ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ? - ഭാഗം: 3

മൂസ സ്വലാഹി, കാര

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

ശിയായിസം പേറുന്ന ബറേല്‍വികളെയും സമസ്തയെയും അഹ്‌ലുസ്സുന്നയെന്ന് വിധിച്ച് മറ്റുള്ളവരെല്ലാം കടുത്ത മതവിരോധികളും പുത്തന്‍ വാദികളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ 2019 ജൂലൈ ലക്കം 'സുന്നത്ത്' മാസികയില്‍ ഒരു മുസ്‌ലിയാര്‍ കാണിച്ച ചില വാചകക്കസര്‍ത്തുകളെക്കുറിച്ച് കഴിഞ്ഞ രണ്ടുലക്കങ്ങളില്‍ നാം വിശദീകരിച്ചു.

വിശദീകരണം അനിവാര്യമായ ചില വിമര്‍ശനങ്ങള്‍ കൂടി ബാക്കിയുണ്ട്. ശിയായിസത്തിന്റെ വിശ്വാസാചാരങ്ങള്‍ ഏറ്റുപിടിക്കുന്നവരാണ് ഇരുവിഭാഗവും. ഇപ്പോള്‍ സമസ്ത കുടുങ്ങിയ കുരുക്കില്‍ നിന്നും ഊരിച്ചാടാന്‍ കണ്ടെത്തിയ അടവുനയമാണ് ശിയാക്കളെ പിഴച്ചവരായി പ്രഖ്യാപിക്കുക എന്നത്. സമസ്ത പുതുതായി പുറത്തിറക്കുന്ന ഏത് അന്ധവിശ്വാസത്തിന്റെ പിന്നിലും ശിയാക്കളുടെ ഇടപെടലുണ്ടെന്ന് വിശ്വാസി സമൂഹം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നുണ്ട് എന്ന ബോധ്യമാണ് ഇതിന്റെ പ്രധാന കാരണം.

ലേഖകന്‍ എഴുതുന്നു: ''സുന്നികള്‍ പൊതുവെയും വിശിഷ്യാ ബറേല്‍വികളും ബ്രിട്ടീഷുകാര്‍ക്കെതിരില്‍ യുദ്ധം ചെയ്യുന്നതിന് എതിരായിരുന്നുവെന്നും ദേവബന്ദികളും വഹാബികളുമാണ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്തതെന്നുമുള്ള പ്രചരണവും വസ്തുതക്ക് നിരക്കാത്ത ആരോപണം മാത്രമാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനും വൈദേശിക വിരുദ്ധ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ മമ്പുറം സയ്യിദ് അലവി തങ്ങള്‍, വെളിയംകോട് ഉമര്‍ ഖാളി, ആലി മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ അഹ്‌ലുസ്സുന്നയുടെ അമരക്കാരായിരുന്നു'' (പേജ്: 41).

തങ്ങളുടെ വികൃതമുഖം മറച്ചുവെക്കുവാന്‍ സലഫികളെ കുത്തിനോവിക്കുക എന്നത് സമസ്തയുടെ പതിവു ശീലമാണ്. ഇത്രയും വലിയ നുണകള്‍ എഴുതിപ്പിടിപ്പിച്ചത്  'ഉള്‍ഭയം' ഒന്ന് കൊണ്ട് മാത്രമാണ്. ബ്രിട്ടീഷുകാരുടെ തലോടലേറ്റ് വളര്‍ന്ന സമസ്തയുടെ പുതുതലമുറക്കേ ഇങ്ങനെയൊക്കെ പറഞ്ഞൊപ്പിക്കാന്‍ കഴിയൂ. ചരിത്ര സത്യങ്ങള്‍ മായ്ച്ചാലും മായില്ല എന്നതാണ് ഏക ആശ്വാസം. ബ്രിട്ടീഷുകാരുടെ പിണിയാളുകളും സ്വാതന്ത്ര്യസമരത്തിന് എതിരുനിന്നവരും ആയിരുന്നു സമസ്തക്കാര്‍ എന്ന് അവര്‍ തന്നെ എഴുതിയ ഈ വരികള്‍ തെളിയിക്കുന്നു:

