സുന്നത്തുകളെ മരവിപ്പിച്ച് ബിദ്അത്തുകളെ ജീവിപ്പിക്കുന്നവര്‍

മൂസ സ്വലാഹി, കാര

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 8)

യഥാര്‍ഥ സത്യവിശ്വാസികള്‍ ജീവിതത്തില്‍ കഴിയുന്നത്ര നബിചര്യയെ സജീവമാക്കിയും അതിന് പ്രേരണ നല്‍കിയും ബിദ്അത്തുക്കളെ (നൂതനാചാരങ്ങള്‍) സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രയത്‌നിച്ചും ജീവിക്കുന്നവരാണ്. എന്നാല്‍ പുത്തനാചാരങ്ങള്‍ക്ക് വിത്ത് പാകി വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തി വലുതാക്കുന്ന ചിലരുണ്ട്. 2019 സെപ്തംബര്‍ മാസത്തെ 'സുന്നത്ത്' മാസികയിലെ 'അഹ്‌ലുസ്സുന്നഃ അടിത്തറയുള്ള വിശ്വാസധാര' എന്ന തലക്കെട്ടിലുള്ള ലേഖനം അതിനുള്ള ഏറ്റവും പുതിയ ഒരു ഉദാഹരണമാണ്. കഴിഞ്ഞ ലക്കം 'നേര്‍പഥ'ത്തില്‍ അതിലെ ഏതാനും കാര്യങ്ങള്‍ നാം വിശകലനം ചെയ്തു.

ലേഖകന്‍ എഴുതുന്നു: ''നബി ﷺ  നിസ്‌കാരത്തില്‍ സുന്നികള്‍ കൈകെട്ടിയിരുന്നത് പോലെയാണ് കൈകെട്ടിയിരുന്നതെന്നും ഹദീസിലുണ്ട്'' (പേജ് 31).

നബി ﷺ  എപ്രകാരമാണോ നമസ്‌കരിച്ചു കാണിച്ചത് അതു പ്രകാരം നമസ്‌കരിക്കണമെന്നത് ഹദീഥില്‍ സ്ഥിരപ്പെട്ടതാണ്. കൈകെട്ടുക എന്നത് നമസ്‌കാരത്തിലെ ചെറിയൊരു കാര്യമാണെങ്കിലും അതില്‍ തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള വാതില്‍ തുറന്നിട്ടിട്ടില്ല. അത് എങ്ങനെ, എവിടെ ആകണമെന്നത് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

വാഇല്‍ ഇബ്‌നു ഹുജ്ര്‍(റ) വില്‍ നിന്ന്: ''ഞാന്‍ നബി ﷺ യുടെ കൂടെ നമസ്‌കരിച്ചു. അദ്ദേഹം തന്റെ വലതുകൈ ഇടത് കൈയിന്മേലായി നെഞ്ചത്ത് വെച്ചു'' (ഇബ്‌നു ഖുസൈമ).

അബൂദാവൂദ്(റഹ്), തിര്‍മിദി(റഹ്), അഹ്മദ്(റഹ്) എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളിലും ഇതിലേക്കുള്ള സൂചനകളുണ്ട്. ഈ വിഷയത്തില്‍ വന്ന തെളിവുകളില്‍ പ്രബലവും സ്വീകാര്യയോഗ്യവുമായത്  ഇതായിരിക്കെ മുസ്‌ലിയാര്‍ വയറിന്മേല്‍ കൈ കെട്ടുന്നതിനെ സുന്നത്തും അത്തരക്കാരെ സുന്നികളുമാക്കിയത് എന്തടിസ്ഥാനത്തിലാണ്? സ്വഹാബികള്‍ ശീലിച്ച ഒരു സുന്നത്തിനെ തമസ്‌കരിക്കുന്നതെന്തിനാണ്? സുന്നത്തിനെ സ്‌നേഹിക്കുന്നവരെ പുത്തന്‍വാദികളാക്കി മുദ്രകുത്താന്‍ മതിയായ തെളിവല്ല ഇതെന്നും സ്വയം പുത്തന്‍വാദികളായി മാറുകയാണ് ഇതിലൂടെ എന്നും സാമാന്യബുദ്ധിയുള്ളവര്‍ തിരിച്ചറിയും.  

