അന്ധമായ അനുകരണം മതശാസനയോ?

മൂസ സ്വലാഹി, കാര

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 9)

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും അതിന്റെ വിശദീകരണമായ നബിചര്യയുമാണല്ലോ മതവിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്രോതസ്സുകള്‍. നബി ﷺ യുടെ അനുചരന്മാരാണ് ഇതിന്റെ പ്രഥമ പ്രയോക്താക്കളും നേര്‍സാക്ഷികളും. പ്രമാണങ്ങളെ അവര്‍ അറിഞ്ഞ രീതി അനുസരിച്ചാണ് നാം അറിയേണ്ടത്.

വിശ്വാസ, കര്‍മ കാര്യങ്ങളെ പ്രാമാണികമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ പണ്ഡിതന്മാര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അറിയപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുമാര്‍ അവരില്‍ പ്രധാനികളാണ്. വിശ്വാസ കാര്യങ്ങളില്‍ ഇവര്‍ ഒരു നിലപാടിലാണെങ്കിലും തെളിവുകളുടെ അപര്യാപ്തത, ഗവേഷണ പാടവത്തിലെ ഏറ്റക്കുറവ് എന്നീ കാരണങ്ങളാല്‍ കര്‍മശാസ്ത്ര ചര്‍ച്ചകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. എന്നാല്‍ തെളിവുകള്‍ ആധാരമാക്കിയാണ് അത്തരം കാര്യങ്ങളെ സമീപിക്കേണ്ടതെന്ന് അവര്‍ ഉണര്‍ത്തിയിട്ടുമുണ്ട്.

ശിയായിസത്തിന്റെ പ്രചാരകരായ സമസ്തക്കാര്‍ നാലാലൊരു മദ്ഹബിനെ അന്ധമായി അനുകരിക്കണമന്ന വാദം പേറുന്നവരാണെങ്കിലും മദ്ഹബിന്റെ ഇമാമുമാര്‍ പറഞ്ഞതൊന്നും അവര്‍ ഉള്‍ക്കൊള്ളാറില്ലെന്നതാണ് വാസ്തവം. 2019 ഒക്ടോബര്‍ 1-15 ലക്കം 'സുന്നി വോയ്‌സി'ല്‍ സാക്ഷാല്‍ കാന്തപുരം മുസ്‌ലിയാര്‍ ഹസന്‍ മുസ്‌ലിയാരെ അനുസ്മരിച്ചെഴുതിയതില്‍ നിന്ന് ഇവര്‍ ഇന്നും അന്ധമായ അനുകരണ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നവരാണെന്ന് ബോധ്യമാകുന്നു.

മുസ്‌ലിയാര്‍ എഴുതുന്നു: ''ശാഫിഈ മദ്ഹബ് പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, പ്രഭാഷണം, ഫത്‌വ നല്‍കല്‍ തുടങ്ങിയവയെല്ലാം. എന്നാല്‍ മദ്ഹബ് വിരോധികളായ ബിദഇകള്‍ ആയത്തും ഹദീസും മാത്രം ഓതി വാദപ്രതിവാദങ്ങളില്‍ വരുമ്പോള്‍ അദ്ദേഹം അവരെ അതേ രീതിയില്‍ ഖണ്ഡിച്ചു'' (പേജ്: 38).

സമസ്തക്കാര്‍ ശാഫിഈ മദ്ഹബിന്റെ വക്താക്കളാണെന്നും സലഫികള്‍ മദ്ഹബുകളെ വെറുക്കുന്നവരാണെന്നും വരുത്തിത്തീര്‍ക്കാനാണ് ഈ വാക്കുകളിലൂടെ മുസ്‌ലിയാര്‍ ശ്രമിക്കുന്നത്. ഇത് ആദ്യകാലം മുതല്‍ തന്നെയുള്ള സമസ്തയുടെ വിശ്വാസമാണ്. അവര്‍ എഴുതി വെച്ചത് കാണുക:

''ഇസ്‌ലാമില്‍ കര്‍മപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസ കാര്യങ്ങള്‍ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കര്‍മപരമായ കാര്യങ്ങള്‍ നാലിലൊരു മദ്ഹബനുസരിച്ചാകലും അനിവാര്യമാണ്. വിശ്വാസവും കര്‍മവും ഇപ്പറഞ്ഞതിനെതിരായാല്‍ അത് ഇസ്‌ലാമിലില്ലാത്തതാണ്. ഇങ്ങനെയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനം'' (ഇവരെ എന്ത് കൊണ്ട് അകറ്റണം?/ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍/ പേജ്: 19).

