്തെ തഹ്‌ലീല്‍ ബാക്കിയുള്ളവ മൂന്ന് തവണയും എന്നിങ്ങനെയാണ് ഹദ്ദാദിന്റെ നിശ്ചിത കണക്ക്. ഇരുപത്തിയൊന്നാമത്തെ ദിക്‌റ് അമ്പതോ, നൂറോ, ആയിരമോ തവണ ചൊല്ലാമെന്ന് മഹാനായ സയ്യിദ് അല്‍ഹബീബ് അബ്ദുല്ലാഹില്‍ ഹദ്ദാദ് പറഞ്ഞിട്ടുണ്ട്'' (അതേ പുസ്തകം, പേജ് 37).

 ''റമദാന്‍ അല്ലാത്ത കാലങ്ങളില്‍ ഇശാഅ് നമസ്‌കാരം നിര്‍വ്വഹിച്ച ശേഷവും റമദാന്‍ മാസത്തില്‍ ഇശാഅ് നമസ്‌കാരത്തിനു മുമ്പുമാണ് ഹദ്ദാദ് റാത്തീബ് ചൊല്ലേണ്ടത്. എല്ലാവരും കൂട്ടമായിരുന്ന് അല്‍പം ഉച്ചത്തില്‍ തന്നെയാണ് ഇത് ഉരുവിടേണ്ടത്'' (അതേ പുസ്തകം, പേജ് 36).

റാതീബ് തന്നെ മതത്തില്‍ കടത്തിക്കൂട്ടിയ പുത്തനാചാരമാണെന്നിരിക്കെ ഈ 'മര്യാദകള്‍' എവിടെനിന്നു കിട്ടി എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ലാത്തതിനാല്‍ ചോദിക്കുന്നില്ല.

''മുസ്‌ലിം ലോകത്തിനും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും വളരെയധികം ആവശ്യമായി വരുന്ന ഒരു പ്രാര്‍ത്ഥനാ സമാഹാരം കൂടിയാണ് റാത്തീബ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ മുസ്‌ലികള്‍ക്കും അതിന്റെ ഗുണഫലമെത്തുന്നു. ഇത് ചൊല്ലിപ്പോരുന്ന സ്ഥലങ്ങളില്‍ അതിയായ ഫലം കാണാന്‍ സാധിക്കും. ഇത് പതിവാക്കുന്നവന്റെ ഹൃദയത്തില്‍ പുത്തനാശയക്കാരുടെ ആശയം പ്രവേശിക്കുകയില്ല'' (അതേ പുസ്തകം, പേജ് 34).

ഒരു ബിദ്അത്തിന്റെ നേട്ടങ്ങളാണ് ഈ വാചകങ്ങളിലുള്ളത്. ഇത് ആര് പഠിപ്പിച്ചതാണ്? ഇങ്ങനെയൊക്കെയുള്ള നേട്ടങ്ങള്‍ റാത്തീബ് കൊണ്ട് ലഭിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാല്‍ സാമ്പത്തികമായ നേട്ടം ഇതിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്ക് ലഭിക്കും എന്നല്ലാതെ ജനങ്ങള്‍ക്ക് എന്ത് കിട്ടാന്‍!

മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പേരില്‍ കായല്‍ പട്ടണത്തുകാരനായ സ്വദക്വതുല്ലാഹില്‍ ഖാഹിരി എഴുതിയ ഖുതുബിയ്യത്തിലെ അത്യന്തം അപകടം നിറഞ്ഞ വരികള്‍ കൂടി വായിക്കാം: ''ഉദ്ദേശ്യപൂര്‍ത്തീകരണത്തിനു നമ്മുടെ നാടുകളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത് നടത്തുന്ന കാര്യമാണ് ഖുതുബിയ്യത്ത് ചൊല്ലല്‍. മര്യാദകള്‍ പാലിച്ചുകൊണ്ട് ബഹുമതിയോടെ ഇതു ചൊല്ലുന്നവര്‍ക്ക് ഉദ്ദേശ്യം എളുപ്പത്തില്‍ പൂര്‍ത്തിയായി കിട്ടാറുണ്ട്. അത്തരം അനുഭവങ്ങള്‍ ധാരാളമത്രെ'' (ഖുതുബിയ്യത്ത് പരിഭാഷയും വിശദീകരണവും, പാറന്നൂര്‍ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പേജ് 28).

''നമ്മുടെ പള്ളികളിലും വീടുകളിലുമൊക്കെ സര്‍വ്വവ്യാപകമായി ചൊല്ലിവരാറുള്ള ഒന്നാണല്ലോ ഖുത്ബിയ്യത്ത് ബൈത്ത്. ശ്രേഷ്ഠവും മഹത്വവും നിറഞ്ഞ പ്രസ്തുത കാവ്യം ഉദ്ദേശ്യ സഫലീകരണം, രോഗശമനം മുതലായ ആവശ്യങ്ങള്‍ക്കായി ചൊല്ലിവരുന്നു'' (ഖുതുബിയ്യത്ത് ബൈത്ത് പരിഭാഷയും വിശദീകരണവും, ബശീറുദ്ദീന്‍ ഫൈസി, പേജ് 8).