ലേഖകന്‍ തുടരുന്നു: ''സുന്നികള്‍ തറാവീഹിന് ഇരുപത് റക്അത് നിസ്‌കരിക്കുന്നു. സ്വഹാബികളും ഇങ്ങനെയാണ് നിസ്‌കരിച്ചിരുന്നതെന്ന് ഹദീസുകളിലുണ്ട്'' (പേജ്: 31).

തറാവീഹിന്റെ റക്അതുകളുടെ എണ്ണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിശാലമാണ്. എന്നാല്‍ നബി ﷺ യുടെ രാത്രിനമസ്‌കാരം എല്ലായ്‌പോഴും ഒരു രീതിയിലായിരുന്നു എന്നത് ഹദീഥുകളില്‍ നിന്ന് വ്യക്തവുമാണ്. അബൂസലമഃ(റ)വില്‍ നിന്ന്: ''ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: 'നബി ﷺ യുടെ റമദാനിലെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നു?' അപ്പോള്‍ ആഇശ(റ) പറഞ്ഞു: 'നബി ﷺ  റമദാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്അതില്‍ കൂടുതല്‍ വര്‍ധിപ്പിക്കാറില്ല'' (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥ് കേള്‍ക്കുമ്പോള്‍ മുസ്‌ലിയാക്കന്മാര്‍ പറയാറുള്ളത്  'അത് വിത്ര്‍ നമസ്‌കാരത്തെപ്പറ്റിയാണ്, തറാവീഹിനെപ്പറ്റിയല്ല' എന്നാണ്. ഇമാം ബുഖാരി(റ) തന്റെ ഗ്രന്ഥത്തില്‍ 'കിതാബു സ്വലാതുത്ത റാവീഹ്' എന്ന അധ്യായത്തിലാണ് 2013ാം നമ്പര്‍ ഹദീഥായി ഇത് ഉദ്ധരിക്കുന്നത് എന്ന വസ്തുത ഇവര്‍ മറച്ചുവെക്കുകയും ചെയ്യും.

ഇരുപത് റക്അതിനെ സുന്നത്താക്കാന്‍ മുസ്‌ലിയാര്‍ എഴുതിക്കൂട്ടിയ തെളിവുകള്‍ നോക്കാം:

''വാഇലുബ്‌നു യസീദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍(റ) മഹാനായ ഉബയ്യ്(റ)വിന്റെ നേതൃത്വത്തില്‍ തറാവീഹ് ഇരുപത് റക്അത് നിസ്‌കരിക്കാറുണ്ടായിരുന്നു.(സുനനുല്‍ കുബ്‌റാ). നബി ﷺ  റമളാനില്‍ ഇരുപത് റക്അതും പുറമെ വിത്‌റും നിസ്‌കരിക്കാറുണ്ടായിരുന്നുവെന്ന ഹദീസ് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നുള്ള നിവേദനത്തിലും നബി ﷺ യുടെ കാലത്ത് നിര്‍വഹിക്കപ്പെട്ടത് പോലെത്തന്നെ സിദ്ദീഖ്(റ)വിന്റെ കാലത്തും നിര്‍വഹിക്കാറുണ്ടായിരുന്നുവെന്ന ഹദീസ് അബൂഹുറയ്‌റ(റ)വിന്റെ നിവേദനത്തിലും കാണാം. ഉസ്മാന്‍(റ)വിന്റെ കാലത്തും ഇരുപത് റക്അത് തന്നെയാണ് തറാവീഹ് നിര്‍വഹിച്ചിരുന്നത്. അലി(റ) റമദാനില്‍ ദരിദ്രരെ ക്ഷണിച്ചുവരുത്തി സദ്യനടത്തുകയും ശേഷം അവരിലൊരാളെ ഇമാമാക്കി ഇരുപത് റക്അത് തറാവീഹും ശേഷം വിത്‌റും നിസ്‌കരിക്കുകയും ചെയ്തിരുന്നു(സുനന്‍ 2/418)(പേജ്, 31,32).''

