പരലോക ചിന്തകള്‍

വെള്ളില പി. അബ്ദുല്ല

2018 മാര്‍ച്ച് 24 1439 റജബ് 06
(വെള്ളില പി. അബ്ദുല്ല രചിച്ച 'അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍) എന്ന ഖണ്ഡകാവ്യം ഈ ലക്കം മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു)

ആമുഖം

അല്ലാഹുവിന്‍ നാമം മഹത്തരമാണേ

ആ നാമമില്‍ ഞാന്‍ കൃതി തുടങ്ങുകയാണേ

സ്‌തോത്രങ്ങളഖിലം അവനുതന്നെയാണേ

അവനോ പ്രപഞ്ചത്തിന്റെ അധിപനുമാണേ

തിരുനബിയിലായ് ചൊല്ലുന്നു ഞാന്‍ സ്വലാത്ത്

ഇബ്‌റാഹീം നബിയുടെ പേരിലുള്ള സ്വലാത്ത്

ഗുണം പലത് നേടാനുള്ളതാണ് സ്വലാത്ത്

പരലോക വിശ്വാസത്തിനായ് ചില ഇല്‍മുകള്‍

എന്‍ സോദരര്‍ക്ക് പകര്‍ന്നിടാം, ചില നേരുകള്‍

നാഥാ അതിന്നായ് നീ തുണ ദയ്യാനേ

നീ മാത്രമാ എനിക്കാശ്രയിക്കാന്‍ കോനേ

കാര്യങ്ങളൊട്ടും ചെയ്തിടാന്‍ കഴിയാത്ത

കേട്ടുത്തരം നല്‍കാന്‍ കഴിവില്ലാത്ത

'ദെവങ്ങ'ളില്‍ പതിനായിരം വിളി നല്‍കലും

നിന്നില്‍ ഒരിക്കല്‍ ഭാരമേല്‍പിക്കുന്നതും

തുല്യത്തിലല്ല, നീ മാത്രമാണേ എന്‍ തണി

നീ നല്‍കണേ അതിനാല്‍ എനിക്കിതിനായ് തണി

എന്‍ സോദരാ അല്‍പം സമയം നല്‍കുമോ

ഞാന്‍ ചൊല്ലിടുന്നത് നീയൊരല്‍പം കേള്‍ക്കുമോ

ഒരുനാള്‍ വരും നിന്നെ പിടിച്ചു പോകുവാന്‍

മരണം, അതെന്നും നല്ലതാ നിനക്കോര്‍ക്കുവാന്‍

നാഥന്‍ നിനക്ക് വിധിച്ച സമയം വന്നാല്‍

നീട്ടില്ലൊരല്‍പം പോലും സമയം എന്നാ

ഏതാണു ദേശം അവന്‍ നിനക്കു വിധിച്ചത്

അങ്ങോട്ടു നീ എത്തും അതിന്‍ നേരത്ത്

അവിടന്നുതന്നെ മലകുല്‍ മൗത്തും വന്ന്

റൂഹും പിടിച്ച് പോകുമേ അവിടന്ന്

ഈ ആശയം നല്‍കുന്ന വചനം വന്നതാ

തിരുദൂതരന്ന് മൊഴിഞ്ഞതായ് കാണുന്നതാ

ചുമരില്‍ കറങ്ങും ക്ലോക്കിലൊന്നു നീ നോക്കുമോ

നിന്‍ മരണ സമയം നിന്നെ നോക്കി വരുന്നുവോ?

വീടിന്റെ ചുമരില്‍ തൂങ്ങിയാടും കലണ്ടറില്‍

നിന്‍ മരണ തീയതി ചേര്‍ത്തുവോ എന്നറിയുമോ?

നീ വാങ്ങിക്കൂട്ടി സംഭരിച്ചവയൊക്കെയും

അവകാശികള്‍ വീതിക്കുവാനായ്, ഓര്‍ത്തുവോ?

ആത്മാവ് തന്നു നിനക്ക് റബ്ബൗദാര്യമായ്

അതിന്നു പാര്‍ക്കാന്‍ ദേഹവും സൗജന്യമായ്

നീ നിന്റെ വീട്ടില്‍ വളര്‍ത്തി നല്ലൊരു പക്ഷി

അമൂല്യമാണത് സുന്ദരിപ്പൊന്‍ പക്ഷി

നീ നല്‍കിയില്ല അതിന്നു ഭക്ഷണമൊന്നും

പകരം നീ നന്നാക്കുന്നു കൂടിനെെയന്നും

ദിവസം കഴിഞ്ഞാല്‍ പക്ഷി ചാകും നിശ്ചയം

ഇനി കൂട് പാഴ്‌വസ്തുവാ ഒഴിവാക്കണം 

നീ ഇത്ര കാലം ജോലി ചെയ്തത് എന്തിനാ?

പാഴ്‌വസ്തുവായ് ഒഴിവാക്കിടുന്നൊരു കൂടിനാ?

അതുതന്നെയല്ലേ സോദരാ നിന്‍ ജീവിതം

ദേഹത്തിനായ് ജീവിക്കയല്ലേ ഈ വിധം!

അമൂല്യമാം ദേഹിക്കുവേണ്ടവയൊന്നും

നല്‍കാതെയല്ലേ ജീവിതം നിനക്കെന്നും

റബ്ബേ അതില്‍നിന്നും കര നീ കേറ്റണേ

ദേഹിക്ക് ഊര്‍ജം നല്‍കുവാന്‍ വിധിയേകണേ

നീ നിന്റെ ഔദാര്യത്തിലതു നല്‍കില്ലേ

ഇെല്ലങ്കില്‍ ഞാനോ നഷ്ടമില്‍ ഭവിക്കില്ലേ

ഞാന്‍ ചെയ്തു നാഥാ അക്രമം കൂമ്പാരമായ്

നീ നല്‍ക് നാഥാ അഫ്‌വതിന്നോശാരമായ്

കഴിയില്ല നാഥാ നിന്റെ ശിക്ഷ താങ്ങുവാന്‍

അതിനാലെ നിന്റെ മുമ്പിലായ് കേഴുന്നു ഞാന്‍