അങ്ങനെ, ബാഗ്ദാദി വീണ്ടും കൊല്ലപ്പെട്ടു!

പി.വി.എ പ്രിംറോസ്

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

പുതിയാപ്പിള സല്‍ക്കാരത്തിനായി മാറ്റിവെച്ച അറവുകോഴികളുടെ അവസ്ഥയാണ് ഭീകരവാദി നേതാക്കളുടെ ജീവന്. കുടുംബത്തില്‍ സന്തോഷമുണ്ടായാല്‍, പ്രയാസം തീര്‍ക്കാന്‍, വിരുന്നുകാര്‍ വന്നാല്‍, അതിര്‍ത്തി തര്‍ക്കത്തില്‍ ആരെങ്കിലും മധ്യസ്ഥത്തിന് വന്നാല്‍... എല്ലാം ചാവേണ്ടത് തീറ്റിപ്പോറ്റിവളര്‍ത്തിയ പാവം കോഴികള്‍ തന്നെ!

പതിവ് പോലെ കൊടുംഭീകരന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. ഇക്കൊല്ലം മാത്രം നാലാമത്തെ തവണയാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത് എന്നാണ് ഓര്‍മ. പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ലാദനെ എട്ടുവര്‍ഷം മുമ്പ് അമേരിക്കന്‍ ഇലക്ഷന്‍ സമയത്ത് പിടികൂടി വധിച്ച 'ഓപ്പറേഷന്‍ ജെറോനിമോ'യെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആസന്നമായ പൊതുതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സിറിയ-തുര്‍ക്കി അതിര്‍ത്തിപ്രദേശമായ ഇദ്‌ലിബില്‍ ട്രംപിന്റെ ഡെല്‍റ്റാഫോഴ്‌സ് നടത്തിയ സൈനികനടപടി. ബാഗ്ദാദിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിലേക്ക് സൈന്യം മിസൈല്‍ വര്‍ഷിച്ചെന്നും പരിശീലനം സിദ്ധിച്ച നായ്ക്കളോടൊപ്പം ഊര്‍ന്നിറങ്ങിയെന്നും ബാഗ്ദാദിയും കുടുംബവും തുരങ്കത്തിലേക്ക് ഭയന്നോടിയെന്നും അവസാനം സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിച്ച് ഭാര്യമാരോടും കുട്ടികളോടുമൊപ്പം ആത്മഹത്യ ചെയ്‌തെന്നും പതിനഞ്ച് മിനിറ്റിനുള്ളില്‍ അവിടെ വെച്ച് തന്നെ ഡി.എന്‍.എ ടെസ്റ്റ് നടത്തി ബാഗ്ദാദിയാണെന്ന് സ്ഥിരീകരിച്ച് മൃതദേഹം നശിപ്പിച്ചെന്നുമുള്ളവാങ്മയ വര്‍ണനകള്‍ മീഡിയക്ക് മുമ്പില്‍ ട്രംപ് നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഹോളിവുഡ് സിനിമയുടെ വിവരണം പോലെയായിരുന്നു പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമിലിരുന്ന് 'വ്യക്തമായി കണ്ട' ഈ ദൃശ്യങ്ങള്‍ മീഡിയയക്ക് മുമ്പില്‍ വിശദീകരിക്കുമ്പോള്‍ പക്ഷെ, ഒബാമയുടെ അത്ര കൃത്യമായി പത്രക്കാരോട് പ്രതികരിക്കാന്‍ ട്രംപ് മിടുക്ക് കാണിച്ചില്ല. ഇത്ര ദൃശ്യമിഴിവോടെ എങ്ങനെയിത് ചിത്രീകരിച്ചു എന്ന പത്രക്കാരുടെ ചോദ്യത്തിന് മാത്രമല്ല, ഇതിന് സഹായം നല്‍കിയെന്ന് അദ്ദേഹം അവകാശപ്പെട്ട റഷ്യന്‍ സൈന്യത്തിന്റെ സഹായത്തെ അവിടുത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇഗോര്‍ കൊനാഷെന്‍ കോവ് തള്ളിക്കളഞ്ഞതിനോട് വരെ പ്രതികരിക്കാന്‍ ട്രംപ് തയ്യാറായതുമില്ല.