എന്താണ് ഇപ്പറഞ്ഞിലെ വസ്തുത?  ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹ്) പറയുന്നു: ''നബി ﷺ  റമദാനില്‍ ഇരുപത് റക്അതും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്ന ഹദീഥ,് അതിന്റെ സനദ് ദുര്‍ബലമാണ്. മറ്റുള്ളവരെക്കാള്‍ നബി ﷺ യുടെ രാത്രി അവസ്ഥയെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആഇശ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിന് തീര്‍ച്ചയായും അത് എതിരായിട്ടുമുണ്ട്'' (ഫത്ഹുല്‍ ബാരി, വാള്യം 5, പേജ് 2644).

സമസ്തക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇമാം സുയൂത്വിയുടെ അഭിപ്രായം കൂടി വായിക്കാം: ''നിശ്ചയം, ഇരുപത് റക്അത് നബി ﷺ യുടെ പ്രവൃത്തിയില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഹിബ്ബാന്റെ സ്വഹീഹില്‍ നിന്ന് നാം ഉദ്ധരിച്ച ഒന്ന,് അതുതന്നെയാണ് ഇമാം ബുഖാരിയുടെ, ആഇശ(റ)യില്‍ നിന്ന് വന്ന 'നബി ﷺ  റമദാനിലും അല്ലാത്ത സമയത്തും പതിനൊന്നില്‍ കൂടുതല്‍ വര്‍ധിപ്പിക്കാറില്ല' എന്ന ഹദീഥ് കൊണ്ടും നാം ലക്ഷ്യമാക്കുന്നത്. അത് ഇതിനോട് യോജിക്കുന്നതാകുന്നു. എങ്ങനെയെന്നാല്‍ അവിടുന്ന് എട്ടും പിന്നെ വിത്‌റും അങ്ങനെ പതിനൊന്ന് റക്അതാണ് തറാവീഹ് നമസ്‌ക്കരിച്ചത്''(അല്‍ഹാവി ലില്‍ ഫതാവ, വാള്യം 2, പേജ് 75).

വസ്തുത ഇതില്‍നിന്നും വ്യക്തമാണ്. എന്നിട്ടും അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പിന്നാലെ ഓടുവാനാണ് ചിലര്‍ക്ക് താല്‍പര്യം.  

ലേഖകന്‍ എഴുതുന്നു: ''പൈശാചിക ശല്യങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി സുന്നികള്‍ നടത്തുന്ന മന്ത്രവും അവര്‍ ഉപയോഗിക്കുന്ന ഏലസ്സും പിഞ്ഞാണമെഴുത്തും മുന്‍ഗാമികളുടെ മാതൃക തന്നെയാണ്'' (പേജ് 32).

ക്വുര്‍ആന്‍കൊണ്ടും സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍കൊണ്ടും മന്ത്രിച്ച് പ്രാര്‍ഥിക്കുക എന്നത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതും നബി ﷺ  ചെയ്ത് കാണിച്ചതുമാണ്. ഇതില്‍ അഹ്‌ലുസ്സുന്നക്ക് തര്‍ക്കമോ, സംശയമോ ഇല്ല. എന്നാല്‍ ഇതിന് മന്ത്രവാദമെന്ന് പേരിട്ട്, ചില പ്രത്യേക വേഷത്തില്‍ ഒഴിഞ്ഞിരുന്ന്, കനത്ത വരുമാനമാര്‍ഗമാക്കി കച്ചവടവത്കരിച്ച്, തനിച്ച ശിര്‍ക്കും ബിദ്അത്തും അതുവഴി പ്രചരിപ്പിക്കുന്ന രീതി ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടുമില്ല.

ഉത്ബതുബ്‌നു ആമിര്‍(റ)വില്‍ നിന്ന്; ''നബി ﷺ  പറഞ്ഞു: 'നിശ്ചയം, വല്ലവനും ഏലസ്സ് കെട്ടിയാല്‍ അവന്‍ ശിര്‍ക്ക് ചെയ്തു'' (അഹ്മദ്).

