അഹ്‌ലുസ്സുന്നയുടെ പേരില്‍ ശിര്‍ക്കിനെ കുടിയിരുത്തുന്നവര്‍

മൂസ സ്വലാഹി, കാര

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 6)

അഹ്‌ലുസ്സുന്നതി വല്‍ജമാഅഃ എന്ന സത്യധാരയെ ഉയര്‍ത്തിക്കാട്ടി സകല അന്ധവിശ്വാസങ്ങളുടെയും പ്രചാരകരായി നാടുനീളെ വിലസുന്നവരാണ് സമസ്തക്കാര്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 2019 സെപ്തംബര്‍ ലക്കം 'സുന്നത്ത്' മാസികയില്‍ 'അഹ്‌ലുസ്സുന്ന, അടിത്തറയുള്ള വിശ്വാസധാര' എന്ന തലക്കെട്ടില്‍ വന്ന ഒരു ലേഖനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

അഹ്‌ലുസ്സുന്നയെന്നത് തോന്നിയത് പോലെ ആദര്‍ശം മാറ്റിമറിക്കുന്നവരുടെ പേരല്ല; മറിച്ച് വിശ്വാസ ദൃഢതയും പ്രമാണ നിഷ്ഠയും പരലോക ബോധവുമുള്ളവര്‍ക്ക് അല്ലാഹു ഒരുക്കിയ മാര്‍ഗമാണത്. എന്നാല്‍ ആ സത്യമാര്‍ഗത്തില്‍ പ്രവേശിക്കാതെ ദുര്‍മാര്‍ഗത്തില്‍ ജീവിക്കുന്നവരാണ് കൂടുതല്‍.

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു'' (ക്വുര്‍ആന്‍ 16:9).

മുസ്‌ലിയാര്‍ എഴുതുന്നു: ''സ്വയം സഹായിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കി സൃഷ്ടിയെ സമീപിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവിന്റെ അനുവാദമോ തീരുമാനമോ കൂടാതെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ വരുത്താന്‍ അല്ലാഹു അല്ലാത്ത വല്ലതിനും കഴിയുമെന്ന വിശ്വാസവും തദനുസൃതമായ പ്രവര്‍ത്തനവുമാണ് ശിര്‍ക്ക്'' (പേജ് 29).

ശിര്‍ക്കിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത നിര്‍വചനമാണ് മുസ്‌ലിയാര്‍ നല്‍കിയിരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് യഥാവിധി അറിയാത്തത് കൊണ്ടും താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയുടെ വികലമായ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ നോക്കുന്നത് മൂലവുമാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. ഈ വാദമനുസരിച്ച് കല്ലിനെയും മരത്തിനെയും വിഗ്രഹത്തെയുമൊക്കെ ആരാധിക്കാം. അല്ലാഹുവിന്റെ അനുവാദവും തീരുമാനവും അവന്‍കൊടുത്ത കഴിവും കൊണ്ട് മാത്രമെ ഇവയ്ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാകണം എന്ന് മാത്രം!

അല്ലാഹുവിന്റെ റുബൂബിയ്യത്ത് (രക്ഷാകര്‍തൃത്വം), ഉലൂഹിയ്യത്ത് (ആരാധ്യത), അസ്മാഉ വസ്സ്വിഫാത്ത് (നാമഗുണ വിശേഷണങ്ങള്‍) തുടങ്ങി അവന് മാത്രം അവകാശപ്പെട്ട കാര്യങ്ങളില്‍ വല്ലതിനെയും പങ്കാളികളാക്കലാണ് യഥാര്‍ഥത്തില്‍ ശിര്‍ക്ക്.

അല്ലാഹു പറയുന്നു: ''അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു'' (6:102).

ക്വുര്‍ആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറതുല്‍ ഇഖ്‌ലാസും ഇതിന് മതിയായ തെളിവാണ്.

