വേപ്പുമരങ്ങള്‍ക്കു ചാരെ കണ്ണീരു തോരാതെ

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

പെട്ടെന്നാണ് അന്തരീക്ഷത്തിന്റെ ഭാവം മാറിയത്. പ്രാര്‍ഥനാനിര്‍ഭരരായ ലക്ഷങ്ങളുടെ കണ്ണുനീര്‍ ബാഷ്പീകരിച്ച് ഘനീഭവിച്ചെന്നോണം മാനത്തെ കാര്‍മുകിലുകള്‍ കരിമ്പുതപ്പ് പുതപ്പിച്ചു. വേപ്പുമരങ്ങളില്‍ ഇളം കാറ്റ് വീശി. കത്തുന്ന വെയില്‍ചൂട് അല്‍പം കുറഞ്ഞു.

ഇക്കഴിഞ്ഞ ഹജ്ജിന് മിനയിലെ തമ്പില്‍നിന്ന് ഏറെ നേരം കാത്തിരുന്നാണ് ഹാജിമാര്‍ക്കുള്ള ബസില്‍ അറഫയിലെത്തിയത്. അസഹനീയമായ ചൂട് കാരണം അവിടെയും ടെന്റകള്‍ ഒരുക്കിയിരുന്നു. ശീതീകരണ സംവിധാനങ്ങള്‍ ചിലയിടങ്ങളില്‍ ചൂടിനെ പൂര്‍ണമായി തളയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ചൂട് ദാഹം വര്‍ധിപ്പിച്ചു. പഴനീര്‍ കുപ്പികളും ശുദ്ധജലവും ചൊരിഞ്ഞ് സംഘാടകര്‍ ഹാജിമാരെ അത്ഭുതപ്പെടുത്തി. ഉച്ചഭക്ഷണം ലഭിച്ചേക്കില്ലെന്ന് കേട്ടിരുന്നെങ്കിലും തമ്പുകളില്‍ ഭക്ഷണവുമെത്തി.

ഉച്ച, സായാഹ്ന നമസ്‌കാരങ്ങള്‍ ഒരുമിച്ച് ചുരുക്കി നിര്‍വഹിച്ച് പ്രാര്‍ഥനയില്‍ മുഴുകി ഹാജിമാര്‍. 

ടെന്റിലെ തിരക്കില്‍ ഓരോരുത്തരും തനിക്ക്ചുറ്റും സ്വകാര്യമായൊരു ഏകാന്തത സൃഷ്ടിച്ച് മനസ്സില്‍ തട്ടി നാഥനോട് പൊറുക്കലിനെ തേടിക്കൊണ്ടിരുന്നു.

പുറത്തിറങ്ങി സ്വതന്ത്രമായി, സ്വകാര്യമായി പ്രാര്‍ഥനയില്‍ മുഴുകുവാന്‍ ആഗ്രഹിച്ചെങ്കിലും ചൂടുകാലാവസ്ഥ പലരയും വിലക്കി. ക്വുര്‍ആന്‍ പാരായണത്തിന്റെയും പ്രാര്‍ഥനയുടെയും ഒരു ഇടവേളയില്‍ പുറത്തിറങ്ങി പടര്‍ന്നുനില്‍ക്കുന്നൊരു വേപ്പുമരത്തിന്റെ ചുവട്ടില്‍ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു. വന്നുപോയ പാപങ്ങള്‍ പൊറുത്തുനല്‍കി, നരകത്തീയില്‍ നിന്ന് കാവല്‍ നല്‍കി സ്വഗര്‍ത്തോപ്പിലിടം തരണമെന്ന് പ്രാര്‍ഥിക്കുമ്പോള്‍ വിശ്വാസികളുകളുടെ കവിള്‍ത്തടങ്ങള്‍ നനയാതിരിക്കില്ല. വാക്കുകള്‍ ഇറടാതിരിക്കില്ല. 

ചൂട് വീണ്ടും ടെന്റിലേക്കെന്നെ നയിച്ചു. കൂടാരത്തിലെ പ്രാര്‍ഥനാക്കൂട്ടത്തിലേക്ക് വീണ്ടും. പലരും ഇഹ്‌റാംതുണികൊണ്ട് വിയര്‍പ്പൊപ്പുന്നു. 

അങ്ങനെയിരിക്കവെയാണ് പെട്ടെന്ന് മഴക്കാറുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്, വെയിലിന്റെ ചൂട് കുറഞ്ഞത,് വേപ്പുമരത്തിന്റെ ചില്ലകള്‍കാറ്റിലാടിത്തുടങ്ങിയത്.

വിശ്വാസികള്‍ കൂടാരങ്ങള്‍വിട്ട് പുറത്തേക്കൊഴുകിത്തുടങ്ങി. വേപ്പുമരച്ചോടുകള്‍ കിട്ടാത്തവര്‍ കിട്ടിയ ഇടങ്ങളില്‍ നിറഞ്ഞ് വാനിലേക്ക് ൈകകളുയര്‍ത്തി പ്രാര്‍ഥന തുടങ്ങി. ചെറുമര്‍മരത്തില്‍ തുടങ്ങിയ തേങ്ങലുകള്‍ പിന്നീട് അറിയാതെ ഉച്ചത്തിലായിത്തുടങ്ങി. ബാഷ്പകണങ്ങള്‍ പലരുടെയും കവിളും താടിയും വിട്ട് ഇഹ്‌റാമിന്റെ ശുഭ്രവസ്ത്രത്തില്‍പോലും നനവു പടര്‍ത്തുന്നുണ്ട്. വര്‍ണ,ദേശ, ഭാഷകള്‍ക്കതീതമായി ഒരേ ലക്ഷ്യത്തോടെ ജനലക്ഷങ്ങള്‍... ആണ്‍, പെണ്‍ വിശ്വാസികള്‍. 

വര്‍ണവെറിയന്‍മാരും ദേശഭാഷാഭ്രാന്തന്മാരും അവര്‍ക്കിടയിലില്ല. ഉച്ചനീചത്വങ്ങളില്ല. എല്ലാവരും ആദമിന്റെ മക്കളെന്ന സാഹോദര്യ ചിന്തയില്‍ പരസ്പരം സഹായിേക്കണ്ടി വരുമ്പോള്‍ സഹായിക്കുന്നു. സ്വയം മറന്ന് സ്രഷ്ടാവിന്റെ കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി കണ്ണീരൊഴുക്കുന്നവരുടെയെല്ലാം കണ്ണുനീരിന് ഉപ്പുരുചിയായിരിക്കുമല്ലോ, ചോരയുടെ നിറം ചുവപ്പുതന്നെയായിരിക്കുമല്ലോ; അവര്‍ ഏത് രാജ്യക്കാരാണെങ്കിലും. അല്ലാഹുവേ, നിനക്ക് സ്തുതി.