വാല് മുറിഞ്ഞ കുറുക്കന്മാരും ക്വബ്ര്‍സ്ഥാനിലെ നായയും

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

മുമ്പൊരിക്കല്‍ ഉരുണ്ടുവീണ കല്ലിന്നടിയില്‍ കുടുങ്ങി ഒരു കുറുക്കന്റെ വാല്‍ മുറിഞ്ഞുപോയി. ഇത് കണ്ട മറ്റൊരു കുറുക്കന്‍ വാല് മുറിഞ്ഞ കുറുക്കനോട് ചോദിച്ചു: ''എന്തേ നീ വാല്‍ മുറിച്ചുകളഞ്ഞത്?''

''അതോ? എന്താണിപ്പോഴെന്റെ സുഖമെന്നറിയാമോ! എനിക്കിപ്പോള്‍ വായുവില്‍ പാറിനടക്കുന്ന പോലെ അനുഭവപ്പെടുന്നു. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി'' മറ്റേ കുറുക്കന്‍ പറഞ്ഞു.

ഇത് കേട്ട വാലുള്ള കുറുക്കനും തന്റെ വാല്‍ ഛേദിച്ചു! എന്നാല്‍ ആശിച്ച സുഖം ലഭിച്ചില്ല, കഠിന വേദന കൊണ്ട് നിവര്‍ന്നു നില്‍ക്കാനും വയ്യ. 

''നീ എന്തിനെന്നോട് കളവു പറഞ്ഞു?'' കുറുക്കന്‍ ആവലാതിപ്പെട്ടു.

ആദ്യം വാല്‍മുറിഞ്ഞ കുറുക്കന്‍ രണ്ടാമനെ ഗുണദോഷിച്ചു: ''നിന്റെ വേദനയും അലോസരങ്ങളുമൊന്നും  മറ്റു കുറുക്കന്മാരുമായി പങ്കുവെച്ച് പോകരുത്. അവരൊന്നും പിന്നെ വാലുമുറിക്കാന്‍ തയ്യാറാവില്ല; എന്ന് മാത്രമല്ല നമ്മെ അവര്‍ വല്ലാതെ പരിഹസിക്കുകയും ചെയ്യും!'' 

രണ്ടു കുറുക്കന്മാരും കൂടി കാണുന്ന മറ്റു കുറുക്കന്മാരോടൊക്കെ (ഉള്ളില്‍ നൊമ്പരം പതയുന്നുവെങ്കിലും) വാല് മുറിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന സുഖത്തെയും അനുഭൂതിയെയും കുറിച്ച് വാചാലമായി വിളിച്ച്പറഞ്ഞപ്പോള്‍ ഭൂരിപക്ഷം കുറുക്കന്മാരും കെണിയില്‍ വീണു വാലില്ലാത്തവരായി. അതോടെ വാലുള്ള വല്ല കുറുക്കനെയും കണ്ടാല്‍ വാലില്ലാത്തവര്‍ പരിഹാസത്തോടു പരിഹാസം! വാലുള്ളവര്‍ക്കു കഴിഞ്ഞുകൂടാന്‍ പറ്റാത്ത സ്ഥിതി!

ഇപ്രകാരം തന്നെയാണ് മനുഷ്യസമൂഹത്തിന്റെ അവസ്ഥയും. അരാജകത്വവും അധര്‍മവും മേല്‍ക്കോയ്മ നേടിയ സമൂഹത്തില്‍ നല്ലവര്‍ക്ക് ജീവിക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവരും. അധര്‍മകാരികള്‍ നന്മയുള്ളവരെയൊക്കെ പരിഹസിക്കും. പമ്പര വിഡ്ഢികള്‍ എന്ന് മുദ്രകുത്തും.

കഅബ്(റഹി) പറയുന്നു: ''ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് സത്യവിശ്വാസികള്‍ അവരുടെ വിശ്വാസം കാരണം ആക്ഷേപിക്കപ്പെടും; ഇന്നിപ്പോള്‍ കൊള്ളരുതാത്തവന്‍ അവന്റെ തെമ്മാടിത്തരം കാരണം ആക്ഷേപിക്കപ്പെടുന്ന പോലെ. 'ഹോ, താങ്കള്‍ ഒരു വലിയ വിശ്വാസിയും പണ്ഡിതനുമാണല്ലേ' എന്ന് വരെ കളിയാക്കി ചോദിക്കും.''

