നബിദിനാഘോഷത്തിന് ക്വുര്‍ആനില്‍ തെളിവോ?

മൂസ സ്വലാഹി, കാര

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 7)

മതം പഠിപ്പിക്കാത്ത കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മതാചാരങ്ങളെ ഊതിക്കെടുത്തുക എന്ന ലക്ഷ്യത്തിലാണ് സമസ്ത ഇപ്പോഴും മുന്നേറുന്നത്. മതപ്രമാണങ്ങളെ ദുരുപയോഗം ചെയ്ത് പുത്തനാചാരങ്ങള്‍ക്ക് ശക്തിപകരുക എന്നത് സമസ്ത പിന്തുടര്‍ന്നുവരുന്ന ചര്യയാണ്. 2019 സെപ്തംബര്‍ ലക്കം 'സുന്നത്ത്' മാസികയില്‍ 'അഹ്‌ലുസ്സുന്നഃ അടിത്തറയുള്ള വിശ്വാസധാര' എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനം അതിനുള്ള വലിയ തെളിവാണ്.

ലേഖകന്‍ എഴുതുന്നു: ''മരണപ്പെട്ടര്‍ക്കു വേണ്ടി സുന്നികള്‍ നടത്തിവരുന്ന ഖുര്‍ആന്‍ പാരായണവും മതപ്രമാണങ്ങളുടെ പിന്‍ബലമുള്ള സുകൃതം തന്നെ'' (പേജ് 31).

പുത്തനാചാരക്കാര(ബിദ്ഇകള്‍)ല്ലാതെ യഥാര്‍ഥ സുന്നികള്‍ ഇത് അംഗീകരിക്കുകയില്ല. ഇല്ലാത്ത പ്രമാണങ്ങളുടെ മറവില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് അവരുടെ സമയവും ഊര്‍ജവും പാഴാകുമെന്നല്ലാതെ മയ്യിത്തിനും അവര്‍ക്കും ഒന്നും കിട്ടാന്‍ പോകുന്നില്ല.

ഇസ്‌ലാം ഈ വിഷയത്തില്‍ പഠിപ്പിക്കുന്നത് എന്താണ്? അല്ലാഹു പറയുന്നു: ''മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും...'' (ക്വുര്‍ആന്‍ 53:39).

ഇബ്‌നുകഥീര്‍(റഹി) ഇതിനെ വിശദീകരിച്ചുകൊണ്ട് തന്റെ തഫ്‌സീറില്‍ പറയുന്നു: ''ഈ പരിശുദ്ധമായ ആയത്തില്‍ നിന്നാണ് ഇമാം ശാഫിഈയും അദ്ദേഹത്തെ പിന്‍പറ്റിയവരും, മയ്യിത്തിനുവേണ്ടി ക്വുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് എത്തുകയില്ലെന്ന മതവിധി നിര്‍ധരിച്ചെടുത്തത്. കാരണം അത് അവരുടെ (മരിച്ചവരുടെ) പ്രവര്‍ത്തനമോ സമ്പാദ്യമോ അല്ല. നബി ﷺ ഈ കാര്യം തന്റെ സമുദായത്തിന് സുന്നത്താക്കുകയോ അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയോ കല്‍പനയാലോ സൂചനയാലോ അതിലേക്ക് വഴികാണിക്കുകയോ ചെയ്തിട്ടില്ല. അത് നന്മയാണെങ്കില്‍ അതിലേക്കവര്‍ മുന്‍കടക്കുമായിരുന്നു. ഇപ്രകാരം സ്വഹാബികളില്‍ പെട്ട ഒരാളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല...'' (വാള്യം 4, പേജ് 299).

ഇവര്‍ അംഗീകരിക്കുന്ന മദ്ഹബിന്റെ ഇമാമിന്റെ വിശ്വാസമാണ് നടേസൂചിപ്പിച്ചത്. എന്നാല്‍ അതിന്എതിരായ ആശയം ജനങ്ങളെ പഠിപ്പിക്കാനാണ് ഇവര്‍ പാടുപെടുന്നത്!

ലേഖകന്‍ തന്റെ വാദത്തെ സ്ഥാപിക്കാന്‍ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കിയെടുക്കുന്നത് കാണുക: ''അന്‍സ്വാറുകളില്‍ പെട്ട ആരെങ്കിലും വഫാത്തായാല്‍ അവരുടെ ഖബറിനു സമീപം ചെന്ന് അന്‍സ്വാറുകള്‍ ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു (ശറഹുസ്സുദൂര്‍). അന്‍സ്വാറുകള്‍ മയ്യിത്തിനു സമീപമിരുന്ന് സൂറതുല്‍ ബഖറ പാരായണം ചെയ്യാറുണ്ടായിരുന്നു (മുസ്വന്നഫ് ഇബ്‌നു അബീശൈബ)'' (പേജ് 31).