ഔഫ്ബ്‌നു മാലിക്(റ) പറഞ്ഞു: ''ഞങ്ങള്‍ ജാഹിലിയ്യത്തില്‍ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്താണ് താങ്കളുടെ അഭിപ്രായം?' അവിടുന്ന് പറഞ്ഞു: 'നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചുതരിക. ശിര്‍ക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല'' (ബുഖാരി).

മുസ്‌ലിയാര്‍ തന്റെ വാദത്തിന് എടുത്ത തെളിവുകള്‍ പരിശോധിക്കാം:

''ആയിശ(റ)യില്‍ നിന്ന് നിവേദനം: 'നബി ﷺ  മന്ത്രിക്കാറുണ്ടായിരുന്നു'(സ്വഹീഹുല്‍ ബുഖാരി). മഹതി തന്നെ പറയട്ടെ: 'നബി ﷺ  ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ മുഅവ്വിദതൈനി ഓതി രോഗിയെ ഊതാറുണ്ടായിരുന്നു. അവിടുന്ന് രോഗബാധിതനായപ്പോള്‍ സ്വയം ഇവ കൈയില്‍ ഊതുകയും ശരീരത്തില്‍ തടവുകയും ചെയ്തിരുന്നു'(സ്വഹീഹ് മുസ്‌ലിം)(പേജ്, 32).''

ഇസ്‌ലാം അനുവദിച്ചതും വിശ്വാസികള്‍ അംഗീകരിക്കുന്നതുമായ മന്ത്രമാണിത്. അല്ലാഹുവില്‍ നിന്ന് രോഗശമനം ആഗ്രഹിച്ച് ക്വുര്‍ആനിലെ അവസാനത്തെ മൂന്ന് സൂറത്തുകള്‍(മുഅവ്വിദാത്ത്) ഓതി രോഗികള്‍ക്ക് മന്ത്രിച്ചു കൊടുക്കാമെന്ന് പഠിപ്പിക്കുന്ന പ്രബലമായ തെളിവുകളാണിത്. ഈ ഹദീഥുകള്‍ ഉദ്ധരിച്ച ഇമാം ബുഖാരി(റഹ്), ഇമാം മുസ്‌ലിം(റഹ്) എന്നിവര്‍ ശിര്‍ക്കില്ലാത്ത മന്ത്രമാകാം എന്നതിന് തെളിവെടുത്തതും ഇതില്‍ നിന്നു തന്നെയാണ്. മുസ്‌ലിയാരുടെ ശിര്‍ക്കന്‍ വിശ്വാസത്തിന് സഹായമാകുന്ന ഒരു വാക്കുപോലും ഇതിലില്ല.

ലേഖകന്‍ തുടരുന്നു: ''അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടി കൊടുത്തിരിന്നു (റാസി 1/82)(പേജ് 32).''

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെതായി മുസ്‌ലിയാര്‍ ഉദ്ധരിച്ച സംഭവം സ്വഹീഹല്ലെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കാരണം ഇതിന്റെ പരമ്പരയിലെ മുഹമ്മദ്ബ്‌നു ഇസ്ഹാക്വ് എന്നയാള്‍ മുദല്ലസ്സായ(ന്യൂനത മറച്ചുവെക്കുന്ന) റിപ്പോര്‍ട്ടറാണ്.

ലേഖകന്റെ അടുത്ത വ്യാജവാദം കാണുക: ''പരപുരുഷന്മാരോടൊന്നിച്ച് സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ സംബന്ധിക്കുന്നത് നിഷിദ്ധമാണെന്ന സുന്നീ വിശ്വാസം സ്വഹാബികളുടെ ആദര്‍ശം തന്നെയാണ്'' (പേജ് 32).

മതനിയമങ്ങള്‍ പാലിച്ച് ജുമുഅ ജമാഅത്തുകളില്‍ സ്ത്രീകള്‍ക്ക്  പങ്കെടുക്കാം എന്നത് ഇസ്‌ലാം അനുവദിച്ചതും അവര്‍ക്കുള്ള അവകാശവുമാണ്.

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന്: ''നബി ﷺ  പറഞ്ഞു: 'അല്ലാഹുവിന്റെ അടിമകളായ സ്ത്രീകള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെ ഭവനം തടയരുത്''(ബുഖാരി, മുസ്‌ലിം).

