ബൈബിളും വിജാതീയ രചനകളും

ഉസ്മാന്‍ പാലക്കാഴി

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

(ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും: 2 )

''ചുരുക്കത്തില്‍ ഒന്നാം നൂറ്റാണ്ടിലെ ബൈബിള്‍ അതുപോലെ തന്നെ ഖുര്‍ആനിന്റെ കാലമായ ഏഴാം നൂറ്റാണ്ടിലും നിലനിന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നു. എന്നാല്‍ നേരെത്തെ സൂചിപ്പിച്ച പോലെ മുഹമ്മദിന്റെ കാലത്തിന് തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളില്‍ പാഷാണ്ഡ-ഛിന്ന സമൂഹങ്ങളില്‍ രൂപം കൊണ്ട ആശയങ്ങളും രചനകളും ബൈബിളിന് സമാന്തരമായി പേര്‍ഷ്യ, സിറിയ, അറേബ്യ തുടങ്ങിയ നാടുകളില്‍ പ്രചരിച്ചു. ക്രൈസ്തവരുടെ സത്യവേദത്തില്‍ നിന്നും പാഷാണ്ഡികളുടെ വ്യാജകൃതികളില്‍ നിന്നുമുള്ള ആശയങ്ങള്‍ ഒരേസമയം ആദ്യമുസ്ലിം സമൂഹത്തെ സ്വാധീനിച്ചുവെന്ന് സൂക്ഷ്മ വിശകലനം തെളിയിക്കുന്നു. റവ.ക്ലയര്‍ ട്രിസ്ഡാല്‍ വളരെ വിശദമായി ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. വിരുദ്ധ ഉറവിടങ്ങൡ നിന്നും ഒരേസമയം വ്യത്യസ്ത ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ് ആദ്യകാല ഇസ്ലാമിന്റെ ചിന്താഗതികളില്‍ ചിലപ്പോള്‍ ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായ ആശയങ്ങള്‍ കടന്നുകൂടാന്‍ കാരണം'' (അല്‍നൂര്‍, പേജ് 9).

ഒന്നാം നൂറ്റാണ്ടിലെ ബൈബിള്‍ ഏഴാം നൂറ്റാണ്ടിലും നിലനിന്നു എന്ന വാദം ചരിത്ര വിരുദ്ധമാണ്. ഇതിന് പല കാരണങ്ങളുണ്ട്. പുതിയ നിയമത്തിലെ മുഖ്യ രചനകളായ സുവിശേഷങ്ങളും പ്രധാന ലേഖനങ്ങളും പൂര്‍ത്തിയായത് രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ശേഷിച്ച ചില ലേഖനങ്ങള്‍ പിന്നീട് പല നൂറ്റാണ്ടുകളിലായാണ് രംഗത്തുവന്നത്. പുതിയ നിയമങ്ങളും പഴയ നിയമവും ഇന്നത്തെ ഘടനയില്‍ സമാഹരിക്കപ്പെട്ടത് മൂന്നാം നൂറ്റാണ്ടിനു ശേഷമാണ്. പല നൂറ്റാണ്ടുകളിലൂടെ പരിണമിച്ചുണ്ടായ ഒരു ഘടനയാണ് ആധുനിക ബൈബിളിന്റെത്. ഇപ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ഒന്നാം നൂറ്റാണ്ടില്‍ ഇന്നത്തെ രൂപത്തില്‍ ബൈബിള്‍ നിലനിന്നിരുന്നു എന്ന വാദം തെറ്റാണ്.

