സാഹോദര്യത്തിന്റെ  വെളുത്ത തമ്പുകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2017 നവംബര്‍ 11 1439 സഫര്‍ 22

തീവെയിലില്‍, നീണ്ട ക്യൂവില്‍ വിയര്‍പ്പില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ വളണ്ടിയര്‍മാരില്‍ നിന്ന് ലഭിച്ച ഒരു ചെറു തൂക്കുപാത്രത്തിലെ ചൂടുള്ള പൊടിയരിക്കഞ്ഞിയുമായാണയാള്‍ തമ്പിനകത്തെ ഇളം തണുപ്പിലേക്ക് പ്രവേശിച്ചത്; മിനായിലെ തമ്പിലേക്ക്. തനിക്കായി അനുവദിക്കപ്പെട്ട ആറടി നീളവും രണ്ടരയടി വീതിയുമുള്ള പരിമിത സ്ഥലത്ത് ആ ഹാജിയിരുന്നു; ആശ്വാസത്തോടെ. നാട്ടില്‍ അയാളൊരു ചെരുപ്പു നിര്‍മാണ കമ്പനിയുടമയാണ്. നൂറോളം ജോലിക്കാരും വാഹനങ്ങളും ലക്ഷങ്ങളുടെ വിറ്റുവരവുമുണ്ടയാള്‍ക്ക്. തൊട്ടടുത്തുള്ള ഹാജിയുമായി ആ കഞ്ഞി അയാള്‍ പകുത്ത് കുടിച്ചു; ഒരു ചെറിയ അച്ചാര്‍ പാക്കറ്റ് പൊട്ടിച്ച്  അച്ചാര്‍ തൊട്ടുകൂട്ടിക്കൊണ്ട്. കഞ്ഞി പകുത്ത് കുടിച്ച മറ്റേ ഹാജി ഒരു ലോറി ഡ്രൈവറായിരുന്നു.

സമത്വവും സാഹോദര്യവും അടുത്തറിയുന്ന അനുഭവങ്ങളാണ് മിനയിലെ വെളുത്ത ടെന്റുകളിലെ ഏതാനും ദിവസത്തെ ജീവിതം. എല്ലാവരും ശുഭ്രവസ്ത്രധാരികള്‍. തുന്നലില്ലാത്ത രണ്ടു കഷ്ണം വസ്ത്രം കൊണ്ട് ഉടുക്കുകയും പുതക്കുകയും ചെയ്യുന്നു. നാട്ടില്‍ കോട്ടും സൂട്ടിമിട്ടിരുന്നവരും കള്ളിമുണ്ടുടുത്തിരുന്നവരുമെല്ലാമവിടെ ഒരേ വസ്ത്ര ധാരികള്‍. ബംഗ്ലാവുകളിലം മണിമന്ദിരങ്ങളിലും അന്തിയുറങ്ങിയിരുന്നവര്‍ ക്വബ്‌റു പോലെ ഇടുങ്ങിയ സ്ഥലത്ത് കിടന്നും ഉറങ്ങിയും വിശ്രമിച്ചും നാളുകള്‍ കഴിച്ചുകൂട്ടുന്നു. തൃപ്തിയോടെ പ്രാര്‍ഥനകളില്‍ മുഴുകുന്നു!

പ്രഭാതകര്‍മങ്ങള്‍ക്കായി അവര്‍ ശൗചാലയങ്ങള്‍ക്ക് മുമ്പില്‍ ക്ഷമാപൂര്‍വം കാത്തുനില്‍ക്കുന്നു. നാട്ടില്‍, വീട്ടില്‍, ഓഫീസില്‍ അനുഭവിച്ചിരുന്ന ആഡംബര ആധുനിക കുളിമുറിയിലെ വിശാലതയും ശാന്തതയും അവര്‍ മനപൂര്‍വം മറന്നുകളയുന്നു. അംഗശുദ്ധിവരുത്തുവാനായി, വിശിഷ്യാ നമസ്‌കാര വേളകളില്‍ ക്യൂവിന്റെ നീളം കൂടുമ്പോഴും സംതൃപ്തിയോടെ ക്ഷമയവലംബിക്കുന്നു. 