മിസൈലിട്ട് കൊലപ്പെടുത്തിയാല്‍ കൊല്ലപ്പെട്ടത് തീവ്രവാദി നേതാവാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കാനായി, കഷ്ടപ്പെട്ട് വെടിവെച്ച് പിടിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് ഇവരുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തി. വൈറ്റ്ഹൗസല്ലാതെ മറ്റാരും മൃതദേഹം കാണരുതെന്ന നിര്‍ബന്ധബുദ്ധി ഉള്ളതുകൊണ്ടുതന്നെയാവാം ലാദന്റെ ശരീരം കടലില്‍ താഴ്ത്തിയതു പോലെ ബാഗ്ദാദിയുടെതും മറ്റാ ര്‍ക്കും കാണാന്‍ കഴിയാത്ത വിധം നശിപ്പിച്ച് കളഞ്ഞത്രെ!

തിരക്കഥകള്‍ എന്തായിക്കൊള്ളട്ടെ സമൂഹത്തിനാകെ, വിശിഷ്യാ മുസ്‌ലിംകള്‍ക്കൊട്ടാകെവ്യാപകാര്‍ഥത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ 'കഥ തീര്‍ന്നു'. ലോകത്തെയൊട്ടാകെ അരാജകത്വത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിട്ട വെറുപ്പിന്റെ എപ്പിസോഡ് അങ്ങനെ ഇല്ലാതായി. സന്തോഷം!

ലോകക്രമത്തിന്റെ ഭാവിയെ കുറിച്ചുള്ള അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടിന്റെ പ്രവചന ചിത്രീകരണത്തിന്റെ ഭാഗമായി 'പുതിയ ഖിലാഫത്തിനെ കുറിച്ചുള്ള കെട്ടുകഥാപരമായ സംഭവവിവരണം' എന്ന ഉപശീര്‍ഷകത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഐസിസ് പോലെയുള്ള ഒരു തീവ്രവാദ കക്ഷിയെകുറിച്ചും അവരുടെ പേരില്‍ ഉയര്‍ന്നു വരാനുള്ള ഖലീഫയെ കുറിച്ചും അത് മൂലമുണ്ടാവുന്ന ലോക ഛിദ്രതയെ കുറിച്ചുമെല്ലാം ലോകപ്പോലീസ് പറഞ്ഞു വെച്ചിരുന്നു. അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പോയാല്‍ വായിക്കാന്‍ കഴിയുന്ന പ്രസ്തുത കുറിപ്പിനൊടുവില്‍ 'ശുഭം' എന്നെഴുതിച്ചേര്‍ക്കാന്‍ സമയമായി എന്ന് സമാധാനിക്കാം. പക്ഷെ, അപ്പോഴും ഭയപ്പെടുത്തുന്നത് ഇനിയെന്ത് എന്ന് ചോദ്യമാണ്. ലോക ഇസ്‌ലാമോഫോബിയയും രാജ്യങ്ങളും സാമ്രാജ്യത്വ ശക്തികളും ഹാല്ലി ബര്‍ട്ടണ്‍ പോലുള്ള ആയുധക്കമ്പനികളും നിലനില്‍ക്കുന്ന കാലത്തോളം ഒരു പൊതുശത്രു ആവശ്യമാണല്ലോ, അതാരാവും? കൊല്ലാനാണെങ്കിലും ഒരു തീവ്രവാദി കൂടി ഇനിയും 'ജനിക്കാതിരിക്കട്ടെ' എന്ന് നമുക്ക് പ്രാര്‍ഥിക്കാം.