വന്ന വഴി മറക്കരുതാരും

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

എന്റെ ഗ്രാമത്തില്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഒരു ചടങ്ങ് നടക്കുകയാണ്. കൂട്ടുകാരന്റെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന പാവപ്പെട്ട ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് പുതുവസ്ത്രം-'സ്‌നേഹപ്പുടവ' നല്‍കുന്നതാണ് ചടങ്ങ്. വ്യവസായി സുഹൃത്തുക്കളും എക്കൗണ്ടിംഗ് രംഗത്തുള്ള കൂട്ടുകാരും പങ്കെടുക്കുന്നുണ്ട്.

സ്‌നേഹപ്പുടവ ഉദ്ഘാടനം നിര്‍വഹിച്ച വ്യവസായി സുഹൃത്ത് ആ സ്‌കൂളിലെത്തന്നെ ഒരു കുടുംബത്തിന് മാസം തോറും ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ സ്‌പോണ്‍സര്‍ ആണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പ്രസംഗ മധ്യേ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സ്‌കൂളിന്റെ വികസന പദ്ധതിയിലേക്ക് അദ്ദേഹം ആറക്ക സംഖ്യ വാഗ്ദാനം ചെയ്തു. ആശംസക്ക് എന്റെ ഊഴം വന്നപ്പോള്‍ മുന്നിലിരിക്കുന്ന കൊച്ചുകുട്ടികളെ നോക്കി ഞാന്‍ ഒരു കഥ പറയാമെന്നു പറഞ്ഞു. അത് കേട്ട് എല്ലാവരും ഉഷാറായി ഇരുന്നു.

'പണ്ട് പണ്ട് നമ്മുടെ ഗ്രാമത്തിലൂടെ ഒരു ബസ്സ് സര്‍വീസ് നടത്തിയിരുന്നു. അതില്‍ തൊട്ടടുത്ത പ്രദേശത്തെ ഒരാള്‍ അതില്‍ തൊഴിലാളിയായിരുന്നു. സാമ്പത്തിക പ്രശ്‌നവും മറ്റുമായി അയാള്‍ക്ക് പഠനം നിറുത്തി ജോലിക്ക് പോകേണ്ടി വന്നതായിരുന്നു. അയാള്‍ ബസ്സിലെ തൊഴില്‍ നിര്‍ത്തി. മറ്റു ചില തൊഴിലുകള്‍ക്ക് ശ്രമിച്ചു. പിന്നീട് സൗദിയില്‍പോയി. വാഹനം ഓടിക്കുന്ന ജോലി. പിന്നീട് സാധനങ്ങളുടെ വിതരണ ചുമതല കൈവന്നു. ഒരു കട സ്വന്തമായി നടത്താന്‍ തുടങ്ങി, നാട്ടില്‍ നിന്ന് ബന്ധുക്കളില്‍ ചിലരേയും തുടര്‍ന്ന് കൂട്ടുകാരെയും ജോലിക്ക് കൊണ്ടുവന്നു. പങ്കാളിയായി നല്ലൊരു അറബി സുഹൃത്തിനെ ലഭ്യമായി. കടകളുടെ എണ്ണം കൂടി, വാഹനങ്ങളുടെ എണ്ണവും ഒപ്പം തൊഴിലാളികളുടെ എണ്ണവും വര്‍ധിച്ചു. ബിസിനസ്സ് ദുബായിലേക്ക് കൂടി വ്യാപിച്ചു. ജന്മനാടിനെ മറന്നില്ല. നാട്ടില്‍ ടൂള്‍സ് വ്യാപാരം തുടങ്ങി. ചൈനയില്‍ പോയി, അവിടെ തൊഴിലാളികളെ വെച്ച് ഫാക്ടറി ആരംഭിച്ചു. ഇറക്കുമതി തുടങ്ങി. അങ്ങനെ ബസ്സ് തൊഴിലാളിയായിരുന്ന ആ മനുഷ്യനു രണ്ട് ഡസനിലേറെ വാഹനങ്ങളായി, ഇരുന്നൂറിനടുത്ത് തൊഴിലാളികളായി.

ഔദ്യോഗിക കാര്യത്തിനിടെ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനുള്ള അവസരമുണ്ടായി. ആ പരിചയം സൗഹൃദമായി വളര്‍ന്നു. വിദേശത്ത് നിന്നുള്ള വിളികളും മെസ്സേജുകളും തുടര്‍ന്നു. പരിചയം ഇരുവരുടെയും കുടുംബങ്ങളിലേക്കും പടര്‍ന്നു. ആ മനുഷ്യന്‍ ഇപ്പോള്‍ നാട്ടിലുണ്ട്, നമ്മുടെ ഗ്രാമത്തിലുണ്ട്, എന്തിനേറെ നമ്മുടെ സ്‌കൂളില്‍ ഈ ചടങ്ങിനെത്തിയിട്ടുണ്ട്. നമ്മുടെ വേദിയിലുണ്ട്! അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ ആരൊക്കെയുണ്ട് കൂട്ടത്തില്‍? കാണട്ടെ.

ഞാന്‍ കഥ നിറുത്തി.

കൊച്ചുകുരുന്നുകള്‍ എഴുന്നേറ്റ് നിന്നു. നിറുത്താതെ കയ്യടിച്ച് അദ്ദേഹത്തെ ആദരിച്ചു. ആ കുരുന്നുകളുടെ സ്‌നേഹം അദ്ദേഹം പുഞ്ചിരിയോടെ ഏറ്റുവാങ്ങി.

വന്ന വഴികള്‍ മറക്കാത്ത അദ്ദേഹത്തിന് കൂടുതല്‍ ഐശ്വര്യത്തിനായി കുട്ടികള്‍ പ്രാര്‍ഥിച്ചിരിക്കണം. കുഞ്ഞുങ്ങള്‍ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും ഒപ്പം എന്റെ മനസ്സും!