അപാരത

നിസാര്‍ പാറയ്ക്കല്‍

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

കാടുകള്‍,  മേടുകള്‍,  നദികള്‍,  സമുദ്രങ്ങള്‍ 

നാടുകള്‍, ഭുഖണ്ഡം ബഹുദൂരം താണ്ടി

ചിറകടിച്ചെത്തുന്നു ദേശാടനപ്പക്ഷി

വഴികാട്ടിടുന്നവനാരാണിവയ്ക്ക്?


 

വര്‍ഷകാലത്തേക്ക് മുന്‍കൂട്ടി ഭക്ഷണം

കൂടിന്നകറളില്‍ ശേഖരിച്ചിടുന്ന

കുഞ്ഞനുറുമ്പുകള്‍ക്കാരു നല്‍കുന്നുവീ

മുന്നൊരുക്കത്തിനായുള്ളതാം ബുദ്ധിയും? 


 

ഒരു മണ്ണില്‍ വളരുന്ന സസ്യലതാദികള്‍-

ക്കൊരു വളം ഒരു ജലം നല്‍കുന്നുവെങ്കിലും

അവയുടെ പൂക്കളും കായകളുമെല്ലാം

ഭിന്നനിറത്തിലും രുചിയിലും കാണ്‍മു നാം


 

ഒരു കൊച്ചു മുളപൊട്ടിയൊരു മഹാവൃക്ഷമായ്

വളരും മരങ്ങള്‍ തന്‍ ശാഖകള്‍ തന്നിലായ്

ചുള്ളികള്‍ കൊണ്ടുള്ള പാര്‍പ്പിടം തീര്‍ക്കുന്ന

പറവകള്‍ക്കാരു പഠിപ്പിച്ചതീ സൂത്രം?


 

ഒരു ബീജകണമതിലൊരുപാടു സാദൃശ്യ-

മൊന്നിച്ചു കൂട്ടുന്നതാരെന്നു നാമൊന്ന്

ചിന്തിച്ചു നോക്കിയാല്‍ കാണും പ്രപഞ്ചത്തിന്‍

നാഥന്റെ കഴിവിന്നപരാത ലോകരേ.