തണല്‍ തേടി ഒരു വെള്ളിയാഴ്ച

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

നമസ്‌കരിക്കാന്‍ വിരിച്ച മുസ്വല്ലയില്‍ പ്രാവിന്റെയൊരു െചറുതൂവല്‍.

ഇക്കഴിഞ്ഞ ഹജ്ജിന് ശേഷം മസ്ജിദുല്‍ ഹറമിലായിരുന്നു അത്.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച. ഒന്നര മണിക്കൂര്‍ മുമ്പേ മുറിയില്‍ നിന്നിറങ്ങി പുറപ്പെട്ടെങ്കിലും വൈകിയിരുന്നു. ഹാജിമാര്‍ക്കുള്ള പതിവ് ബസ് ഓട്ടം നിര്‍ത്തിയിരുന്നു. കൈകാട്ടി നര്‍ത്തിയ കാറിലെ ഡ്രൈവര്‍ വിവിധ ഭാഷകളില്‍ പറഞ്ഞത് മനസ്സിലായി; റോഡ് ബ്ലോക്കാണ്, നടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.

തലച്ചോറിലേക്കെത്തുന്ന തീവെയിലില്‍ നടത്തം തുടങ്ങി. കൂടചൂടിയതറിയാത്തപോലെ; ചൂടിനൊരു കുറവുമില്ല. ഇത്തിരി ദൂരം നടന്നപ്പോഴേക്കും കെട്ടിടങ്ങളുടെ നിഴല്‍വീണ റോഡിലെ സ്ഥലമെല്ലാം വിശ്വാസികള്‍ കൈവശപ്പെടുത്തിയിരുന്നു; മുസ്വല്ല വിരിച്ച് ഇരിപ്പുണ്ടായിരുന്നു.

നടത്തം തുടര്‍ന്നെങ്കിലും ഹറമിന്റെ കുറെയകലെ ബാരിക്കേഡ് തീര്‍ത്ത് വഴി തടഞ്ഞിരുന്നു. പള്ളിയും പരിസരവും നിറഞ്ഞിരുന്നു. ഒരു മുസ്വല്ല വിരിക്കാന്‍ നിഴലുള്ളിടത്തെല്ലാം അത് ചെയിതിരിക്കുന്നു വിശ്വാസികള്‍, വിശ്വാസിനികള്‍!

മെയിന്‍ റോഡില്‍ നിന്ന് ചെറിയ ഒരു റോഡിലേക്ക് തിരിഞ്ഞെങ്കിലും നിഴലിടങ്ങളൊട്ടും ഒഴിവില്ല. ഇടവഴി പോലൊരിടത്തേക്ക് തിരിഞ്ഞു. അവിടെയും ആളുകള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. അതേ വഴി വീണ്ടും നടന്ന് കയറിയപ്പോള്‍ രണ്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് നടുവിലെ ഇടുങ്ങിയ നടവഴിയില്‍ നിഴലുണ്ട്. നിലം ചരിഞ്ഞതെങ്കിലും അവിടെ ഇരിക്കാന്‍ തീരുമാനിച്ചു.

മുസ്വല്ല വിരിച്ചിരുന്ന് ക്വുര്‍ആന്‍ പാരായണം തുടങ്ങി. ഒരു ഭാഗത്ത് നിന്ന് വേവുന്ന കോഴിയിറച്ചിയുടെ സുഗന്ധം, തൊട്ടടുത്ത ഹോട്ടലിന്റെ അടുക്കളയില്‍ നിന്നാവാം. എന്നാല്‍ പക്ഷിക്കൂടുകളില്‍ നിന്നെന്നപോലെ അസുഖകരമായ മണവുമുണ്ട്. കാഷ്ഠത്തിന്റെ അടയാളങ്ങളും തൂവലുകളും നാട്ടിലെ കോഴിഫാമിന്റെ സാന്നിധ്യം ഓര്‍മപ്പെടുത്തി.

കുറച്ച് നേരം കൊണ്ട് ആ സ്ഥലവും ഭക്തരകൊണ്ട് നിറഞ്ഞു.

ഒരുപക്ഷേ, ഇത് മക്കയിലെ അവസാനത്തെ വെള്ളിയാഴ്ചയാവാം എനിക്ക്. പ്രാര്‍ഥനകളില്‍ മുഴുകി. അന്നേരം മുകളില്‍ നിന്നൊരു പ്രാവിന്റെ കുഞ്ഞുതൂവല്‍ അപ്പൂപ്പന്‍ താടിപോല്‍ അന്തരീക്ഷത്തില്‍ ചുറ്റിക്കറങ്ങി മുസ്വല്ലയിലേക്ക് പതിച്ചു. തെല്ലത്ഭുതത്തോടെ മേലോട്ട് നോക്കിയപ്പോള്‍ കണ്ടത് രണ്ടിണപ്രാവുകള്‍ കെട്ടിടത്തിന്റെ ഉയരത്തിരുന്ന് എന്തോ നിശ്ശബ്ദമായി പങ്കുവെക്കുന്നതാണ്. പ്രാവുകള്‍ വേറെയുമുണ്ട്. അവ ഒരു കെട്ടിടത്തില്‍ നിന്ന് അടുത്തതിലേക്ക് പറക്കുന്നു. അവിടെയിരുന്ന് തൂവലുകള്‍ കോതിയൊതുക്കുന്നു. ഇടക്ക് ചില ഇണപ്രാവുകള്‍ ഒന്നിച്ച് പറന്നുയര്‍ന്ന് ചുറ്റിയടിക്കുന്നു; വെയിലേറ്റിരിക്കുന്ന വിശ്വാസികളുടെ സുഖവിവരമന്വേഷിക്കാനെന്നപോലെ. എന്നാല്‍, വിശ്വാസികളുടെ പ്രാര്‍ഥനക്ക് ഭംഗമുണ്ടാകാതിരിക്കാനെന്നോണം അവ അത്ഭുതകരമാം വിധം നിശ്ശബ്ദരായിരുന്നു.

ബാങ്ക് വിളിയുയര്‍ന്നു. ദൂരെയായിരുന്നത് കൊണ്ട് ഖുത്വുബ വേണ്ടത്ര വ്യക്തമായിരുന്നില്ല. വെയില്‍ ചൂടില്‍ നിന്നുള്ള ആശ്വാസവും പൊതിയുന്ന സമ്മിശ്ര ഗന്ധങ്ങളും നിമ്‌നോന്നതമായ ഇരിപ്പുനിലവും ഉയരത്തില്‍ പ്രാവുകളുടെ നേര്‍ത്ത ചിറകടിയും പറന്ന് വീഴുന്ന വെണ്‍തൂവലുകളും അകലെ നിന്ന് കേള്‍ക്കുന്ന ഉദ്‌ബോധന ശകലങ്ങളും തീര്‍ത്ത വല്ലാത്തൊരു മായികലോകത്തെത്തിയ അവസ്ഥ! 

ഹറം ഒരു മായിക ലോകമാണ്. ഓര്‍മകള്‍ ഉള്‍പുളകം സമ്മാനിക്കുന്ന, എത്രയോ മഹാത്മാക്കളുടെ കാലടികള്‍ പതിഞ്ഞ സ്ഥലം! ജനലക്ഷങ്ങള്‍ക്കിടയില്‍ ഒരു ബിന്ദുവായി അലിഞ്ഞുചേരുമ്പോള്‍ ഇല്ലാതാകുന്നത് മനസ്സിലെ ഞാനെന്ന ബോധംകൂടിയാണ്.