അറിയാതെ പോയ രോഗം

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഏപ്രില്‍ 22 1438 റജബ് 25

ഓഫീസില്‍ പലപ്പോഴും ആ വനിതാ ജീവനക്കാരി ലീവായിരുന്നു. ചിലപ്പോള്‍ ലീവ് ദിവസങ്ങള്‍ നീളും. ഓഫീസില്‍ ഉള്ള ചില ദിവസങ്ങള്‍ ഊര്‍ജസ്വലയല്ലാതെ ജോലി ചെയ്യുന്നതായും കാണപ്പെടാറുണ്ട്. ലീവ് ചിലപ്പോള്‍ അടിയന്തിര ജോലികള്‍ തീരാതെ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഓഫീസിലെ സീനിയര്‍ ഓഫിസര്‍ നല്ല ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. എന്നാല്‍ കഠിനമായി ജോലി ചെയ്യുന്നയാളും ജോലിയിലെ വീഴ്ചയും ഉദാസീനതയും വെച്ചുപൊറുപ്പിക്കാത്ത സ്വഭാവക്കാരനുമായിരുന്നു.

ഒരുനാള്‍ അത്യാവശ്യമായ ഒരു നോട്ടീസ് യഥാസമയത്ത് ഓഫീസില്‍ നിന്ന് അയക്കാത്തതിനെ ചൊല്ലി അസ്വാരസ്യമുണ്ടായി. അത് ഒടുക്കം, ലീവെടുക്കുന്ന മേല്‍പറഞ്ഞ ജീവനക്കാരിയെ ശകാരിക്കുന്ന തലത്തിലേക്ക് വളര്‍ന്നു. സീനിയര്‍ ഓഫിസര്‍ അവരെ കാബിനില്‍ വിളിച്ച് ദേഷ്യപ്പെടുകയും വിശദീകരണം ആരായുകയും ചെയ്തു. അവര്‍ കരഞ്ഞു, കണ്ണീര്‍ പ്രവാഹമായി...

അന്ന് ലീവായിരുന്ന എന്നോട്, പിറ്റേന്ന് കാബിനിലെത്തി അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സ്വാഭാവികമായും കണ്ണീരിന്റെയും തേങ്ങലിന്റെയും അകമ്പടിയോടെയായിരുന്നു സംസാരം. താന്‍ അലസയോ ജോലി ചെയ്യാന്‍ മടിയുള്ള ആളോ അല്ലെന്നും അസൂഖം കാരണമാണ് ലീവെടുക്കാന്‍ നിര്‍ബന്ധിതയാകുന്നതെന്നും അവര്‍ വിശദീകരിച്ചു. ഞാന്‍ ആശ്വസിപ്പിച്ച് തിരികെ പറഞ്ഞയച്ചു. സീനിയര്‍ ഓഫീസറെ ഞാന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും പറഞ്ഞു.

പിന്നീട് ഓഫീസിലെ മറ്റൊരു ജീവനക്കാരി പറഞ്ഞാണ് കൃത്യമായ അസൂഖവിവരമറിഞ്ഞത്. അവര്‍ക്ക് ഒരു കിഡ്‌നിയേ ഉണ്ടായിരുന്നുള്ളു! മാറാത്ത പല അസുഖങ്ങളും അലട്ടിയപ്പോള്‍ നടത്തിയ വിശദ പരിശോധനയിലാണത് കണ്ടെത്തിയിരുന്നത്. ഒരു വൃക്കയുടെ കുറവ് നല്‍കുന്ന അനാരോഗ്യം, തൊട്ടടുത്ത ജില്ലയില്‍ നിന്ന് ഒരു മണിക്കൂര്‍ ബസ് യാത്ര ചെയ്ത് ഓഫീസില്‍ ജോലിക്ക് എത്താന്‍ സമ്മതിക്കാതിരുന്നത് കൊണ്ടായിരുന്നു പലപ്പോഴും അവര്‍ ലീവിലായിരുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോകുമ്പോഴായിരുന്നു മറ്റു ലീവുകള്‍.

രോഗവിവരമറിഞ്ഞ ഞാന്‍ തളര്‍ന്ന് പോയി. സീനിയര്‍ ഓഫീസര്‍ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്ത ഒരവസ്ഥയിലായി. അദ്ദേഹം എന്റെയടുത്തെത്തി കുറേ നേരം മിണ്ടാതിരുന്നു. പിന്നെ പശ്ചാത്താപ മനസ്സോടെ കുറെയേറെ പറഞ്ഞു. അദ്ദേഹം വല്ലാതെ തളര്‍ന്ന് പോയിരുന്നു. വിവരമറിയുന്ന ആരും തന്നോട് രോഗവിവരം പങ്ക് വെച്ചില്ലല്ലോയെന്ന് പരിതപിച്ചു. ഒടുക്കം ജീവനക്കാരിയോട് അദ്ദേഹം മാപ്പ് പറഞ്ഞു. സല്‍ക്കാരപ്രിയനായിരുന്ന ആ ഓഫീസര്‍ തൊട്ടടുത്ത ദിവസം ഒരു ഉച്ചഭക്ഷണ പാര്‍ടി ഏര്‍പ്പാട് ചെയ്ത് അന്തരീക്ഷം ലഘുകരിക്കാന്‍ ശ്രമിച്ചു.

മറ്റുള്ളവരുടെ വീഴ്ചകളില്‍, കുറവുകളില്‍ അവരെ കുറ്റപ്പെടുത്താന്‍, ശിക്ഷിക്കാന്‍ ഒരുമ്പെടുമ്പോള്‍ അക്കാര്യത്തില്‍ മറ്റുള്ളവരുടെ ഒരു മറു വശമുണ്ടാകുമെന്നും അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാനുള്ള സന്മനസ്സ് കാണിക്കണമെന്നുമാണ് ഈ സംഭവം നമ്മളെ ബോധ്യപ്പെടുത്തുന്ന ലളിതവും എന്നാല്‍ മുഖ്യവുമായ കാര്യം.

ആഇശ്യ നിവേദനം: ''തീര്‍ച്ചയായും സൗമ്യത ഏതൊന്നിലുണ്ടായാലും അത് അതിനെ അലംകൃതമാക്കും. ഏതെങ്കിലും ഒന്നില്‍ നിന്ന് അത് മാറ്റപ്പെട്ടാല്‍ അത് അതിനെ വിരൂപമാക്കുകയും ചെയ്യും.'' (സ്വഹീഹ് മുസ്‌ലിം)