ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

മൂസ സ്വലാഹി, കാര

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

(ഭാഗം: 2)

ഇത്തരം വിശ്വാസങ്ങള്‍ നബി ﷺ  പഠിപ്പിച്ചിട്ടുണ്ട് എന്നതിനോ സ്വഹാബികളോ ശേഷമുള്ള ഉത്തമ തലമുറകൡ പെട്ടവരോ വെച്ചുപുലര്‍ത്തിയിരുന്നു എന്നതിനോ തെളിവ് കൊണ്ടുവരാന്‍ ഈ നൂതനവാദികള്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അപ്പം ചുട്ടെടുക്കുന്ന പോലെ പുത്തന്‍ വിശ്വാസാചാരങ്ങള്‍ ഉണ്ടാക്കി, അവയെ ഇസ്‌ലാമിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഇരുകൂട്ടര്‍ക്കും തങ്ങള്‍ അഹ്‌ലുസ്സുന്നയില്‍ പെട്ടവരാണ് എന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്?

ലേഖകന്‍ തുടരുന്നു: ''അഹ്‌ലുസ്സുന്നയുടെ കണിശക്കാരായ പണ്ഡിത നേതൃത്വത്തെക്കുറിച്ച് അപരാധങ്ങള്‍ പ്രചരിപ്പിക്കുന്നതും കുപ്രചരണങ്ങള്‍ നടത്തുന്നതും ബിദ്അത്തുകാരുടെ പാരമ്പര്യം തന്നെയാണ്. എക്കാലത്തെയും അഹ്‌ലുസ്സുന്നയുടെയും മറു കക്ഷികളുടെയും ചരിത്രങ്ങള്‍ ഇതിന് സാക്ഷിയാണ്. ബറേല്‍വികള്‍ ഖബ്‌റിനെ പൂജിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, ഖബ്‌റിന് സുജൂദ് ചെയ്യുന്നവരാണ്, ശിആ ആചാരങ്ങള്‍ ഇസ്‌ലാമില്‍ കടത്തിക്കൂട്ടിയവരാണ്, ഖാദിയാനി അധ്യാപകരില്‍ നിന്ന് വിദ്യ അഭ്യസിച്ചവരാണ് തുടങ്ങി തബ്‌ലീഗുകാരും ദയൂബന്തികളും വഹാബികളും മൗദൂദികളും മറ്റും പ്രചരിപ്പിക്കാറുള്ള കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ മാത്രമാണ്'' (പേജ്: 41).

മതത്തിന്റെ പേരില്‍ പോലും കളവ് പറയാന്‍ മടിയില്ലാത്തവര്‍ക്ക് ആരുടെമേലും കളവ് പറയാന്‍ ധൈര്യം വരുമല്ലോ. സുന്നത്തിനോട് പ്രതിബദ്ധത പുലര്‍ത്താതിരിക്കലും അതിനെ മുറുകെ പിടിക്കുന്നവരെ പുത്തന്‍ വാദികളെന്ന് മുദ്ര കുത്തലും ഇവരുടെ ശീലമാണ്. അദ്ദേഹം എടുത്തുപറഞ്ഞ കാര്യങ്ങളൊക്കെ ദുരാരോപണമാണ് പോലും!

സമസ്തക്കാര്‍ പരസ്പരവും ഇതര വിഭാഗത്തില്‍ പെട്ട പണ്ഡിതന്മാരെയും കാഫിറുകളെന്നും മതപരിത്യാഗിക(മുര്‍തദ്ദ്)കളെന്നും വിശേഷിപ്പിക്കാന്‍ വരെ തയ്യാറായവരാണ്. തങ്ങളുടെ പിഴച്ചവാദങ്ങളെ എതിര്‍ക്കുന്നവരെ എങ്ങനെയെങ്കിലും ജനമധ്യത്തില്‍ അവഹേളിക്കാന്‍ മടിയില്ലാത്തവര്‍.

അവര്‍ എഴുതിയത് കാണുക: 'ഖുര്‍ആന്‍ പരിഭാഷ തികച്ചും അബദ്ധജഡിലവും തോന്നിവാസവുമാണെന്നും അതെഴുതിയുണ്ടാക്കിയ വകയില്‍ കൂറ്റനാട് മുസ്‌ലിയാര്‍ മുര്‍ത്തദ്ദും കാഫിറുമായിട്ടുണ്ടെന്നും അന്ന് സമസ്ത സെക്രട്ടറി ഫത്‌വ പുറപ്പെടുവിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല'' (സിറാജ്, 1988 നവംബര്‍ 21 ചൊവ്വ).