''ശംസുല്‍ ഉലമ ഖുത്ബിയും ബ്രിട്ടീഷുകാര്‍ക്കെതിരിലുള്ള സ്വാതന്ത്ര്യസമരം ശരിയല്ലെന്ന വീക്ഷണക്കാരനായിരുന്നു. സൂറത്തുല്‍ മാഇദയിലെ 83ാം ആയത്തുദ്ധരിച്ച് കൊണ്ടായിരുന്നു ദീര്‍ഘവീക്ഷണമുള്ള ആ പണ്ഡിതന്‍ ബ്രിട്ടീഷുകാര്‍ തന്നെ രാജ്യം ഭരിക്കുന്നതാണ് നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനെക്കാള്‍ ഭേദമെന്നു സമര്‍ഥിച്ചിരുന്നത്'' (ബുല്‍ബുല്‍ ദശവാര്‍ഷികപ്പതിപ്പ്, പേജ്,195).

''ബ്രിട്ടീഷുകാരോടു സമരം നടത്തി അവരെ കെട്ടുകെട്ടിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിക്കലും അനിവാര്യമാണെന്നു വാദിക്കുന്ന കുറേ മൗലവിമാരുണ്ടായിരുന്നു. അതിനു വേണ്ടി പ്രസംഗിക്കുകയും എഴുതുകയും അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും ചെയ്തവര്‍. അവരിലധികപേരും അന്നത്തെ പരിഷ്‌കരണ ചിന്താഗതിക്കാരും യുവാക്കളായ പൊതുപ്രവര്‍ത്തകരും മലയാള കൃതികളും മറ്റും വായിക്കുന്നവരുമായിരുന്നു'' (ബുല്‍ബുല്‍ ദശവാര്‍ഷികപ്പതിപ്പ്, പേജ്: 199).

സമസ്ത ഊര്‍ജം കളഞ്ഞത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണോ അതല്ല ബ്രിട്ടീഷുകാരുടെ സേവകരാകാനാണോ എന്നത് ഈ ഉദ്ധരണികളില്‍നിന്നു തന്നെ വായനക്കാര്‍ക്ക് എളുപ്പത്തില്‍ ബോധ്യമാകും. കേരളത്തിനകത്തും പുറത്തും  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സലഫി പണ്ഡിതന്മാര്‍  സത്യസന്ധയോടെ പ്രയത്‌നിച്ചതിന്റെ രേഖകള്‍ ഇന്നും അവശേഷിക്കുന്നവയാണ്. ലേഖകന്‍ എണ്ണിപ്പറഞ്ഞവര്‍ക്ക് 1926ല്‍ ലോഗന്‍ സായിപ്പിന്റെ 'മിത്രം' വരക്കല്‍ മുല്ലക്കോയ തങ്ങള്‍ രൂപീകരിച്ച സമസ്തയുമായി എന്ത് ബന്ധമാണുള്ളത്? സ്വാതന്ത്ര്യസമര രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളെയെല്ലാം സമസ്തയുടെ അക്കൗണ്ടില്‍ എഴുതിവെക്കാമെന്നത് വ്യാമോഹം മാത്രമാണ്.

ലേഖകന്‍ എഴുതുന്നു: ''ഖാദിയാനികള്‍ക്കും ശിയാക്കള്‍ക്കുമെതിരെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചവരാണ് ബറേലി പണ്ഡിതന്മാര്‍. ഖബറിനും വ്യക്തികള്‍ക്കും മുമ്പില്‍ ആരാധനാരൂപത്തിലല്ലാതെ കേവല ആദരവ് പ്രകടിപ്പിച്ചുകൊണ്ടു പോലും സുജൂദ് ചെയ്യുന്നത് നിഷിദ്ധമാണെന്ന് മുസ്‌ലിം പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചവരാണ് അവര്‍'' (പേജ്: 42).