മുസ്‌ലിയാര്‍ എന്തിനാണ് ഇത്തരമൊരു നിര്‍വചനം എഴുതി വിട്ടതെന്ന് അദ്ദേഹം തന്നെ തുറന്നെഴുതുന്നു: ''എന്നാല്‍ സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സൃഷ്ടികളെ സമീപിക്കുന്നത് ശിര്‍ക്കാവുകയില്ല'' (പേജ് 29).

മക്കാ മുശ്‌രിക്കുകള്‍ കൊണ്ടുനടന്ന ഈ പിഴച്ചവാദത്തെ ബലപ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്ന് സാരം. സ്വയം സഹായിക്കാന്‍ കഴിവില്ല; അല്ലാഹു കൊടുത്ത കഴിവേയുള്ളൂ എന്ന വിശ്വാസത്തോടെയായിരുന്നു മക്കാമുശ്‌രിക്കുകള്‍ ലാത്തയോടും മനാത്തയോടുമൊക്കെ പ്രാര്‍ഥിച്ചിരുന്നത്. ആ വിശ്വാസത്തോടെ ഏത് സൃഷ്ടിയോടും പ്രാര്‍ഥിക്കാമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ലേഖകന്‍ സമ്മതിക്കുകയാണിവിടെ! ഇത് ഏതായാലും ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസമല്ല.

മുശ്‌രിക്കുകളുടെ വിശ്വാസത്തെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്'' (14:30).

ഈ ആദര്‍ശത്തെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ പറഞ്ഞ കാരണങ്ങളില്‍ ഒന്നാണ് ആരാധ്യന്മാര്‍ക്ക് സ്വയം കഴിവില്ലെന്നത്. അവരുടെ തല്‍ബിയ്യത്ത് ഇതിന് മതിയായ സാക്ഷ്യവുമാണ്:

'അല്ലാഹുവേ നിന്റെ പങ്കാളി സ്വയം കഴിവുള്ളവനല്ല. അയാള്‍ക്കുള്ള കഴിവ് നിനക്കുള്ളതാക്കുന്നു. ആ കഴിവെല്ലാം നിന്റെ അധീനത്തിലാകുന്നു' (മുസ്‌ലിം).

ശിര്‍ക്കെന്ന വന്‍പാപത്തെ വെള്ളപൂശാന്‍ വേണ്ടിയാണല്ലോ മുസ്‌ലിയാര്‍ ഇങ്ങനെയൊക്കെ പറഞ്ഞൊപ്പിക്കുന്നത്. ഇസ്‌ലാം ഈ വിഷയത്തില്‍ നല്‍കിയ മുന്നറിയിപ്പുകളെ മറക്കാതിരിക്കുന്നത് നന്ന്. അല്ലാഹു പറയുന്നു: ''...അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്'' (2:22).

''അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)'' (2:165).

അബ്ദുല്ല(റ)യില്‍ നിന്ന്; ഞാന്‍ നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും വലിയ പാപം ഏതാണ്?'' അവിടുന്ന് പറഞ്ഞു: ''നിന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നീ സമന്മാരെ ഉണ്ടാക്കലാണ്...''(ബുഖാരി).

ഇസ്‌ലാം വിരോധിച്ച രീതിയിലുള്ള തവസ്സുല്‍ പഠിപ്പിക്കാന്‍ മുസ്‌ലിയാര്‍ നടത്തിയ ദുര്‍വ്യാഖ്യാനം നോക്കൂ: ''ഉസ്മാനുബ്‌നു ഹുനൈഫ്(റ)വില്‍ നിന്ന് നിവേദനമുളള ഹദീസില്‍ കാണാം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ തിരുനബി ﷺ യെ സമീപിച്ച് രോഗം സുഖപ്പെടാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നു. വേണമെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. ക്ഷമിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത് എന്നായിരുന്നു നബി ﷺ യുടെ മറുപടി. വീണ്ടും പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടപ്പോള്‍ തിരുനബി ﷺ  അദ്ദേഹത്തോട് പൂര്‍ണ്ണ വുളൂഅ് നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയും ശേഷം ഇപ്രകാരം ദുആ ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു: കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യെ മുന്‍നിര്‍ത്തി ഞാന്‍ നിന്നിലേക്ക് മുന്നിടുകയും എന്റെ ആവശ്യം ഞാന്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു. എന്റെ കാര്യത്തില്‍ നബി ﷺ യുടെ ശിപാര്‍ശ നീ സ്വീകരിക്കണേ'' (തുര്‍മുദി)(പേജ് 30).''