ആഇശ(റ)യില്‍ നിന്ന്: ''സത്യവിശ്വാസിനികളായ സ്ത്രീകള്‍ അവരുടെ പുതപ്പ് മൂടിപ്പുതച്ചു കൊണ്ട് നബി ﷺ യുടെ കൂടെ സ്വുബ്ഹി നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞ് അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടുകാരണം അവരെ തിരിച്ചറിയാറുണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

ശാഫിഈ മദ്ഹബിന്റെ നിലപാടും ഈ വിഷയത്തില്‍ വ്യക്തമാണ്. ഇമാം ശാഫിഈ(റഹ്) തന്റെ മുസ്‌നദില്‍ ഇതു സംബന്ധിച്ച് ധാരാളം ഹദീഥുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇമാം നവവി(റഹ്) പറയുന്നു: ''ഇബ്‌നുല്‍ മുന്‍ദിറും മറ്റുള്ളവരും ഇജ്മാആയി  ഉദ്ധരിച്ചിരിക്കുന്നു: 'ഒരു സ്ത്രീ പള്ളിയില്‍ ഹാജറായി ജുമുഅ നമസ്‌കരിക്കുന്ന പക്ഷം അത് അനുവദനീയമാണ്. പുരുഷന്മാരുടെ പിന്നില്‍ നബി ﷺ യുടെ പള്ളിയില്‍ നബി ﷺ യുടെ പിന്നില്‍ സ്ത്രീകള്‍ നമസ്‌കരിച്ചു എന്നത് തീര്‍ച്ചയായും നിരന്തരമായി വന്നിട്ടുള്ള നിരവധി സ്വഹീഹായ ഹദീഥുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു'' (ശറഹുല്‍ മുഹദ്ദബ്: 4/484).

കാര്യം ഇതായിരിക്കെ മുസ്‌ലിയാര്‍ എന്തിനാണിങ്ങനെ വ്യാജം എഴുതിവിടുന്നത്? നിഷിദ്ധമല്ലാത്ത ഒന്നിനെ നിഷിദ്ധമാക്കുന്നതെന്തിന്? പുരുഷന്മാരോടൊന്നിച്ചാണോ ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ പള്ളികളില്‍ നമസ്‌കരിക്കുന്നത്? സ്വഹാബത്തിനില്ലാത്ത വിശ്വാസം അവരുടെ മേല്‍ കെട്ടിവെക്കുന്ന് കടുത്ത അപരാധമല്ലേ? പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട മതവിധിയെ മൂടിവെക്കുന്നത് എന്തിനാണ്?

ലേഖകന്‍ സ്ത്രീകളെ പള്ളികളില്‍നിന്ന് തടയാനായി അവതരിപ്പിക്കുന്ന തെളിവുകള്‍ നോക്കാം:

''അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ജുമുഅ ദിവസം പള്ളിയില്‍ നിന്ന് സ്ത്രീകളെ എറിഞ്ഞ് ഓടിക്കാറുണ്ടായിരുന്നു' (മുസ്വന്നഫ് ഇബ്‌നി അബീശൈബ). ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ജുമുഅ ദിവസം പള്ളിയില്‍ വെച്ച് നിസ്‌കാരം നിര്‍വഹിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'വീടിന്റെ അകത്തളത്തിലുള്ള നിസ്‌കാരമാണ് മറ്റു എത് സ്ഥലത്തുള്ള നിസ്‌കാരത്തെക്കാളും നിങ്ങള്‍ക്ക് ശ്രേഷ്ഠമായത്' (മുസ്വന്നഫ് ഇബ്‌നി അബീശൈബ). ഉമ്മു ഹുമൈദിനി സ്വാഇദി(റ) നബി ﷺ യോട് പള്ളിയില്‍ വെച്ചുള്ള നിസ്‌കാരത്തിന് അനുമതി ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞതും വീടിന്റെ ഉള്ളറയില്‍ വെച്ച് നിസ്‌കരിക്കാനാണ്.(മുസ്‌നദ് അഹ്മദ്)(പേജ്,32).''