ഈ എതിര്‍പ്പിന്റെ വരികള്‍ കാപട്യം മാത്രമാണ്. ശിയാക്കളുടെ ആദര്‍ശം ഇവര്‍ എത്രമാത്രം നെഞ്ചേറ്റുന്നു എന്നതിന് തെളിവായി അവരുടെ വാക്കുകള്‍ തന്നെ കാണുക: ''യാഹുസൈന്‍, യാ സിബ്ത്തന്നബി എന്ന് വിളിച്ച് മഖ്ബറക്കരികില്‍ തങ്ങളുടെ ആവശ്യങ്ങളും പ്രതിസന്ധികളും എണ്ണിപ്പറഞ്ഞു ചോദിക്കുകയാണ് ആയിരക്കണക്കിന് വിശ്വാസികള്‍. മുസ്‌ലിം ലോകം ആ തിരുസന്നിധിയില്‍ തീര്‍ക്കുന്ന പ്രവാചക സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ ഒന്നും അല്ലാതാവുന്നതുപോലെ തോന്നി. മൗലിദുകള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, നശീദകള്‍, സ്വലാത്തുകള്‍, ക്വുര്‍ആന്‍ പാരായണം, സിയാറത്ത്, പ്രാര്‍ത്ഥന തുടങ്ങി സജീവമായ മഖ്ബറയും പരിസരവും ഇപ്പോഴും മനസ്സില്‍ ഒരു ആത്മസംതൃപ്തിയുടെ ഇടമായി നിലകൊള്ളുകയാണ്'' (അല്‍ഇര്‍ഫാദ് മാസിക, 2009 ഡിസംബര്‍, പേജ്: 22).

മുഹര്‍റം മാസത്തില്‍ മലപ്പുറം മുട്ടിപ്പടിയിലുള്ള എ.പി വിഭാഗം സമസ്തക്ക് കീഴിലെ കേന്ദ്രത്തില്‍ ഹുസൈന്‍(റ)വിന്റെ ആണ്ട് ഇപ്പോഴും നടന്ന്‌വരുന്നു എന്നതും ഇവരുടെ ശിയാപ്രേമം വെളിവാക്കുന്നതാണ്. ഇരുവിഭാഗവും തമ്മിലുള്ള ആദര്‍ശപരമായ യോജിപ്പിനെക്കുറിച്ചും ഇവര്‍ തന്നെ എഴുതുന്നു:

''അഖീദയുടെ കാര്യത്തില്‍ രണ്ടും തമ്മില്‍ അന്തരമുണ്ടെങ്കിലും പരസ്പരം കടിച്ചുകീറുന്ന അവസ്ഥ ഒട്ടുമേയില്ല. അഖീദയിലെ സുന്നികളും ശിയാക്കളും തമ്മിലുള്ള അന്തരം നിലനില്‍ക്കെ തന്നെ അതിശക്തമായി വഹാബികള്‍ ശിര്‍ക്കാരോപണത്തിന് സുന്നികളെ കരുവാക്കുന്ന തവസ്സുല്‍, ഇസ്തിഗാസ, റസൂലുല്ലാഹി ﷺ മിന്റെ ഇസ്മത്ത്, എന്നിങ്ങനെയുള്ള വിഷയങ്ങളിലൊക്കെ സുന്നീ ശിയാ സാധര്‍മ്യം വളരെ കൂടുതലുമാണ്'' (സത്യധാര, 2015 ഡിസംബര്‍ 1-15, പേജ്: 18).

