നിങ്ങളിനിയുമുറങ്ങുന്നുവോ?

ഉസ്മാന്‍ പാലക്കാഴി

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

വരിക വരികയീ

നാടിന്റെ നെഞ്ചകത്തെ

പിളര്‍ത്തി ചോരയൂറ്റി-

ക്കുടിച്ചു മദിച്ചിടാം

അന്യജാതിക്കാരന്റെ-

യന്യമതക്കാരന്റെ

അന്യപാര്‍ട്ടിക്കാരന്റെ-

യന്യദേശക്കാരന്റെ

അന്യഭാഷക്കാരന്റെ-

യന്യവീട്ടുകാരന്റെ

മേനിയില്‍ കൊടുവാളാല്‍

ചുവന്ന പൂക്കള്‍ തീര്‍ക്കാം

കുടലു ചോര്‍ത്തി കണ്ഠ-

മാലകള്‍ ചാര്‍ത്തി ജയ് ജയ്

വിളിക്കാം വിജയത്തിന്‍

ചിഹ്നവും കാണിച്ചിടാം

പ്രശ്‌നമാക്കേണ്ട പേടി-

യൊട്ടുമേ വേണ്ട രക്ഷ

നല്‍കുവാന്‍ മോളില്‍ പിടി-

പാടുള്ളോരേെറയുണ്ട്

മതമേലാളന്മാരും

രാഷ്ട്രീയ പ്രഭുക്കളും

കാക്കിയിട്ടേമാന്മാരും

കാത്തിടും ഭയം വേണ്ട

ചുവപ്പ്, പച്ച, കാവി-

യിങ്ങനെ പല വര്‍ണ

കൊടികള്‍ക്കനുസൃതം

ചോരതന്‍ നിറം മാറും

വിരുദ്ധ രക്തം തമ്മില്‍

ചേരില്ലയതിനാലെ

ഗ്രൂപ്പ് നോക്കണമന്യ

ഗ്രൂപ്പെങ്കില്‍ വെട്ടാം തല

വയസിനെണ്ണം നോക്കി-

യത്രയും വെട്ടു നല്‍കാം

അന്ത്യചുംബനത്തിനായ്

ബാക്കിയാക്കല്ലേ മുഖം

നമ്മുടെ കൊല ധീര-

വീരമാം പ്രവര്‍ത്തനം

നാടിന്റെ ഗുണത്തിനായ്

തിന്മതന്‍ വേരറുക്കല്‍

നമ്മളിലൊരാള്‍ കൊല്ല-

പ്പെട്ടെങ്കിലത് കാടന്‍

ഭീകരപ്രവര്‍ത്തനം

വരമ്പത്തേകാം കൂലി...

'ഉണരൂ സമൂഹമേ

ഉണരൂ' യുവതയേ

മനുഷ്യ സൗഹാര്‍ദത്തിന്‍

വെളിച്ചം പരത്തുവാന്‍