ഈ ഹദീഥുകളുടെ സത്യാവസ്ഥ മുസ്‌ലിയാര്‍ മറച്ച് വെക്കുകയാണ് ചെയ്യുന്നത്.സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി സൗന്ദര്യം പ്രകടമാകുന്ന രീതിയില്‍ വന്ന സന്ദര്‍ഭത്തില്‍ ഇബ്‌നു മസ്ഊദ് (റ) എടുത്ത നിലപാടിനെയാണ് പള്ളിയില്‍ പോകാനേ പാടില്ല എന്നതിന് തെളിവാക്കുന്നത്. അങ്ങനെ പള്ളിയില്‍ പോകുന്ന സ്ത്രീകളോട് ഇന്നും ആ നിലപാട് തന്നെയാണെടുക്കേണ്ടതെന്നതില്‍ സംശയമില്ല. നബി ﷺ  യും ഇബ്‌നുഅബ്ബാസ്(റ)വും ചോദ്യകര്‍ത്താക്കളുടെ അവസ്ഥക്കനുസരിച്ച് പറഞ്ഞ മേല്‍ മറുപടികളില്‍ എവിടെയാണ്  അനുവദനീയം എന്ന വിധിയെ തടഞ്ഞ് നിഷിദ്ധമാക്കിയതായുള്ളത്?

കെ.കെ സദഖത്തുല്ല മൗലവി ഈ വിഷയകമായി കൊടുത്ത മറുപടി കൂടി വായിച്ചാല്‍ കാര്യം എളുപ്പത്തില്‍ വ്യക്തമാണ്.

''ചോ: സ്ത്രീകള്‍ പള്ളിയില്‍ ജമാഅത്തിന് പോയിരുന്നത് ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിന്റെ മുമ്പ് മാത്രമോ അതല്ല പിന്നെയും പോയിരുന്നോ? ആഇശ(റ)യുടെയും ഇബ്‌നു ഉമര്‍(റ)വിന്റെയും വാക്കില്‍ നിന്ന് റസൂലിന്റെ അവസാനം വരെ പോയിരുന്നുവെന്നു വരുമോ?''

ഉത്തരം: ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷവും സ്ത്രീകള്‍ പള്ളിയില്‍ ജമാഅത്തിന് പോകാറുണ്ടായിരുന്നു. ഉമര്‍(റ)വിന്റെ ഭാര്യ സ്വുബ്ഹ് നമസ്‌കാരത്തിനും ഇശാ നമസ്‌കാരത്തിനും പള്ളിയില്‍ ജമാഅത്തിന് ഹാജരായിരുന്നു. ഉമര്‍(റ)വിന് ഇത് വിമ്മിട്ടമാണെന്നറിഞ്ഞിരിക്കെ നിങ്ങളെന്തുകൊണ്ട് പള്ളിയില്‍ പോയി നമസ്‌കരിക്കുന്നുവെന്ന് അവരോട് ചോദിക്കപ്പെട്ടു. എന്നെ തടയുന്നതിന് അദ്ദേഹത്തിന്(ഉമറിന്) എന്താണ് തടസ്സമെന്നാണവര്‍ അതിന് മറുപടി പറഞ്ഞത്. അല്ലാഹുവിന്റെ ദാസിമാരെ പള്ളിയില്‍ നിങ്ങള്‍ തടയരുത് എന്ന് റസൂല്‍ ﷺ  പറഞ്ഞതാണ് തടയുന്നതിന് ഉമര്‍(റ)വിനെ നിരോധിച്ചതെന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞിട്ടുണ്ട്.(സ്വഹീഹുല്‍ ബുഖാരി). ഉമര്‍(റ) വിന് കുത്ത് തട്ടിയപ്പോള്‍ പ്രസ്തുത സ്ത്രീ പള്ളിയിലുണ്ടായിരുന്നുവെന്ന് ഫത്ഹുല്‍ബാരി പ്രസ്താവിച്ചിട്ടുണ്ട്(2/306).''

