ചിന്തിക്കുകില്‍ ദൃഷ്ടാന്തമെത്ര!

നസീമ പൂവ്വത്തൂര്‍

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

ചിന്തകള്‍ രണ്ടല്ലോ ജീവിതസരണിയില്‍

നേരായ ചിന്തയും നേര്‍കെട്ട ചിന്തയും.

നേര്‍ചിന്തയെത്തിക്കും സ്വര്‍ഗത്തിന്‍ പാതയില്‍

നേര്‍കെട്ട ചിന്തയോ നരകത്തിന്‍ വഴിയിലും.

ചിന്തിക്കുവാന്‍ സ്രഷ്ടാവേറെ പറയുന്നു 

ചിന്തിക്കയൊരുമാത്ര നിന്നെക്കുറിച്ചു നീ.

ആദ്യപിതാവിലേക്കെത്തും നിന്‍ ചിന്തകള്‍

ആദമോ മണ്ണില്‍നിന്നെന്നുമറിയും നീ.

നിന്‍ തീരുമാനത്താലാണോ ജനിച്ചു നീ?

ആണായതല്ലെങ്കില്‍ പെണ്ണായതെങ്ങനെ?

നിന്റെയിഷ്ടം തെല്ലതിന്‍ പിന്നിലുണ്ടോ? 

കേള്‍വിയും കാഴ്ചയും ചിന്തതന്‍ ശേഷിയും

കാരുണ്യവാനേകന്‍ തന്റെയനുഗ്രഹം.

ആകാശ മേലാപ്പ് ഭൂമിക്കൊരുക്കിയോന്‍

ഭൂമിയെ നമ്മള്‍ക്ക് വേണ്ടി വിതാനിച്ചു.

ആഴികള്‍, ചോലകള്‍ നീരുറവകളാല്‍

ജീവന്റെ തുടിപ്പുകള്‍ സമ്പന്നമാക്കി.

മരുഭൂവിനനുയോജ്യം ഒട്ടകസൃഷ്ടിപ്പില്‍

സ്രഷ്ടാവിന്‍ വൈഭവം നീ കണ്ടതില്ലയോ? 

ആഴക്കടലിലെ എണ്ണമറ്റുള്ളതാം

മത്സ്യങ്ങളത്ഭുത സാഗരമല്ലയോ?

പാറിപ്പറക്കുന്നു വാനിലായ് പക്ഷികള്‍

പാറാനവയ്ക്കാരു നല്‍കി കഴിവഹോ?

അഹന്തയില്ലാതെ നീ ചിന്തിച്ചു നോക്കുക

അല്ലാഹുവാണെന്ന് നിന്‍മനമോതിടും!

ചിന്തിക്കുവാന്‍ സ്രഷ്ടാവേറെ പറയുന്നു

ചിന്തിക്കയൊരു മാത്ര മരണത്തെപ്പറ്റി നീ!

നാളെ നീയില്ലാത്ത ലോകത്തെയോര്‍ക്ക നീ

നാളേക്കു വേണ്ടി സല്‍വഴി പോവുക.