വെള്ളിയാഴ്ചയിലെ പ്രത്യേക സ്വലാത്ത്

മൂസ സ്വലാഹി, കാര

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 4)

വെള്ളിയാഴ്ചയുടെ പ്രത്യേകതകളായി പ്രമാണങ്ങള്‍ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. നബിﷺ  യുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക എന്നത് അതില്‍ പെട്ടതാണ്.

അനസ്(റ)വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ''വെള്ളിയാഴ്ചയുടെ രാവിലും വെള്ളിയാഴ്ച ദിവസവും എന്റെ മേല്‍ നിങ്ങള്‍ സ്വലാത്ത് അധികരിപ്പിക്കുക. ആരാണോ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയത് അല്ലാഹു അവന് പത്ത് സ്വലാത്തിനെ കണക്കാക്കും'' (ബൈഹക്വി).

ഔസ്ബ്‌നു ഔസ്(റ)വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ''ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ചയാണ്. അതിനാല്‍ അന്നേദിവസം എന്റെമേല്‍ നിങ്ങള്‍ സ്വലാത്ത് അധികരിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്''(അബൂദാവൂദ്).

എന്നാല്‍ ഈ ദിവസം സ്വലാത്തിനായി പ്രത്യേക സമയമോ എണ്ണമോ സ്ഥലമോ നിശ്ചയിക്കേണ്ടതില്ല. എന്നും പുത്തനാചാരങ്ങളോട് അങ്ങേയറ്റത്തെ സ്‌നേഹം വച്ചുപുലര്‍ത്തുന്ന ശിയാഇസത്തിന്റെ പ്രചാരകരായ സമസ്തക്കാര്‍ ഇല്ലാത്ത പോരിശകളും വേണ്ടാത്ത രൂപങ്ങളും കാലങ്ങളായി സ്വലാത്തിന്  നല്‍കിപ്പോരുന്നു.

2019 സെപ്തംബര്‍ ആദ്യലക്കം 'സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''വെള്ളിയാഴ്ച ദിവസത്തില്‍ എന്റെ മേല്‍ 80 സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ 80 വര്‍ഷത്തെ ദോഷങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് പ്രവാചകര്‍ﷺ  അരുളിയിട്ടുണ്ട്'' (പേജ് 34).

സ്വഹീഹായ ഒരു ഹദീസിലും ഇപ്രകാരമില്ല. നബിﷺ  പറയാത്തത് അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞ് പരത്തുന്നത് കടുത്ത അപരാധമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബിﷺ  പറഞ്ഞു: ''ആരെങ്കിലും എന്റെ മേല്‍ മനഃപൂര്‍വം കളവ് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ അവന്റെ സീറ്റ് ഉറപ്പിക്കട്ടെ''(മുസ്‌ലിം).

നബിﷺ യുടെ പേരിലേക്ക് ചേര്‍ത്തിപ്പറയുന്നത് ഇല്ലാത്തതാണെന്ന് ബോധ്യമായിട്ടും അത് ഏറ്റുപിടിച്ചാല്‍ അത്തരക്കാര്‍ കളവ് പറയുന്നവരില്‍ ഉള്‍പ്പെടുമെന്നും അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്. അലി(റ) വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ''കളവാണെന്നറിഞ്ഞിട്ടും ഒരാള്‍ എന്നില്‍ നിന്നുള്ളതായി വല്ലതും പറഞ്ഞാല്‍ അവന്‍ കളവ് പറഞ്ഞവരില്‍ ഒരാളായി''(ഇബ്‌നുമാജ).

മുസ്‌ലിയാര്‍ ഉദ്ധരിച്ച ഹദീസിന്റെ പരമ്പരയിലെ അലി ഇബ്‌നു സൈദ് ഇബ്‌നു ജദ്ഹാന്‍ അല്‍ ബസ്വരി, ഹജ്ജാജ് ബ്‌നു സിനാന്‍, ഔന്‍ ഇബ്‌നു ഉമാറത്ത് എന്നിവര്‍  ദുര്‍ബലരായതിനാല്‍ ആ റിപ്പോര്‍ട്ട് സ്വീകാര്യയോഗ്യമല്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരായ ഇമാം ഹാകിം, അബൂസുര്‍ഹ, അബൂദാവൂദ്, ദാറക്വുത്‌നി, ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റ) എന്നിവര്‍ ഇവരുടെ അയോഗ്യത വ്യക്തമാക്കിയിട്ടുണ്ട്. ഇത് പോലെയുള്ള ദുര്‍ബലവും നിര്‍മിതവുമായ റിപ്പോര്‍ട്ടുകള്‍ തപ്പിയെടുത്ത് അണികള്‍ക്ക് ഇട്ടുകൊടുക്കുക എന്നത്  ബിദ്അത്തുകളെ സംരക്ഷിക്കാന്‍ പുരോഹിതന്മാര്‍ ചെയ്തുവരുന്ന ദുഷ്‌ചെയ്തിയാണെന്ന് പറയാതിരിക്കാന്‍ വയ്യ.

