സമസ്തയുടെ വക ദുശ്ശകുനത്തില്‍ നിന്ന് മുഹര്‍റത്തിന് മോചനം

മൂസ സ്വലാഹി, കാര

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 5)

ഇസ്‌ലാമിന് അന്യമായ ശീഈ വിശ്വാസങ്ങളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യല്‍ നിരുപാധികം തുടര്‍ന്നുകൊണ്ടിരിക്കുന്നവരാണ് സമസ്തക്കാര്‍.

ദിവസങ്ങളില്‍ ചിലതിന് ദോഷമുണ്ടെന്നും അന്നേദിവസങ്ങളില്‍ നല്ലതായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നുമുള്ള ദുശ്ശകുന (നഹ്‌സ്) വിശ്വാസം കാലങ്ങളായി അവര്‍ സമുദായത്തെ പഠിപ്പിച്ചകൊണ്ടിരിക്കുകയാണ്. എല്ലാ മാസങ്ങളിലും പ്രത്യേകിച്ച് മുഹര്‍റം മാസം ഒന്നു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ നഹ്‌സ് ഉണ്ടെന്ന വിശ്വാസം സമസ്തയുടെ ആദര്‍ശമാണ്. ഹുസൈന്‍(റ) വധിക്കപ്പെട്ട കര്‍ബല യുദ്ധത്തെ അനുസ്മരിച്ച് വര്‍ഷംതോറും പ്രധാന കേന്ദ്രങ്ങളില്‍ ഇവര്‍ ആണ്ടാഘോഷിക്കുന്നുമുണ്ട്. ശിയാക്കളില്‍നിന്ന് കടംകൊണ്ടതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  

പ്രമാണങ്ങള്‍ക്ക് മുമ്പില്‍ പതറുന്നത് കൊണ്ടോ, ഈ പോക്ക് പോയാല്‍ സംഘടന ശുഷ്‌കമായിപോകുമെന്ന പേടികൊണ്ടോ എന്തോ സമസ്തക്ക് ഈയിടെ ചെറിയതോതില്‍ 'ബോധോദയം' വന്നിരിക്കുന്നു! 2019 സെപ്തംബര്‍ ആദ്യലക്കം (01-15) 'സുന്നിവോയ്‌സി'ലൂടെ ഒരു മുസ്‌ലിയാര്‍ തങ്ങള്‍ക്ക് മുഹര്‍റം മാസത്തിലെ നഹ്‌സില്‍ വിശ്വാസമില്ലെന്ന് പറഞ്ഞൊപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടതാണ് ഇങ്ങനെ പറയാന്‍ കാരണം.

അദ്ദേഹം എഴുതിയത് കാണുക: ''മുഹമ്മദ് നബി ﷺ യുടെ പേരമകന്‍, ഹുസൈന്‍(റ)വിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ആ നാടിന്റെ പ്രശസ്തി. രക്തം പടര്‍ന്ന ദിനം എന്നതിന്റെ പേരില്‍ ചിലര്‍ വിശുദ്ധമായ ദിനത്തെയും ശഹ്‌റുല്ലാഹ് എന്ന് ആദരിക്കപ്പെട്ട മുഹര്‍റം മാസത്തെയും നഹ്‌സായി കണക്കാക്കുകയും ചെയ്യുന്നു. ആചാരങ്ങളും അനാചാരങ്ങളും സ്വയം പീഡനങ്ങളും കൊണ്ട് കര്‍ബല മണ്ണിനെ ഓരോ ആശൂറാഅ് ദിനത്തിലും രക്തം പുരട്ടി ചുവപ്പിക്കുന്ന വഴിപിഴച്ച വിഭാഗം വേറെയും''(പേജ് 29).

