അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍

മൂസ സ്വലാഹി, കാര

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുകയും പുത്തനാചാരങ്ങള്‍ കൊണ്ട് അതിനെ വ്രണപ്പെടുത്തുകയും ചെയ്യുകയും അതോടൊപ്പം ഇസ്‌ലാമിന്റെ തനിസ്വരൂപം തങ്ങളാണെന്ന് വരുത്തിത്തിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ലോകമെമ്പാടുമുള്ള സൂഫികള്‍. ദീനിന്റെ കടുത്ത വിരോധികളായ ഇവരെ ഏത് വിധേനയും പ്രീതിപ്പെടുത്തുക, അവരുടെ പണ്ഡിതന്മാരോട് വഴിവിട്ട ആദരവ് പ്രകടിപ്പിക്കുക എന്നത് അവരുടെ തലതിരിഞ്ഞ ആദര്‍ശത്തിന്റെ പ്രചാരകരായ സമസ്തയുടെ എപ്പോഴത്തെയും സ്വഭാവമാണ്.

അത്യാചാരങ്ങള്‍ സ്വീകരിച്ചു പോരുന്ന സൂഫികള്‍ മതപരമായി ഒട്ടും പിന്തുണക്കാന്‍ പറ്റാത്ത വിശ്വാസ- കര്‍മ കാര്യങ്ങളാണ് സമൂഹത്തിന് പകര്‍ന്നുകൊടുത്തിട്ടുള്ളത്. ഇസ്‌ലാമിന് അന്യമായ, സൂഫികളുടെ ഇത്തരം വഴിവിട്ട  ചിന്തകളുടെ ഉറച്ച വക്താക്കളായി  സമസ്ത പരിണമിച്ചിട്ടുണ്ട് എന്നത് വ്യക്തമാക്കിത്തരുന്നതാണ് 2019 ആഗസ്റ്റ് ആദ്യ ലക്കം''സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയ ലേഖനം.

വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകതയായി മുസ്‌ലിയാര്‍ എഴുതുന്നു: ''ദോഷങ്ങള്‍ കാരണം ഹൃദയം കറുത്ത് പോവുകയും ശരീരേച്ഛ പിടിമുറുക്കി തിന്മയിലേക്ക് ആണ്ടുപോവുകയും ഇബാദത്തുകളില്‍ താല്‍പര്യമില്ലാതിരിക്കുകയും ചെയ്ത ആള്‍ വെള്ളിയാഴ്ച രാവില്‍ അത്താഴ സമയത്ത് ഖസീദതുല്‍ ബുര്‍ദയിലെ 22,23 വരികള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ പ്രഭാതമാകുമ്പോഴേക്ക് അവന്റെ ഹൃദയം നേര്‍ത്തു വരികയും ശരീരം കീഴൊതുങ്ങുകയും ഇബാദത്ത് ചെയ്യാന്‍ അവയവങ്ങള്‍ക്ക് ആവേശമുണ്ടാവുകയും ചെയ്യും. കഴിഞ്ഞു പോയ തെറ്റുകളില്‍ ഖേദിക്കുന്ന അവന്റെ തൗബ അല്ലാഹു സ്വീകരിക്കാതിരിക്കില്ല'' (പേജ്: 34).

കേടായവ നല്ലതില്‍ കലര്‍ത്തി വിറ്റഴിക്കുന്ന ലാഘവത്തോടെയാണ് വെള്ളിയാഴ്ച്ച ദിവസം നബിﷺ പഠിപ്പിച്ച സുന്നത്തുകളിലേക്ക് ഇദ്ദേഹം ഒരു ബിദ്അത്തിനെ തിരുകിക്കയറ്റിയിരിക്കുന്നത്! ഹിജ്‌റ 996കളില്‍ മരണപ്പെട്ട കവിയും സൂഫീ ആചാര്യനുമായ ബൂസ്വിരി എഴുതിയ ബുര്‍ദ അല്ലാഹു അവതരിപ്പിച്ചതല്ല. നബിﷺയോ അനുചരന്മാരോ വെള്ളിയാഴ്ച്ച രാവിലോ പകലിലോ ബുര്‍ദ ചൊല്ലിയിട്ടുമില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷം വിരചിതമായ ബുര്‍ദയെക്കുറിച്ച് അവര്‍ എന്തറിയാന്‍! ഇസ്‌ലാമുമായി അതിന് യാതൊരുബന്ധവുമില്ല എന്ന് വ്യക്തം.  