ഏത് വകുപ്പനുസരിച്ചാണ് ഇതെല്ലാം ഇസ്‌ലാമിലെ ആരാധനകളുടെ ഗണത്തില്‍ വരിക എന്നത് ഇന്നുവരെയും തെളിയിക്കാന്‍ മുസ്‌ലിയാക്കന്മാര്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇനിയും തെളിവ് ചോദിച്ചിട്ട് കാര്യവുമില്ല. നിര്‍ഭയത്വവും സമാധാനവും പ്രതിഫലവും കിട്ടാന്‍ ഇസ്‌ലാം പഠിപ്പിച്ച വഴികളെ തഴഞ്ഞ് ഇത്തരം പിഴച്ച വഴികള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ ശ്രമിക്കുന്നവര്‍ പരലോകം വരാനിരിക്കുന്നു എന്ന് ഓര്‍ത്താല്‍ നന്ന്.

അല്ലാഹു പറയുന്നു: ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:82).

അല്ലാഹു പറയുന്നു: ''അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴികാട്ടാന്‍ ആരും തന്നെയില്ല'' (ക്വുര്‍ആന്‍ 39:23).

ഖുതുബിയ്യത്ത് ചൊല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഇവര്‍ വിവരിക്കുന്നത് കാണുക: ''വൃത്തിയുള്ള ഒഴിഞ്ഞ സ്ഥലത്ത് എല്ലാവരും ഒരുമിച്ചുകൂടി സുഗന്ധമുപയോഗിക്കുകയും ഹാജത്തിന്റെ നിസ്‌ക്കാരം നിസ്‌ക്കരിക്കുക. (വാചക ഘടനയിലെ ചേര്‍ച്ചയില്ലായ്മ ഈ പുസ്തകത്തിലുള്ളതാണ്-േലഖകന്‍). പിന്നീട് ആദ്യമായി നബി ﷺ യുടെ സന്നിധിയിലേക്കും പിന്നീട് മറ്റു അമ്പിയാക്കള്‍, മുര്‍സലീങ്ങള്‍, സ്വഹാബിമാര്‍, അന്ത്യനാള്‍ വരെ അവരോട് തുടര്‍ന്നവര്‍, മുഖര്‍റബീങ്ങളായ മലക്കുകള്‍, ജിന്നുകള്‍, ഗൗസുല്‍ അഅ്‌ളം, മറ്റു മശാഇഖന്മാര്‍ മുതലായവരുടെ മേലില്‍ ഓരോ ഫാത്തിഹ ഓതുക. ശേഷം ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതി ദുആ നിര്‍വഹിക്കുക. ശേഷം ബിസിറി സലാമു ഖൗലന്‍ മിന്‍ റബ്ബിറഹീം എന്ന് 28 തവണ ചൊല്ലുക. ശേഷം 4 ആളുകളില്‍ രണ്ടുപേര്‍ ചേര്‍ന്ന് രണ്ട് ബൈത്തുകള്‍ വീതം ചൊല്ലുക. മുഹിയിദ്ദീനി എന്ന് എത്തിയാല്‍ എല്ലാവരും യാ മുഹിയിദ്ദീനി എന്ന് മൂന്ന് തവണ ചൊല്ലുക. തുടര്‍ന്ന് മറ്റേ രണ്ട് പേര്‍ ശേഷമുള്ള രണ്ട് ബൈത്ത് ചൊല്ലുക. മുഹ്‌യിദ്ദീനി എന്ന് എത്തിയാല്‍ എല്ലാവരും മേല്‍ പറഞ്ഞ പ്രകാരം ഗൗസുല്‍ അഅ്‌ളമിനെ മൂന്ന് തവണ വിളിക്കുക. വമന്‍ യുനാദിസ്മീ എന്ന് തുടങ്ങുന്ന ബൈത്ത് മുഹ്‌യിദ്ദീനിവരെ എല്ലാവരും ഒന്നിച്ച് മൂന്ന് തവണ ചൊല്ലുക. ശേഷമുള്ള ബൈത്തും കഴിഞ്ഞ് വിളക്ക് കെടുത്തി എല്ലാവരും ഒന്നിച്ച് ആയിരം തവണ ഗൗസുല്‍ അഅ്‌ളമിന്റെ നാമം ഉച്ചത്തില്‍ വിളിക്കുക. നല്ല നിയ്യത്തോടുകൂടി ഉറക്കം തൂങ്ങല്‍, കളിതമാശകള്‍ മുതലായവ ഉപേക്ഷിച്ച് ദേഹവും വസ്ത്രംവും ശുദ്ധിയുള്ളതായിരിക്കെ വുളൂവോടു കൂടി ഖിബ്‌ലക്ക് മുന്നിട്ട് മനസ്സാന്നിധ്യത്തോടെയും താഴ്മയോടുകൂടിയും വിളിക്കുക. യാ ഗൗസ് യാ മുഹിയിദ്ദീന്‍ അബ്ദില്‍ ഖാദിര്‍ എന്നാണ് വിളിക്കേണ്ടത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ബഅ്ദ സ്വലാത്തി സനത്തൈ എന്ന് തുടങ്ങുന്ന ബൈത്ത് മുഹ്‌യിദ്ദീനിവരെ എത്തിയ ശേഷം ഹാജത്തിന്റെ നിസ്‌ക്കാരം നിര്‍വഹിക്കുകയും ശേഷം ആയിരം തവണ ഗൗസുല്‍ അഅ്‌ളമിനെ വിളിക്കുകയും ചെയ്യുന്നത് കണ്ടു വരുന്നു'' (അതേ പുസ്തകം, പേജ് 19,20).