സമസ്തയുടെ കീഴിലുള്ള പള്ളികള്‍, സ്ഥാപനങ്ങള്‍, അനുഭാവികളുടെ വീടുകള്‍ തുടങ്ങിയവയിലെല്ലാം തൂങ്ങിക്കിടക്കുന്ന ഈ വര്‍ഷത്തെ കലണ്ടറിലും ഇവരുടെ പണ്ഡിതന്മാര്‍ എഴുതിയ പുസ്തകങ്ങളിലും ശകുന തീയതികള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്ന അനേകായിരം പ്രവര്‍ത്തകര്‍ ഉണ്ടെന്നതും വിസ്മരിക്കാവതല്ല. എന്നിട്ടും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറായതിനെ അഭിനന്ദിക്കുന്നു. മുജാഹിദുകള്‍ പറയുന്നതിനെ ആദ്യം എതിര്‍ക്കുകയും സാവധാനം അത് പിന്‍പറ്റുകയും ചെയ്യുന്നതാണല്ലോ സമ്‌സതയുടെ ശൈലി. നിലവിലുള്ള ശിര്‍ക്ക് ബിദ്അത്തുകളെ സംബന്ധിച്ചു കൂടി ഇത്തരമൊരാലോചനയുണ്ടായാല്‍ സമുദായം രക്ഷപ്പെടും.

നഹ്‌സിന്റെ വിഷയത്തില്‍ സമസ്തക്കാര്‍ മുമ്പ് എഴുതിവെച്ചത് കാണുക:

''നഹ്‌സ് നോക്കല്‍: എല്ലാ അറബി മാസങ്ങളില്‍ നിന്നും താഴെ പറയുന്ന ദിവസങ്ങളില്‍ പുതുവസ്ത്രം ധരിക്കുക, വിവാഹം ചെയ്യുക, വൃക്ഷങ്ങള്‍ നടുക, കിണര്‍ കുഴിക്കുക, കെട്ടിടം ഉണ്ടാക്കുക, ഭരണാധികാരിയെ സമീപിക്കുക എന്നീ പ്രധാന കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. 3,5,13,16,21,24,25 ഒടുവിലെ ബുധന്‍...'' (മമ്പുറം സ്വലാത്തും സ്വര്‍ഗ നിധിയും, കോയക്കുട്ടി ബാഖവി അച്ചിപ്ര, പേജ് 27).

''എല്ലാ മാസവും 24 നഹ്‌സാണ്. റമദാന്‍ 24 കടുത്ത നഹ്‌സാണ്'' (നഹ്‌സ്, റിയാസ് ഫൈസി വെള്ളില, പേജ് 17).

''എല്ലാ മാസവും 3,5,13,16,21,24,25,28 എന്നിവ ശുഭകരമല്ലെന്നാണ് ചരിത്രസത്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ശൈഖ് ശാലിയാത്തി സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ സഫര്‍ മാസം 10, മുഹര്‍റം 10, റജബ് 10, ജമാദുല്‍ ഊല 22 എന്നിവയെയും ഉത്തമവും ശുഭവുമായി പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത ദിനങ്ങളിലും ഉദ്ദേശ്യകാര്യങ്ങള്‍ നടത്താതിരിക്കുന്നത് അഭികാമ്യമെന്ന് പറയാം'' (ഇസ്‌ലാമിലെ വിവിധ ആഘോഷങ്ങള്‍, റിയാസ് ഫൈസി, പേജ് 48).

 പുതിയ വെളിപാട് മുഹര്‍റം മാസത്തിലെ നഹ്‌സ് വിശ്വാസം തെറ്റാണ് എന്നാണ്. എന്നാല്‍ ഇത്രയും കാലം ജനങ്ങളെ പറഞ്ഞു പറ്റിച്ചത് മുഹര്‍റം ആദ്യ പത്തില്‍ ഒരു നല്ല കാര്യവും ചെയ്യാന്‍ പാടില്ല എന്നായിരുന്നു. സാധാരണക്കാര്‍ ആ വിശ്വാസം അത്രവേഗം കയ്യൊഴിയുമോ? ആത്മാര്‍ഥമായി പറഞ്ഞതാണെങ്കില്‍ ഓരോ പ്രദേശത്തെയും പ്രവര്‍ത്തകരെ ഈ വിഷയത്തില്‍ ഉദ്‌ബോധിപ്പിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകേണ്ടതുണ്ട്.  

ദുശ്ശകുന വിശ്വാസം കൊണ്ടുനടക്കുന്നവര്‍ വികലവിശ്വാസത്തിലും വഴികേടിലും അകപ്പെട്ടവരാണ്. ഇത് ചരിത്ര സത്യമാണ്. ഫിര്‍ഔനിന്റെ കൂട്ടരെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ''എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്റെ പക്കല്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 7:131).