മുഹമ്മദ് നബി ﷺ യും പൗലോസും

''ഇതിനെല്ലാം പുറമെ ബൈബിളില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ തന്നെ മുഹമ്മദ് പറയുന്നതായി പാരമ്പര്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ഉദാഹരണം മാത്രം താഴെ ചേര്‍ക്കുന്നു. മിശ്കാത്തിലെ 487-ാം പേജില്‍ 'പറുദീസായുടെയും അവിടുത്തെ നിവാസികളുടെയും വിവരണം' എന്നു പേരായ അധ്യാത്തില്‍  അബൂഹുറെയ്‌റ വിവരിക്കുന്ന ഒരു പാരമ്പര്യമുണ്ട്. മുഹമ്മദ് ഇപ്രകാരം പറഞ്ഞതായി നാം വായിക്കുന്നു: ''അത്യുന്നതനായ ദൈവം ഇപ്രകാരം അരുളി ചെയ്യുന്നു. ദൈവത്തെ സ്‌നേഹിക്കുന്ന തന്റെ ദാസന്മാര്‍ക്ക് ദൈവം ഒരുക്കിയിട്ടുള്ളത് കണ്ണുകണ്ടിട്ടില്ല. കാതു കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.'' വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്നുള്ള ഒരുവാക്യമാണ് (1.കൊറി 2:9) മുഹമ്മദ് ഉദ്ധരിച്ചിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. പൗലോസ് ഒരു അപ്പോസ്തലനേ അല്ലെന്നും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ദൈവനിവേശിതമല്ലെന്നും തുടരെത്തുടരെ ആവര്‍ത്തിക്കുന്ന ഒട്ടേറെ മുസ്ലിം മതപ്രചാരകരെയും എഴുത്തുകാരെയും നാം കാണാറുണ്ട്. എന്നാല്‍ പൗലോസിന്റെ ലേഖനത്തിലെ വാക്യം ''അത്യുന്നതനായ ദൈവം നേരിട്ട് അരുളി ചെയ്യുന്നതാണ് എന്ന്'' മുഹമ്മദ് തന്റെ അനുയായികളെ വ്യക്തമായി പരിചയപ്പെടുത്തിയിട്ടും ചില തീവ്രവാദി ഇസ്ലാമിക സംഘടനകള്‍ പൗലോസിന്റെ ലേഖനങ്ങളെ നിഷേധിക്കുന്നതായി കാണാം.

ഖുര്‍ആനെ വേദഗ്രന്ഥമാക്കി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ മുസ്ലിംകളും ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും അടങ്ങിയ വിശുദ്ധ തിരുവെഴുത്തുകളെ തികഞ്ഞ വിശ്വസ്തതയോടും ആദരവോടും പാരായണം ചെയ്യുവാനും അനുസരിക്കുവാനും ബാധ്യസ്ഥരാണെന്നും ഇതുവരെയുള്ള പഠനത്തില്‍ നിന്നും വ്യക്തമാണല്ലോ'' (അല്‍നൂര്‍, പേജ് 7).