ബിദ്അത്തായ തവസ്സുല്‍ നടത്തി ജനങ്ങള്‍ക്ക് ശിര്‍ക്കിലേക്ക് എത്താനുള്ള വഴിയാണ്  ഇതിലൂടെ  മുസ്‌ലിയാര്‍ പഠിപ്പിക്കുന്നത്. സമസ്തക്കാര്‍ എക്കാലത്തും ഏറ്റി നടക്കുന്ന ദുര്‍ബലമായ ഈ പുല്‍ക്കൊടിയില്‍ നബി ﷺ യുടെ ഹഖ്, ജാഹ് കൊണ്ടുള്ള തെറ്റായ തവസ്സുല്‍ അനുവദനീയമാക്കാനുള്ള വകുപ്പൊന്നും കാണാന്‍ സാധ്യമല്ല. ഉണ്ടെങ്കില്‍ അന്ധനായ വ്യക്തി നബി ﷺ യുടെ അടുത്ത് വന്ന് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയോ, അവിടുന്ന് പ്രാര്‍ഥന പറഞ്ഞ് കൊടുക്കുകയോ ചെയ്യുമായിരുന്നില്ല. തന്റെ പ്രാര്‍ഥനയെക്കാള്‍ നബി ﷺ യുടെ പ്രാര്‍ഥനക്ക് സ്വീകാര്യത ലഭിക്കുമെന്നത് കൊണ്ടാണ് തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. നബി ﷺ യുടെ പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം കിട്ടിയ അമാനുഷിക സംഭവമായിട്ടാണ് പണ്ഡിതന്മാര്‍ ഇതിനെ എണ്ണിയിട്ടുള്ളത്.

മുസ്‌ലിയാര്‍ എഴുതുന്നു: ''ബദ്‌രീങ്ങളെ കാക്കണേ, മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ തുടങ്ങി സുന്നികളുടെ നാവില്‍ സ്ഥിരമായി വരാറുള്ള പ്രയോഗങ്ങളും (ഇസ്തിഗാസ) മതത്തില്‍ രേഖയുള്ള കാര്യങ്ങള്‍ തന്നെയാണ്. അല്ലാഹു നല്‍കുന്ന കഴിവ് കൊണ്ട് മഹാന്മാര്‍ സഹായിക്കുമെന്ന വിശ്വാസം ഒരിക്കലും തൗഹീദിന് എതിരല്ല'' (പേജ് 30).

ഇസ്‌ലാമിന്റെ ബാലപാഠം മാത്രം മനസ്സിലാക്കിയവര്‍ പോലും ഇതുപോലുള്ള അസംബന്ധം എഴുന്നള്ളിക്കുകയില്ല. പരലോകം വരാനിരിക്കുന്നു എന്ന ദൃഢവിശ്വാസമുള്ളവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ല. സമുദായത്തെ ശിര്‍ക്കില്‍ തളച്ചിടാനുള്ള ഇവരുടെ ഉല്‍സാഹം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. സൃഷ്ടികളുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള സഹായതേട്ടം അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്ന കാര്യം മതത്തിന്റെ അടിസ്ഥാനമാണെന്നത് ഏത് സാധാരണക്കാരനായ മുസ്‌ലിമിനും അറിയാം.