തങ്ങളുടെ അടുക്കല്‍ വന്ന ദൂതന്മാരോട് ഒരു ജനത പറഞ്ഞത് ഇപ്രകാരമാണ്: ''അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു'' (ക്വുര്‍ആന്‍ 36:18,19).

സ്വാലിഹ് നബി(അ)യുടെ ജനതയെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ''അവര്‍ പറഞ്ഞു: നീ മൂലവും നിന്റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു'' (ക്വുര്‍ആന്‍ 27:47).

നബി ﷺ യുടെ കാലഘട്ടത്തിലുണ്ടായിരുന്ന അവിശ്വാസികളും ഒട്ടും വ്യത്യസ്തരല്ലായിരുന്നു.സ്വഫര്‍, ശവ്വാല്‍ മാസങ്ങളില്‍ വിവാഹം നടത്തല്‍ പോലുള്ളവ നല്ലതല്ലെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അത്തരം വിശ്വാസങ്ങള്‍ മൂഢധാരണകളാണെന്ന് നബി ﷺ ഉദ്‌ബോധിപ്പിച്ചു.

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്... അവിടുന്ന് ഇത് മൂന്ന് പ്രാവിശ്യം ആവര്‍ത്തിച്ചു''(അബൂദാവൂദ്).

'ലക്ഷണം നോക്കലില്ല' എന്നും ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിലുണ്ട്. നബി ﷺ ആഇശ(റ) യുമായി വീട് കൂടിയത് ശവ്വാലിലായിരുന്നു. അബൂസലമ(റ) സൈന്യത്തെ ബനൂഅസദിലേക്കും മുഹമ്മദ് ബ്‌നു മുസ്‌ലമയെ നജ്ദിലേക്കും നിയോഗിച്ചയച്ചതും നബി ﷺ ഖൈബറിലേക്ക് പുറപ്പെട്ടതും മുഹര്‍റംമാസത്തിലായിരുന്നു.

മുആവിയതുബ്‌നുല്‍ ഹകം(റഹി) പറയുന്നു: ''ഞാന്‍ പറഞ്ഞു: ഞങ്ങളില്‍ ശകുനം നോക്കുന്നവരുണ്ട് (അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?). നബി ﷺ പറഞ്ഞു: 'അത് അവരുടെ ഹൃദയങ്ങളിലുണ്ടാക്കുന്ന ചില തോന്നലുകളാണ്. അത് അവരെ (വിചാരിച്ച കാര്യങ്ങളില്‍ നിന്ന്) തടയാതിരിക്കട്ടെ'' (മുസ്‌ലിം).

ദുശ്ശകുനത്തിന്റെ പേരില്‍ ഒരു നല്ല കര്‍മവും ചെയ്യാതിരിക്കുക എന്നത് സത്യവിശ്വാസിക്ക് യോജിച്ചതല്ല എന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടും ഇക്കൂട്ടര്‍ ആ തെളിവുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലെങ്കില്‍ ഇവര്‍ എല്ലാവിധ ദുശ്ശകുന ചിന്തകള്‍ക്കെതിരിലും ശബ്ദിക്കുമായിരുന്നു.

മുസ്‌ലിയാര്‍ വീണ്ടും എഴുതുന്നു: ''ആശൂറാഅ് ദിനത്തില്‍ കര്‍ബലയില്‍ രക്തം ചിന്തപ്പെട്ടുവെന്നത് കൊണ്ട് ആ ദിവസത്തിന്റെ പുണ്യം ഇല്ലാതാകില്ല. അതു കാരണം ദുശ്ശകുനമോ നഹ്‌സിന്റെ ദിനമോ ആകുന്നില്ല'' (പേജ് 33).

ഇവിടെ സ്വാഭാവികമായും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്:

1. നഹ്‌സ് വാദത്തിനായി ഇതുവരെയും നടത്തിയ പ്രമാണ ദുര്‍വ്യാഖ്യാനങ്ങളുടെ വിധിയെന്ത്?

2. ഇസ്‌ലാമിക ചരിത്രത്തെ വളച്ചൊടിച്ചതിന്റെ അവസ്ഥയെന്ത്?

3. മതനിയമമല്ലാത്ത ഒന്നിനെ മതമാക്കി അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്ത്?