''വഹാബികളും മൗദൂദികളും ഖാദിയാന്മാരും അറുത്ത സാധനങ്ങളൊന്നും നാം തിന്നാന്‍ പാടില്ലാത്തതാണ്. അതു പോലെ സലാം ചൊല്ലുവാനോ മടക്കുവാനോ പാടില്ല. വഹാബികളും മൗദൂദികളും അസ്ലിയ്യായ കാഫിറുകളെക്കാള്‍ കടുത്ത കാഫിറുകളല്ലേയെന്ന് മുസ്‌ലിമീങ്ങള്‍ ചിന്തിച്ച് നോക്കുക'' (സുന്നിവേദി, 1994 മാര്‍ച്ച്).

ആരെയും സ്വതന്ത്രമായി കാഫിറാക്കാനുള്ള അനുമതി ഇവര്‍ക്ക് കൊടുത്തത് ബറേല്‍വിസത്തിന്റെ സ്ഥാപകനും സമസ്തയുടെ ആദര്‍ശാചാര്യനുമായ അഹ്മദ് റസാ ഖാന്‍ ബറേല്‍വിയാണെന്നത് കൂടി വായനക്കാര്‍ അറിയണം.

ഇല്ലാത്ത വിഷയങ്ങള്‍ പറഞ്ഞ് സലഫികളടക്കമുള്ളവര്‍ ബറേല്‍വികളെ ആക്ഷേപിക്കുന്നു എന്നതാണ് മുസ്‌ലിയാരുടെ വലിയ പരാതി. മേല്‍പറഞ്ഞതില്‍ സമസ്തയുടെ നിലപാട് എന്ത് എന്ന് നോക്കാം: 'അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബ്‌റിന്റെ മീതെ ജാറം കെട്ടിപ്പൊക്കുന്നതും വിളക്ക് വെക്കുന്നതും മുബാഹുമാണ്. സാധാരണക്കാരുടേതാണെങ്കില്‍ സ്വന്തം സ്ഥലത്തായാല്‍ മുബാഹും പൊതുസ്ഥലത്ത് മറ്റ് ഖബ്‌റുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന രൂപത്തിലായാല്‍ ഹറാമും അല്ലെങ്കില്‍ മുബാഹുമാണ് എന്ന് സുന്നികള്‍'' (കുണ്ട്‌തോട് വാദപ്രതിവാദം, 1974).

സമസ്തയുടെ വിശ്വാസം ഇതാണെങ്കില്‍ അവരുടെ ആദര്‍ശ മാതൃകയായ ബറേല്‍വികളുടെ വിശ്വാസം എത്രത്തോളം തൗഹീദില്‍നിന്ന് അകലെയായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

അവര്‍ തന്നെ പറയട്ടെ: ''ഖബറുകള്‍ കെട്ടി ഉയര്‍ത്തുക, അതില്‍ വിളക്കുകളും മെഴുക് തിരികളും കത്തിക്കുക, അതിലേക്ക് നേര്‍ച്ചകള്‍ നേരുക, പുണ്യം ആഗ്രഹിച്ച് ആഘോഷങ്ങള്‍ നടത്തുക, പുഷ്പങ്ങള്‍ വിതറുക, ഖബറിന് ചുറ്റും ത്വവാഫ് ചെയ്യാന്‍ അനുചരന്മാരെ ക്ഷണിക്കുക...''(അല്‍കശ്ഫു അന്‍ ഹക്വീക്വതിസ്സൂഫിയ്യ).  

ശീഈ- ബറേല്‍വി വിശ്വാസം ഒന്ന് തന്നെയായതിനാല്‍ പ്രത്യേകിച്ചൊന്നും അവര്‍ക്ക് കടത്തിക്കൂട്ടേണ്ടി വരില്ല. സമസ്തക്ക് ശിയാക്കളുമായുള്ള കടുത്ത ബന്ധത്തെ കൂടി ഇതോടൊപ്പം ഓര്‍ക്കണം.  ആദര്‍ശ ശുദ്ധിയും പ്രാമാണിക നിലപാടും കാത്തുസൂക്ഷിച്ചവര്‍ക്ക് നേരെ വാളോങ്ങുന്ന നിലപാടാണ് നാളിതുവരെ സമസ്ത സ്വീകരിച്ചിട്ടുള്ളത്.

