വീര സവര്‍ക്കര്‍ എന്ന ഭീരു സവര്‍ക്കര്‍

പി.വി.എ പ്രിംറോസ്

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന അവാര്‍ഡ് നല്‍കാന്‍ ശുപാര്‍ശ ചെയ്തുള്ള മഹാരാഷ്ട്ര ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയും അതിനനുബന്ധമായി സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ പറ്റി പ്രസ്താവനയിറക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നടപടിയും അതിനെ പിന്തുണച്ച് അണ്ണാ ഹസാരെ നടത്തിയ പത്രസമ്മേളനവുമെല്ലാം കാണുമ്പോള്‍ ചരിത്ര അട്ടിമറിയുടെ വരും നാളുകള്‍ ഇന്ത്യ എങ്ങനെ മറികടക്കുമെന്ന് ഉത്കണ്ഠപ്പെടേണ്ടിയിരിക്കുന്നു.

അനാവശ്യമായ ഉദാത്തവല്‍ക്കരണം ജീവിതകാലത്ത് തന്നെ ഏറെ അനുഭവിച്ചയാളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഏറെ രസകരമായ സംഭവം അതിന് തുടക്കം കുറിച്ചത് അദ്ദേഹം തന്നെയാണ് എന്നതാണ്. ചിത്രഗുപ്ത എന്നൊരാള്‍ രചിച്ച് 1926ല്‍ പ്രസിദ്ധീകരിച്ച 'ബാരിസ്റ്റര്‍ സവര്‍ക്കറിന്റെ ജീവിതം' എന്ന ഗ്രന്ഥത്തിലാണ്അദ്ദേഹം 'വലിയ മഹാനായിരുന്നു' എന്ന 'നിഗൂഢരഹസ്യം' ആദ്യമായി അനാവരണം ചെയ്യപ്പെട്ടത്. എന്നാല്‍ സവര്‍ക്കറിന്റെ മരണത്തിനും രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം 1987ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയപ്പോഴാണ് പുസ്തകമെഴുതിയ ചിത്രഗുപ്തന്‍ മറ്റാരുമല്ല 'മഹാനായ സവര്‍ക്കര്‍' തന്നെയാണെന്ന് ലോകത്തിന് ബോധ്യപ്പെട്ടത്. പ്രസ്തുത ഗ്രന്ഥത്തിലാണ്ആദ്യമായി അദ്ദേഹത്തെ വീര്‍ സവര്‍ക്കര്‍ എന്ന് അഭിസംബോധന ചെയ്യപ്പെട്ടത് എന്ന് കൂടി മനസ്സിലാക്കുമ്പോള്‍ 'എന്നെ തള്ളാന്‍ എനിക്കാരുടെയും സഹായം വേണ്ട' എന്ന പ്രയോഗത്തെ അദ്ദേഹം എത്രമാത്രം അറിഞ്ഞുള്‍ക്കൊണ്ടിരുന്നു എന്ന് ബോധ്യപ്പെടും.

സ്വയം പുകഴ്ത്തലിലൂടെ പേര് കേട്ട അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ മരണശേഷം അദ്ദേഹത്തിന് വായ്ത്താരി പാടുന്നതില്‍ അതിശയോക്തിയൊന്നുമില്ല. എന്നാല്‍ ഗാന്ധിയുടെ ഛായചിത്രത്തിലേക്ക് നിറയൊഴിച്ച് ആഘോഷം നടത്തിയ ഹിന്ദുമഹാസഭ അധ്യക്ഷ പൂജാ ശകുന്‍ പാണ്ഡെയെ ആദരിച്ചും ഗാന്ധിപ്രതിമക്ക് താഴെ, മോഷ്ടിച്ച ചിതാഭസ്മം കൊണ്ട് രാജ്യദ്രോഹിയെന്നെഴുതിയ തെമ്മാടികളെ അംഗീകരിച്ചും ഭാരതപൈതൃകത്തെ വെല്ലുവിളിക്കുന്ന ഈ സമയത്ത് തന്നെയാണ് മേല്‍ ചര്‍ച്ചയെന്നത് ആശങ്ക ജനിപ്പിക്കുന്നു. നാളെ സവര്‍ക്കറെ രാഷ്ട്രപിതാവെന്ന് വിളിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലാത്ത തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

1883ല്‍ നാസിക്കിലെ ഭാഗുര്‍ ഗ്രാമത്തിലെ ഒരു മറാത്ത ബ്രാഹ്മണകുടുംബത്തിലാണ് സവര്‍ക്കര്‍ ജനിച്ചത്. പൂനെ ഫെര്‍ഗൂസന്‍ കോളേജിലെ ബിരുദപഠനത്തിന് ശേഷം 1906ല്‍ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. നാസിക് ജില്ലാ കളക്റ്റര്‍ ആയിരുന്ന എ.എം.റ്റി ജാക്‌സണെ വധിച്ചവര്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ കേസില്‍ 1910 മാര്‍ച്ച് 13നു അറസ്റ്റിലായ സവര്‍ക്കറെ ബ്രിട്ടനില്‍ നിന്നും നാടുകടത്തി. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലില്‍ അദ്ദേഹം ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെടുകയും പിടിയിലാവുകയും ചെയ്ത സവര്‍ക്കര്‍ 1911 ജൂലൈ 4നു പോര്‍ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ അടച്ചു. ഇതാണ് അദ്ദേഹം ചെയ്ത 'സ്വാതന്ത്ര്യ സമരം'.