ഇ.കെ വിഭാഗം സമസ്തയുടെ കീഴില്‍ ചെമ്മാട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന് ഇറാനിലെ പ്രമുഖ ശിയാ സ്ഥാപനങ്ങളുമായുള്ള അടുത്ത ബന്ധവും അവിടുത്തെ ശിയാ പണ്ഡിതരെ തുടരെത്തുടരെ സമസ്തയുടെ നേതാക്കള്‍ സന്ദര്‍ശിക്കുന്നതും രഹസ്യമല്ല. അന്ധവിശ്വാസങ്ങളില്‍ കൈകോര്‍ത്ത് മുന്നേറുന്ന ഇവര്‍ക്കെങ്ങനെ പരസ്പരം എതിരാളികളാകാന്‍ കഴിയും?

ലേഖകന്‍ എഴുതുന്നു: ''അതായത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നവരാണ് എക്കാലത്തും സുന്നി മുസ്‌ലിംകള്‍. ദേവ്ബന്ദി, വഹാബി, ജമാഅത്തെ ഇസ്‌ലാമി, സലഫി തുടങ്ങിയ ഉല്‍പതിഷ്ണുക്കള്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നവരും രാജ്യത്തെ മുഴുവന്‍ അമുസ്‌ലിംകളെയും ശത്രുക്കളുടെ ഗണത്തില്‍ പെടുത്തി അവരെ അക്രമിക്കാനും അവരുടെ സ്വത്ത് അപഹരിക്കാനും രഹസ്യമായോ പരസ്യമായോ പദ്ധതികള്‍ അസൂത്രണം ചെയ്യുന്നവരാണ്'' (പേജ്: 42).

ലേഖകന്റെ മനസ്സിലെ വിഷം പതഞ്ഞൊഴുകുന്നതായി ഈ വരികളില്‍ കാണാം. എത്ര കടുത്ത ആരോപണമാണ് ടിയാന്‍ ഉന്നയിച്ചിരിക്കുന്നത്! മാപ്പര്‍ഹിക്കാത്ത അപരാധം. രാജ്യത്തിന്റെ വര്‍ത്തമാനകാല അവസ്ഥകളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത അവിവേകിയുടെ വാക്കുകള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സമയവും സന്ദര്‍ഭവും നോക്കാതെ എന്തും വിളിച്ചു പറയുന്ന അദ്ദേഹത്തെ പോലെ തരംതാഴാന്‍ നമുക്ക് കഴിയില്ലല്ലോ.

കേരളത്തിലെ ഉല്‍പതിഷ്ണുക്കളായ മുസ്‌ലിംകള്‍ സമസ്തക്കാരെ പോലെ അന്യമത വിശ്വാസങ്ങളും ആചാരങ്ങളും കടംകൊള്ളുന്നില്ല എന്നേയുള്ളൂ; അവരോട് സ്‌നേഹത്തിലും സൗഹാര്‍ദത്തിലും  ഇടപഴകുന്നതിലും മാനുഷികമായ ബന്ധം പുലര്‍ത്തുന്നതിലും സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും അവര്‍ മുന്‍പന്തിയില്‍ തന്നെയാണ്. അന്യമതസ്ഥരെ ശത്രുക്കളായി കാണരുത് എന്ന് പഠിപ്പിക്കുന്നവരാണ്. നന്മയിലും പുണ്യത്തിലും പരസ്പരം സഹകരിക്കുവാനാണ് അല്ലാഹു കല്‍പിക്കുന്നത്. ആ കല്‍പന ശിരസ്സാ വഹിക്കുന്നവരാണ് സലഫികള്‍. എന്നിരിക്കെ ഇതര മുസ്‌ലിം സംഘടനകളില്‍ പെട്ടവരോട് പോലും അറപ്പും വെറുപ്പും ശത്രുതയും കാണിക്കുന്ന ഇവര്‍ക്ക് ധാര്‍മികമായ എന്ത് അവകാശമാണുള്ളത് സലഫികളില്‍ അന്യമതവിരോധം ആരോപിക്കാന്‍?