ഇതിന്റെ നിവേദക പരമ്പരയിലെ മുജാലിദ് ഇബ്‌നു സഈദ് എന്ന വ്യക്തി പ്രബലനല്ല (ലൈസബില്‍ ക്വവിയ്യ്) എന്ന് ഇമാം നസാഈ, ഇബ്‌നുമുഈന്‍, ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുര്‍ബലമോ നിര്‍മിതമോ ആയ പുല്‍ക്കൊടികളല്ലാതെ പുത്തനാചാരങ്ങള്‍ക്ക് തെളിവായി ഹാജറാക്കാന്‍ സാധിക്കില്ല; ഒരാള്‍ക്കും.

സ്വഹാബികളില്‍ ആരും ചെയ്യാത്ത ഒന്നിനെ അവരുടെമേല്‍ വെച്ച് കെട്ടാനുള്ള ധൈര്യം അപാരം തന്നെ! ഈ വരികളും ഇത് വായിച്ച് അനുകരിക്കുന്നവരുമൊക്കെ എതിരാകുന്ന ഒരു ദിവസം വരാനുണ്ടെന്ന് ഓര്‍ക്കുന്നത് നന്ന് എന്നേ പറയാനുള്ളൂ.

വളരെ ബാലിശമായ ഒരു തെളിവ് കൂടി മുസ്‌ലിയാര്‍ ഉദ്ധരിക്കുന്നത് കാണുക: ''അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: 'നിങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവരെ തടഞ്ഞുവെക്കരുത്. വേഗം ഖബറിലേക്ക് കൊണ്ടുപോവുക. മയ്യിത്തിന്റെ തലഭാഗത്തുവെച്ച് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ ഭാഗത്തു വെച്ച് അവസാന ഭാഗവും പാരായണം ചെയ്യുക(മിശ്കാത്ത്)'' (പേജ് 31).

ഇതിന്റെ പരമ്പരയിലെ അബ്ദുറഹ്മാന്‍ ഇബ്‌നുല്‍ അലാഅ് ഇബ്‌നുല്ലജ്‌ലാജ് എന്ന വ്യക്തി അജ്ഞനും ബലഹീനനുമാണെന്ന് അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ബുഖാരി(റഹി), ഇബ്‌നു അബീഹാതിം(റഹി), ഇബ്‌നുഹജറുല്‍അസ്‌ക്വലാനി(റഹി) തുടങ്ങിയവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിദ്അത്തുകളെ നബിചര്യയാക്കാന്‍ വ്യഗ്രത കാട്ടുമ്പോള്‍ എടുത്തുദ്ധരിക്കുന്ന തെളിവുകളുടെ അകവും പുറവും പരിശോധിക്കുന്നത് വളരെ നല്ലതാണ്.

രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റഹി) ഈ കാര്യത്തില്‍ പറഞ്ഞത് കൂടി വായിക്കാം:''ശാഫിഈ മദ്ഹബിലെ പ്രസിദ്ധ അഭിപ്രായം മയ്യിത്തിനുവേണ്ടി ക്വുര്‍ആന്‍ ഓതിയാല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ല എന്നതാണ്'' (ശറഹ് മുസ്‌ലിം: വാള്യം1, പേജ് 138). സ്വന്തമെന്ന് അഭിമാനിക്കുന്ന മദ്ഹബിന്റെ പിന്തുണ പോലും ഈ വിഷയത്തില്‍ മുസ്‌ലിയാര്‍ക്കില്ലെന്ന് വ്യക്തം.

ലേഖകന്‍ തുടരുന്നു: ''തിരുനബി ﷺ യുടെ ജന്മത്തില്‍ എപ്പോഴും, വിശിഷ്യാ റബീഉല്‍ അവ്വലില്‍ സുന്നികള്‍ നടത്തിവരുന്ന ആഘോഷങ്ങള്‍ക്കും ഖുര്‍ആനിന്റെ പിന്‍ബലമുണ്ട്. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ (യൂനുസ്:58) എന്ന സൂക്തത്തിലെ കാരുണ്യം കൊണ്ട് ഉദ്ദേശ്യം നബി ﷺ യാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്'' (പേജ് 31).

