പുഞ്ചിരി നല്‍കുന്ന ഊര്‍ജം

ഇബ്‌നു അലി എടത്തനാട്ടുകര

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ഒാഫീസിലേക്ക് പോകുമ്പോള്‍ ഒരു ഇടവഴി സമാനമായ പഞ്ചായത്ത് റോഡിലൂടെയുള്ള യാത്രക്കിടെ പ്രായമായ ഒരാളുടെ ഒരു പൂഞ്ചിരി കിട്ടാറുണ്ട്. പല്ലുകള്‍ കാണാത്ത നിഷ്‌കളങ്കമായ സുസ്മിതം. വെള്ളത്തുണിയുടുത്ത, ചുമലില്‍ വെളുത്ത തോര്‍ത്ത് ചുറ്റിയ ഒരു എഴുപതുകാരന്‍. അടുത്തുള്ള ചായക്കടയില്‍നിന്ന് 'കാലിയടിച്ച്' പത്രവായനയും കഴിഞ്ഞുള്ള വരവായിരിക്കാം. മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മെറ്റ് ധരിച്ച് ഇരിക്കുന്ന എന്നെ അദ്ദേഹത്തിന് അറിയില്ല. മുഖം കണ്ടാലും എന്നെ അറിയാനുള്ള പരിചയമില്ല. ഒരു തലയാട്ടലോടെ ഞാനും തിരികെ ആ ചിരിക്ക് പ്രതികരിച്ച് കടന്നുപോകും. ചില ദിവസങ്ങളില്‍ കണ്ടില്ലെങ്കില്‍, ഇന്നെന്തു പറ്റി അദ്ദേഹത്തിന് എന്ന് ഒരുവേള ചിന്തിക്കാറുണ്ട്

ജോലി കുറെ അകലെയായതുകൊണ്ട് പുലരിത്തണുപ്പ് വിട്ടൊഴിയുന്നതിന് മുമ്പ് തന്നെ യാത്ര തുടങ്ങും. ആദ്യ ഘട്ടം ബൈക്കിലും തുടര്‍ന്ന് ബസ്സിലും. ബൈക്ക് യാത്രയിലുടനീളം ചിരിയുടെ പൂരമായിരിക്കും മിക്കവാറും. ചിലത് ലിഫ്റ്റിനുള്ളതാവും, അല്ലെങ്കില്‍ പരിചയക്കാരുടെതാവും. മദ്‌റസയിലേക്ക് പോകുന്ന കുട്ടികള്‍ തൊട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ടാകും. സ്‌കൂളിലേക്ക് പോകുന്ന കൊച്ചുകുട്ടികളുടെ ഉത്സാഹഭരിതമായ ചിരിക്കും ചുരുക്കം ചിലരുടെ ചിണുങ്ങലിനും സാക്ഷിയാകാറുണ്ട്. സ്‌കൂളില്‍ പോകുന്ന മുതിര്‍ന്ന കുട്ടികളെ യാത്രയാക്കാന്‍ വലിയവരുടെ കൂടെയെത്തുന്ന കൂഞ്ഞുകുട്ടികളുടെ നിഷ്‌കപട സുസ്മിതം പുലര്‍വേളയില്‍ നമുക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല.

യാത്രയയക്കാനെത്തിയ ഇത്തരം കുഞ്ഞുങ്ങളെ സ്‌കൂള്‍ യൂണിഫോം ധരിച്ച, താരതമ്യേന ഇത്തിരി മുതിര്‍ന്ന കുട്ടികള്‍ ഒക്കത്തെടുത്ത് ലാളിക്കുന്നതും ലാളിക്കാന്‍ മറ്റു കുട്ടികള്‍ മത്സരിക്കുന്നതം തിരക്ക് കൂട്ടുന്നതും ഏറെ സന്തോഷകരമായ കാഴ്ചയാണ്. സ്‌കൂളിലേക്ക് ലിഫ്റ്റ് ചോദിക്കുന്ന യൂണിഫോംധരിച്ച ചെറിയ കുട്ടികളുടെ അപേക്ഷാമിശ്രിത ചിരിയും ഇടക്കിടെ കാണാറുണ്ട്. തിരക്കിലോ മറ്റോ നിര്‍ത്താതെ പോകേണ്ടിവരുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന വിഷമം കലര്‍ന്ന ഭാവം വല്ലാതെ അലട്ടുന്ന ഒന്നാണ്. ജോലിയുടെ സമ്മര്‍ദം നിറഞ്ഞ ഒരു പകലിന് ഈ നറു പുഞ്ചിരികള്‍ നല്‍കുന്ന ആശ്വാസവും കരുത്തും ചെറുതല്ല.

ഇന്ന് ചിരിയില്‍ പോലും മതവും ജാതിയും വിഭാഗീയതയും ഇടം പിടിച്ചിരിക്കുന്നു. പുഞ്ചിരി ഒരു നന്മയാണെന്ന പ്രവാചക അധ്യാപനം ഏറെ പ്രസക്തമാണിന്ന്. ചിലരുടെ മന്ദഹാസം പോലും സ്ഥാനത്തെയും പണത്തെയും അടിസ്ഥാനമാക്കി വീതിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.

ഒരു പകലിന്റെ അധ്വാനവും യാത്രയും കഴിഞ്ഞ് ക്ഷീണിത ദേഹവുമായി സ്വന്തം കുടുംബത്തിലെത്തുമ്പോള്‍ സ്വീകരിക്കാന്‍, നിറഞ്ഞ ചിരിയോടെ കാത്തിരിക്കാന്‍ ഒരാളുണ്ടാവുകയെന്നത് എത്ര വലിയ ഭാഗ്യമാണ്. ഒരു കൊച്ചുകുട്ടിയുടെ - അത് സ്വന്തം കുേഞ്ഞാ പേരക്കിടാവോ മറ്റാരോ ആകട്ടെ- നിര്‍മല മന്ദസ്മിതം വീട്ടിലുണ്ടെങ്കില്‍ അത് നല്‍കുന്ന പോസിറ്റീവ് എനര്‍ജി വലുതാണ്.

പുഞ്ചിരിയില്‍ പിശുക്കുള്ളവരാണു നാമെങ്കില്‍ നമുക്ക് ചിരിയളവു കൂട്ടാം. എന്തായാലും അതു നമുക്ക് നഷ്ടമൊന്നും വരുത്തിയേക്കില്ലല്ലോ.