ലേഖകന്‍ തുടരുന്നു: ''നബി ﷺ യോട് സഹായാഭ്യര്‍ത്ഥന നടത്തുന്നത് അനുവദനീയമാണെന്ന വിശ്വാസക്കാരാണ് ഞങ്ങള്‍. തിരുനബി ﷺ ക്ക് അദൃശ്യജ്ഞാനമുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു പ്രവാചകത്വത്തിന്റെ അടിസ്ഥാനം തന്നെ അദൃശ്യജ്ഞാനമാണ്'' (പേജ്: 43).

ബറേല്‍വികളും സമസ്തയും ഒരു പോലെ വിശ്വസിച്ചാചരിച്ച് പോരുന്ന കാര്യത്തെ സംബന്ധിച്ചാണ് മുസ്‌ലിയാര്‍ ഈ പറഞ്ഞിരിക്കുന്നത്. നബി ﷺ യോട് സഹായമര്‍ഥിക്കാം, നബി ﷺ ക്ക് എപ്പോഴും അദൃശ്യമറിയും, പ്രവാചകത്വത്തിന്റെ അടിസ്ഥാനം അദൃശ്യജ്ഞാനമാണ് എന്നീ മൂന്ന് പിഴവുകളാണ് പ്രധാനമായും ഇതിലുള്ളത്. അടിസ്ഥാനരഹിതമാണിതെല്ലാം. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സഹായിക്കുക എന്നത് അല്ലാഹുവിന്റെ മാത്രം കഴിവായതിനാല്‍ അത്തരം സഹായതേട്ടങ്ങള്‍ അല്ലാഹുവിനോട് മാത്രമേ ആകാവൂ.  

''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5). ഇതാണ് നബി ﷺ  പഠിപ്പിച്ചത്. ഇത് വിശ്വാസികളുടെ പ്രതിജ്ഞയും പ്രഖ്യാപനവുമാണ്. അല്ലാഹു മാത്രമാണ് അദൃശ്യജ്ഞാനി.  അല്ലാഹു പറയുന്നു:

''അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ(ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 72:26,27).

അല്ലാഹു പറയുന്നതിന് വിപരീതമായി ഇവര്‍ നബി ﷺ ക്ക് സദാ അദൃശ്യജ്ഞാനമുണ്ടെന്ന് വാദിക്കുന്നു. 'അദൃശ്യജ്ഞാനപ്പട്ടം' നബി ﷺ ക്ക് മാത്രമല്ല എല്ലാ നബിമാര്‍ക്കും ഔലിയാക്കള്‍ക്കും ചാര്‍ത്തിക്കൊടുക്കുന്ന സ്വഭാവമാണ് ഇവര്‍ക്കുള്ളത്. ഒരു ഉദാഹരണം കാണുക: ''അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പര്യപ്രകാരം മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചു കൊടുക്കുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്‌ലാമിലെ പരിഷ്‌കരണവാദികള്‍ ഇത് നിഷേധിക്കുന്നു'' (സുന്നത്ത് ജമാഅത്ത്, സുലൈമാന്‍ സഖാഫി, പേജ്: 56).

നുബൂവ്വത്തിന്റെ ലക്ഷ്യം അദൃശ്യജ്ഞാനമാണെന്ന് പ്രമാണങ്ങളിലില്ല. അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുവാനാണ് ഇവര്‍ അദൃശ്യജ്ഞാനം ആയുധമാക്കുന്നത്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ. (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65).

ലേഖകന്‍ എഴുതുന്നു: ''ബറേലിയിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള അസ്ഹരി ഗസ്റ്റ്ഹൗസിനുള്ളില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ഖബറിടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന അല്ലാമയുടെ ദര്‍ഗ സിയാറത്തിനായി പണ്ഡിതന്മാരുടെയും ശിഷ്യന്മാരുടെയും ഇഷ്ടജനങ്ങളുടെയും തിരക്കാണ്'' (പേജ്: 43).