അല്ലാഹു പറയുന്നു: ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5). ഇബ്‌നു അബ്ബാസ്(റ)വിനെ നബി ﷺ  ഇങ്ങനെ പഠിപ്പിച്ചതായി കാണാം: ''നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക'' (തിര്‍മിദി).

അബൂഹുറയ്‌റ(റ)ക്ക് കൊടുത്ത ഉപദേശങ്ങളില്‍ 'നീ അല്ലാഹുവിനെ കൊണ്ട് സഹായം തേടുക' (മുസ്‌ലിം) എന്നുമുണ്ട്.  ഇതെല്ലാം പ്രമാണങ്ങളില്‍ ഉണ്ടായിരിക്കെ സഹായതേട്ടത്തിനായി മരിച്ചവരുടെ പിന്നാലെ പായുന്നതെന്തിനാണ്? നബി ﷺ ക്ക് തന്നെയും ഇരുലോകത്തും കഴിയാത്ത കാര്യമെങ്ങനെയാണ് മറ്റുള്ളവര്‍ക്ക് സാധ്യമാവുക?

മുസ്‌ലിയാര്‍ നടത്തിയ മറ്റൊരു ദുര്‍വ്യാഖ്യാനം കാണുക: 'തിരുനബി ﷺ യുടെ ജീവിത കാലത്ത് സ്വഹാബികള്‍ സഹായാര്‍ത്ഥനയുമായി അവിടുത്തെ സവിധത്തിലെത്തിയ സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. സലമ(റ)വിന്റെ കാലില്‍ ഖൈബര്‍ യുദ്ധദിവസം വെട്ടേറ്റു. സലമ(റ)ക്ക് അപകടം പറ്റി എന്ന് അപ്പോള്‍ ജനങ്ങള്‍ വിളിച്ചു പറഞ്ഞു. ഉടനെ അദ്ദേഹം നബി ﷺ യുടെ സമീപത്തെത്തി. അവിടുന്ന് അദ്ദേഹത്തിന്റെ മുറിവില്‍ മൂന്ന് തവണ ഊതി. അതിനു ശേഷം അദ്ദേഹത്തിനൊരിക്കലും ആ മുറിവ് മൂലം വേദനയുണ്ടായിട്ടില്ല(ബുഖാരി)'' (പേജ്,31).

നബി ﷺ യോടൊപ്പം ഏഴോളം യുദ്ധങ്ങളില്‍ പങ്കെടുത്ത് ഒരുപാട് വിശേഷണങ്ങള്‍ക്ക് അര്‍ഹനായി മുവത്വ യുദ്ധത്തില്‍ ശഹീദായ സലമത്ബ്ന്‍ അല്‍അക്‌വഹ്(റ)വിനെ സംബന്ധിച്ചുള്ളതാണിത്. ഇതിന് മുസ്‌ലിയാര്‍ ഉദ്ദേശിച്ച ഇസ്തിഗാസയുമായി എന്ത് ബന്ധം? നബി ﷺ യുടെ മുഅ്ജിസത്തായി ഉണ്ടായ ഈ കാര്യത്തെ സൂത്രത്തില്‍  മരണപ്പെട്ടവരോടുള്ള ഇസ്തിഗാസക്കായി തെൡവാക്കുന്നത് പ്രമാണങ്ങളോട് കാണിക്കുന്ന അനീതിയല്ലേ? ഈ സംഭവത്തെ ഇമാം ബുഖാരി(റ) 'ഖൈബര്‍ യുദ്ധം,' ഇമാം അബൂദാവൂദ് 'മന്ത്രം എങ്ങനെ?' ഇമാം അഹ്മദ് സലമത്ബ്ന്‍ അക്‌വഹിന്റെ സംഭവം' എന്നീ തലക്കെട്ടുകള്‍ക്ക് കീഴിലാണ് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നത്. അവരൊന്നും കാണാത്ത തെളിവ് മുസ്‌ലിയാര്‍ കണ്ടു എന്നത് അതിബുദ്ധിയോ വക്രബുദ്ധിയോ?

