ആ നേരവും കാത്ത്

സാദിഖ് ബിന്‍ സലീം

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

കണ്ണില്‍നിന്നും മറഞ്ഞുള്ള ദൃശ്യങ്ങള്‍

കണ്ണാടിയില്‍ പോല്‍ തെളിയുന്നു വീണ്ടും

ബാല്യകാലത്തിന്‍ കൗതുകക്കാഴ്ചകള്‍

ഓര്‍ത്തെടുക്കുമ്പോള്‍ കുളിരുന്നുവെന്‍ മനം

മുറ്റത്തു നില്‍ക്കുന്ന പൂക്കള്‍തന്‍ വര്‍ണങ്ങള്‍

ഏറ്റം മനോഹരമായുള്ള കാഴ്ചകള്‍ 

കാറ്റൊന്നു മെല്ലെ തലോടുന്ന നേരം

മാറ്റൊന്നു കൂടി കൂടും ചെടിയുടെ

മാവിന്റെ കൊമ്പില്‍ ചാഞ്ചാടി നില്‍ക്കുന്ന

മാമ്പഴം കാണുവാനെന്തു ചന്തം

പന്തുകെട്ടി കളിച്ചുല്ലസിച്ചു

കണ്ണു രണ്ടും കെട്ടിയും കളിച്ചു

ഉപ്പുകൂട്ടിത്തിന്നു പച്ചമാങ്ങ

ഇപ്പഴുമുണ്ടതിന്‍ രുചി വായിലെന്റെ

പാടവരമ്പിലോടിയതും

പാറപ്പുറത്തുനിന്നാര്‍ത്തു വിളിച്ചതും

തോട്ടിലെ വെള്ളത്തില്‍ നീന്തിത്തുടിച്ചതും

ഒക്കെയുമിന്നു ഞാനോര്‍ത്തിടുന്നു

കൗമാരവം പിന്നെ പാഞ്ഞുപോയി

കൗതുക ചിന്തകള്‍ നല്‍കിക്കൊണ്ട്

ആരെയും കൂസാത്ത യൗവനവും

ആരോഗ്യവും കൊണ്ട് പോയ്മറഞ്ഞു

വാര്‍ധക്യമിന്നെന്റെ കൂട്ടുകാരന്‍

സര്‍വരോഗങ്ങളും പേറുന്നു ഞാന്‍

കോലായിലുള്ളൊരു ചാരുകസേരയില്‍

'ആ നേരവും' കാത്തു ഞാനിരിപ്പൂ...