ആത്മവിചാരണ

മൊയ്തു ഉളിക്കല്‍

2018 ഏപ്രില്‍ 07 1439 റജബ് 20

ഇഹപര രഹസ്യങ്ങളറിയും മന്നാനേ

ഈമാനതില്‍ എന്നെ മരിപ്പിക്കണേ

മരണം വന്നണയുന്ന സമയമമെന്‍ നാവില്‍

മഹിതമാം ശഹാദത്ത് നിറച്ചിടണേ

                               

മാനവരെല്ലാം വിയര്‍ക്കുമാ നാളില്‍

മാന്യമാം സ്ഥാനം നീ നല്‍കീടണേ

തെറ്റുകള്‍ കുറ്റങ്ങളേറെയുണ്ടെങ്കിലും

ഏറ്റവും കാരുണ്യമെന്നില്‍ ചൊരിയേണ

                               

മാതാപിതാക്കളും മക്കളും തോഴരും

മറ്റുള്ളോരൊക്കെയും കൈവിടും നാളില്‍

നന്മതന്‍ ഗ്രന്ഥം വലംകൈയിലേന്തുവാന്‍

നാഥാ നീയനുഗ്രഹം നല്‍കിത്തുണക്കണേ

                             

നന്മ തിന്മകള്‍ തൂക്കി നോക്കിടുമാ നാളില്‍ 

നന്മ തന്‍ തുലാസില്‍ കനംതൂങ്ങുവാനായ് 

സല്‍ക്കര്‍മമേറെയും ചെയ്തുകൂട്ടീടുവാന്‍

സര്‍വാധിരാജാ നീ കരുണ ചെയ്തീടണേ

                            

കത്തിജ്ജ്വലിക്കുന്ന നരകത്തിന്‍ മുന്നില്‍

മര്‍ത്ത്യ രഖിലം ഹാജരാക്കും നേരം

സ്വസ്ഥമാം സ്വര്‍ഗീയ വാസിയായ് മാറുവാന്‍

നാഥാ നിന്‍ കനിവെന്നില്‍ കനിഞ്ഞേകണേ.