ആറുമാസത്തെ ഏകാന്തതടവ് ഇളവു ചെയ്യാന്‍ 1911 ആഗസ്റ്റ് 30ന് 'വീര്‍' സവര്‍ക്കര്‍ അപേക്ഷ സമര്‍പ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1913 നവംബര്‍ 14നും പിന്നീട്, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്  1914 സെപ്റ്റംബര്‍ 14നും ബ്രിട്ടീഷ്ഗവണ്മെന്റിനു സഹായവാഗ്ദാനങ്ങളോടെ സവര്‍ക്കര്‍ തന്റെ മാപ്പപേക്ഷ സമര്‍പ്പിച്ചു. 1917 ഒക്‌റ്റോബര്‍ 2, 1920 ജനുവരി 24, അതേ വര്‍ഷം മാര്‍ച്ച് 30 എന്നീ തിയതികളിലെല്ലാം വീണ്ടും വീണ്ടും അദ്ദേഹം ദയാഹരജി നല്‍കി.

ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടു വച്ച എല്ലാ ഉപാധികളും അംഗീകരിക്കുവാന്‍ തയ്യാറായ സവര്‍ക്കറിനെ ഒടുവില്‍ 1921 മെയ് 2ന് സെല്ലുലാര്‍ ജയിലില്‍ നിന്നും വിട്ടയച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും സഹപ്രവര്‍ത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടും ബ്രിട്ടീഷ് മഹത്വം അംഗീകരിച്ചു കൊണ്ടുമാണ് സവര്‍ക്കര്‍ തടവറയില്‍ നിന്ന് മോചനം നേടിയത്.

ജയിലില്‍ നിന്ന് 1921ല്‍ വിട്ടയക്കപ്പെട്ട സവര്‍ക്കറിന് 1927 ജനുവരി വരെ പൂനെയിലെ യേര്‍വാദ ജയിലില്‍ സാധാരണ തടവനുഭവിക്കേണ്ടി വന്നു. ഈ കാലയളവിലാണ് എ. മറാത്ത എന്ന തൂലികാ നാമത്തില്‍ ഹിന്ദുത്വയുടെ മൗലികപ്രമാണങ്ങള്‍ (Essentials of Hindutva) എന്ന പുസ്തകം അയാള്‍ എഴുതുന്നത്. ഹിന്ദുവര്‍ഗീയതയെ പ്രോജ്വലിപ്പിച്ച് നിര്‍ത്തുന്ന ഈ ഗ്രന്ഥത്തിലുടനീളം മുസ്‌ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ നിശിതമായി വിമര്‍ശിക്കാനും അദ്ദേഹം ബുദ്ധിസ്റ്റുകളുടെ കൂട്ടക്കൊലയെ പരോക്ഷമായി ന്യായീകരിക്കാനും ശ്രമിച്ചു.

''നമ്മുടെ രാജ്യക്കാരായ മുഹമ്മദന്‍മാരെയും ക്രിസ്ത്യാനികളെയും ഹിന്ദുക്കളായി പരിഗണിക്കുവാന്‍ കഴിയില്ല. ഹിന്ദുക്കളെപ്പോലെ തന്നെ ഹിന്ദുസ്ഥാന്‍ അവരുടെ പിതൃഭൂമിയാണെങ്കിലും, അതവരുടെ പുണ്യഭൂമിയല്ല. അവരുടെ പുണ്യഭൂമി അറേബ്യയിലും പലസ്തീനിലുമാണ്.'' ഹിന്ദുത്വയുടെ മൗലികപ്രമാണങ്ങള്‍ എന്ന തന്റെ പുസ്തകത്തില്‍ വി.ഡി. സവര്‍ക്കര്‍ എഴുതി.

ആര്‍എസ്എസ് സ്ഥാപകനേതാവായ ഹെഡ്‌ഗെവാര്‍ 1925 ഏപ്രിലില്‍ രത്‌നഗിരിയില്‍ വെച്ച് സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമാവുന്നത്.

ഇതിനെല്ലാം പുറമെ ഗാന്ധിജിക്കെതിരെ ആളുകളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്നതും ക്വിറ്റ് ഇന്ത്യാ സമരത്തിനോട് വിമുഖത പ്രകടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ നടത്തിയതും രാഷ്ട്രവിഭജനത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയതും ഗാന്ധിവധത്തില്‍ സഹായം ചെയ്തതുമെല്ലാം ചരിത്ര രേഖകളുടെ സഹായത്തോടെ തെളിയിക്കാന്‍ കഴിയും.

ഈ സവര്‍ക്കറിനാണ് ഭാരതരത്‌നക്ക് ശുപാര്‍ശ ചെയ്യപ്പെടുന്നത് എന്നാലോചിക്കുമ്പോള്‍ നിലവിലുള്ള ഭരണകര്‍ത്താക്കളോട് പുച്ഛം തോന്നുന്നത് എനിക്ക് മാത്രമായിരിക്കില്ല.