ത്രിത്വവും ക്വുര്‍ആനും

ഉസ്മാന്‍ പാലക്കാഴി

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

(ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും: 3 )

ക്രൈസ്തവതയുടെ അടിത്തറയായ ത്രിയേകത്വ സിദ്ധാന്തത്തെ വിശുദ്ധ ക്വുര്‍ആന്‍ ശക്തിയുക്തം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ നിരാകരിക്കുന്ന ത്രിത്വവുമായി യഥാര്‍ഥ ക്രൈസ്തവതക്ക് ബന്ധമില്ലെന്നാണ് അല്‍നൂര്‍ ലേഖകന്റെ വിചിത്രവാദം. അദ്ദേഹം എഴുതുന്നു:

''പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച് പറഞ്ഞ, യേശു വെളുപ്പെടുത്തിയതും ശ്ലീഹമാര്‍ ബൈബിളില്‍ രേഖപ്പെടുത്തിവെച്ചതും വിശ്വാസ പ്രമാണങ്ങളില്‍ ക്രോഡീകരിച്ചതുമായ ദൈവജനത്തിന്റെ വിശ്വാസബോധ്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം എന്നാണ്. ഈ വിശ്വാസബോധ്യത്തെ നിഷേധിക്കുന്ന ഒരൊറ്റവാക്യം പോലും ഖുര്‍ആനിലെങ്ങും കാണപ്പെടുന്നില്ലയെന്നത് നമുക്ക് വെല്ലുവിളിയോടെ ചൂണ്ടിക്കാട്ടാന്‍ പറ്റും. മറിച്ച്, ഖുര്‍ആന്‍ നിഷേധിക്കുന്നത് ക്രൈസ്തവര്‍ക്കജ്ഞാതവും ക്രിസ്തുസഭക്ക് നിഷിദ്ധവുമായ ഒരുപദേശത്തെയാണ്. മറിയയും യേശുവും പിന്നെ അല്ലാഹുവും ചേര്‍ന്ന മൂന്ന് വ്യക്തികളാണ് ത്രിത്വത്തിലുള്ളതെന്ന ഒരു അസംബന്ധ കാഴ്ചപ്പാടിനെക്കുറിച്ച് വിവിധ ആശയങ്ങള്‍ സ്വരൂപിക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആ അസംബന്ധവീക്ഷണം ഒട്ടും സ്വീകാര്യമല്ലെന്ന് മാത്രമല്ല, അടിമുടി നിഷിദ്ധവും ശക്തമായി എതിര്‍ത്ത് തള്ളിക്കളയേണ്ടതുമായ ഒരു ദുരുപദേശമാണ്. അത് യേശുവില്‍ നിന്നുള്ളതല്ല, സഭയില്‍ നിന്നുമുള്ളതല്ല, ക്രൈസ്തവര്‍ വിശ്വസിക്കുന്നതുമല്ല, ഒരിക്കലും പ്രഘോഷിക്കുന്നതുമല്ല'' (അല്‍നൂര്‍, പേജ്:11).

