സഅ്‌സഅത്ബ്‌നു നാജിയയുടെ കഥ; മനുഷ്യത്വത്തിന്റെയും

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

ഒരാള്‍ തകൃതിയായി ഭൂമിയില്‍ കുഴിയെടുക്കുകയാണ്. തൊട്ടടുത്ത് മുലകുടിപ്രായത്തിലുള്ള ഒരു കുഞ്ഞ് പിടഞ്ഞു കരയുന്നു. കുറച്ചകലെ ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരിക്കുന്നു. ഈ സങ്കടരംഗത്തേക്ക് വഴിപോക്കനായിരുന്ന സഅ്‌സഅത്ബ്‌നു നാജിയ കടന്നുവന്നു. കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീയോട് അദ്ദേഹം കാര്യം തിരക്കുന്നു. തകൃതിയില്‍ കുഴിയെടുക്കുന്ന പുരുഷനെ ചൂണ്ടി 'എന്റെ ഭര്‍ത്താവ് പട്ടിണി പേടിച്ചു എന്റെ പെണ്‍കുഞ്ഞിനെ കുഴിയിലിട്ടു മൂടാന്‍ പോവുകയാണ്'-സ്ത്രീയുടെ വിലാപം! 

ഇതു കേട്ട സഅ്‌സഅത് ആശ്ചര്യത്തോടെ പറഞ്ഞു: 'ആ കുഞ്ഞിനെ വെറുതെ വിട്ട് പകരം എന്നെ ആ കുഴിയിലിട്ട് മൂടുക. അതാണു എനിക്കേറ്റവും സഹനീയം.' 

സഅ്‌സഅത് കുഞ്ഞിന്റെ പിതാവിന്നടുത്തെത്തി. അന്നേരം ആ മനുഷ്യന്‍ പറഞ്ഞു: 'അവള്‍ക്ക് ആഹാരം കൊടുക്കാന്‍ എന്റെ കൈവശമൊന്നുമില്ല. ഒരു ആണ്‍കുട്ടിയായിരുന്നുവെങ്കില്‍ അവന്റെ ഓരം ചാരി എനിക്ക് ജീവിതത്തില്‍ കരുത്താര്‍ജിക്കാമായിരുന്നു.' 

ഉടനെ സഅ്‌സഅത് ഇടപെട്ടു. ഒരു ആണൊട്ടകത്തെയും രണ്ടു പെണ്ണൊട്ടകങ്ങളെയും നല്‍കി ആ പെണ്‍കുട്ടിയെ മോചിപ്പിച്ചു. ഇത്തരത്തില്‍ ഏകദേശം 300 ഓളം പെണ്‍കുഞ്ഞുങ്ങളെ തന്റെ ജീവിതകാലത്ത് മരണക്കുഴിയില്‍ നിന്ന് അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. അങ്ങനെ 'ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന പെണ്‍കുട്ടികളുടെ മോചകന്‍' എന്ന പേര് അദ്ദേഹത്തിന് ലഭിച്ചു. 

ഈ മാനുഷിക വിനിമയത്തില്‍ അദ്ദേഹത്തിന്റെ സമ്പത്തെല്ലാം തീര്‍ന്നു പോയി, അദ്ദേഹം പാപ്പരായി. ഈയിടക്കാണ് പ്രവാചക നിയോഗത്തിന്റെ കാഹളം മുഴങ്ങുന്നത്. അദ്ദേഹം പ്രവാചക സന്നിധിയിലെത്തി ഇസ്‌ലാം മതം സ്വീകരിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ പ്രവാചകനെ ഒട്ടിച്ചേര്‍ന്നു നിന്ന് ഒരു കര്‍മഭടനായി സഅ്‌സഅത് നിലയുറപ്പിച്ചു. 

അദ്ദേഹത്തിന്റെ പൗത്രനാണ് പ്രസിദ്ധ ഇസ്‌ലാമികകാല കവി 'ഫറസ്ദക്.' പിതാമഹന്റെ അഭിധാനം പാടിപ്പുകഴ്ത്തുന്ന കവിതകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.