 മേല്‍ സൂചിപ്പിക്കപ്പെട്ട ആയത്തിലെ കാരുണ്യം എന്നതിന്റെ ഉദ്ദേശം ഇസ്‌ലാം, വിശ്വാസം, ക്വുര്‍ആന്‍ തുടങ്ങിയവയാണെന്ന് മിക്ക മുഫസ്സിറുകളും വിശദീകരിച്ചിട്ടുണ്ട്. പ്രബലാഭിപ്രായം ക്വുര്‍ആനാണെന്ന കാര്യം മുസ്‌ലിയാര്‍ മറച്ചുവെക്കുകയാണ് ചെയ്തിട്ടുള്ളത്. ശിയാക്കള്‍, സ്വൂഫികള്‍, ബറേല്‍വികള്‍ എന്നീ പിഴച്ച കക്ഷികള്‍ ഈ ആയത്തിനെ എന്തിനാണോ തെളിവാക്കുന്നത് അതിന് വേണ്ടി തന്നെയാണ് സമസ്തയും ഇതിനെ എടുത്തിട്ടുള്ളത്.

സൂറഃ യൂനുസിലെ 58ാം വചനത്തില്‍ റബീഉല്‍ അവ്വലില്‍ നബിദിനാഘോഷം നടത്താനുള്ള തെളിവുണ്ടെന്നാണ് മുസ്‌ലിയാര്‍ പറയുന്നത്. ഈ ആയത്ത് നബി ﷺ ക്കോ സ്വഹാബത്തിനോ മനസ്സിലായിട്ടില്ല എന്നല്ലേ ഇപ്പറഞ്ഞതിനര്‍ഥം? ക്വുര്‍ആനിന്റെ ഏത് കല്‍പനയും അപ്പടി പ്രാവര്‍ത്തികമാക്കിയിരുന്ന നബി ﷺ യും അനുചരന്മാരും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ നബിദിനാഘോഷം നടത്തിയിട്ടുണ്ടോ? ഉെണ്ടങ്കില്‍ തെളിവെന്ത്? ഇല്ലെങ്കില്‍ എന്ത് കൊണ്ട് നടത്തിയില്ല? ലേഖകന്‍ മറുപടി പറയേണ്ടതുണ്ട്.

മൗലിദാഘോഷത്തെ ഇസ്‌ലാമികമാക്കാന്‍ മുസ്‌ലിയാര്‍ സമര്‍പ്പിക്കുന്ന വലിയൊരു തെളിവ് കാണുക: ''മൗലിദാഘോഷം കാലങ്ങളായി മുസ്‌ലിംകള്‍ നടത്തിവരുന്ന ഒരു ആഘോഷമാണെന്ന് ഇമാം ഖസ്ത്വല്ലാനി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍ കാലങ്ങളായി തിരുനബി ﷺ യുടെ ജന്മ മാസത്തില്‍ ഒരുമിച്ചുകൂടുകയും പ്രത്യേകം സദ്യയൊരുക്കുകയും ചെയ്യാറുണ്ട്. റബീഉല്‍അവ്വല്‍ രാവുകളില്‍ അവര്‍ വിവിധയിനം ദാനധര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും സുകൃതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അവിടുത്തെ മൗലിദ് പാരായണത്തില്‍ ബദ്ധശ്രദ്ധരാവുകയും ചെയ്തിരുന്നു(അല്‍മവാഹിസ്)'' (പേജ്, 31).

ക്വുര്‍ആനില്‍ തെളിവുണ്ടെന്ന് ആദ്യം പറഞ്ഞുകഴിഞ്ഞു. പിന്നെ എന്തിന് തെൡവുതേടി മറ്റു കിതാബുകള്‍ പരതണം?

പ്രമാണങ്ങളുടെ അംഗീകാരമില്ലാത്ത ഒരാഘോഷത്തിനെ ആര് മഹത്ത്വപ്പെടുത്തിയാലും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അതിന് സ്വീകാര്യത നല്‍കുകയില്ല. പ്രമാണങ്ങളെ പിന്‍പറ്റുന്നവര്‍ ഖസ്ത്വല്ലാനിയുടെ ഈ വരികളെ ഗൗനിക്കുക പോലുമില്ല. മുസ്‌ലിയാരുടെ നിലപാടിന് ഖണ്ഡനമായി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ഈ വാക്കുകള്‍ തന്നെ മതിയാകുന്നതാണ്: ''ശൈഖുനാ പറഞ്ഞുവത്രെ: 'ഞാന്‍ ഖസ്ത്വല്ലാനിയുടെ മുഖല്ലിദാണോ അദ്ദേഹം പറഞ്ഞത് അപ്പടി സ്വീകരിക്കാന്‍?'' (സുന്നി അഫ്ക്കാര്‍,1996 ഡിസംബര്‍, പേജ് 2).