4. നബി ﷺ യുടെ മേല്‍ കളവ് പറഞ്ഞത് എന്തിനായിരുന്നു?

5. സ്വഹാബത്തിനെ കൂട്ടുപിടിച്ച് നഹ്‌സ് വാദം സ്ഥാപിക്കാന്‍ നോക്കിയതിലെ താല്‍പര്യമെന്ത്?

6. അറിവില്ലാത്തവരെ പറഞ്ഞ് പറ്റിച്ചതിന് പരിഹാരമെന്ത്?

7. അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ നിന്ന് ഇതിന്നായി കൂട്ടുപിടിച്ചവരുടെ നിരപരാധിത്വം തെളിയിക്കാന്‍ സമസ്ത തയ്യാറാകുമോ?

8. ദുശ്ശകുന വിശ്വാസം പറഞ്ഞും പഠിപ്പിച്ചും ജീവിച്ചിരുന്ന ശാലിയാത്തിയടക്കമുള്ള മുന്‍കാല നേതാക്കന്മാരെ സംബന്ധിച്ച് ഇവരുടെ നിലപാടെന്ത്?

9. ഈ വിശ്വാസം ഇസ്‌ലാമികമാണെന്ന ധാരണയില്‍ ജീവിച്ച് മരണപ്പെട്ടവരുടെ പരലോകത്തിലെ അവസ്ഥയെന്ത്?

10. നഹ്‌സ് സ്ഥാപിക്കാന്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ തിരുത്തുമോ അതോ പിന്‍വലിക്കുമോ?

ഹുസൈന്‍(റ)വിന്റെ പേരില്‍ ശിയാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജാറാഘോഷ പരിപാടികളെ മുമ്പ് സമസ്തക്കാര്‍ വാനോളം  പ്രശംസിച്ചെഴുതിയത് കാണുക:

''യാ ഹുസൈന്‍, യാ സിബ്ത്തന്നബി എന്ന് വിളിച്ച് മഖ്ബറക്കരികില്‍ തങ്ങളുടെ ആവശ്യങ്ങളും പ്രതിസന്ധികളും എണ്ണിപ്പറഞ്ഞു ചോദിക്കുകയാണ് ആയിരക്കണക്കിന് വിശ്വാസികള്‍. മുസ്‌ലിം ലോകം ആ തിരുസന്നിധിയില്‍ തീര്‍ക്കുന്ന പ്രവാചക സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ ഒന്നും അല്ലാതാവുന്നതുപോലെ തോന്നി. മൗലിദുകള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, നശീദകള്‍, സ്വലാത്തുകള്‍, ക്വുര്‍ആന്‍ പാരായണം, സിയാറത്ത്, പ്രാര്‍ത്ഥന തുടങ്ങി സജീവമായ മഖ്ബറയും പരിസരവും ഇപ്പോഴും മനസ്സില്‍ ഒരു ആത്മസംതൃപ്തിയുടെ ഇടമായി നിലകൊള്ളുകയാണ്'' (അല്‍ഇര്‍ഫാദ് മാസിക, 2009 ഡിസംബര്‍, പേജ്, 22).

സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി ബിദ്അത്തുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് അതില്‍ നിന്ന് പെട്ടെന്നൊന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ല. ദുശ്ശകുനവാദം മുഴുവനായും കര്‍ബലയുടെ പേരിലുള്ള കാട്ടിക്കൂട്ടലുകളും പാടെ വര്‍ജിക്കുവാന്‍ സമസ്ത തയ്യാറാകേണ്ടതുണ്ട്. അതില്‍ മൂടുറച്ച അണികളെ സത്യം ധരിപ്പിക്കാതെ ഞങ്ങള്‍ക്ക് അങ്ങനെയൊരു വാദവും വിശ്വാസവുമില്ല എന്ന് സംവാദവേദികളിലും മറുപടി പ്രസംഗങ്ങളിലും ഉയര്‍ത്തിപ്പിടിച്ചുകാണിക്കാനുള്ള തെളിവിനായി മാത്രം സ്വന്തം പ്രസിദ്ധീകരണത്തില്‍ നിഷേധരൂപത്തില്‍ ലേഖനമെഴുതിയതുകൊണ്ട് കാര്യമില്ല.

അല്ലാഹു പറയുന്നു: ''നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 2:159,160).