കണ്ണുനീർ കുടിപ്പിക്കുന്ന ന്യൂജെൻ തലമുറ

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

ഓഫീസിൽ, എന്റെ മുന്നിലെ കസേരയിലിരുന്ന്‌ അയാൾ തേങ്ങിത്തേങ്ങിക്കരഞ്ഞു. അയാളുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. ജാള്യതയോടെ അയാൾ കണ്ണീർ തുടച്ചെങ്കിലും കൂടുതൽ ശക്തിയോടെ അത്‌ ഒഴുകിക്കൊണ്ടേയിരുന്നു. സംസ്ഥാന സർക്കാരിലെ സാമാന്യം നല്ല പോസ്റ്റിൽ നിന്ന്‌ റിട്ടയർ ചെയ്‌ത ഉദ്യോഗസ്ഥനാണയാൾ.

മകനായിരുന്നു അയാളുടെ പ്രശ്‌നം. മകനൊരു കച്ചവടം നടത്തിയിരുന്നു; മറ്റൊരു സംസ്ഥാനത്തുനിന്ന്‌ ആരോഗ്യസംബന്ധിയായ ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യൽ. എന്നാൽ നികുതി വകുപ്പിന്‌ ആവശ്യമായ രേഖകൾ സമർപ്പിക്കുകയോ നികുതി ഒടുക്കുകയോ ചെയ്യില്ല. ഓഫീസർമാർ അയക്കുന്ന മുന്നറിയിപ്പ്‌ നോട്ടീസുകൾക്ക്‌ മറുപടി ബോധിപ്പിക്കുകയോ വൈകിയെങ്കിലും ആവശ്യമായ റിട്ടേണുകൾ സമർപ്പിക്കുകയോ നികുതി അടക്കുകയോ ചെയ്‌തതുമില്ല. ഒടുവിൽ വകുപ്പ്‌ നിയമ നടപടികളും പെനാൽറ്റി നടപടികളുമായി മുന്നോട്ട്‌ പോയപ്പോഴാണ്‌ വയോധികൻ മൂന്ന്‌ നില കോണിപ്പടികൾ കയറി ഓഫീസിലെത്തി ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ടിരുന്നത്‌.

മകന്‌ കുറച്ച്‌ രാഷ്‌ട്രീയജ്വരമൊക്കെയുണ്ടായിരുന്നു. സൂത്രക്കാരായ കുറച്ച്‌ കൂട്ടുകാരും രാഷ്‌ട്രീയക്കാരും തരം പോലെ അവനെ കയ്യിലെടുത്തു. നാലാളുകൾക്ക്‌ മുമ്പിൽ ദയാലുവും ദീനാനുകമ്പയുമുള്ള നിസ്വാർഥനുമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മകൻ പ്രശസ്‌തിയിലും മാധ്യമ ശ്രദ്ധയിലും വീണുപോയി.

വിലകൊടുത്ത്‌ വാങ്ങിയ ലക്ഷങ്ങളുടെ മെഷീനറി സൗജന്യമായി നൽകി. പുറമെ ലക്ഷങ്ങൾ സംഭാവനയായി നൽകാൻ തുടങ്ങി. ചെക്ക്‌ മടങ്ങിയപ്പോൾ കേസായി.

തിരഞ്ഞ്‌ വരുന്ന ആളുകളെയും കാശ്‌ കൊടുക്കാനുള്ളവെരയും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ വന്നവരെയും കൊണ്ട്‌ പിതാവിന്‌ സ്വൈര്യം നഷ്‌ടപ്പെട്ടു. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ തുകയൊക്കെയും മകന്റെ കടം വീട്ടാൻ വിനിയോഗിച്ചു. തികയാഞ്ഞിട്ട്‌ സ്ഥലം വിറ്റും കടം വീട്ടി. പിന്നെയും കടം ബാക്കി...!

മകളുടെ വിവാഹച്ചെലവിനായി വിൽക്കാൻ മാറ്റിവെച്ചിരുന്ന സ്ഥലവും കടംവീട്ടാൻ വിൽക്കേണ്ടി വന്നതിനാൽ വിവാഹം മുടങ്ങി. ഇങ്ങനെയൊരു മകനെയെന്തിന്‌ ദൈവം നൽകിയെന്ന്‌ അയാൾ വിലപിച്ചു. മകനുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും അവനുമായി ബന്ധപ്പെട്ട ഒന്നിനും തന്നെ കാണാൻ ആരും വരരുതെന്നും ആ പിതാവ്‌ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പോറ്റിവളർത്തി വലുതാക്കിയ മകനല്ലേ, കളയാനൊക്കുമോ?

പരിമിതികളിൽ നിന്ന്‌ പരമാവധി സഹായിക്കാമെന്നും അവസാന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തെ കൂടി അറിയിക്കാമെന്നും പറഞ്ഞ്‌ യാത്രയാക്കി.

മക്കളില്ലാത്തവർ അതിന്റെ പേരിൽ ദുഃഖം അനുഭവിക്കുമ്പോൾ മക്കൾ ഉണ്ടായതിന്റെ പേരിൽ സമാധാനവും കുടുംബജീവിതവും മാനവും പോയവർ എത്ര!

ആ പിതാവിനെവിടെയാണ്‌ പിഴച്ചത്‌? സ്‌നേഹവും പണവും കൂടുതൽ കൊടുത്തതിലോ? മകൻ പ്രശസ്‌തനാവുന്നത്‌ കണ്ട്‌ ആഹ്ളാദിച്ചതിലോ? വലിയ ബിസ്‌നസ്സും സെറ്റപ്പും മറ്റും കണ്ടപ്പോൾ മതിമറന്നതിലോ? അതല്ല ദൈവ വിശ്വാസവും ധാർമികബോധവും നൽകാതെ മകനെ വളർത്തിയതിലോ?

ഇത്തരം മുടിയരായ പുത്രന്മാർ ഇനിയും മാതാപിതാക്കളെയും കുടുംബത്തെയും കണ്ണീർ കുടിപ്പിക്കാതിരിക്കാൻ `ന്യൂജെൻ` തലമുറയെ ധാർമിക മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌.