സ്വലാത്തിനെ വരുമാനമാര്‍ഗമാക്കുന്നവര്‍

മൂസ സ്വലാഹി, കാര

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 3)

മൂഢവിശ്വാസങ്ങളെ മതവിശ്വാസങ്ങള്‍ക്കൊപ്പം കൂട്ടിക്കെട്ടി പ്രചാരണം കൊഴുപ്പിച്ച് അവയെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്ന പണ്ഡിത വേഷധാരികള്‍ ഇസ്‌ലാമിനുണ്ടാക്കുന്ന കളങ്കം ചെറുതല്ല. സ്വലാത്ത്, ദിക്‌റ്, മന്ത്രം, തബര്‍റുക്ക് തുടങ്ങി പലതിനെയും ഇവര്‍ കച്ചവടച്ചരക്കാക്കുന്നുണ്ട്.  

മലപ്പുറം കോണോംപാറയില്‍ വര്‍ഷങ്ങളായി ഒരു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സ്വലാത്ത് കച്ചവടമുണ്ട്. അതിനെ സംബന്ധിച്ച് മുസ്‌ലിയാര്‍ തന്നെ പറയുന്നു: 'മഅ്ദിന്‍ സ്വലാത്തും റമളാന്‍ ഇരുപത്തിയേഴാം രാവ് പ്രാര്‍ത്ഥനാ സമ്മേളനവുമെല്ലാം നല്ല നിലയില്‍ മുന്നോട്ടു പോകുന്ന സന്ദര്‍ഭം. നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ സ്വലാത്ത് നഗറിലേക്ക് ഒഴുകാന്‍ തുടങ്ങി'' (സുന്നി വോയ്‌സ്, 2019 ആഗസ്റ്റ് 16-31, പേജ് 16).

മുസ്‌ലിയാര്‍ക്കും അനുയായികള്‍ക്കും ഇത് കേവലം അനുഭവം പങ്കുവെക്കല്‍ മാത്രമാകും. എന്നാല്‍ വലിയൊരു പുത്തനാചാരത്തിന് (ബിദ്അത്തിന്) കീര്‍ത്തിയുണ്ടാക്കലും അതിന് ന്യായം കണ്ടെത്തലുമാണ് ഇതിനു പിന്നിലുള്ളത്. പുണ്യമാസമായ റമദാനില്‍ ലൈലതുല്‍ക്വദ്ര്‍ പ്രതീക്ഷിച്ച് പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കേണ്ട സമയം പാടത്തേക്കും പറമ്പിലേക്കും ജനങ്ങളെ വലിച്ചിറക്കുക എന്നത് ഈ മുസ്‌ലിയാര്‍ ജന്മം നല്‍കിയ വിശ്വാസ ചൂഷണത്തിന്റെ പുതിയ രൂപമാണ്. ഇസ്‌ലാം പഠിപ്പിച്ച സ്വലാത്തിനെ അവമതിക്കല്‍, പവിത്രമാക്കപ്പെട്ട ലൈലതുല്‍ ക്വദ്‌റിനെ  അവഗണിക്കല്‍, പുതിയ ആചാരമുണ്ടാക്കല്‍, മതത്തെ പരിഹസിക്കല്‍, പാമരജനങ്ങളെ കബളിപ്പിക്കല്‍... ഇതൊക്കെയാണ് അവിടെ നടക്കുന്നത്.

നബി ﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലണമെന്നത് ക്വുര്‍ആനിന്റെ നിര്‍ദേശമാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക'' (33:56).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ പറഞ്ഞു: ''ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക് പത്ത് സ്വലാത്ത് വര്‍ഷിക്കും. പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും പത്ത് നന്മകള്‍ രേഖപ്പെടുത്തുകയും ചെയ്യും'' (നസാഈ).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ  പറഞ്ഞു: ''ആരാണോ തന്റെയടുക്കല്‍ എന്നെക്കുറിച്ച് പറയപ്പെട്ടിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തത്; അവന്‍ നശിച്ചതു തന്നെ'' (തിര്‍മിദി).

അലി(റ)യില്‍ നിന്ന്; നബി ﷺ  പറഞ്ഞു: ''എന്നെക്കുറിച്ച് പറയപ്പെട്ടിട്ടും എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാത്തവനാണ് യഥാര്‍ഥ പിശുക്കന്‍'' (തിര്‍മുദി).

ഞങ്ങള്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന അനുചരന്മാരുടെ ചോദ്യത്തിന് 'അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദിന്‍...' (ബുഖാരി) എന്ന് തുടങ്ങുന്ന സ്വലാത്തിന്റെ രൂപംനബി ﷺ  പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് ഇസ്‌ലാം പഠിപ്പിച്ച സ്വലാത്ത്. ആട്ടം, ചാട്ടം, വര്‍ണ വെളിച്ചങ്ങള്‍, തോരണങ്ങള്‍, കൊടി, ബാനര്‍, പോസ്റ്ററുകള്‍, പ്രചാരണം, പണപ്പിരിവ് ഇവയൊന്നും ഇതിനാവശ്യമില്ല. പ്രത്യേകിച്ച് ഏതെങ്കിലും പാടമോ പറമ്പോ അതിനായി തെരഞ്ഞെടുേക്കണ്ടതുമില്ല. വിശ്വാസവും അനുസരണവും ഉദ്ദേശ ശുദ്ധിയുമാണ് പ്രധാനം. നാരിയ്യസ്വലാത്ത്, താജുസ്വലാത്ത്, കമാലിയ്യസ്വലാത്ത്, സ്വലാത്തുല്‍ മുന്‍ജിയാത്ത്, സ്വലാത്തു ദവാമി ഇങ്ങനെ കുറെ നിര്‍മിത സ്വലാത്തുകളും ഇവര്‍ ചൊല്ലുന്നുണ്ട്. വമ്പിച്ച പോരിശകളും ഭൗതിക നേട്ടങ്ങളും പറഞ്ഞ് ജനങ്ങളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നുമുണ്ട്. ലക്ഷ്യം സാമ്പത്തിക നേട്ടമെന്ന് വ്യക്തം.

മറ്റൊരു കച്ചവടത്തെ കുറിച്ച് ലേഖകന്‍ പറയുന്നത് കാണുക: 'മഹാന്മാരുടെ വാക്കുകള്‍, സ്പര്‍ശനങ്ങള്‍, അവരുടെ ശേഷിപ്പുകള്‍ക്കെല്ലാം ബറകത്തുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. പൂര്‍വികര്‍ അതെല്ലാം വളരെ ആദരവോടെയാണ് കണ്ടിരുന്നത്. അവരുടെ ബറകത്തെടുക്കലിന്റെ പാരമ്പര്യത്തില്‍ കണ്ണിചേര്‍ന്നാണ് ഇന്നും വിശ്വാസിലോകം മഹാന്മാരുടെ തിരുസവിധങ്ങളില്‍ ചെല്ലുന്നത്. അവര്‍ മന്ത്രിച്ച വെള്ളം, തേന്‍, പേന തുടങ്ങിയവയിലെല്ലാം ബറകത്തുണ്ട്. വിശ്വാസിലോകം ഈ പാഠങ്ങള്‍ ചരിത്രങ്ങളില്‍ നിന്ന് കടംകൊണ്ടതാണ്'' (സുന്നി വോയ്‌സ്, പേജ്: 18).

പുണ്യമാക്കപ്പെട്ട കാര്യങ്ങളെപ്പറ്റി പ്രമാണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയെ ദുരുപയോഗപ്പെടുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മന്ത്രിച്ച വെള്ളം, തേന്‍, പേന തുടങ്ങിയവയില്‍ ബറകത്തുണ്ടെന്ന് ലേഖകന്‍ പറയുന്നു. ആരുടെത്? നബിയുടെയോ സ്വഹാബത്തിന്റെയോ പേനയും തേനുമല്ലെന്നുറപ്പ്! തന്നെ പോലുള്ള 'മഹാന്മാര്‍' മന്ത്രിച്ച വെള്ളവും തേനും തങ്ങള്‍ വിതരണം ചെയ്യുന്ന പേനയും വമ്പിച്ച ബറകത്തിന്റെ ഉറവിടങ്ങളാണെന്ന് പറയാതെ പറഞ്ഞ് കച്ചവടം നടത്തുകയാണ് ലേഖകന്‍ ഈ വാക്കുകളിലൂടെ. തബര്‍റുകിന്റെ മറപിടിച്ച് പുരോഹിതന്മാര്‍ ജനങ്ങളെ ചതിക്കുഴികളില്‍ കുടുക്കിയിടുകയാണെന്ന് അണികള്‍ തിരിച്ചറിയുന്നില്ല. കടുത്ത ബിദ്അത്തും ശിര്‍ക്കിലേക്കുള്ള വഴി വെട്ടിത്തുറക്കലുമാണിത്.

സ്വയം മഹാന്‍ ചമഞ്ഞ് ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുന്ന തന്ത്രത്തില്‍ പെട്ടതാണിത്. ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരവും തങ്ങളെ സമീപിച്ചാല്‍ ലഭ്യമാണ് എന്ന ധാരണ ഇവര്‍ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നു. അങ്ങനെ പ്രശ്‌ന പരിഹാരം തേടി ആളുകള്‍ ഇത്തരക്കാരെ സമീപിക്കുന്നു. അല്ലാഹുവിന്റെ കഴിവുകളെപ്പോലും വെല്ലും വിധമാണ് ചിലര്‍ക്കൊക്കെ ഇവര്‍ ചാര്‍ത്തിക്കൊടുത്ത കഴിവുകള്‍!

മന്ത്രം ഇസ്‌ലാമിലുണ്ട്; മന്ത്രവാദമില്ല. ഔഫ് ബ്‌നു മാലിക്(റ) പറഞ്ഞു: 'ഞങ്ങള്‍ ജാഹിലിയ്യത്തില്‍ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് താങ്കളുടെ അഭിപ്രായം? അവിടുന്ന് പറഞ്ഞു: 'നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചുതരിക. ശിര്‍ക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല.' (ബുഖാരി). ഇതിനെ ദുരുപയോഗം ചെയ്തവരും കാടുകയറി വ്യാഖ്യാനിച്ചവരും സമൂഹത്തിലുണ്ട്.

ആദ്യം മന്ത്രത്തിന്റെ പേരില്‍ 'മന്ത്രവാദം' പടച്ചുണ്ടാക്കി. ഇപ്പോഴിതാ പേനയും തേനുമൊക്കെയായി ഇറങ്ങിയിരിക്കുന്നു. പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ 'ആരോ' മന്ത്രിച്ച പേനകൊണ്ടെഴുതിയാല്‍ വിജയം കൊയ്യുമത്രെ! മന്ത്രിച്ചൂതുന്നവന് എന്തോ അസാധാരണ കഴിവുണ്ടെന്ന അബദ്ധ ധാരണയും പൊതുവിലുണ്ട്. അഥവാ പുരോഹിതന്മാര്‍ അങ്ങനെയാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. അല്ലാഹു യാതൊരു പരിധിയുമില്ലാതെ മഹാന്മാര്‍ക്ക് കഴിവുകള്‍ കൊടുക്കുമെന്നും ആ കഴിവില്‍നിന്ന് നമുക്ക് അവരോട് എന്തും ചോദിക്കാമെന്നുമാണ് ഇവര്‍ സാധാരണക്കാരെ പറഞ്ഞു പഠിപ്പിക്കുന്നത്.

അല്ലാഹു നല്‍കിയത് തടയാനും തടഞ്ഞത് നല്‍കാനും ആര്‍ക്കുമാവില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിധി വിശ്വാസവും പ്രാര്‍ഥനയും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കലും വിജയത്തിനായുള്ള ഒരുക്കവുമെല്ലാം ഇവര്‍ അവഗണിക്കുകയാണ്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. (ചിലര്‍ക്കത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 17:30).

സമൂഹം മുഴുവനായും അനുഭവിക്കുന്ന ദുരിതമായി അന്ധവിശ്വാസങ്ങള്‍ മാറിയീട്ടുണ്ട്. വിശ്വാസ ദൃഢതയും ശരിയായ അറിവും വിവേകപൂര്‍ണമായ പ്രതിരോധവും പരസ്പരമുള്ള സദുപദേശവുമാണ് ഇതിനെ നിര്‍വീര്യമാക്കാനുള്ള യഥാര്‍ഥ പോംവഴി.