മഹത്ത്വവും ശ്രേഷ്ഠതകളും ഏറെയുള്ള ദിവസമാണ് വെള്ളിയാഴ്ച. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ''സൂരേ്യാദയം സംഭവിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാകുന്നു. ആദം സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതും ആ ദിവസത്തിലാകുന്നു. അന്ത്യനാള്‍ സംഭവിക്കുന്നതും വെള്ളിയാഴ്ച തന്നെയായിരിക്കും'' (മുസ്‌ലിം).

അല്ലാഹു ആദരിച്ചതായ ഈ ദിവസം മത ചിഹ്നങ്ങളില്‍പെട്ടതാണെന്ന് വ്യക്തം. വിശ്വാസികള്‍ ഇതിനെ ആദരിക്കലും ബഹുമാനിക്കലും സുക്ഷ്മതയില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: ''അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ'' (ക്വുര്‍ആന്‍ 22:32).

മതത്തിന്റെ പൂര്‍ത്തീകരണത്തെ ഉള്‍ക്കൊള്ളാത്തവരാണ് തോന്നുന്നതൊക്കെ ദീനിന്റെ പറ്റില്‍ എഴുതിച്ചേര്‍ക്കുക. അല്ലാഹു പറയുന്നു: ''...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു...''(ക്വുര്‍ആന്‍ 5:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇബ്‌നു കഥീര്‍(റഹി) ഉദ്ധരിക്കുന്നു: ''ഇത് ഇസ്‌ലാമാണ്. നിശ്ചയം നബിﷺക്കും വിശ്വാസികള്‍ക്കും ഈമാനിനെ അല്ലാഹു പൂര്‍ത്തിയാക്കി കൊടുത്തു. അതിലേക്കൊന്നും കൂട്ടിച്ചേര്‍ക്കലാവശ്യമില്ലാത്ത വിധം അല്ലാഹു അതിനെ പൂര്‍ത്തിയാക്കി. അതില്‍ നിന്ന് ഒന്നും കുറച്ച് കളയാനില്ലാത്ത വിധം അല്ലാഹു അതിനെ പരിപൂര്‍ണമാക്കി. അതിനെ ഒരിക്കലും വെറുക്കാന്‍ പാടില്ലാത്ത വിധം അല്ലാഹു തൃപ്തിപ്പെട്ടു'' (വാള്യം 2, പേജ് 18).

ആയിശ(റ)യില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ''നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്'' (ബുഖാരി, മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്'' (മുസ്‌ലിം).

പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് ഇതായിരിക്കെ ബുര്‍ദക്ക് ഇസ്‌ലാമില്‍ എന്ത് സ്ഥാനമാണുള്ളത്?

ബുര്‍ദയെ സംബന്ധിച്ച് ലേഖകന്‍ പറഞ്ഞതിലേക്ക് തന്നെ വരാം. ആരാധനകള്‍ നിര്‍വഹിക്കാന്‍ മനസ്സും ശരീരവും ബുര്‍ദ പാരായണം മൂലം നേര്‍ത്ത് വരുമെന്ന് പറഞ്ഞ് പരത്തിയതിനാല്‍ ആട്ടം, ചാട്ടം, വട്ടം എന്നീ കോലങ്ങളില്‍ ബുര്‍ദ ആസ്വാദന സദസ്സുകള്‍ എല്ലായിടത്തും വ്യാപകമാണ്. ഇസ്‌ലാം നിര്‍ദേശിച്ച വഴികളെ ഗൗനിക്കാതെയാണ് ഇതിന്റെ പിറകെ ഓടുന്നതെന്നോര്‍ക്കണം.

അല്ലാഹു പറയുന്നു: ''അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ'' (39:22).

അല്ലാഹു പറയുന്നു: ''വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്'' (7:205).

നബിﷺയുടെ അധ്യാപനവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മുആദി(റ)ല്‍ നിന്ന്: ''അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി കാണിക്കാനും നല്ല നിലയില്‍ ആരാധന കര്‍മങ്ങള്‍ ചെയ്യാനും നീ എന്നെ സഹായിക്കേണമേ എന്ന് പ്രാര്‍ഥിക്കാന്‍ നബിﷺ എന്നോട് ഉപദേശിച്ചിരുന്നു''(അബൂദാവൂദ്). അശക്തതയില്‍ നിന്നും അലസതയില്‍ നിന്നും നബിﷺ അല്ലാഹുവിനോട് അഭയം തേടിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

തൗബ അഥവാ പശ്ചാത്താപം സ്വീകരിക്കാനുള്ള വഴിയായിട്ടാണ് ലേഖകന്‍ ബുര്‍ദയെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ പാപമോചനം തേടേണ്ടത് എപ്രകാരമാണെന്ന് അല്ലാഹു പറഞ്ഞുതന്നിട്ടുണ്ട്: ''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (39:53).