തമ്പിനു ചാരെ ചുടുചായനിറച്ച ചൂടാറാ പത്രത്തിനരികില്‍ ഗ്ലാസും തൂക്കുപാത്രവുമായി വരിനില്‍ക്കുന്നു. ലഭിച്ച ചായ കൂട്ടുകാരുമായി പങ്കുവെച്ച് തൃപ്തരാകുന്നു. തമ്പിനു പുറത്തിറങ്ങുന്ന ഇടനേരങ്ങളില്‍ ഹദിയയായി ലഭിച്ച പഴമോ പലഹാരമോ നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉണങ്ങിയ പഴങ്ങളോ പരമാവധി ഹാജിമാര്‍ക്ക് പകുത്ത് നല്‍കി സായൂജ്യമടയുന്നു.

പകലിലെ പ്രാര്‍ഥനകളില്‍ മുഴുകുവാനായി അറഫയിലേക്കും രാപാര്‍ക്കുവാന്‍ മുസ്ദലിഫയിലേക്കും പോകുമ്പോള്‍ ബസ്സില്‍ കാലുകുത്താനിത്തിരി ഇടം കാത്ത് മണിക്കൂറുകള്‍ കാത്ത് നില്‍ക്കുന്നു. നാട്ടിലുള്ള വാഹനങ്ങളെക്കുറിച്ച് അന്നേരം ചിന്തിക്കാതിരിക്കുവാന്‍ കഴിയില്ലെന്നതാണ് സത്യം. വെള്ള വസ്ത്രങ്ങളണിഞ്ഞ ജനലക്ഷങ്ങളുടെ പ്രവാഹത്തില്‍ ഒരു ചെറുതരിയായി നടന്ന് നീങ്ങുമ്പോള്‍ മുന്നിലോ പിന്നിലോ ഒപ്പമോ നടക്കുന്നവരുടെ വര്‍ണമോ ദേശമോ ഭാഷയോ നോക്കാതെ ഭക്തിയിലലിഞ്ഞ് കിലോമീറ്ററുകള്‍ നടന്ന് നീങ്ങുന്നു. ദാഹിക്കുന്ന സഹയാത്രികന് തന്റെ കുപ്പിവെള്ളത്തില്‍ നിന്ന് പകുത്ത് കൊടുത്ത് തൃപ്തിയടയുന്നു.

ഡസനില്‍ തുടങ്ങി നൂറുകണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന മിനയിലെ വെളുത്ത ടെന്റുകളില്‍ തനിക്ക് ലഭിച്ച പരിമിത സ്ഥലത്ത് സ്വയം ഒതുങ്ങി തൃപ്തനാവുന്നു. പ്രാര്‍ഥനകളുടെ ഇടവേളകളില്‍ നാട്ടിലെയും കൂടുംബത്തിലെയും വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു. അതില്‍ മീന്‍ പിടുത്തക്കാരന്റെ തണുപ്പുണ്ട്, ഡ്രൈവറുടെ വിയര്‍പ്പുണ്ട്, ഓഫീസറുടെ ആശങ്കയുണ്ട്, മുതലാളിയുടെ കച്ചവട വൈഭവങ്ങളുടെ കഥകളുണ്ട്, കൈത്തഴമ്പിന്റെ കരുത്തുണ്ട്.

ജീവിതയാത്രയിലെ വൈവിധ്യമാര്‍ന്ന പാതകളിലെ കയറ്റിറക്കങ്ങള്‍ കൗതുകത്തോടെ, ആകാംഷയോടെ അവര്‍ പങ്ക്‌വെക്കുന്നു. സന്തോഷിപ്പിക്കുന്നു. മക്കയിലെത്തിയ, അല്ലാഹുവിന്റെ അതിഥികളാണവര്‍ എന്നതാണ് അവരുടെ ആത്മധൈര്യത്തിന്റെയും സംതൃപ്തിയുടേയും കാതല്‍!