തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോള്‍

ഡോ. മുഹമ്മദ് റാഫി.സി

2019 മാര്‍ച്ച് 30 1440 റജബ് 23

ഇന്ത്യാ മഹാരാജ്യം ചരിത്രത്തിലെ നിര്‍ണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. സ്ഥാനാര്‍ഥി പട്ടികകള്‍ ഏതാണ്ട് പൂര്‍ത്തിയായി; രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അനുഭവിച്ചത് അതുല്യമായ അരക്ഷിതാവസ്ഥയും അസഹ്യമായ പ്രയാസങ്ങളുമാണ്. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സാമൂഹിക ധ്രുവീകരണവും വര്‍ഗീയവും വംശീയവുമായ അധിക്ഷേപങ്ങളും വര്‍ഗീയ ലഹളകളും വ്യാജ എറ്റുമുട്ടലുകളും നീതികരണമില്ലാത്ത നിയമനിര്‍മാണങ്ങളും പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ഭരണാധികാരികളുടെ പ്രസ്താവനകളുമൊക്കെയാണ് രാജ്യത്തെ ഈ ദുര്‍ഗതിയിലേക്ക് തള്ളിവിട്ടത്.

യാതൊരു ദീര്‍ഘദൃഷ്ടിയുമില്ലാതെ നടപ്പില്‍ വരുത്തിയ നോട്ട്‌നിരോധനമടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളില്‍പെട്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും അങ്ങേയറ്റം വഷളായ സാഹചര്യം, ശതകോടീശ്വരന്മാര്‍ പൊതുമേഖല ബാങ്കുകളെ അധികാരികള്‍ നോക്കിനില്‍ക്കെ കൊള്ളയടിച്ചു പോകുന്ന ദയനീയ ചിത്രം, ജി.എസ്.ടിയുടെ അശാസ്ത്രീയത കാരണം ആയിരക്കണക്കിന് ചെറുകിട കച്ചവടങ്ങള്‍പൂട്ടിപ്പോകുന്ന സ്ഥിതി, കര്‍ഷകരുടെ ആത്മഹത്യാ കണക്ക് മുമ്പെങ്ങുമില്ലാത്ത വിധം പെരുകിയ ആശങ്കകള്‍, മണിക്കൂറില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സ്ഥാനത്ത് ആയിരങ്ങള്‍ തൊഴില്‍രഹിതരാവുന്ന ദുഃഖകരമായ അവസ്ഥ, എല്ലാ ജനവിഭാഗങ്ങളോടുമൊപ്പം നില്‍ക്കേണ്ട പ്രധാനമന്ത്രി ജനങ്ങളെ വര്‍ഗീകരിച്ച് കാണുന്നു എന്ന ആക്ഷേപം എറ്റവും അധികം നേരിടേണ്ടി വന്ന സാഹചര്യം... ഇവയൊക്കെയാണ് ഈ തിരഞ്ഞെടുപ്പിനെ ഇത്രയധികം നിര്‍ണായക്കമാക്കിയിരിക്കുന്നത്.

ഇനിയുമൊരവസരം കിട്ടാത്ത വിധം ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നത് രാജ്യത്ത് അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. മുമ്പു കാലത്തില്ലാത്ത വിധം സോഷ്യല്‍ മീഡിയ കൂടി തിരഞ്ഞെടുപ്പില്‍ വലിയ റോള്‍ വഹിക്കുന്ന ഒരു കാലഘട്ടമാണിത്. ഇലക്ഷന്‍ കമ്മീഷന്‍ സോഷ്യല്‍ മീഡിയകള്‍ക്കും ചട്ടങ്ങളും മറ്റും ബാധകമാക്കിരിക്കുകയാണ്. എല്ലാവരും അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന തിഞ്ഞെടുപ്പ് കളത്തില്‍ ധാര്‍മികത കൈവിടാതെ പ്രചാരണം നടത്താന്‍ എല്ലാവര്‍ക്കുമാകേണ്ടതുണ്ട്. വിശ്വാസികള്‍ ഈ കാര്യത്തില്‍ പുലര്‍ത്തേണ്ട ജാഗ്രതയും ശ്രദ്ധയും ചോരാതെ കാത്ത് സൂക്ഷിക്കാം:

  • സത്യസന്ധത വിശ്വാസിയുടെ മുഖമുദ്ര.
  • വിശ്വാസ്യതയാണ് ഏറ്റവും വലിയ സമ്പത്ത്.
  • അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ തിരിഞ്ഞ് കുത്തും.
  • അന്യന്റെ രഹസ്യം അങ്ങാടിപ്പാട്ടാക്കരുത്.
  • വ്യക്തി വിശുദ്ധി, ജീവിത വിശുദ്ധി.
  • സാമ്പത്തിക വിശുദ്ധി വ്യക്തിയെ അയാളപ്പെടുത്തും.
  • പാലിക്കാനാവുന്ന വാഗ്ദാനങ്ങള്‍ നല്‍കുക. 
  • നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.
  • സ്വന്തം പാര്‍ട്ടിയുടെ അധര്‍മം ന്യായീകരിക്കുന്നത് വര്‍ഗീയതയാണ്.
  • മനുഷ്യര്‍ക്കാണ് മറ്റെന്തിനെക്കാളും വില നല്‍കേണ്ടത്.
  • സത്യത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കുക; അതെത്ര കയ്പുള്ളതാണെങ്കിലും.
  • ബാലറ്റാണ് പൗരന്റെ കയ്യിലെ ആയുധം.