എന്താണ് വാസ്തവം? ത്രിത്വം ക്രിസ്തുവിന്റെ മൗലികാധ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നതല്ല; പൗലോസ് ശ്ലീഹാ പിന്നീട് ആവിഷ്‌കരിച്ചതാണ് അത്! പൗലോസിന്റെ പിന്‍ഗാമികളാണ് അതിന് പ്രചാരം നല്‍കിയത്. ബൈബിളില്‍ ത്രിത്വത്തിന് അനുകൂലമായ രചനകളും പരാമര്‍ശങ്ങളും മാത്രം സ്ഥാനം പിടിച്ചു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നുള്ള രീതിയില്‍ വിശദീകരിക്കാതെ ക്വുര്‍ആന്‍ ത്രിത്വത്തെ പൊതു പരാമര്‍ശമായി ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്- ഈ നിലയ്ക്കല്ലാത്ത ത്രിത്വവിശദീകരണം അന്നും ഇന്നും ക്രൈസ്തവ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ത്രിത്വത്തിന്റെ എല്ലാത്തരം വിശ്വാസ വിശദീകരണങ്ങളെയും ഒന്നിച്ച് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ് ക്വുര്‍ആന്‍. 'പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്' എന്ന വിശദീകരണം മാത്രം ക്വുര്‍ആന്‍ അവലംബിച്ചാല്‍ മറ്റുള്ളവയുടെ നിഷേധം വരുന്നില്ല. അതിനാല്‍ പൊതുനിഷേധ രീതി അവലംബിക്കുകയും പ്രത്യേക പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയുമാണ് ക്വുര്‍ആന്‍ ചെയ്തിട്ടുള്ളത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വ വിശദീകരണം മാത്രമാണ് യഥാര്‍ഥ ക്രൈസ്തവ വിശ്വാസമെന്ന വാദം ശരിയല്ല. പരിശുദ്ധാത്മാവിന് പകരം 'പരിശുദ്ധ മാതാവിനെ'യും 'പരിശുദ്ധ മാലാഖ'യെയും സങ്കല്‍പിക്കുന്ന ത്രിത്വവിശ്വാസങ്ങള്‍ അന്നും ഇന്നും നിലനില്‍ക്കുന്നുണ്ട്. ക്വുര്‍ആന്‍ ത്രിത്വത്തിന്റെ കാര്യത്തില്‍ പൊതുപരാമര്‍ശം നടത്തുമ്പോള്‍ അതില്‍ പരിശുദ്ധാത്മാവ് ഉള്‍പ്പെടുന്ന ത്രിത്വസങ്കല്‍പവും പരിശുദ്ധ മാലാഖ ഉള്‍പ്പെടുന്ന ത്രിത്വവും ഒന്നിച്ച് നിഷേധിക്കപ്പെടുന്നു. ക്വുര്‍ആന്‍ ക്രിസ്തുമത വീഷണത്തിലെ 'യഥാര്‍ഥ ത്രിത്വത്തെ' നിഷേധിക്കുന്നില്ലെന്നും നിഷേധിക്കുന്നത് ഒരു അസംബന്ധ വീക്ഷണത്തെയാണെന്നും 'അല്‍നൂര്‍' എഴുത്തുകാരന്‍ പറയുന്നത് സ്വന്തം വിശ്വാസത്തെ മാത്രം ക്രൈസ്തവതയുടെ മൗലികദര്‍ശനമായി കരുതുന്നതുകൊണ്ടാണ്. എ.ഡി. രണ്ടാം നൂറ്റാണ്ടു മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള കാലയളവിലെല്ലാം ത്രിത്വത്തിലെ മൂന്ന് വ്യത്യസ്ത ആളത്തങ്ങളില്‍ മൂന്നാമത്തേത് ഏതെന്ന കാര്യത്തില്‍ വിവിധ സഭകള്‍ക്കിടയില്‍ ഭിന്നത നിലനിന്നിട്ടുള്ളത് ചരിത്ര വസ്തുതയാണ്. മറിയയും യേശുവും അല്ലാഹുവും ഉള്‍പ്പെടുന്ന അസംബന്ധ ത്രിത്വ സങ്കല്‍പത്തെയാണ് ക്വുര്‍ആന്‍ നിഷേധിക്കുന്നത് എന്ന വാദഗതി ക്വുര്‍ആനിന്റെ ഇവ്വിഷയകമായ പരാമര്‍ശങ്ങള്‍ യഥാവിധി വിചിന്തന വിധേയമാക്കാത്തതിന്റെ ഫലമാണ്. ത്രിത്വത്തിന്റെ കാര്യത്തില്‍ അല്‍നൂര്‍ ലേഖകന്‍ പറയുന്ന വിശദീകരണവും യേശുവിന്റെ അധ്യാപനമായിരുന്നില്ല എന്ന പരാമര്‍ശവും അവഗണിച്ചുകൊണ്ടാണ് അദ്ദേഹം സ്വന്തം വിശ്വാസത്തെ മഹത്ത്വവത്കരിക്കുന്നത്. അല്‍നൂര്‍ ലേഖകന്‍ എഴുതുന്നു:

''ഏതായാലും ത്രിത്വത്തെ (ക്രിസ്തീയ സത്യത്തെയല്ല; മറിച്ച് മറിയം, യേശു, അല്ലാഹു എന്നിവരാണ് ത്രിത്വമെന്ന് പറയുന്ന ദുരുപദേശത്തെ) എതിര്‍ക്കുന്ന 5:116 ഉം ''ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച നാഥന് ഭാര്യയില്ലെന്നും അവളില്‍ പുത്രനില്ലെന്നും പറയുന്ന 6:101 ഉം, അല്ലാഹു സന്തതിയെ ജനിപ്പിച്ചിട്ടില്ലെന്നും (ശാരീരിക നിലയില്‍) പറയുന്ന 112:1-4 ഉം, അല്ലാഹു മൂന്ന് ദൈവങ്ങളില്‍ ഒരുവനാണെന്ന് പറയുന്ന 5:73 ഉം ഒരു രീതിയിലും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്നു മാത്രമല്ല, യാഥാര്‍ഥ വിശ്വാസത്തിന് വിരുദ്ധമാണ് ആ വാക്യങ്ങളില്‍ സൂചിപ്പിക്കപ്പെടുന്ന ചിന്താഗതികള്‍ എന്നും വ്യക്തമായി ചൂണ്ടിക്കാട്ടാന്‍ ക്രൈസ്തവര്‍ക്കൊരു തടസ്സവുമില്ല. അതെ, ക്രിസ്തു സഭ പ്രഖ്യാപിക്കുന്നു: ''മറിയയും യേശുവും അല്ലാഹുവും അല്ല പരിശുദ്ധ ത്രിത്വം: ദൈവം ഭാര്യയെ സ്വീകരിച്ചവനല്ല, ശാരീരിക ബന്ധത്തില്‍ സന്തതിയെ സൃഷ്ടിച്ചവനല്ല, ദൈവം 3 ദൈവങ്ങളല്ല.'' അതെ, വീണ്ടും ക്രിസ്തു സഭ പ്രഖ്യാപിക്കുന്നു: ''പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവുമാണ് പരിശുദ്ധ ത്രിത്വം (ദൈവം, വചനം, ആത്മാവ്). പിതാവിന്റെ ആദ്യ ജാതനാണ് ഈശോമിശിഹാ. പിതാവില്‍ നിന്നുള്ള സത്യാത്മാവാണ് പരിശുദ്ധാത്മാവ്, പിതാവും പുത്രനും പരിശുദ്ധാത്മാവും ഏക ദൈവമാണ്'' (അല്‍നൂര്‍, പേജ്:12).

ക്രൈസ്തവ ത്രിത്വത്തെക്കുറിച്ചുള്ള ക്വുര്‍ആനിന്റെ ധാരണ ശരിയല്ല എന്ന് തെളിയിക്കാനാണ് ലേഖകന്‍ പണിപ്പെടുന്നത്. ഇതിനുവേണ്ടി ക്വുര്‍ആനില്‍ പറയുന്ന തരത്തില്‍ ഒരു ത്രിത്വം ക്രൈസ്തവ വിശ്വാസങ്ങളിലില്ലെന്നും ക്വുര്‍ആനിലെ ത്രിത്വം ക്രൈസ്തവ വിശ്വാസ വിരുദ്ധമാണെന്നും എഴുതുന്നു. മറിയയും യേശുവും അല്ലാഹുവും ഉള്‍പ്പെടുന്ന ഒരു ത്രിത്വത്തെ കുറിച്ച് ക്വുര്‍ആനിന്റെ അവതരണ കാലത്തും ശേഷവും ക്രൈസ്തവര്‍ക്കിടയില്‍ വിശ്വാസം നിലനിന്നിരുന്നു. മാത്രവുമല്ല, മറിയം ദൈവത്തിന്റെ ഭാര്യയാണെന്നു പോലും ചിലര്‍ വിശ്വസിച്ചിരുന്നു. ത്രിത്വത്തിലെ ദൈവങ്ങള്‍ മൂന്നും വെവ്വേറെ ദൈവങ്ങളാണ് എന്ന ധാരണയും അന്നും ഇന്നും ക്രൈസ്തവരിലുണ്ട്.

'പിതാവിന്റെ ആദ്യജാതനാണ് ഈശോ' എന്ന് അല്‍നൂര്‍ ലേഖകന്‍ തന്നെ പറയുന്നതിനാല്‍  പിതാവിന് ഇനിയും പുത്രന്മാരോ പുത്രിമാരോ ഉണ്ടാകാമെന്നും അവരൊക്കെ പ്രജനനത്തിലൂടെയോ അല്ലാതെയോ ഉണ്ടായിവരാവുന്നതാണ് എന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കുന്നതില്‍തെറ്റില്ല. 'പിതാവില്‍ നിന്നുള്ള പുത്രന്‍,' 'പിതാവില്‍ നിന്നുള്ള പരിശുദ്ധാത്മാവ്' എന്നിങ്ങനെ വേര്‍തിരിച്ച് വിശദീകരിക്കുന്നതിനാല്‍, പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്നത് ഏകദൈവമാണ് എന്ന പരാമര്‍ശം നിരര്‍ഥകമായിത്തീരുന്നു. ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ത്രിത്വം ക്രൈസ്തവര്‍ക്ക് അജ്ഞാതമാണെന്ന് പറയുന്നതുകൊണ്ടു മാത്രം സ്വന്തം വാദഗതികളെ രക്ഷപ്പെടുത്താനാവില്ല. അല്‍നൂര്‍ ലേഖകന്‍ ത്രിത്വത്തെ പറ്റിയുള്ള പരാമര്‍ശങ്ങളെന്ന നിലയില്‍ സൂചിപ്പിച്ച 5:116, 6:161, 5:73, വാക്യങ്ങള്‍ പരിശോധിക്കാം:

1. ''അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍''(5:16).