ക്വബ്ര്‍ പൂജക്കും ആരാധനക്കും പ്രേരണയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളോട് ഇസ്‌ലാമിന് ബന്ധമില്ല. 'നബി ﷺ യുടെ ക്വബ്ര്‍ ഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടതായി ഞാന്‍ കണ്ടു' എന്ന് ജാബിര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

സ്വഹാബത്തിന്റെ നിലപാടും ഈ വിഷയത്തില്‍ വ്യക്തമാണ്. 'അബുല്‍ ഹയ്യാജ് അല്‍അസദി(റ) വില്‍ നിന്ന് നിവേദനം;  അലി(റ) എന്നോട് പറഞ്ഞു: ''നബി ﷺ  എന്നെ നിയോഗിച്ച അതേ കാര്യങ്ങള്‍ക്കു വേണ്ടി നിന്നെ ഞാന്‍ നിയോഗിക്കുന്നു. ഒരു സ്തൂപവും നീ നശിപ്പിക്കാതെ ഒഴിവാക്കരുത്. കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതെയും വിടരുത്''(മുസ്‌ലിം).

ഞങ്ങള്‍ കറകളഞ്ഞ ശാഫിഈ മദ്ഹബുകാരാണെന്ന് പെരുമ്പറയടിച്ച് നടക്കുന്നവര്‍ക്ക് ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി ദര്‍ഗകളാക്കുന്നതിന് ശാഫിഈ മദ്ഹബിന്റെ പിന്തുണയില്ല എന്നതാണ് വസ്തുത. ഇമാം ശാഫിഈ(റ) പറയുന്നു: ''മക്കയിലെ ഭരണാധികാരികള്‍ അവിടുത്തെ ക്വബ്‌റുകളിന്മേല്‍ നിര്‍മിച്ചവ പൊളിച്ചുകളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മക്കയിലെ ഒരു പണ്ഡിതനും അതിനെ ആക്ഷേപിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല'' (അല്‍ ഉമ്മ്, വാള്യം: 1, പേജ്: 463,464).

ഇബ്‌നു ഹജറുല്‍ ഹൈതമി പറയുന്നു: ''കെട്ടിപ്പൊക്കിയ ക്വബ്‌റുകളും അതിന്മേലുള്ള ഖുബ്ബകളും പൊളിച്ചുനീക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് മസ്ജിദുള്ളിറാറിനെക്കാള്‍ (കപട വിശ്വാസികളുടെ പള്ളി) അപകടം പിടിച്ചതാണ്. (ഇത്തരം ജാറങ്ങളും ഖുബ്ബകളും) നിര്‍മിക്കപ്പെട്ടത് നബി ﷺ യുടെ കല്‍പന ധിക്കരിച്ചു കൊണ്ടാണ്. നിശ്ചയം നബി ﷺ  അതിനെ വിലക്കുകയും ഉയര്‍ന്നു നില്‍ക്കുന്ന ക്വബ്‌റുകളെ തട്ടിനിരപ്പാക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്'' (അസ്സവാജിര്‍, വാള്യം: 1, പേജ്: 148,149).

ബറേല്‍വികള്‍ ക്വബ്‌റാരാധകരല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്റെ ലേഖനത്തിലൂടെ മുസ്‌ലിയാര്‍ ശ്രമിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഇവര്‍ നേതാവിന്റെ ക്വബ്ര്‍ ദര്‍ഗയാക്കി സന്ദര്‍ശന കേന്ദ്രമാക്കിയിരിക്കുന്നത്? മുന്‍ഗാമികളില്‍ ഇതിന് ശരിയായ വല്ല മാതൃകയുമുണ്ടോ? പ്രമാണങ്ങളില്‍ നിന്ന് മതിയായ തെളിവ് കൊണ്ടുവരാമോ? ഒരു മാതൃകയുമില്ല, ഒരു തെളിവും കാണിക്കാനും സാധ്യമല്ല.