 'ഇസ്‌ലാമിക വ്യവസ്ഥിതി നാല് മദ്ഹബുകളില്‍ ഖണ്ഡിതമാണ്. പ്രമാണങ്ങളുടെ മൊത്തവും മദ്ഹബുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മദ്ഹബ് പഠനം യഥാര്‍ത്ഥ ഇസ്‌ലാമിനെ സംബന്ധിച്ച പഠനമാണ്. മദ്ഹബ് പഠിക്കാത്ത ഒരാള്‍ക്കും മുസ്‌ലിമായി ജീവിക്കാന്‍ കഴിയില്ല'' (ശാഫിഈ മദ്ഹബ് /പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍).

ഇ.കെ വിഭാഗത്തിലെ ഒരു മുസ്‌ലിയാര്‍ എഴുതുന്നു: ''സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്(മുസ്തഫ 2/123).'' (മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? അബ്ദുല്‍ ഹമീദ് ഫൈസി, പേജ്: 23).

എന്നാല്‍ ഇവര്‍ പറയുന്നതിന് നേര്‍വിരുദ്ധമാണ് ഇമാമുമാരുടെ നിലപാടുകള്‍. നാല് മദ്ഹബുകളുടെ ഇമാമുമാര്‍ തന്നെ അവരുടെ അഭിപ്രായങ്ങള്‍ പിന്‍പറ്റപ്പെടുന്നതിനെ കുറിച്ച് പറഞ്ഞത് കൂടി വായിക്കാം:

ഇമാം അബൂഹനീഫ(റഹി) (ഹിജ്‌റ 80-150) പറയുന്നു: ''ഹദീഥ് സ്വഹീഹായി വന്നാല്‍ അതാകുന്നു എന്റെ അഭിപ്രായം''(ഹാശിയത്തു ഇബ്‌നു ആബിദീന്‍ 1/63).

''അല്ലാഹുവിന്റെ കിതാബിനും റസൂല്‍ ﷺ യുടെ സുന്നത്തിനും എതിരായി ഞാന്‍ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ വാക്കുകള്‍ നിങ്ങള്‍ ഉപേക്ഷിക്കുക'' (ഈകാദുല്‍ ഫഹ്മ, ശൈഖ് സ്വാലിഹ് ഫുല്ലാനി, പേജ്: 50).

ഇമാം മാലിക്ബ്‌നു അനസ്(റഹി) (ഹിജ്‌റ 95-179): ''ശരിയും തെറ്റുമൊക്കെ സംഭവിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാണു ഞാന്‍. അതിനാല്‍ എന്റെ അഭിപ്രായങ്ങള്‍ നിങ്ങള്‍ നോക്കുക. ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുക. ക്വുര്‍ആനിനോടും സുന്നത്തിനോടും വിയോജിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക'' (ഉസ്വൂലുല്‍ അഹ്കാം, ഇബ്‌നു ഹസ്മ്: 6/149).

''പ്രവാചകന്‍ ﷺ  ഒഴികെ ആരുടെ വാക്കിലും സ്വീകരിക്കാവുന്നതും തള്ളേണ്ടതുമുണ്ടായിരിക്കും''(ഉലുല്‍ അഹ്കാം: 6/140).

  ഇമാം ശാഫിഈ(റഹി) (ഹിജ്‌റ 150-204) പറയുന്നു: ''എന്റെ ഗ്രന്ഥത്തില്‍ നബി ﷺ യുടെ സുന്നത്തിന് വിരുദ്ധമായത് വല്ലതും നിങ്ങള്‍ കണ്ടാല്‍ നബി ﷺ യുടെ സുന്നത്ത് നിങ്ങള്‍ സ്വീകരിക്കുക. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഉപേക്ഷിക്കുക'' (ശര്‍ഹുല്‍ മുഅദ്ദബ്, ഇമാം നവവി(റഹി), 1/63).

''ഹദീഥ് സ്വഹീഹായി വന്നാല്‍ അതാകുന്നു എന്റെ അഭിപ്രായം''(ഇമാം ബൈഹക്വി).

 ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) (ഹിജ്‌റ 164-241) പറയുന്നു: ''നീ എന്നെയോ മാലികിനെയോ, ശാഫിഈയെയോ, ഔസാഈയെയോ അന്ധമായി പിന്‍പറ്റരുത്. അവര്‍ എവിടെ നിന്നാണോ (മതം) സ്വീകരിച്ചത് അവിടെ നിന്ന് നീ സ്വീകരിക്കുക'' (അല്‍ ഇഅ്‌ലാം, ഇബ്‌നുല്‍ ക്വയ്യിം, 2/302).

''അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ഹദീഥ് ഒരാള്‍ തള്ളിയാല്‍ അവന്‍ നാശത്തിന്റെ വക്കിലാണ്''(ഇബ്‌നുല്‍ജൗസി).

ഇതൊന്നും വകവെക്കാതെയാണ് പണ്ഡിതാഭിപ്രായങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങാനും 'വാക്ക് കൊണ്ട്' മാത്രം ഏതെങ്കിലുമൊരു മദ്ഹബിന്റെ പക്ഷത്ത് നില്‍ക്കാനും ശരിയായ സ്രോതസ്സുകളില്‍ നിന്ന് മതവിധികള്‍ തേടുന്നവരെ ആക്ഷേപിക്കാനും സമസ്ത തുനിഞ്ഞിറങ്ങുന്നത്.

വിശ്വാസാചാരങ്ങളെ സമസ്ത എടുത്തിട്ടുള്ളത് ശാഫിഈ മദ്ഹബ് പ്രകാരമാണെന്നാണ് സമൂഹ മധ്യത്തില്‍ പറയാറുള്ളത്. യഥാര്‍ഥത്തില്‍ ഇവര്‍ ഇച്ഛകള്‍ക്കൊത്ത് മാത്രം ചലിക്കുന്ന 'മാഫീ മദ്ഹബു'കാരാണ്. സമസ്ത സഭ മെനഞ്ഞുണ്ടാക്കി തരംതിരിച്ചു വെച്ച ഒറ്റ അനാചാരത്തെയെങ്കിലും ഇമാം ശാഫിഈ അനുകൂലിച്ചിട്ടുണ്ടോ? ഇല്ലെന്ന് വ്യക്തം! ഹസന്‍ മുസ്‌ലിയാര്‍ എല്ലാം നിര്‍വഹിച്ചത് ശാഫിഈ മദ്ഹബ് പ്രകാരമായിരുന്നു എന്നാണല്ലോ മുസ്‌ലിയാരുടെ അവകാശവാദം. അങ്ങനെയെങ്കില്‍ ന്യായമായും തോന്നിയ ചില സംശയങ്ങള്‍ ഇന്നത്തെ പണ്ഡിതന്മാരോട് ചോദിക്കട്ടെ:

1. പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടുമാകാം എന്ന ശിര്‍ക്കിനെ ഇമാം ശാഫിഈ അനുവദിച്ചിട്ടുണ്ടോ?

2. സഹായതേട്ടം മരണപ്പെട്ടവരോടുമാകാം എന്ന ശിര്‍ക്കിനെ അംഗീകരിച്ചിട്ടുണ്ടോ?

3. മതം പഠിപ്പിക്കാത്ത കാര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇടതേട്ടം ഇമാം ശാഫിഈയുടെ വിശ്വാസമാണോ?

4. ക്വബ്ര്‍ പൂജയും ജാറ വ്യവസായവും ഇമാം ശാഫിഈ പഠിപ്പിച്ചതാണോ?

5. സ്ത്രീകള്‍ക്ക് ജമാഅത്ത്, ജുമുഅ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വന്ന് നിര്‍വഹിക്കാമെന്ന ഇസ്‌ലാമിന്റെ അനുവാദത്തെ ഇമാം ശാഫിഈ നിഷിദ്ധമാക്കിയിട്ടുണ്ടോ?

6. മരിച്ച വ്യക്തിക്ക് കൂലി കിട്ടാന്‍ വേണ്ടി സൂറതുയാസീന്‍  ഓതുക എന്ന ബിദ്അത്തിനെ ഇമാം ശാഫിഈ അനുകൂലിച്ചിട്ടുണ്ടോ?

7. നബി ﷺ യുടെ ജന്മ ദിനത്തെ ആഘോഷമാക്കി കൊണ്ടാടാന്‍ ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ടോ?

8.അല്ലാഹുവിന്റെ വിശേഷണങ്ങളെ പരിഹസിക്കുന്നതിനും സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുക്കുന്നതിനും ഇമാം ശാഫിഈയുടെ ഫത്‌വകളുണ്ടോ?

9.നമസ്‌കാര ശേഷമുള്ള കൂട്ട പ്രാര്‍ഥന എന്ന ബിദ്അത്ത് ഇമാം ശാഫിഈ ചെയ്ത് കാണിച്ചതാണോ?