നോക്കൂ! എന്തുമാത്രം ആദരവും ബഹുമാനവുമാണ് ഇവര്‍ ഈ ബിദ്അത്തിന് നല്‍കുന്നത്! താഴ്മയോടെ വിളിക്കുന്നത് ആരെയാണ്? നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇഹലോകവാസം വെടിഞ്ഞ ഒരു സൃഷ്ടിയെ!

പച്ചയായ ശിര്‍ക്കല്ലേ ഇത്?! മതത്തിന്റെ വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ പ്രമാണങ്ങളില്‍ നിന്ന് അറിയാതിരുന്നാല്‍ ഇത്തരം കെണികളില്‍ കുടുങ്ങുമെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

''വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 23:117).

നബി ﷺ യുടെ പ്രഖ്യാപനമായി ക്വുര്‍ആന്‍ പറയുന്നു: ''(നബിയേ) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (ക്വുര്‍ആന്‍ 72:20).

ലേഖകന്‍ തുടരുന്നു: ''മക്കള്‍ക്ക് സ്‌കൂളുകളും മദ്‌റസയും തുറക്കുമ്പോള്‍ അവര്‍ക്ക് മധുരം നല്‍കാനും ആദ്യാക്ഷരം കുറിക്കാനുമെല്ലാം മഹാന്മാരെയും സയ്യിദന്മാരെയും തേടി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിനു മാത്രം വലിയ സംഗതിയാണോ ഇതെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ വിശ്വാസികള്‍ തബര്‍റുകെടുക്കുന്നത് ചരിത്രത്തില്‍ നിന്ന് കടംകൊണ്ട പാരമ്പര്യമാണെന്നു മനസ്സിലാക്കണം'' (പേജ് 12).

എഴുത്തിനിരുത്തുക എന്ന പ്രത്യേക ചടങ്ങ് ഒരു മതവിഭാഗത്തിന്റെ വിശ്വാസമാണ്. അത് അവര്‍ പണ്ടുമുതലേ ചെയ്തുവരുന്നതാണ്. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും അവര്‍ക്കുണ്ട്. എന്നാല്‍  ഈ ഏര്‍പ്പാട് ഈ മുസ്‌ലിയാരുടെ സ്ഥാപനം കേന്ദ്രീകരിച്ചും ഈയിെടയായി നടന്നുവരുന്നു. ഈ പുത്തനാചാരത്തിനും ഇദ്ദേഹം ഇസ്‌ലാമില്‍ തെളിവുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.  

ഇബ്‌നു ഉമര്‍(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''എന്റെ കല്‍പനക്ക് എതിരായവന്റെ മേല്‍ നിന്ദ്യതയും അധമത്തവുമുണ്ടാകും. ആര്‍ ഒരു വിഭാഗത്തോട് സാദൃശ്യപ്പെട്ടുവോ അവന്‍ അവരില്‍ പെട്ടു'' (അഹ്മദ്).

ഒരു പ്രത്യേക വ്യക്തി അക്ഷരം നാവിലെഴുതിക്കൊടുത്താല്‍ കുട്ടിക്ക് എന്തു നേട്ടമാണ് പഠനരംഗത്ത് ലഭിക്കുക? എന്ത് നേട്ടത്തിനും അല്ലാഹുവോട് തേടുകയല്ലേ വേണ്ടത്? അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒന്നിലും ഒരു ആശങ്കയും ഉണ്ടാകേണ്ടതില്ല.

അല്ലാഹു പറയുന്നു: ''...വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്'' (ക്വുര്‍ആന്‍ 65:3).

ചിന്തിക്കുക! പ്രമാണങ്ങളോട് കൂറ് കാണിക്കാത്ത; ഇസ്‌ലാമിനെ വികൃതമാക്കി അവതരിപ്പിക്കുന്ന ഇവര്‍ അഹ്‌ലുസ്സുന്നയാകുന്നതെങ്ങനെ? (തുടരും)