മുസ്‌ലിയാര്‍ തുടരുന്നു: ''ഇമാം ഇസ്ബഹാനി(റ) രേഖപ്പെടുത്തുന്നു: 'ഞാനൊരിക്കല്‍ തിരുനബിﷺ യെ സ്വപ്‌നത്തില്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: നബിയേ ഇമാം ശാഫിഈ(റ)ക്ക് അങ്ങ് വല്ല പ്രത്യേകതയും കൊടുത്തിട്ടുണ്ടോ?' അവിടുന്ന് പറഞ്ഞു: 'അതെ. അദ്ദേഹത്തെ ഹിസാബ് കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഞാന്‍ അല്ലാഹുവോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.' 'എന്താണ് അതിനു കാരണം?' അവിടുന്ന് പറഞ്ഞു: 'ഇതുവരെ ആരും ചൊല്ലിയിട്ടില്ലാത്ത ഒരു സ്വലാത്ത് അദ്ദേഹം എന്റെ മേല്‍ ചൊല്ലാറുണ്ടായിരുന്നു''(പേജ് 34).

ശേഷം ഉണ്ടാക്കപ്പെട്ട ആ നിര്‍മിത സ്വലാത്തിന്റെ രൂപം മുസ്‌ലിയാര്‍ ചേര്‍ത്തിട്ടുണ്ട്. നബിﷺ  പഠിപ്പിക്കാത്ത ഒരു കാര്യം ചെയ്താല്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോകാമെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസം എന്ത് വിശ്വാസമാണ്? ഇവര്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്?

മുസ്‌ലിയാര്‍ തന്നെ ഈ പുത്തനാചാരത്തിന് ഒന്ന് കൂടി ആകര്‍ഷണീയത കൂട്ടുന്നത് കാണുക: ''ഇമാം ജസൂലി(റ) രചിച്ച സ്വലാത്ത് പ്രാര്‍ത്ഥനാ ഗ്രന്ഥമായ ദലാഇലുല്‍ ഖൈറാത്തിലെ വെള്ളിയാഴ്ച ദിവസത്തില്‍ ചൊല്ലേണ്ട ഭാഗം ഏറെ ശ്രദ്ധേയമാണ്. 'ഹിസ്ബു യൗമില്‍ ജുമുഅ' എന്ന പേരില്‍ പ്രസ്തുത ഭാഗം സുലഭമായി ലഭ്യം'' (പേജ് 34).

ഇത്തരത്തില്‍ സമസ്തയും 'അവരുടെ ഔലിയാക്കളും' പറയുന്നതും പ്രചരിപ്പിക്കുന്നതും അവര്‍ക്ക് മാത്രമുള്ള മതനിയമങ്ങളാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവയൊന്നും കാണാനാകില്ല.  നബിചര്യയിലില്ലാത്ത; നൂതനാചാരങ്ങളെ മതമായി കാണുന്ന ഇവര്‍ ക്വുര്‍ആന്‍ നല്‍കിയ മുന്നറിയിപ്പ് കാണാത്തവരാണോ? അല്ലാഹു പറയുന്നു: ''അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും'' (25:23).

മുസ്‌ലിയാര്‍ തുടരുന്നു: ''തലപ്പാവ് മുസ്‌ലിമിന്റെ അടയാളമാണ്. വെള്ളിയാഴ്ച ജുമുഅക്കും മറ്റു നിസ്‌കാരങ്ങള്‍ക്കും തലപ്പാവ് ധരിക്കല്‍ പ്രത്യേകം സുന്നത്താണ് (ഫത്ഹുല്‍ മുഈന്‍ 144)'' (പേജ് 35).

നബിﷺ യുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്നു തലപ്പാവ് ധരിക്കല്‍. അന്നത്തെ അവിശ്വാസികളും തലപ്പാവ് ധരിക്കുന്നവരായിരുന്നു. ഇസ്‌ലാം അതിനെ പ്രത്യേകം സുന്നത്തോ മതത്തിന്റെ അടയാളമോ ആക്കിയിട്ടില്ല. എന്നാല്‍ ധരിക്കുന്നവരെ ആക്ഷേപിക്കുകയോ ധരിക്കാത്തവരെ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. പ്രസിദ്ധിക്ക് വേണ്ടി തലപ്പാവ് അണിയുന്നതും ശരിയല്ല.  

മുസ്‌ലിയാര്‍ ഇവിടെയും നിര്‍ത്തുന്നില്ല: ''പണ്ഡിതന്മാര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും അവര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള തലപ്പാവ് സുന്നത്താകുന്നു. 'വെള്ളിയാഴ്ച തലപ്പാവ് ധരിക്കുന്നവരുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു' (ത്വബ്‌റാനി)'' (പേജ് 35).

തലപ്പാവ് ധരിക്കുന്നതിന് പ്രത്യേകതയുണ്ടെന്ന് പറയപ്പെടുന്ന എല്ലാ റിപ്പോര്‍ട്ടുകളും നിര്‍മിതവും ദുര്‍ബലവുമാണ്. മേല്‍ സൂചിപ്പിക്കപ്പെട്ട വാക്ക് അയ്യൂബ്‌നു മുദ്‌രിക് എന്ന പെരുംകള്ളനില്‍ നിന്നുള്ളതാണ്. അത് സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ല.