അല്ലാഹുവിനെപ്പറ്റി മുസ്‌ലിയാക്കന്മാര്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്താണെന്ന് അവര്‍ക്ക് തന്നെ തിരിയുന്നില്ല എന്ന് തോന്നുന്നു. അല്ലാഹു അവനെ പരിചയപ്പെടുത്തിയത് കാണുക: ''പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും...'' (ക്വുര്‍ആന്‍ 40:3).

''അവനാകുന്നു തന്റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്‌കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു''(42:25).

നബിﷺ പറഞ്ഞു: ''എല്ലാ ബിദ്അത്തുകാരില്‍ നിന്നും അല്ലാഹു തൗബയെ തടഞ്ഞിരിക്കുന്നു'' (ബൈഹക്വി). എത്ര ഗൗരവകരമായ മുന്നറിയിപ്പാണിത്!

എന്നിട്ടും ഇക്കൂട്ടര്‍ക്ക് സുന്നത്തിനെക്കാള്‍ പഥ്യം ബിദ്അത്തു തന്നെ!

ബുര്‍ദ ചൊല്ലുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമസ്ത മുമ്പ് തന്നെ പ്രഖ്യാപിച്ചുണ്ട്. അവ താഴെ പറയന്നു:

1. ബുര്‍ദ പാരായണം ചെയ്യുമ്പോള്‍ വുദൂഅ് ഉണ്ടായിരിക്കണം.

2. ക്വിബ്‌ലക്ക് മുന്നിടണം.

3. വാചകങ്ങളും ഇഅ്‌റാബുകളും ക്ലിപ്തപ്പെടുത്തുന്നതില്‍ കണിശത പാലിക്കണം.

4. അര്‍ഥം അറിഞ്ഞുകൊണ്ടായിരിക്കണം പാരായണം ചെയ്യുന്നത്. കാരണം ബുര്‍ദയില്‍ അടങ്ങിയിരിക്കുന്ന പ്രാര്‍ഥനകള്‍ അര്‍ഥം അറിയാതെയാകുമ്പോള്‍ ഇഖ്‌ലാസ് നഷ്ടപ്പെടുന്നു.

5. പദ്യരൂപത്തില്‍ ആലപിക്കുക തന്നെ വേണം. ഗദ്യരൂപത്തില്‍ മതിയാവില്ല.

6. ബുര്‍ദ മനഃപാഠമാക്കാന്‍ ശ്രമിക്കണം.

7. ബുര്‍ദയുടെ പാരമ്പര്യ വക്താക്കളായ ശൈഖുമാരില്‍ നിന്നും പാരായണത്തിന് ഇജാസത്ത്(അനുമതി) ലഭിക്കണം.

8. പാരായണത്തിനിടയില്‍ നബിﷺ തങ്ങളുടെ പേരില്‍ സ്വലാത്ത് ചൊല്ലണം.

9. പ്രസ്തുത സ്വലാത്ത് ഇമാം ബൂസ്വൂരിയുടെ (മൗലായ സ്വല്ലിവസല്ലിം ദാഇമന്‍ അബദാ) എന്നതു തന്നെയായിരിക്കണം.

10. ഓരോ ബൈത്ത് തീരുമ്പോഴും പ്രസ്തുത സ്വലാത്ത് ആലപിച്ചിരിക്കണം'' (ബുര്‍ദത്തുല്‍ ബൂസ്വൂരി, പുളിയക്കോട് അബ്ദുല്‍ മജീദ് സഖാഫി, പേജ്, 14).

ഇപ്പറഞ്ഞ നിബന്ധനകളിലൂടെ ശരിക്കുമൊന്ന് കണ്ണോടിച്ച് ചിന്തിക്കുക. ആരോ എന്നോ കെട്ടിയുണ്ടാക്കിയ പദ്യശകലങ്ങള്‍ ഇത്രയും ഭയഭക്തിയോടെ പാടാന്‍ ഇവരുടെ പക്കല്‍ എന്ത് പ്രമാണമാണുള്ളത്? ഈ നിബന്ധനകള്‍ ആരാണ് പഠിപ്പിച്ചത്? വ്യക്തമായ ചൂഷണത്തിന്റെ ഉപാധി മാത്രമാണിത്. പാമരന്മാര്‍ അത് മനസ്സിലാക്കുന്നില്ലെന്ന് മാത്രം.

അല്ലാഹുവിന്റെ ഈ താക്കീതിനെ ബിദ്അത്തിന്റെ ആളുകള്‍ ഭയപ്പെടുന്നത് അവര്‍ക്ക് ഏറെ ഗുണകരമാകും. അല്ലാഹു പറയുന്നു: ''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്'' (ക്വുര്‍ആന്‍ 42:21).