ലേഖകന്‍ എഴുതുന്നു: ''ആദര്‍ശം പിഴച്ചതിന്റെ പേരില്‍ ഇവര്‍ക്ക് സമുദായത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കുറുക്കുവഴി മാത്രമാണിത്. മക്കാ മുശ്‌രിക്കുകള്‍ വിശുദ്ധ ഇസ്‌ലാമിന്റെ സുന്ദര ആദര്‍ശത്തിന് മുമ്പില്‍ പരാജയപ്പെട്ടപ്പോള്‍ തിരുനബി ﷺ യെക്കുറിച്ച് കവി, മാരണക്കാരന്‍, ഭ്രാന്തന്‍ തുടങ്ങി പല ആരോപണങ്ങളും ഉന്നയിച്ചിരുന്നല്ലോ. അഹ്‌ലുസ്സുന്നയുടെ നേതൃത്വത്തെ ആരോപണങ്ങള്‍ കൊണ്ട് തേജോവധം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മക്കാ മുശ്‌രിക്കുകളുടെ ഈ തന്ത്രം തന്നെയാണ് അവലംബിക്കുന്നത്'' (പേജ് 41).

 തൗഹീദാണ് ഇസ്‌ലാമിക ആദര്‍ശത്തിന്റെ കഴമ്പും മര്‍മവും.  മുന്‍ഗാമികളെ പിന്‍പറ്റി നേരാംവിധം സലഫികള്‍ അതിനെ നിലനിര്‍ത്തിപ്പോരുന്നു. ദീനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതിനാല്‍ തന്നെ സമൂഹത്തില്‍ അതിന് സ്ഥാനമുണ്ടാകാന്‍ കുതന്ത്രങ്ങള്‍ മെനയേണ്ടതുമില്ല. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്'' (47:7).

മുആവിയ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ''എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പനകളുമായി നിലകൊള്ളുക തന്നെ ചെയ്യും. അവരെ നിന്ദിക്കുന്നവര്‍ക്കോ അവരോട് എതിര്‍ക്കുന്നവര്‍ക്കോ അന്ത്യനാള്‍ വരെ അവരെ ഉപദ്രവിക്കാന്‍ ആവുകയില്ല'' (ബുഖാരി, മുസ്‌ലിം).

യഥാര്‍ഥത്തില്‍ ആരാണ് ആദര്‍ശ, സ്വഭാവ രംഗങ്ങളില്‍ മക്കാമുശ്‌രിക്കുകളോട് ഒത്തുചേര്‍ന്ന് നില്‍ക്കുന്നവര്‍? ആരാധനയില്‍ മധ്യവര്‍ത്തികളെ സ്വീകരിച്ചവര്‍, മധ്യവര്‍ത്തികള്‍ ശുപാര്‍ശകരാണെന്ന് പറഞ്ഞവര്‍ മക്കാമുശ്‌രിക്കുകളായിരുന്നു. അതേ വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ ഇന്ന് കേരളത്തില്‍ ആരാണ്? സലഫികളാണോ? നബി ﷺ  നടത്തിയ പ്രബോധനം തനിമയോടെ നിര്‍വഹിക്കുന്നവരെ നോക്കി കാഫിറുകള്‍, പുത്തന്‍വാദികള്‍, തീവ്രവാദികള്‍, പിഴച്ചവര്‍... എന്നിങ്ങനെ വിളിച്ചുപറയുന്നവര്‍ ഒന്ന് ആത്മപരിശോധന നടത്തുക.  

മതത്തില്‍ നൂതനവിശ്വാസങ്ങളും ആചാരങ്ങളും കടത്തിക്കൂട്ടുന്നതിനെതിരെ ശബ്ദിക്കല്‍ എക്കാലത്തും സലഫികളുടെ രീതിയാണ്. ബറേല്‍വികള്‍ സമ്മാനിച്ച മുഫ്തി പട്ടത്തിന്റെ മാറ്റില്‍ ആത്മീയ ചൂഷണം പൊടിപൊടിക്കാമെന്ന ചിലരുടെ പൂതി തുറന്നുകാട്ടുന്നതിലും കേരളത്തിലെ മുജാഹിദുകള്‍ മുന്‍പന്തിയിലുണ്ട്.

ശീഈ, സ്വൂഫി, ബറേല്‍വി ചങ്ങാത്തത്തിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസങ്ങളും ആചാരങ്ങളുമാണ് സമസ്ത വെച്ചുപുലര്‍ത്തുന്നത്.അഹ്‌ലുസ്സുന്ന എന്നത് പേരിലേയുള്ളൂ, ആദര്‍ശത്തിലില്ല. അണികള്‍ ഈ വസ്തുത അറിയാതിരിക്കാനാണ് മറ്റുള്ളവരെ പുത്തന്‍ വാദികള്‍ എന്ന് മുദ്രകുത്തി അവരുടെ മേലെ ചാടിവീഴുന്നത്. സത്യത്തിന്റെ ഒഴൂക്കിനെ തടുക്കാന്‍ ഇത്തരം ദുര്‍ബലമായ തടയണകള്‍ക്ക് കഴിയില്ല എന്നേ പറയാനുള്ളൂ.

(അവസാനിച്ചില്ല).