മറ്റൊരു ദുര്‍ബല റിപ്പോര്‍ട്ടും മുസ്‌ലിയാര്‍ ഉദ്ധരിക്കുന്നത് കാണുക: ''പ്രവാചകര്‍ﷺ  പറഞ്ഞു: നമ്മുടെയും മുശ്‌രിക്കുകളുടെയും ഇടയിലുള്ള വ്യത്യാസം തൊപ്പിവെച്ച് അതിനു മുകളില്‍ തലപ്പാവ് കെട്ടലാണ് (അബൂദാവൂദ്)'' (പേജ് 35).

ഇതിന്റെ പരമ്പരയിലുള്ള അബുല്‍ഹസന്‍ അല്‍അസ്‌ക്വലാനി, ഇബ്‌നുറുകാന എന്നിവര്‍ ഒട്ടും സ്വീകരിക്കാന്‍ പറ്റാത്തവരും അജ്ഞരുമാണ്.

എന്തിനാണ് ഇവര്‍ ഇങ്ങനെ ദുര്‍ബലവും വ്യാജവുമായ റിപ്പോര്‍ട്ടുകളെ അവലംബിക്കുന്നത്? പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ എമ്പാടുമുണ്ടായിരിക്കെ അവയിലേക്ക് ജനങ്ങളെക്ഷണിക്കലല്ലേ അഭികാമ്യം? നബിﷺ യുടെ ഈ മുന്നറിയിപ്പ് ബിദ്അത്തിനു പിന്നാലെ പോകുന്ന എല്ലാവര്‍ക്കും ബാധകമാണ്:

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ''എനിക്ക് ശേഷം നിങ്ങളുടെ കാര്യത്തില്‍ ചിലര്‍ നിങ്ങളുടെ നേതൃത്വത്തില്‍ വരും. അവര്‍ സുന്നത്തിനെ കെടുത്തുന്നവരും ബിദ്അത്ത് പ്രവര്‍ത്തിക്കുന്നവരും നമസ്‌കാരത്തെ അതിന്റെ സമയത്തില്‍നിന്ന് പിന്തിക്കുന്നവരുമായിരിക്കും.'' ഞാന്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, അവരെ ഞാന്‍ കണ്ടാല്‍ എന്ത് ചെയ്യണം?'' അവിടുന്ന് പറഞ്ഞു: ''ഇബ്‌നു ഉമ്മി അബ്ദ്! താങ്കള്‍ എന്ത് ചെയ്യണമെന്നാണോ എന്നോട് ചോദിക്കുന്നത്? അല്ലാഹുവിനെ ധിക്കരിച്ച ഒരുവന് അനുസരണമില്ല'' (ഇബ്‌നുമാജ).

പുരോഹിതന്മാര്‍ ഒരുക്കിയ കെണിയിലകപ്പെട്ടവര്‍ക്ക് നബിﷺ യെ അടുത്തറിഞ്ഞ് സ്‌നേഹിക്കാനും പിന്‍പറ്റാനും സാധിക്കുകയില്ലെന്നത് വ്യക്തം. നബിജീവിതത്തെ ആധാരമാക്കി ജീവിക്കാനും പ്രവര്‍ത്തിക്കാനും ഒരുങ്ങാത്തവര്‍ വിജയം പ്രാപിക്കുകയില്ലെന്നും അവര്‍  കുഴപ്പത്തിലകപ്പെടുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ'' (ക്വുര്‍ആന്‍ 24:63).

ഇബ്‌നു കസീര്‍(റഹി) പറയുന്നു: ''പ്രവാചകന്റെ കല്‍പനകള്‍ എന്നതിന്റെ ഉദ്ദേശം അവിടുത്തെ വഴി, മാര്‍ഗം, രീതി, ചര്യ, ശരീഅത്ത് എന്നതാണ്. വാക്കുകളും പ്രവര്‍ത്തനങ്ങളും നബിയുടെ വാക്കിനോടും പ്രവര്‍ത്തനത്തോടുമാണ് തുലനം ചെയ്യണ്ടത്. അതിനോട് യോജിക്കുന്നത് സ്വീകരിക്കണം. അല്ലാത്തത് തള്ളപ്പെടണം; ആര് പറഞ്ഞതും പ്രവര്‍ത്തിച്ചതുമാണെങ്കിലും ശരി. ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ ഒരുമിച്ച് ഉദ്ധരിച്ച ഹദീസില്‍ 'നമ്മുടെ ഈ കാര്യത്തില്‍(മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെട്ടേണ്ടതാണ്' എന്ന് വന്നിട്ടുണ്ട്. അത് കൊണ്ട് പ്രവാചക നിയമത്തിന് എതിരായി നില്‍ക്കുന്നവര്‍ പേടിക്കുകയും സൂക്ഷിക്കുകയും ചെയ്യട്ടെ.''