പൂര്‍വ വേദങ്ങളെ ശരിവെച്ചുകൊണ്ടുവന്ന ഒരു വേദത്തിന്റെ വാഹകനായിരുന്നു മുഹമ്മദ് നബി ﷺ . പൂര്‍വ വേദങ്ങളിലെയും പ്രവാചക സന്ദേശങ്ങളിലെയും ചില ആശയങ്ങളും പരാമര്‍ശങ്ങളും വിശുദ്ധ ക്വുര്‍ആനിലും മുഹമ്മദ് നബി ﷺ യുടെ ആധ്യാപനങ്ങളിലും കാണുന്നതിന് കാരണം ഈ തുടര്‍ച്ചാ ബന്ധമാണ്. ബൈബിള്‍ പുതിയ നിയമത്തിലും പഴയ നിയമത്തിലും കാണുന്ന ചില വാക്യങ്ങള്‍ക്ക് ക്വുര്‍ആനിലെയും പ്രവാചകാധ്യാപനങ്ങളിലെയും പരാമര്‍ശവുമായി സാമ്യതയുണ്ടാകാന്‍ കാരണം, ബൈബിള്‍ മുഹമ്മദ് നബി ﷺ ക്കു മുമ്പുവന്ന വേദങ്ങളുടെയും പ്രവാചകാധ്യാപനങ്ങളുടെയും വികലീകരിക്കപ്പെട്ട രൂപമായതുകൊണ്ടുമാണ്. ഗുരുതരമായ ഒട്ടനവധി തിരുത്തുകള്‍ക്കും അഴിച്ചുപണികള്‍ക്കും വിധേയമായി നിലനിന്നിരുന്ന ആദ്യകാല തൗറാത്ത്-ഇന്‍ജീല്‍ എന്നിവയില്‍ നിന്ന് ബൈബിള്‍ രചയിതാക്കള്‍ക്ക് കിട്ടിയ ചല സാര്‍വകാലിക മൂല്യങ്ങളും പരാമര്‍ശങ്ങളും അവര്‍ അവരുടെ രചനകളില്‍ ഉപയോഗിക്കുകയായിരുന്നു ചെയ്തത്. ബൈബിളില്‍ വരുന്ന പരാമര്‍ശങ്ങളുമായി ഏതെങ്കിലും ക്വുര്‍ആന്‍-ഹദീഥ് വാക്യങ്ങള്‍ക്ക് സാമ്യമുണ്ടായി എന്നതിനാല്‍ അവയെ മുസ്‌ലിംകള്‍ തള്ളിക്കളയണമെന്ന് പറയുന്നതുപോലെത്തന്നെ ബാലിശവും നിരര്‍ഥകവുമാണ്, സാമ്യമുള്ള ക്വുര്‍ആന്‍ -ഹദീഥ് വാക്യങ്ങളത്രയും ബൈബിള്‍ പഴയ-പുതിയ നിയമങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്ന് പറയുന്നതും.

മുഹമ്മദ് നബി ﷺ  പൗലോസ് ശ്ലീഹായെ പകര്‍ത്തിയാണ് പറുദീസയെക്കുറിച്ചുള്ള ''...ഒരു കണ്ണും കണ്ടിട്ടില്ലാത്തതും...'' എന്ന വിവരണം നല്‍കിയിരിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അല്‍നൂര്‍ ലേഖകന്‍ നടത്തിയ അട്ടിമറി കൂടി കാണേണ്ടതുണ്ട്. ഒന്ന് കൊരിന്ത്യര്‍ 2:9 വാക്യമായി ഉദ്ധരിക്കുന്നത് പൗലോസിന്റെ സ്വന്തം ആശയവും വാക്യവുമായാണ് അല്‍നൂറുകാരന്‍ പരിചയപ്പെടുത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ ആ വാക്യം പൂര്‍വകാല ലിഖിതങ്ങളില്‍ നിന്ന് പൗലോസ് ഉദ്ധരിക്കുന്നത് മാത്രമാണ്. പൗലോസിന്റെ സ്വന്തം രചനയും ആശയവുമല്ല ആ വാക്യം. ഒന്ന് കൊരിന്ത്യര്‍ 2:9ന്റെ പൂര്‍ണ രൂപം ഇപ്രകാരമാണ്:

''ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളത് കണ്ണു കണ്ടിട്ടില്ല. ചെവി കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല' എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ'' (ഒന്ന് കൊരിന്ത്യര്‍ 2ാം അധ്യായം ഒമ്പതാം വാക്യം, സത്യവേദ പുസ്തകം പേജ് 169, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കണം).