കാലങ്ങളായി ഇവര്‍ ഇസ്തിഗാസക്ക് തെളിവായി ദുര്‍വ്യഖ്യാനിച്ചുപോരുന്ന സംഭവം ഇവിടെയും മുസ്‌ലിയാര്‍ എടുത്ത് ഉദ്ധരിക്കുന്നത് കാണുക: ''തിരുനബി ﷺ യുടെ ജീവിതകാലത്തു മാത്രമല്ല, അവിടുത്തെ വഫാത്തിനു ശേഷവും സഹായാര്‍ത്ഥനയുമായി അവിടുത്തെ ഖബ്‌റിന്നരികിലെത്തുന്നത് സ്വഹാബികളുടെ ശീലമായിരുന്നു. മാലിക്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍(റ)വിന്റെ കാലത്ത് കനത്ത ജലക്ഷാമം അനുഭവപ്പെട്ടു. അപ്പോള്‍ ഒരു സ്വഹാബി തിരുനബി ﷺ യുടെ ഖബ്‌റിന്നരികില്‍ വന്നു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവിനോട് മഴയാവശ്യപ്പെടുക. ജനങ്ങള്‍ മുഴുവന്‍ പ്രയാസത്തിലാണ്.' പിന്നീട് നബി ﷺ യെ അദ്ദേഹം സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഉമര്‍(റ)വിനെ സമീപിച്ച് എന്റെ സലാം പറയണം. അവര്‍ക്ക് വെള്ളം ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യുക(അല്‍ ബിദായത്തുവന്നിഹായ)'' (പേജ് 31).

ഈ സംഭവം ഹദീഥ് ഉദ്ധരിക്കുന്നതില്‍ ക്ലിപ്തത വരുത്താത മാലികില്‍ നിന്നുള്ളതായതിനാല്‍ ഇത് സ്വഹീഹല്ല. ക്വബ്‌റിങ്കല്‍ വന്നു എന്ന് പറയപ്പെടുന്ന വ്യക്തി ആരെന്നറിയില്ല. ഒരാള്‍ വന്നു എന്നതിനെ സ്വഹാബിയാക്കി മുസ്‌ലിയാര്‍ ഇവിടെ എഴുതിയത് ശുദ്ധ തട്ടിപ്പാണ്. സ്വഹാബത്ത് ജീവിതകാലത്ത് നബി ﷺ യോടും അബ്ബാസ്(റ)വിനോടും മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ശരിയായ രീതിക്ക് തീര്‍ത്തും എതിരാണിത്. ഇത്തരം ഘട്ടങ്ങളില്‍ മഴക്ക് വേണ്ടി നമസ്‌കരിക്കണമെന്ന ഇസ്‌ലാമിന്റെ മാതൃകാപരമായ നിയമത്തിന് വിരുദ്ധവുമാണിത്. ഏതോഒരാളുടെ സ്വപ്‌നദര്‍ശനത്തിന്റെ അടിസ്ഥാനത്തിലല്ല മതത്തെ മനസ്സിലാക്കേണ്ടത്. ഒട്ടനേകം പ്രശ്‌നങ്ങള്‍ പ്രവാചകന്റെ വഫാത്തിനുശേഷം നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്വഹാബിയും അതിനുള്ള പരിഹാരം തേടി നബി ﷺ യുടെ ക്വ്ബ്‌റിന്റെ അരികില്‍ ചെന്നോ അല്ലാതെയോ നബിയോട് സഹായം തേടിയതായി തെളിവില്ല. അല്ലാഹുവിലേക്ക് ഉയരുന്ന കൈകളെ അല്ലാഹുവിന്റെ സൃഷ്ടികളിലേക്ക് തിരിപ്പിക്കുന്നവരറിയുക; പരലോകം വരാനിരിക്കുന്നു. അവിടെ ഒരു കുതന്ത്രവും വിലപ്പോകില്ല.