ത്രിത്വത്തിന്റെ ഭാഗമായും അല്ലാതെയും യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും അരാധിക്കുന്നവര്‍ക്കെല്ലാം ബാധകമായ പൊതുവാക്യമാണിത്. ത്രിത്വത്തിന്റെ ഭാഗമല്ലാതെ കന്യാമാതാവിനെ ആരാധിക്കുന്നവരാണല്ലോ കത്തോലിക്കാ സഭയിലെ വിശ്വാസകള്‍. ത്രിത്വത്തിന്റെ ഭാഗമായി മര്‍യമിനെ ആരാധിക്കുന്നവരാണ് സിറിയലിലെ എബിയോനൈറ്റ് സഭക്കാര്‍. എല്ലാ ക്രിസ്തു- കന്യാമറിയം ആരാധകര്‍ക്കും ഈ വാക്യം (5:116) ബാധകമാണ്.

2. ''ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ! എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്'' (6:101).

ഒരു ഇണയില്‍ നിന്ന് സന്താനമുണ്ടാവുക എന്നതാണ് മനുഷ്യരിലെ രീതി. മകന്‍, മകള്‍ എന്നൊക്കെ പറയുമ്പോള്‍ ജനിപ്പിച്ച മാതാവിനും സ്ഥാനമുണ്ട്. ഈ സാമാന്യ സത്യത്തെ അടിസ്ഥാനമാക്കി എ.ഡി. ആറ് ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ചില ക്രൈസ്തവ വിശ്വാസികള്‍ ദൈവത്തിന് ഭാര്യയുണ്ടെന്നും ആ ഭാര്യ കന്യാമര്‍യമാകാം എന്നും വിശ്വസിച്ചിരുന്നു. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു പരാമര്‍ശത്തിലൂടെ ദൈവത്തിന് പുത്രന്‍ എന്ന സങ്കല്‍പത്തെ നിഷേധിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. ത്രിത്വത്തിന്റെ എല്ലാത്തരം വിശദീകരണങ്ങള്‍ക്കും ബാധകമായ അര്‍ഥങ്ങളുള്ള വാക്യമാണ് ഇത്.

3. ''അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല'' (112:3).

പുത്രന്‍ എന്ന വിശേഷണവും ഭാവനയും ഏതു നിലയ്ക്ക് ത്രിത്വവുമായി ബന്ധപ്പെട്ടാലും പുത്രന്റെ ആവിര്‍ഭാവം ഏതു വിധത്തിലായാലും അത് അല്ലാഹുവിന്റെ കാര്യത്തില്‍ സങ്കല്‍പിക്കാവുന്നതല്ലെന്ന് ഈ വാക്യം തെളിയിക്കുന്നു.  

4. ''അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും'' (5:73).

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന രീതിയിലുള്ള ത്രിത്വ സങ്കല്‍പത്തിനും ബാധകമായ ഒരു പരാമര്‍ശമാണിത്. ദൈവത്തെ പിതാവായും പുത്രനായും പരിശുദ്ധാത്മാവായും സങ്കല്‍പിക്കുമ്പോള്‍ ഒന്നാമത് വരുന്നത് പിതാവിന്റെ നാമമാണല്ലോ. മാത്രമല്ല, പുത്രനും പരിശുദ്ധാത്മാവും അവനില്‍ നിന്നുള്ളവരാണെന്നും ത്രിത്വവാദക്കാര്‍ പറയുന്നു. അപ്പോള്‍ പിതാവാണ് ആദ്യമുള്ളതും ഒന്നാമത്തെതും. സാക്ഷാല്‍ ദൈവമെന്ന അര്‍ഥം ഈ ഒന്നാമന് അര്‍ഹമായതാണെന്ന് വ്യക്തം. അല്‍നൂര്‍ ലേഖകന്റെ അജ്ഞതയും അബദ്ധങ്ങളും ഇതില്‍ നിന്നെല്ലാം ഗ്രഹിക്കാവുന്നതാണ്. (അവസാനിച്ചു)