ക്രിസ്തുമതത്തെ വികൃതമാക്കുകയും അതില്‍ ബാഹ്യമായ നിരവധി ആശയങ്ങളും തത്ത്വങ്ങളും കടത്തിക്കൂട്ടി വികലമാക്കുകയും ചെയ്ത പൗലോസിന്റെ ജല്‍പനങ്ങള്‍, ദൈവത്തിന്റെ വാക്യങ്ങളായി മുഹമ്മദ് നബി ﷺ  കരുതിയിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനാണ് അല്‍നൂറുകാരന്റെ ശ്രമം. ഇതിനു വേണ്ടിയാണ് പ്രാചീന ലിഖിതങ്ങളില്‍ നിന്ന് പൗലോസ് ഉദ്ധരിച്ച ഒരു വാക്യത്തെ പൗലോസിന്റെ സ്വന്തം വാക്യമായി ചിത്രീകരിക്കുന്നത്. മാത്രവുമല്ല, പൗലോസിന്റെ ലേഖനത്തിലെ ഈ ഉദ്ധരണി പൗലോസിന്റെ വാക്യമായി മനസ്സിലാക്കിക്കൊണ്ട് 'അത്യുന്നതനായ ദൈവം നേരിട്ട് അരുളി ചെയ്യുന്നതാണെന്ന് മുഹമ്മദ് തന്റെ അനുയായികളെ വ്യക്തമായി പരിചയപ്പെടുത്തി' എന്ന് പ്രവാചകനെക്കുറിച്ച് വ്യാജം പറയുകയും ചെയ്യുന്നു. സ്വന്തം പ്രമാണങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യസ്ഥിതി തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുകയും അവയെ വിലകുറച്ച് കാണുകയും അവയോട് അവിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്നു അല്‍നൂര്‍ ലേഖകന്‍ എന്ന് ഈ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. പുതിയ നിയമകര്‍ത്താക്കള്‍ അവിടെയും ഇവിടെയും നിന്ന് തങ്ങളുടെ രചനകളില്‍ ഉദ്ധരിക്കുന്ന ശകലങ്ങള്‍ അവരുടെ സ്വന്തം ആശയങ്ങളും രചനകളുമായി പരിചയപ്പെടുത്തുന്നതിലെ വക്രത എത്രമാത്രം ബാലിശമാണ് എന്ന് ചിന്തിക്കുക!

പൂര്‍വ പ്രവാചകന്മാരും ക്വുര്‍ആനും

''മൂന്നേകാല്‍ ലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം വരെ പ്രവാചകന്മാരെ ദൈവം ലോകത്തിലേക്ക് അയച്ചു എന്ന് മുഹമ്മദ് പറഞ്ഞതായി ഇസ്ലാമിക പാരമ്പര്യം ശരിയാണെങ്കില്‍ ഖുര്‍ആന്‍ ഈ പ്രവാചകന്മാര്‍ വഴി നല്‍കപ്പെട്ട ദൈവിക സന്ദേശങ്ങളുടെ പതിനായിരത്തിലൊന്നു പോലും ഉള്‍ക്കൊള്ളുന്നില്ല എന്ന് കാണാം. രണ്ടേകാല്‍ ലക്ഷം പ്രവാചകന്മാരില്‍ 28 പേരെ കുറിച്ച് മാത്രമേ (മുഹമ്മദിനു മുമ്പുള്ള) ഖുര്‍ആനില്‍ പരാമര്‍ശമുള്ളൂ....''

''അതായത് 28 പേരെ കുറിച്ച് മൊത്തത്തിലുള്ള വിവരണം തന്നെ വളരെ പരിമിതമാണെന്ന് വ്യക്തം. അതില്‍ പതിനാലു പേരെ കുറിച്ച് ആനുഭാഗികമായി പരാമര്‍ശങ്ങള്‍ മാത്രമേയുള്ളൂ. കൂടാതെ 28ല്‍ 27 പേരുടെയും വാക്കുകളെയും പ്രവൃത്തികളെയും കുറിച്ചുള്ള വിവരണങ്ങള്‍ പെട്ടെന്ന് ക്രോഡീകരിക്കാനോ മനസ്സിലാക്കിയെടുക്കാനോ ആവാത്ത വിധം പല സൂറത്തുകളിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. വളരെ ശ്രദ്ധയോടും ഗൗരവത്തോടും കൂടി ഖുര്‍ആന്‍ പരിശോധിക്കുന്ന ഒരു വ്യക്തിക്കു പോലും അവയൊക്കെ കണ്ടെത്താന്‍ ധാരാളം കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല, ബൈബിളിന്റെ വെളിച്ചത്തില്‍ ഖുര്‍ആനെ സമീപിക്കുന്ന ഒരു വ്യക്തിക്ക് 28 പേരില്‍ ചിലരെ പ്രവാചകരായി അംഗീകരിക്കുന്ന വ്യക്തികളുടെ കാര്യത്തില്‍ പോലും പ്രവാചകന്റെ പ്രവാചകത്വത്തെയും ചെയ്തികളെയും കുറിച്ച് സമഗ്രമായ ഒരു ചിത്രം ആഗ്രഹിക്കുന്ന ഏത് വ്യക്തിയും - അയാള്‍ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ ഖുര്‍ആനിനേക്കാള്‍ പലമടങ്ങ് ആശ്രയിക്കേണ്ടി വരുന്നതും ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നതും ബൈബിള്‍ തന്നെയാരിക്കും എന്നതിന് സംശയമില്ല'' (അല്‍നൂര്‍, പേജ് 10).

