നക്ഷത്രങ്ങളുടെ നഷ്ടം

ഷഹീദ

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

സ്‌നേഹ സാഗരത്തിലെ

ഉപ്പായിരുന്നെന്നുപ്പ.

വിട്ടകന്നപ്പോള്‍ സ്‌നേഹത്തിന്‍

സ്വാദുമകന്നു.

ഇല കൊഴിഞ്ഞൊരീമാമരങ്ങള്‍ക്ക്

തണലേകാനാവില്ലല്ലോ!

നന്മതന്‍അമ്മിഞ്ഞപ്പാല്‍ക്കുടംനിറച്ച്

ഏഴ് സാഗരങ്ങളുമെന്നെ

മാടി വിളിക്കുമായിരുന്നു.

നെഞ്ചിലെ കനലൂതിയൂതിക്കത്തിച്ച്

പടിപ്പുര വാതിലിലേക്ക്

മിഴിനട്ട് കാത്തിരുന്നോരുമ്മയാം

കനകവിളക്കുമണഞ്ഞു.

ഓടിത്തളര്‍ന്നെത്തുമ്പോള്‍

കൈക്കലത്തുണിയുടെ ഗന്ധമുള്ള

കരവലയത്താലുള്ളയാലിംഗനം...!

ഒരു പനി വരാന്‍ തുടങ്ങുമ്പോഴേക്കും

സ്‌നേഹ മന്ത്രങ്ങള്‍ ചൊല്ലിയൂതി

എന്റെ പനിച്ചൂടിനെ ശമിപ്പിച്ചിരുന്നു.

എനിക്കായ്കാത്തുവെച്ചൊരാകനവുകളെ

മണ്ണ് കവര്‍ന്നെടുത്തപ്പോള്‍

വിണ്ണോളം കരഞ്ഞുറങ്ങി.

ആകാശക്കോണിലെങ്ങോ

ഇരട്ട നക്ഷത്രങ്ങളായി ഇപ്പോഴുമവര്‍

ഏകയായൊരെന്നെയുമോര്‍ത്ത്

കത്തിയെരിയുന്നുണ്ടാവണം