ദാനത്തിന്റെ പെരുമഴ

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

എവിടെയാണെന്ന കൂട്ടുകാരന്റെ ഫോണ്‍ ചോദ്യത്തിന് ഗേറ്റ് നമ്പര്‍ പറയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അവിടെത്തന്നെ നില്‍ക്കുക, ഉടനെയെത്താമെന്നായിരുന്നു അവന്റെ മറുപടി.

മദീന മസ്ജിദുന്നബവിയിലായിരുന്നു അഞ്ചാണ്ടിന് ശേഷമുള്ള കണ്ടുമുട്ടലിനായി കൂട്ടുകാരനെ കാത്തിരുന്നത്. കുറെ നേരമായിട്ടും എത്താതിരുന്നപ്പോള്‍ വിളിച്ചതിന് ഉടനെയെത്താമെന്ന് തന്നെയായിരുന്നു വീണ്ടും മറുപടി. കേരള ഭക്ഷണം കിട്ടാതെ വിഷമിച്ച ഒരു ഹാജികുടുംബത്തെ മലയാളി ഹോട്ടലില്‍ ഊട്ടിയിട്ടാണ് സുഹൃത്തിന്റെ വരവ്! മക്ക, മദീന ഹറമുകളുടെ പരിസരങ്ങളില്‍ അങ്ങനെയാണ്, ആരും പരോപകാരിയായിപ്പോകും. സേവന സന്നദ്ധരായ, യൂണിഫോം ധരിച്ച വളണ്ടിയര്‍മാരുണ്ടെങ്കിലും എല്ലാവരും സ്വയം സേവകരാകുന്നതാണ് കാഴ്ച.

ഹജ്ജ് കമ്മിറ്റിയില്‍ മുന്‍കൂര്‍ അടച്ച പണത്തില്‍ നിന്ന് 2100 റിയാല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ വെച്ച് മക്ക, മദീന ചെലവുകള്‍ക്കായി തന്നപ്പോള്‍ 40 ദിവസത്തിന് ആ തുക തികയുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായിരുന്നു എന്നതാണ് അനുഭവം.

മക്കയിലെ താമസസ്ഥലത്ത് എതിരേറ്റത് തന്നെ മലയാളി സേവകരുടെ ചൂടുകഞ്ഞിയായിരുന്നു. മുറിയില്‍ ഓരോരുത്തര്‍ക്കും ദിവസവും മൂന്നിനം പഴങ്ങള്‍ വാതില്‍ക്കലെത്തിച്ചിരുന്നു. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അത് കെട്ടിടമുടമയുടെ ഹദിയയായിരുന്നുവെന്ന്. ദിവസവും 800 ലധികം വരുന്ന ഹാജിമാര്‍ക്കാണിതെത്തിച്ചിരുന്നത്! 

മസ്ജിദുല്‍ ഹറമിലേക്കുള്ള വഴികളിലെമ്പാടും സൗജന്യ സ്‌നേഹ സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. കുടിവെള്ള കുപ്പികളും വിവിധ പഴനീര്‍ കുപ്പികളും ഭക്ഷണങ്ങളും നല്‍കിയിരുന്നു. ഈത്തപ്പഴവും തൊപ്പികളും തുടങ്ങി കുടകള്‍ വരെ ഈ സമ്മാനങ്ങളില്‍ പെട്ടിരുന്നു. ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ വലിയ സമ്പന്നര്‍ വരെ പൊരിവെയിലില്‍ പാതയോരത്ത് വിയര്‍ത്ത് കാത്തിരുന്ന കാഴ്ച വേറിട്ടൊരനുഭവമായിരുന്നു. അത്തരം സമ്മാനങ്ങള്‍ ഹാജിമാര്‍ സ്വീകരിച്ചില്ലെങ്കിലായിരുന്നു അവര്‍ക്ക് വിഷമം. വിവിധ മലയാളീ സംഘടനകളുടെ പൊടിയരിക്കഞ്ഞി കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മറക്കാനാവാത്തതായിരുന്നു. ഭക്ഷണത്തിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ലായിരുന്നു. മക്കയിലെ പള്ളിയില്‍ നിന്ന് താമസസ്ഥലത്തേക്കുള്ള റോഡിനിരുവശത്തും തമ്പൊരുക്കി മാംസമടക്കമുള്ള മേല്‍ത്തരം ഭക്ഷണം നല്‍കാന്‍ അവര്‍ ഹാജിമാരെ കാത്തിരുന്നു. റോഡിലൂടെ റൊട്ടി, കുബ്ബൂസ് വിതരണം വേറെയും.

