ഉരുള്‍പൊട്ടല്‍

അബൂ മുഫീദ്

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

രാത്രിയുടെ കനത്ത കാളിമയില്‍

ഇടവമഴയുടെ ശീല്‍ക്കാരത്തില്‍

നനുനനുത്ത തണുപ്പടരില്‍

കമ്പിളിപ്പുതപ്പിന്റെ ചൂടിലേക്ക്

വലിഞ്ഞുകേറി ചുരുണ്ടു കൂടി

സുഖസുഷുപ്തിയിലേക്ക്

ഉതിര്‍ന്നു വീഴുമ്പോള്‍

മലമുകളില്‍ നിന്ന് പെട്ടെന്ന്

മണ്ണും പാറക്കല്ലുകളും വഹിച്ച്

മുടിയഴിച്ചലറിക്കുതിച്ച്

മലവെള്ളമെത്തുമെന്ന്

അവര്‍ നിനച്ചിട്ടേയില്ല.

തകര്‍ന്ന വീടിനൊപ്പം

മണ്‍കുഴമ്പിന്നൊഴുക്കില്‍

തങ്ങളും ഒലിച്ചുപോകുമെന്ന്

അവര്‍ കരുതിയിേട്ടയില്ല.

ഘോരശബ്ദം കേട്ട്

അവര്‍ ഞെട്ടിയുണര്‍ന്നിരുന്നോ?

എന്താണ് സംഭവിക്കുന്നതെന്ന്

ചിന്തിക്കുവാന്‍ അവര്‍ക്ക്

സമയം കിട്ടിയിരുന്നോ?

ഭാര്യ ഭര്‍ത്താവിനെയും

ഭര്‍ത്താവ് ഭാര്യയെയും

വിളിച്ച് കരഞ്ഞിരുന്നോ?

അച്ഛനമ്മമാര്‍ മക്കളെയോര്‍ത്ത്

അലറിക്കരഞ്ഞിരുന്നോ?

മക്കള്‍ മാതാപിതാക്കളെ വിളിച്ച്

കണ്‍തുറിച്ച് കേണിരുന്നോ?

വായിലും മൂക്കിലും ശ്വാസനാളത്തിലും

മണ്‍കുഴമ്പ് നിറഞ്ഞിരിക്കുമ്പോള്‍

എങ്ങനെ ഒച്ചവെക്കുമല്ലേ...!

മുകളിലമര്‍ന്ന പാറക്കല്ലിന്‍ ചുവട്ടില്‍

കിടന്നെങ്ങനെ പിടയാനാണല്ലേ...!

മണ്ണില്‍പുതഞ്ഞുപോയ ഉറ്റവരെ

ജീവനില്ലാതെയെങ്കിലും കണ്ടെത്തുവാന്‍

ദിവസങ്ങള്‍ കാത്തിരുന്ന

ബന്ധുക്കളുടെ മനസ്സിന്റെ

നോവിന്റെ ആഴമളക്കാന്‍

ആര്‍ക്കാണ് കഴിയുക?

ജെസിബിയുടെ തുമ്പിക്കയ്യില്‍ തടഞ്ഞ

മണ്ണിന്റെ നിറമുള്ള,

ജീര്‍ണിച്ചു തുടങ്ങിയ മേനിയിലേക്ക്

എങ്ങനെയാണ് ആത്മധൈര്യത്തോട

ഉറ്റ ബന്ധുക്കള്‍ നോക്കുക?

അന്ത്യചുംബനം വേണ്ട,

ഒന്നു തൊടാനെങ്കിലും...

വയ്യ...ഓര്‍ക്കുവാന്‍ പോലും.

നിര്‍ഭയരേല്ലയല്ല നമ്മളീ ഭൂമിയില്‍

വലിച്ചെറിയുകയഹന്ത തന്‍

മേല്‍വസ്ത്രം മര്‍ത്യരേ...