മുസ്‌ലിയാര്‍ എഴുതുന്നു: ''തിരുകേശമടക്കം മഹാന്മാരുമായി ബന്ധപ്പെട്ട സര്‍വ്വ വസ്തുക്കള്‍ക്കും ബറകത്തുണ്ടെന്ന സുന്നി വിശ്വാസവും സ്വഹാബികള്‍ നമുക്ക് പകര്‍ന്നുതന്ന പാഠമാണ്'' (പേജ് 31).

അനുഗ്രഹപൂര്‍ണന്‍ അല്ലാഹു മാത്രമാണ്. ഓരോരുത്തരിലും അത് കണക്കാക്കുന്നവനും അവന്‍ തന്നെ. ബറകത്താക്കപ്പെട്ടത് ഏതെല്ലാമാണെന്ന് നമ്മളല്ല തീരുമാനിക്കുന്നത്. നബി ﷺ യുടെ വസ്ത്രവുംമുടിയുമൊക്കെ ബറകത്തുള്ളവ തന്നെയാണ്. എന്നാല്‍ ഇന്ന് ഇതിലേതെങ്കിലും ആരുടെയെങ്കിലും പക്കലുണ്ടെന്ന വാദം വ്യാജമാണ്. തെളിയിക്കാന്‍ കഴിയാത്തതാണ്. ആ തിരുശേഷിപ്പുകള്‍ അന്ത്യനാള്‍ വരെ സൂക്ഷിക്കപ്പെടുമെങ്കില്‍ അതിന് പ്രമാണങ്ങളില്‍ തെളിവുണ്ടാകേണ്ടതാണ്. അങ്ങനെയൊരു തെളിവും കാണുവാന്‍ സാധ്യമല്ല. വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ പറ്റിയ കച്ചവടച്ചരക്കായി തട്ടിക്കൂട്ടിയതാണ് തിരുമുടിയും പൊടിയും പാത്രവും വടിയും ചെരിപ്പും തുണിയുമെല്ലാം. മുസ്‌ലിയാരുടെ വരികള്‍ ഈ വ്യാപാര മേഖലയെ കൊഴുപ്പിക്കല്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മനസ്സിലാകാന്‍ വലിയ ബുദ്ധിയാന്നും വേണ്ട.

മുസ്‌ലിയാര്‍ ഈ വാദത്തിനായി കൊണ്ടുവന്ന തെളിവും അതിന്റെ വസ്തുതയും പരിശോധിക്കാം: ''അസ്മാഅ്(റ) പറയുന്നു: തിരുനബി ﷺ യുടെ ഈ ജുബ്ബ ആയിശ(റ)യുടെ കൈവശമാണ് ഉണ്ടായിരുന്നത്. ഇത് നബി ﷺ ധരിക്കാറുണ്ടായിരുന്ന വസ്ത്രമാണ്. ഞങ്ങള്‍ ഇത് കഴുകിയ വെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട് (സ്വഹീഹ് മുസ്‌ലിം). ഈ ഹദീഥിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) പറയുന്നു: ''മഹാന്മാരുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു''(ശര്‍ഹു മുസ്‌ലിം)'' (പേജ് 31).

ഇപ്പറഞ്ഞതിന് പ്രമാണങ്ങളില്‍ തെളിവു കാണാന്‍ സാധ്യമല്ല. നബി ﷺ യുടെ വസ്ത്രം കൊണ്ട് സ്വഹാബത്ത് ബറകത്തെടുത്തു എന്നത് ശരിയാണ്. ആ വസ്ത്രം ഇന്നുണ്ടെങ്കില്‍ നമുക്കും എടുക്കാം. അത് നബി ﷺ യുടെ മാത്രം പ്രത്യേകതയാണ്. പ്രവാചകന്റെ സവിശേഷത പറയുന്ന ഹദീഥുകളില്‍ നിന്ന് സ്വാലിഹുകളുടെ ശേഷിപ്പുകള്‍ കൊണ്ട് പുണ്യമെടുക്കാം എന്ന് സ്വഹാബത്തില്‍ ഒരാള്‍ പോലും മനസ്സിലാക്കിയിട്ടില്ല, പഠിപ്പിച്ചിട്ടുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ നബി ﷺ യുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട അബൂബക്കര്‍(റ)വിനെയോ, പിന്നീട് വന്ന മൂന്ന് ഖലീഫമാരെയോ ആ നിലയ്ക്ക് സ്വഹാബത്ത് കാണുമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടുമില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ ഇതിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ വ്യക്തമായ തെളിവുകളാല്‍ സ്ഥിരപ്പെടാത്തതിനാല്‍ സ്വീകരിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കില്ല.