ഭൂലോകത്ത് വന്നുപോയ മുഴുവന്‍ സത്യദൂതന്‍മാരും പ്രബോധനം ചെയ്ത സന്ദേശം അടിസ്ഥാനപരമായി ഒന്നു തന്നെയായിരുന്നു എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവരെക്കുറിച്ച് മൊത്തത്തുള്ള പരാമര്‍ശങ്ങളേ ക്വുര്‍ആനിലുള്ളൂ. അവരുടെ സന്ദേശങ്ങളുടെ അന്തസ്സത്ത ക്വുര്‍ആനില്‍ തന്നെയുള്ള പരാമര്‍ശങ്ങളിലുണ്ട്. അവരില്‍ നിന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടി വരുന്നവരെക്കുറിച്ച് മാത്രമെ ക്വുര്‍ആന്‍ എടുത്ത് പറയുന്നുള്ളൂ. പ്രത്യേക പദവി നല്‍കപ്പെട്ടവരുടെ ജീവിതത്തിലും അനുഭവങ്ങളിലും സര്‍വകാലികമായ പാഠങ്ങള്‍ ഉള്ളതുകൊണ്ടാണ് ക്വുര്‍ആന്‍ അവരെക്കുറിച്ച് പറയുന്നത്. പറയപ്പെട്ടവരും പറയപ്പെടാത്തവരുമായ ദുതന്മാരില്‍ മൊത്തത്തില്‍ വിശ്വസിച്ചുകൊണ്ട് ജീവിക്കാനുമാണ് ക്വുര്‍ആന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ക്വുര്‍ആനിലും പ്രവാചക വിശദീകരണങ്ങളിലുമില്ലാത്ത ചില പേരുകള്‍ മറ്റെവിടെയെങ്കിലും കണ്ടെത്തിയാല്‍ തന്നെ അവയെ അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ല. മുന്‍കാലങ്ങളില്‍ നല്‍കപ്പെട്ട സന്ദേശങ്ങളുടെ പുതിയ രൂപത്തിലുള്ള ആവര്‍ത്തനമാണ് ക്വുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത് എന്നതിനാല്‍ മുന്‍ കഴിഞ്ഞവരുടെ സന്ദേശങ്ങള്‍ അതേപടി ആവര്‍ത്തിക്കേണ്ടയാവശ്യം വരുന്നില്ല. അതുകൊണ്ട് മുന്‍കഴിഞ്ഞ പ്രവാചകന്‍മാര്‍ വഴി നല്‍കപ്പെട്ട ദൈവിക സന്ദേശങ്ങളുടെ 'പതിനായിരത്തിലൊന്നുപോലും ക്വുര്‍ആനില്‍ ഉള്‍ക്കൊള്ളുന്നില്ല' എന്നത് ക്വുര്‍ആനിനെ സംബന്ധിച്ച് ഒരു ന്യൂനതയായി കാണേണ്ടതില്ല.

(അവസാനിച്ചില്ല)