വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവർ; മനസ്സിലാക്കിയവരും
സലാം സുറുമ എടത്തനാട്ടുകര
2025 ഡിസംബർ 27, 1447 റജബ് 06

‘സാറേ, മഷി കുറച്ചേ പുരട്ടാവൂ, ഞാൻ കടുത്ത ഒരു അലർജി പേഷ്യന്റാണ്.’
ശബ്ദത്തിന്റെ ഉടമയെ കാണാനായി ഞാൻ മുഖമുയർത്തി. ഏകദേശം മുപ്പതിനോടടുത്ത്പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. മുടി മുഴുവനായും നീക്കം ചെയ്തത് അറിയാതിരിക്കാനായി തല കറുത്ത തുണി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ഇടത്തേ ചൂണ്ടു വിരലിൽ ചെറിയ അടയാളം വരുത്തിയാൽ മതിയെന്ന് രണ്ടാം പോളിംഗ് ഓഫീസർക്ക് നിർദേശം നൽകി. അവർ ഒരു ചെറിയ കുത്തു മാത്രം വിരലിൽ ഇട്ടുകൊടുത്തു. വോട്ട് ചെയ്യാൻ അനുവാദം നൽകി.
2001ൽ സർക്കാർ സർവീസിൽ കയറിയത് മുതൽ തെരഞ്ഞെടുപ്പ് ജോലി പതിവുള്ളതാണ്. ഓരോന്നിലും മറക്കാനാവാത്ത അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തവണ ഒന്നാം പോളിംഗ് ഓഫീസറുടെതായിയിരുന്നു വേഷം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന നഗരസഭ പരിധിയിലാണ് ഡ്യൂട്ടി കിട്ടിയത്.
രാവിലെത്തന്നെ സാമാന്യം നല്ല തിരക്കുള്ള സമയത്താണ് മേൽ സൂചിപ്പിച്ച വോട്ടർ ബൂത്തിൽ എത്തിയത്. ഉച്ച കഴിഞ്ഞ്, തിരക്കൊഴിഞ്ഞ സമയത്ത് പോളിംഗ് ഏജന്റുമാരുമായുള്ള സംസാരത്തിനിടയിൽ അവർ ഈ വോട്ടറുടെ വിശദാംശങ്ങൾ പങ്കുവച്ചു. കക്ഷി അർബുദ രോഗിയാണ്. കീമോ അടക്കമുള്ള ചികിൽസയുമായി മുന്നോട്ട് പോകുന്നു. ശാരീരികവും മാനസികവുമായ വേദനയനുഭവിക്കുന്ന ഘട്ടത്തിലും പൗരധർമം നിർവഹിക്കാനുള്ള അവരുടെ ഉത്സാഹത്തിൽ ഞങ്ങൾക്ക് മതിപ്പും അതിലേറെ ആദരവും തോന്നി. ജനാധിപത്യ പ്രവർത്തനങ്ങളെയും വോട്ടെടുപ്പിനെയും വിലകുറച്ച് കാണുന്നവർക്ക് ഇവർ ഒരു മികച്ച മാതൃകയാണ്.
വോട്ടെടുപ്പുദിവസം എല്ലാ സർക്കാർ, അർധസർക്കാർ, സ്വകാര്യമേഖലകളിലെ ജോലിക്കാർക്കും വേതനത്തോടുകൂടിയ അവധി നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും സ്ഥാപന മേധാവികൾക്കും സർക്കാർ നിർദേശം നൽകാറുണ്ട്. അവധിയും ശമ്പളവും കിട്ടിയിട്ടും വോട്ടെടുപ്പിനോടും ഈ ജനാധിപത്യ പ്രക്രിയയോടും ഉദാസീനത പുലർത്തുന്നവർക്ക് ഈ വോട്ടർ ചൂണ്ടുപലകയാണ്.
ഇങ്ങനെ ലഭിക്കുന്ന അവധി വിദൂരസ്ഥലങ്ങളിലേക്കുള്ള ടൂറിനും പർച്ചേസിംഗിനും മറ്റും മാറ്റിവയ്ക്കുന്ന മറ്റൊരു വിഭാഗവും സമൂഹത്തിലുണ്ട്. എന്നാൽ അതിരാവിലെ തന്നെ വോട്ടെടുപ്പ് കേന്ദ്രത്തിൽ എത്തി, വരി നിന്ന്, തന്റെ വോട്ടവകാശം വിനിയോഗിച്ച്, ശേഷം ജോലിക്ക് പോകുന്നവരാണ് കൂടുതലും.
നാട്ടിലുണ്ടായിട്ടും വോട്ടെടുപ്പിൽ പങ്കെടുക്കാൻ മനസ്സ് കാണിക്കാത്ത ന്യൂജൻ തലമുറയിലെ അംഗങ്ങളാണ് മറ്റൊരു കൂട്ടർ. വോട്ടെടുപ്പിൽ പങ്കെടുക്കാനായി വരി നിൽക്കുന്നതും വിരലിൽ മഷി പുരട്ടുന്നതുമൊക്കെ പഴഞ്ചനായി കാണുന്ന ഇവർ തികഞ്ഞ അരാഷ്ട്രീയ വാദികളാണ്.
ആയിരങ്ങൾ മുടക്കി, വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തിയ, വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവരെ അഭിനന്ദിക്കാതിരുന്നു കൂടാ. ബി.ഡി.എസ്സിന് പഠിക്കുന്ന മകളോട്, വോട്ടെടുപ്പ് ദിവസത്തെ അവധി കഴിഞ്ഞ് ക്ലാസ്സിന് ചെല്ലുമ്പോൾ വിരലിൽ പതിപ്പിച്ച മഷി കാണിച്ചാൽ മാത്രമെ വോട്ടെടുപ്പു ദിവസത്തെ ലീവ് തരൂ, അല്ലെങ്കിൽ അനധികൃത ലീവായി മാർക്ക് ചെയ്യും എന്ന് പറഞ്ഞ കോളേജ് അധികാരികളും അഭിനന്ദനമർഹിക്കുന്നു.
ജനാധിപത്യ പ്രക്രിയയുടെ പോരായ്മകളായ അഴിമതിയിലും സ്വജന പക്ഷപാതത്തിലും മനം മടുത്ത് അരാഷ്ട്രീയവാദത്തെ പുൽകുന്ന ഒരു പുതുസമൂഹം വളർന്നുവരുന്നത് രാഷ്ട്രീയ നേതൃത്വം കണ്ടില്ലെന്ന് നടിക്കരുത്. കടുത്ത വർഗീയത നാടിനെ വരിഞ്ഞുമുറുക്കുന്ന കാലത്ത് ഓരോ വോട്ടിന്റെയും വില എത്രമാത്രം വലുതാണെന്ന് പുതുതലമുറ മനസ്സിലാക്കൽ അനിവാര്യമാണ്.
