പാഥേയെമാരുക്കുക

അജ്മല്‍ ഫൗസാന്‍ തിരുവനന്തപുരം

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

വിഘ്‌നങ്ങളേറും ജീവിത പാതയില്‍

ഓട്ടത്തിലാണ് ഞാന്‍ കാലങ്ങളായി

ഞാന്‍ മാത്രമല്ല, നമ്മളെല്ലാവരും

ഐഹിക ജീവിത യാത്രികരാം.

പഥികരേ ചിന്തിക്ക, എന്താണ് നമ്മള്‍ക്ക്

പാഥേയമായ് കയ്യിലുള്ളതെന്ന്.

യാത്രയിതെപ്പോള്‍ തീരുമറിയില്ല

എപ്പഴും തീര്‍ന്നിടാം ഓര്‍ത്തുകൊള്‍ക.

ഇന്നു ചെയ്യാം നാളെ ചെയ്തിടാം നന്മകള്‍

ചിന്തയിതാലെത്ര വര്‍ഷം കടന്നുപോയ്.

നന്മകള്‍ ചെയ്യുവാന്‍ ഞാനൊരുമ്പെട്ടില്ല

തിന്മകള്‍ക്കൊപ്പമായെന്നുടെ യാത്രകള്‍.

തലയതില്‍ വെള്ളിനൂലിന്നു ഞാന്‍ കാണുന്നു

അവധിയെത്താനിനി ഏറെയില്ലെന്നവ!

ജീവിതലക്ഷ്യമതെന്തെന്നറിയണം

പാഥേയമെല്ലാമാരുക്കി നാം വെക്കണം.

ഏകനാം നാഥനില്‍ ആശ നാം വെക്കണം

ഏറെ ഭയപ്പെട്ട് തിന്മകള്‍ വെടിയണം.

തക്വ്‌വയാമുന്നത പാഥേയമില്ലാതെ

ജന്നത്തിലെത്തുവാന്‍ സാധ്യമില്ല.

ഏറെ തെളിഞ്ഞുകിടക്കുന്നു സന്മാര്‍ഗം

അന്തിമ ദൂതന്‍ ചരിച്ചുള്ള മാര്‍ഗം.

ആ പാത വിട്ടുള്ള ജീവിതം നമ്മളെ

ആളിടുമഗ്‌നിയിലെത്തിക്കുമോര്‍ക്കുക.