'റസൂലി ﷺ ന്റെ ശേഷം സ്ത്രീകള്‍ ഉണ്ടാക്കിയ പേക്കൂത്തുകള്‍ റസൂല്‍ ﷺ  കണ്ടിരുന്നെങ്കില്‍ ഇസ്രായീലി സന്തതികളില്‍ പെട്ട സ്ത്രീകളെ പള്ളിയെ തൊട്ട് തടയപ്പെട്ടതുപോലെ റസൂല്‍ ﷺ  തടയുമായിരുന്നു എന്ന് ആയിശ(റ)യില്‍ നിന്ന് ബുഖാരി രിവായത്ത് ചെയ്ത ഹദീസില്‍ നിന്ന് ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷം സ്ത്രീകള്‍ പള്ളിയില്‍ ജമാഅത്തിന് വരാറുണ്ടായിരുന്നുവെന്ന് വ്യക്തമാകും. എന്തുകൊണ്ടെന്നാല്‍ ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനുമുമ്പ് സ്ത്രീകള്‍ വന്നിരുന്നുവെന്ന് അവിതര്‍ക്കിതമാണ്. ഹിജാബിന്റെ ആയത്തിന്റെ ശേഷം റസൂല്‍ ﷺ  വഫാത്താകുന്നത് വരെ തടഞ്ഞിട്ടുമില്ല. റസൂലി ﷺ ന്റെ ശേഷം സ്ത്രീകള്‍ ഉണ്ടാക്കുന്ന പേക്കൂത്തുകള്‍ അല്ലാഹു അറിഞ്ഞിട്ടും സ്ത്രീകളെ വിലക്കണമെന്ന് അല്ലാഹു അവന്റെ റസൂലിന് വഹ്‌യ് അറിയിച്ചിട്ടുമില്ല' (ഫത്ഹുല്‍ ബാരി, 2/279)(സമ്പൂര്‍ണ്ണ ഫതാവ, പേജ്,142).''

വിശദീകരണം ആവശ്യമില്ലാത്തവിധം കാര്യം വ്യക്തമായല്ലോ.

യാത്രക്കാരികളായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ പ്രത്യേക സ്ഥലമൊരുക്കിയതിന്റെയും പ്രഭാഷണ സദസ്സുകളിലേക്ക് പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങി വരുന്നതിന്റെയും അനിസ്‌ലാമിക ആഘോഷങ്ങളായ ഉറൂസ്, ആണ്ട് നേര്‍ച്ച, മീലാദ്, ഖുതുബിയ്യത്ത് എന്നിവക്ക് സ്ത്രീകള്‍ ഹാജറാകുന്നതിന്റെയുമെല്ലാം വകുപ്പ് എന്താണാവോ? അവിടെ ഫിത്‌ന പേടിക്കേണ്ടതില്ലേ? പള്ളിയില്‍ വരുന്നത് മാത്രമാണോ അപകടകരം? ആലോചിക്കുക.

ലേഖകന്‍ പറയുന്നു: ''ചുരുക്കത്തില്‍ സുന്നികള്‍ അനുവര്‍ത്തിച്ചുവരുന്ന വിശ്വാസങ്ങളെല്ലാം തൗഹീദിന്റെ പരിധിയില്‍ നിലകൊള്ളുന്നതും തിരുനബി ﷺ യും സ്വഹാബത്തും പ്രവര്‍ത്തിച്ചുകാണിച്ചു തന്നവയുമാണ്. പ്രാമാണികമായി സ്ഥിരപ്പെട്ട ഇത്തരം വിഷയങ്ങളില്‍ ആധികാരിക പഠനം നടത്തുന്നവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമാകും (പേജ് 32).

ഇത് വായിക്കുന്നവര്‍ക്ക് ഉള്ളില്‍ ചിരിയും സഹതാപവുമൊക്കെ ഉയര്‍ന്നേക്കാം. ശിര്‍ക്കന്‍ വിശ്വാസങ്ങളെ തൗഹീദായും ബിദ്അത്തുകളെ സുന്നത്തായും കണക്കാക്കുന്നവര്‍ എങ്ങനെ അഹ്‌ലുസ്സുന്നയുടെ വക്താക്കളാകും?