10. ബുര്‍ദ, ഹദ്ദാദ്, കുത്ത്‌റാത്തീബ് തുടങ്ങിയവയെല്ലാം ഇമാം ശാഫിഈ പഠിപ്പിച്ചതാണോ?  

11. ആണ്ട് നേര്‍ച്ചകളും ഉറൂസുകളുമെല്ലാം ഇമാം ശാഫിഈ തുടങ്ങിയതാണോ?

12. മരണാനന്തരമുള്ള 3,7,40 എന്നിങ്ങനെ തീയതി കുറിച്ചു കൊണ്ടുള്ള സദ്യകള്‍ ഇമാം ശാഫിഈ നിര്‍ദേശിച്ചതാണോ?

ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി 'അതെ,' 'ഉണ്ട്,' 'കാണിച്ചു തരാം,' 'വായിച്ചു തരാം' എന്നീ പദപ്രയോഗങ്ങള്‍ സമസ്ത നേതാക്കന്മാരുടെ പക്കല്‍ സ്‌റ്റോക്കുണ്ട്. എന്നാല്‍ ഇമാം ശാഫിഈ(റഹി)യുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് തെളിയിക്കാന്‍ ഇക്കാലമത്രയും ഇവര്‍ക്കായിട്ടില്ല. ഇനി ആവുകയുമില്ല.

മതപഠിതാക്കളില്‍ മൂന്ന് തരക്കാറുണ്ട്.

1. ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേരിട്ട് വിഷയങ്ങളെ നോക്കാന്‍ കഴിയുന്നവര്‍. ഇതിലേക്ക് സൂചന നല്‍കുന്ന ധാരാളം ആയത്തുകളുണ്ട്. അല്ലാഹു പറയുന്നു: ''സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു''(4:83).

പണ്ഡിതന്മാര്‍ നടത്തുന്ന ഗവേഷണം ശരിയായാല്‍ രണ്ട് കൂലിയും തെറ്റായാല്‍ ഒരു കൂലിയും ഉണ്ടെന്നും ശിക്ഷയില്ലെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളില്‍ ഏതാണോ പ്രാമാണികം അതാണ് പരിഗണിക്കേണ്ടത്.

2. തെളിവുകളോട് ഏറ്റവും അടുത്ത പണ്ഡിത നിലപാടുകളെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന മതപഠിതാക്കള്‍. ഇതില്‍ പൊതുവായ അറിയിപ്പ് ക്വുര്‍ആന്‍ നല്‍കിയീട്ടുണ്ട്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).

3. പ്രമാണങ്ങള്‍ തുറന്ന് വായിച്ച് മതവിധി കണ്ടെത്താന്‍ സാധിക്കാത്തവരും അറിയാത്ത കാര്യങ്ങളെ അറിവുള്ളവരോട് ചോദിച്ച് പഠിക്കല്‍ നിര്‍ബന്ധമായവരുമായവര്‍. അല്ലാഹു പറയുന്നു:

''നിനക്ക് മുമ്പ് പുരുഷന്‍മാരെ(ആളുകളെ)യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക'' (21:7).

മത വിഷയങ്ങളെ സമീപിക്കുന്നതിന് ഇസ്‌ലാം അനുവദിച്ച വഴികള്‍ ഇത്ര ലളിതമായിരിക്കെ തെളിവു നോക്കാതെയുള്ള അനുകരണത്തെ നിര്‍ബന്ധമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അല്ലാഹു പറയുന്നു: ''തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍''(24:51).

തഖ്‌ലീദ് എന്നത് മറ്റൊരു നിലയ്ക്ക് ദീനിനെ അടുത്തറിയാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടല്‍ കൂടിയാണ്. തല്‍ഫലമായി മത നിയമങ്ങള്‍ മൂടപ്പെടുന്നു. ഇത് അതീവ ഗൗരവമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു:

''അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്‌നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും'' (2:174).

മാത്രവുമല്ല ഇത്തരക്കാര്‍ക്കു നേരെ പരലോകത്ത് വെച്ച് സകലരും  തിരിയുന്ന രംഗത്തെ കുറിച്ചും ക്വുര്‍ആന്‍ താക്കീത് നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.)'' (33:67-69).

പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മതാധ്യാപനങ്ങളെ ഗൗനിക്കാതെ മതവാണിഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം താക്കീതുകളെ ഓര്‍ക്കുന്നത് സകല അനാചാരങ്ങളെയും നിര്‍ത്തലാക്കാന്‍ സഹായമാകും.