 കുത്തഴിഞ്ഞ് ജീവിക്കുന്ന സമൂഹം നല്ല മനുഷ്യരെക്കുറിച്ച് പറയാന്‍ കുറ്റമൊന്നും കണ്ടെത്താന്‍ കഴിയാത്ത പക്ഷം, അവരിലെ ഏറ്റവും വലിയ ഗുണങ്ങളെടുത്തു പറഞ്ഞ് പരിഹസിക്കും! ലൂത്വ് നബി(അ)യുടെ ജനത പറഞ്ഞതോര്‍ക്കുക: 'ലൂത്വിന്റെ ആളുകളെ നിങ്ങളുടെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുക. അവര്‍ വലിയ പരിശുദ്ധന്മാരാണ്!'

ഒരു കഥ പറയട്ടെ: ഒരാള്‍ മുസ്‌ലിം ക്വബ്ര്‍സ്ഥാനില്‍ ഒരു നായയെ ക്വബ്‌റടക്കി. അപ്പോള്‍ ജനങ്ങള്‍ കോപാകുലരായി ജഡ്ജിയോട് പരാതിപ്പെട്ടു. ജഡ്ജി നായയെ കുഴിച്ചിട്ടവനെ വിളിച്ചുവരുത്തി മുസ്‌ലിം ശ്മശാനത്തില്‍ നായയെ കുഴിച്ചിട്ടത് ശരിയാണോ എന്ന് തിരക്കി. 'അതെ, അപ്രകാരം ചെയ്യണമെന്ന് നായയുടെ വസ്വിയ്യത്തുണ്ടായിരുന്നു. ഞാനാ വസ്വിയ്യത്ത് നടപ്പാക്കിയതാണ്' എന്നായിരുന്നു അയാളുടെ മറുപടി!

'നീ പരിഹസിക്കുകയാണോ?' ജഡ്ജി കലിതുള്ളി. ഉടനെ അയാളുടെ മറുപടി:

'നായ അതുമാത്രമല്ല എന്നോട് വസിയ്യത്തു ചെയ്തിട്ടുള്ളത്; താങ്കള്‍ക്ക് 10000 ദീനാര്‍ തരാന്‍ കൂടി നായയുടെ വസ്വിയ്യത്തുണ്ട്.' 

ഉടന്‍ ജഡ്ജി ഇരുകൈകളുമുയര്‍ത്തി പ്രാര്‍ഥിച്ചു: 'ദിവംഗതനായ വന്ദ്യനായക്ക് അല്ലാഹു കരുണ ചൊരിയട്ടെ.' ജഡ്ജിയുടെ ഈ തകിടംമറിച്ചിലില്‍ പരാതിക്കാരായ ജനം അത്ഭുതപ്പെട്ടു. എത്ര പെട്ടെന്നാണ് ഇയാള്‍ നിലപാട് മാറ്റിയത്!

ജനങ്ങളുടെ അത്ഭുതഭാവം കണ്ട ജഡ്ജിയുടെ അടുത്ത വെടി ഇതായിരുന്നു: 'നിങ്ങള്‍ അത്ഭുതപ്പെടേണ്ട. ഞാനീ സല്‍കര്‍മകാരിയായ നായയുടെ വിഷയത്തില്‍ ആലോചിക്കുകയായിരുന്നു. ഈ നായ അസ്ഹാബുല്‍ കഹ്ഫിന്റെ നായയുടെ പരമ്പരയില്‍ പെട്ട നായയാണ്.'

 ഇതാണ് സമകാലിക ലോകത്തിന്റെ അവസ്ഥ. ഒരു വിഭാഗം അവരുടെ ആദര്‍ശവും നയ നിലപാടുകളും നൊടിയിടകൊണ്ടു മാറ്റിപ്പറയുന്നു. അസത്യങ്ങള്‍ പറഞ്ഞ് പിന്നീടതിനെ അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച്  ന്യായീകരിക്കുന്നു. വിചിത്രമേ ഉലകം!