ജലമര്‍മരങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര 

2017 ഏപ്രില്‍ 01 1438 റജബ് 04

കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന വാട്ടര്‍ടാങ്കുകള്‍ വീടുകളില്‍ ഒരു ഓര്‍മയാണിന്ന് ഭൂരിപക്ഷത്തിനും. വറ്റുന്ന കിണറിന്റെ അടിത്തട്ട് കുറച്ചൊന്നുമല്ല കുടുംബിനിയുടെ സമ്മര്‍ദം കൂട്ടുന്നത്. കുടിവെള്ളമില്ലാത്തവര്‍ തങ്ങളുടെ ജലദാരിദ്ര്യം പങ്ക്‌വെക്കുമ്പോള്‍, ഉള്ള വെള്ളത്തിന്റെ പങ്ക് കൊടുക്കേണ്ടിവരുമോയെന്നാണ് സ്വാഭാവികമായും കിണറില്‍ വെള്ളമുള്ളവന്റെ ഉള്ളിലെ ഭീതി.

ജല ഭൗര്‍ലഭ്യം തെല്ലൊന്നുമല്ല, കുടുംബാന്തരീക്ഷത്തെ കലുഷതമാക്കുന്നത്. സ്വകാര്യ പ്രാര്‍ഥനകളിലും കൂട്ടായ പ്രാര്‍ഥനകളിലും വെള്ളത്തിനും മഴക്കും വേണ്ടിയുള്ള തേട്ടം കടന്ന് വരുന്നു.

പണ്ടത്തെ, 'കിണ്ടി' ഉപയോഗിച്ചുള്ള വെള്ളത്തിന്റെ ഉപയോഗം ജല വിനിയോഗത്തിന്റെ അളവെത്ര കുറച്ചിരുന്നെന്ന് ഗൃഹാതുരത്വത്തോടെ പഴയ തലമുറ അയവിറക്കുന്നു. പുതുതലമുറയിത് നവ മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നു.

ടാപ്പ് തുറന്നുവെച്ച് പല്ല് തേപ്പ്, ശൗച്യം, കുളി എന്നിത്യാദികള്‍ക്ക് വെള്ളം ചെലവഴിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ജല ഉപഭോഗത്തെക്കുറിച്ചും ലിറ്റര്‍ തിരിച്ചുള്ള അളവുകളും കണക്കുകളും.... ചര്‍ച്ചയാകുന്നു; വിശിഷ്യാ സോഷ്യല്‍ മീഡിയയില്‍.

ഉള്ള വെള്ളം, പ്രയാസമനുഭവിക്കുന്ന അയല്‍ക്കാരന് പങ്ക് വെക്കണമെന്നുണ്ടെങ്കിലും വരള്‍ച്ചയുടെ ശാസ്ത്രീയ പ്രവചനങ്ങള്‍ അവരെ പിന്നോട്ട് വലിക്കുന്നു.

പടച്ചവന്റെ പടപ്പുകളായ പക്ഷികള്‍ ആവശ്യത്തിന്, വെള്ളം കിട്ടിയിടത്തുനിന്നൊക്കെ തോന്നും പോലെ കുടിച്ചിരുന്നത് പഴയ കാലം. ഒരു മണ്‍ചട്ടിയിലിത്തിരി വെള്ളം നിറച്ച് ഉറികെട്ടി അതൊരു മരക്കൊമ്പില്‍ കെട്ടിത്തൂക്കി പറവകള്‍ക്ക് കുടിനീരൊരുക്കുന്നത് വലിയ പരിപാടികളായി കൂട്ടായ്മകളും വ്യക്തികളും ആഘോഷിക്കുന്നു ഇന്ന്!

ഭക്ഷണമുണ്ടാക്കുവാനും കുടിക്കുവാനുമുള്ള ശുദ്ധജലത്തിനായി കുടങ്ങളും ബക്കറ്റുകളും താങ്ങി കുഞ്ഞുകുട്ടികളടക്കം മൈലുകള്‍ നടക്കുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. ഈ സാഹചര്യത്തില്‍, ജലസമൃദ്ധിയാല്‍ അനുഗൃഹീതരായ ചിലര്‍ തോട്ടം നനച്ചും വാഹനങ്ങള്‍ കഴുകിയും നിര്‍ലോഭം വെള്ളം ധൂര്‍ത്തടിക്കുന്നത് കാണുമ്പോള്‍ വെള്ളക്കുറവിനാല്‍ പ്രയാസപ്പെടുന്നവരുടെ നെഞ്ചില്‍ നിന്നുയരുന്ന നെടുവീര്‍പ്പിന്റെ ചൂട് കണ്ടില്ലെന്ന് നടിക്കാവതല്ല.

ജനാധിപത്യ ജനകീയ കൂട്ടായ്മയില്‍ നിലനിര്‍ക്കുന്ന 'ജലനിധി' പോലുള്ള സംരംഭങ്ങള്‍ വഴി ലഭിക്കുന്ന ജലം പോലും ചിലരെങ്കിലും കൃഷിക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. ഈ വരള്‍ച്ചയുടെ സാഹചര്യത്തില്‍ ഇത് ദുരുപയോഗമാണെന്നതില്‍ സംശയമില്ല.

ജലസമ്പത്ത് ഒരനുഗ്രഹമാണെന്നും അത് കാത്ത് വെച്ചിട്ട് കാര്യമില്ലെന്നും ഉള്ളത് പങ്ക് വെക്കുന്നതിലാണ് സന്തോഷമെന്നും ധരിക്കുന്ന ചിലരെങ്കിലും കഷ്ടപ്പെടുന്നവര്‍ക്ക് അത് എത്തിച്ചുകൊടുക്കാനുള്ള സൗകര്യം ചെയ്യുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. വെള്ളം തന്ന് സഹായിക്കുന്ന സുമനസ്സുകള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന ഏറെ ഉള്ളില്‍തട്ടിയതായിരിക്കുമെന്നതില്‍ സംശയമില്ല.

ജലദൗര്‍ലഭ്യ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കരുത്ത് ലഭിക്കുമാറാകട്ടെയെന്ന് നമുക്കും പ്രാര്‍ഥിക്കാം.