പോലീസെന്ന് കേട്ടാല്‍ പേടിയാണ് പലര്‍ക്കും. അവര്‍ മക്ക പള്ളിയിലെയും പരിസരത്തെയും പോലീസിനെ കാണേണ്ടതാണ്. ചിലരുടെ പ്രകോപനങ്ങളില്‍ പോലും കുലുങ്ങാതെ, ശാന്തത കൈവിടാതെ സേവനം നല്‍കുന്ന സൗമ്യസ്‌നേഹ സാന്നിധ്യമാണവര്‍. വിഷമിക്കുന്നവരെ കൈപിടിച്ച് നടത്തുന്നവരും സംസം ജലം എത്തിച്ച് നല്‍കുന്നവരും വീല്‍ചെയര്‍ തള്ളിക്കൊടുക്കുന്നവരും ബാഗുകള്‍ എത്തിക്കുന്നവരുമായ പോലീസുകാര്‍ അവിടത്തെ പതിവ് കാഴ്ചയാണ്.

മദീനയിലെ ഒരു വൈകുന്നേരം മുറിയിലേക്ക് നടക്കുമ്പോഴാണ് വൃദ്ധ ദമ്പതികള്‍ സഹായം തേടിയത്. കാരണവരുടെ മുറിഞ്ഞ കൈ പ്ലാസ്റ്ററിലായിരുന്നു. ദിവസങ്ങളായിട്ടും അവര്‍ക്ക് ഹറമിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. കൈപിടിച്ച് കൂടെ നടന്ന് റോഡുകള്‍ മുറിച്ചുകടന്ന് പള്ളിയിലെത്തിച്ച് കസേരയിലിരുത്തി നമസ്‌കരിപ്പിച്ച്, സംസം നല്‍കി തിരികെ അവരുടെ മുറിയിലെത്തിച്ചു. 

കൈപിടിച്ച് 'റൗള' കാണിക്കണമെന്ന് പറഞ്ഞ് കരഞ്ഞ ഒരു സാധു സ്ത്രീയുടെ കഥയാണ് ഭാര്യക്ക് പറയാനുണ്ടായിരുന്നത്. അവരുടെ കൈപിടിച്ച് പള്ളിയിലെത്തിച്ച് റൗളയിലെത്തിച്ച് നമസ്‌കരിപ്പിച്ച് തിരികെ അവരുടെ മുറിയിലെത്തിച്ചിട്ടാണവള്‍ വന്നത്. സദാ ആ ഉമ്മ കരഞ്ഞുകൊണ്ടായിരുന്നുവത്രെ! മുമ്പ് ഉംറക്ക് അവരുടെ കൈപിടിച്ച് കൂടെ നടന്ന് കര്‍മങ്ങളെല്ലാം ചെയ്യുവാന്‍ സഹായിച്ച അവരുടെ മകള്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടതായിരുന്നു തോരാത്ത ആ കണ്ണീരിന്റെ കാരണം.

സ്‌നേഹപരിഗണനകളുടെ പാരാവാരം തീര്‍ക്കുന്ന, ദാനത്തിന്റെ പെരുമഴക്കാലം തീര്‍ക്കുന്ന, അത്ഭുത അനുഭവസാക്ഷ്യമാണ് മക്ക-മദീന ഹറമുകളുടെ സാമീപ്യം വിശ്വാസികള്‍ക്ക് സമര്‍പിക്കുന്നത്!