'നിങ്ങള്‍ക്ക് അധികാരമുണ്ട്, എനിക്ക് തത്ത്വദീക്ഷയും'

പി.വി.എ പ്രിംറോസ്‍

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

"Have principle and no power.' 2011 ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്ത് ഉപസംഹരിക്കുന്നത് ഈ വാചകത്തോട് കൂടിയാണ്. ഗുര്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല ചെയ്യപ്പെട്ട ഇഹ്‌സാന്‍ ജാഫ്രി എം.പിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയില്‍ മോഡിക്ക് കോടതി നല്‍കിയ ക്ലീന്‍ചിറ്റിന്റെ സാഹചര്യത്തില്‍ ബറോഡ എം.എസ് സര്‍വകലാശാല വിദ്യാര്‍ഥി ഭുചുംഗ് സോനം എഴുതിയ ഈ വരികള്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശുയുദ്ധം നടത്തുന്നവരുടെ ആത്മവീര്യം ഉള്‍ചേര്‍ന്നതാണെന്ന് അന്ന് സഞ്ജീവ് ഭട്ട് കത്തില്‍ കുറിച്ചിരുന്നു. ഭട്ട് ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. തെളിയിക്കപ്പെട്ട കുറ്റങ്ങളൊന്നുംഅദ്ദേഹത്തിന്റെ പേരില്‍ ഇല്ല താനും.

പറഞ്ഞുവരുന്നത് പുതിയൊരു കത്തിനെ കുറിച്ചാണ്. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിെര പ്രതികരണമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടി രേവതി, രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി തുടങ്ങി ചലചിത്ര-സാംസ്‌കാരിക രംഗത്തെ 49 പേര്‍ ഒപ്പിട്ടയച്ച കത്താണ് ഇപ്പോള്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നും ദൈവത്തെ അപകീര്‍ത്തിപ്പെടുത്തുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന കത്തിനെ മുഖവിലക്കെടുക്കേണ്ടതിന് പകരം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനും രാജ്യത്തെ ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചെന്ന പേരില്‍ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസ് സ്റ്റേഷന്‍ കത്തെഴുതിയവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

ആര്‍ട്ടിക്ള്‍ 19 പ്രകാരം പൗരന് വകവെച്ച് നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള പച്ചയായ അവകാശനിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യവിമര്‍ശനമായി പരിചയപ്പെടുത്തുകയും ദേശദ്രോഹത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അര്‍ബണ്‍ നക്‌സ്‌ലൈറ്റുകളായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഒരു സംസ്‌കൃത സമൂഹത്തിന് ഭൂഷണമല്ല.

National Crime Records Bureau(NCRB)യുടെ 2016ലെ കണക്ക് പ്രകാരം ദളിതര്‍ക്കു നേരെ  840തില്‍ കുറയാത്ത അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആ അതിക്രമത്തിനെതിരെ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ് താനും. ചുമത്തിയ കുറ്റപത്രമാവട്ടെ നിരുത്തരവാദിത്വം വിളിച്ചോതുന്നവയും ലൂപ്‌ഹോളുകളാല്‍ സമ്പന്നവുമായിരുന്നു. മതവെറിയുടെ പേരില്‍ മാത്രം 2009 ജനുവരി ഒന്നിനും 2018 ഒക്റ്റോബര്‍ 29നും ഇടയില്‍ 254 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതില്‍ 91 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 579 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ 14% വരുന്ന മുസ്‌ലിംകളായിരുന്നു 62%ത്തോളം വരുന്ന കേസുകളിലും ഇരയാക്കപ്പെട്ടവര്‍ എന്നും ജനസംഖ്യയിലെ 2% വരുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു 14% കേസുകളിലേയും ഇരകള്‍ എന്നുമാണ്. The citizens religious hate Crime watch രേഖപ്പെടുത്തിയിരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരമേറ്റ് 2014 മേയ് 14ന് ശേഷമാണ് ഈ ആക്രമണങ്ങളില്‍ 90% നടന്നത് എന്നത് കൂടി ഇതോടൊന്നിച്ച് ചേര്‍ത്ത് വായിക്കുക.

ഓരോ പ്രഭാതത്തിലും മാധ്യമങ്ങളിലൂടെ കണ്ണോടിക്കുന്നവരുടെ ഉള്ളുലക്കുന്ന ഈ യാഥാര്‍ഥ്യങ്ങളെ കണ്ണടച്ച് നിഷേധിക്കുന്നതിന് പകരം തുല്യനീതി നടപ്പാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പ്രതികരിച്ചവരുടെ രചനകളെ തല്ലിത്തകര്‍ത്ത ഭരണകൂട ഭീകരതയ്‌ക്കെതിരെ നിലകൊണ്ട ഹോളോകോസ്റ്റ് ഓഫ് ബുക്‌സ് സമരരീതിയെ അഭിസംബോധന ചെയ്തുകൊണ്ട് പിന്നീട് ഹെലന്‍ കെല്ലര്‍ എഴുതിയ വരികള്‍ ഇന്നും പ്രസക്തമാണ്. ''അക്ഷരങ്ങളെയും ആശയങ്ങളെയും എന്നെന്നേക്കും നശിപ്പിക്കാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളെ ചരിത്രം ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് ഞാന്‍ പറയും. ഏകാധിപതികള്‍ മുമ്പും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ആശയങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും, കാരണം അത് എല്ലാ കാലത്തേക്കും വേണ്ടി രചിക്കപ്പെട്ടതാണ്.''