സന്മനസ്സാണ് പ്രധാനം

ഇബ്‌നു അലി എടത്തനാട്ടുകര 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

ജോലിത്തിരക്കിനിടയിലാണു കൂട്ടുകാരന്റെ ഫോണ്‍ വിളി വന്നത്. പത്രം വായിച്ചില്ലേ എന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാട്‌സാപിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി. അവന്‍ വളരെ വിഷമത്തിലായിരുന്നു. കുറെ കഴിഞ്ഞ് അവന്‍ നേരിട്ട് വന്നു. അപ്പോഴും ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. അന്ന് പത്രത്തില്‍ വന്ന,  ആസ്തമ രോഗിയായ അമ്മയും ഹൃദ്രോഗിയായ അഞ്ച് വയസ്സുകാരിയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിത ജീവിതം നയിക്കുന്നതിന്റെ വാര്‍ത്തയാണ് അവന്‍ പങ്കുവെച്ചത്. ആ കുട്ടിയില്‍ അവന്‍ കണ്ടത് അവന്റെ മോളെയായിരുന്നു. ഉടനെ എന്തെങ്കിലും ചെയ്യണമെന്നും ഒരു നാലക്ക തുക താന്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അവന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു നിര്‍ത്തി.

സഹായിക്കാന്‍ കൂട്ടുകാര്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നും അന്ന് തന്നെ ആ വീട്ടുകാരെ കണ്ടെത്തി സഹായം എത്തിക്കണമെന്നും എക്കൗണ്ടന്റ് സ്ഥാപനം നടത്തുന്ന അവന്‍ നിര്‍ബന്ധം പിടിച്ചു. മാറ്റിവെച്ച പണം വകമാറ്റി ചെലവഴിക്കരുതെന്നും ചെറിയ തുക നല്‍കുന്നത് താല്‍കാലിക ആശ്വാസം മാത്രമെ ആകൂവെന്നും ആ കുടുംബത്തിന്റെ വേദനക്കൊരു സ്ഥിര സംവിധാനത്തെക്കുറിച്ച് ആലോചിക്കാമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തിരിച്ചുപോയി. 

സാമൂഹ്യപ്രവര്‍ത്തകനായ മറ്റൊരു കൂട്ടുകാരനുമായി ചര്‍ച്ച ചെയ്ത് വേണ്ടത് ആലോചിച്ചു ചെയ്യാമെന്ന വിവരം ഞാന്‍ അന്ന് രാത്രി സുഹൃത്തിനെ വിളിച്ചറിയിച്ചു. ഇടക്കിടെ എന്തായിയെന്ന് ചോദിച്ച് എന്നെ അവന്‍ അലട്ടിക്കൊണ്ടേയിരുന്നു. 

ഒരു ഞായര്‍ ഒഴിവില്‍ കൂടുതല്‍ കൂട്ടുകാരുമായി ആ ഓലപ്പുരയില്‍ ഞങ്ങളെത്തി. വായിച്ചറിഞ്ഞതിനെക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു നേര്‍കാഴ്ച. ഒരു ചെറു കാറ്റു വീശിയാല്‍ പൊളിഞ്ഞു പോകാവുന്ന, ഒരു അരണക്കുപോലും കീറാവുന്ന ദൂര്‍ബലമായ കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റായിരുന്നു ചുമരും മേല്‍കൂരയുമെല്ലാം. മോളുടെ പഠന ചെലവും കുടുംബത്തിന്റെ ചെലവും വഹിക്കുമെന്ന് അവിടെവെച്ചുതന്നെ സാമുഹ്യ പ്രവര്‍ത്തകനായ കൂട്ടുകാരന്‍ നേരിട്ട് അറിയിച്ചു. ഞങ്ങള്‍ അവിടെ വെച്ച് തന്നെയൊരു കൂടിയാലോചന നടത്തി. അവിടുത്തെ നാട്ടു പ്രമുഖരെയും പള്ളി ഭാരവാഹികളെയും കണ്ട് ചര്‍ച്ച നടത്തി ആത്മ വിശ്വാസം നല്‍കി. കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യം നേടാന്‍ കഴിയുമെന്ന് മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ വീശദീകരിച്ചു. എങ്ങനെയൊക്കെ തുടങ്ങണമെന്നും മറ്റും വിശദമായി സംവദിച്ചു. മാറി നിന്നാല്‍, കണ്ണടച്ചാല്‍ പടച്ചവനോട് നാളെ മറുപടി പറയേണ്ടി വരുമെന്ന് ഓര്‍മിപ്പിച്ചു. മടങ്ങിയപ്പോള്‍ വല്ലാത്ത ആശ്വാസവും പ്രതീക്ഷയുമായിരുന്നു മനസ്സില്‍. അതിലേറെ ആശ്വാസമായിരുന്നു എക്കൗണ്ടന്റ് സുഹൃത്തിന്.

നാട്ടില്‍, പള്ളിയില്‍ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ക്ക് വിളിയെത്തി. നാട്ടുകാരുടെ മീറ്റിംഗ് വിളിച്ചിരിക്കുന്നു; എത്തണം, നിയന്ത്രിക്കണം എന്നായിരുന്നു അഭ്യര്‍ഥന. കൂടുതല്‍ കൂട്ടുകാരുമായി ഞങ്ങള്‍ എത്തി. എല്ലാവരും സംസാരിച്ചു. കമ്മിറ്റിയായി. എഞ്ചിനീയറായ കൂട്ടുകാരന്‍ നിമിഷ നേരം കൊണ്ട് എസ്റ്റിമേറ്റ് ഉണ്ടാക്കി അവതരിപ്പിച്ചു. പണമായി, കല്ലായി, സിമന്റായി, മണലായി, കായികാധ്വാനമായി വാഗ്ദാനങ്ങള്‍ സദസ്സില്‍നിന്ന് ഒഴുകിയെത്തി. ഞങ്ങളും ആകുന്നത് വാഗ്ദാനം ചെയ്തു. അക്കൗണ്ടന്റ് സുഹൃത്ത് പഴയ നാലക്കത്തില്‍നിന്ന് ആറക്കത്തിലേക്കെത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം; എല്ലാവര്‍ക്കും!

ബാങ്ക് അക്കൗണ്ട് തുടങ്ങി. വീട്പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രാര്‍ഥനകള്‍ ആവശ്യപ്പെടുന്നു.

ഒന്നൊരുങ്ങിയാല്‍ നമുക്ക് പലതും ചെയ്യാനാവും. നന്മയില്‍ സഹകരിക്കാന്‍ നിരവധി നല്ല മനസ്സുകള്‍ കാത്തിരിപ്പുണ്ട്; മതത്തിന്റെയും പാര്‍ട്ടിയുടെയും വേലിക്കെട്ടുകള്‍ നോക്കാതെ തന്നെ. നന്മയുടെ വഴിയില്‍ ചരിക്കുന്നവര്‍ക്ക് പടച്ചവന്റെ കാരുണ്യ കടാക്ഷം കിട്ടാതിരിക്കില്ല. ഒരുമ്പെടാന്‍ ഒരു മനസ്സ് വേണമെന്ന് മാത്രം.

''അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.'' (ക്വുര്‍ആന്‍: 28:77)