ഒന്ന് എഴുതി നോക്കൂന്നേ...

സലാം സുറുമ എടത്തനാട്ടുകര

2025 മെയ് 03, 1446 ദുൽഖഅദ് 05

‘എന്താ കുട്ടീ, മലയാളം റെക്കോർഡ് വെക്കാത്തത്?’

1994-96 വർഷത്തിനിടയിലെ അധ്യാപക പരിശീലന കാലത്ത് ഇത് ചോദിച്ച അധ്യാപകന്റെ മുൻപിൽ ചെന്നുചാടല്ലേ എന്നായിരുന്നു പ്രാർഥന. വർഷാവസാനം അധ്യാപകവിദ്യാർഥികളുടെ മുഴുവൻ വർക്കുകളും പരിശോധിക്കുന്ന, ടി.ടി.ഐ.യിൽ നിന്നും പുറത്തുനിന്നുള്ള സംഘമായ കമ്മീഷൻ ടീമിന് സമർപ്പിക്കേണ്ട മലയാളം വിഷയത്തിന്റെ റെക്കോർഡ് ഇതുവരെയും സാറിനെ കാണിച്ചിട്ടില്ല. ക്ലാസ്സിൽ ആകെ 31 പേരേയുള്ളൂ. അതിൽ ആകെ ആറ് ആൺകുട്ടികൾ. സാറിന് എല്ലാവരെയും പച്ചവെള്ളം പോലെ അറിയാം. എന്തോ ആവശ്യത്തിന് സ്റ്റാഫ് റൂമിലേക്ക് പോയ ഞാൻ ചെന്നുപെട്ടത് ആ മലയാളം അധ്യാപകന്റെ മുന്നിൽ തന്നെ. ‘ഏറെക്കുറെ എല്ലാം എഴുതിയിട്ടുണ്ട്. ഉടനെ വയ്ക്കാം’ എന്നു പറഞ്ഞ് തൽക്കാലം തടിതപ്പി.

മലയാളം വ്യാകരണം, ആത്മകഥ, കഥ, നോവൽ, കവിത, യാത്രാവിവരണം തുടങ്ങിയവയിൽ പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയാണ് മലയാളം റെക്കോർഡ് തയ്യാറാക്കേണ്ടത്. അതിന്റെ കൂട്ടത്തിൽ ആത്മകഥയും എഴുതണം. അതിലാണ് ഞാൻ പെട്ടുപോയത്. ആത്മകഥ എഴുതാൻ എനിക്ക് അറിഞ്ഞുകൂടാ. എവിടെ തുടങ്ങണമെന്നോ എങ്ങനെ അവസാനിപ്പിക്കണമെന്നോ അറിയാതെ ഞാൻ കുഴങ്ങി. സംഗതി അറിഞ്ഞ എന്റെ ഒരു സുഹൃത്ത് എന്റെ വിവരങ്ങൾ കുറിച്ച് വാങ്ങി. പിറ്റേന്ന് വന്നപ്പോൾ എന്റെ ആത്മകഥ എഴുതിയ പേപ്പർ കൈയിൽ വച്ചുതന്നു. അത് വായിച്ചു നോക്കിയപ്പോഴാണ് ആത്മകഥയെഴുത്ത് വളരെ ലളിതമായ സംഗതിയാണ് എന്നെനിക്ക് ബോധ്യപ്പെട്ടത്.

ക്ലാസ്സിലെ മറ്റു കുട്ടികളുടെ റെക്കോർഡ് എടുത്ത് അവരുടെ ആത്മകഥയിലൂടെ ഞാൻ കടന്നുപോയി. സുഹൃത്ത് എഴുതിത്തന്നതിൽനിന്നും മറ്റുള്ളവരുടെ ആത്മകഥയിൽനിന്നുമായി നല്ല ശൈലികൾ കൂട്ടിച്ചേർത്ത് ഞാൻ എന്റെ ആത്മകഥ പുതുക്കിയെഴുതി. എന്റെ പേനയിൽനിന്നും പിറക്കുന്ന ആദ്യത്തെ രചന. അത് എന്നിൽ ആത്മവിശ്വാസം വളർത്തി.

നാലാം ക്ലാസ്സുവരെ മാത്രം ഔപചാരികമായി മലയാളം പഠിച്ച ഞാൻ അഞ്ചു മുതൽ പത്തുവരെയും ഒന്നാം ഭാഷയായി അറബിയാണ് പഠിച്ചത്. ടി.ടി.സി. പഠനകാലത്താണ് മലയാള ഭാഷാപഠനം പുനരാരംഭിക്കുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പത്രവായന ഏറെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ സ്‌കൂൾ പ്രധാനാധ്യാപകനും അയൽവാസിയുമായ ഹരിദാസൻ മാഷിന്റെ ഭാര്യ സുനന്ദ ചേച്ചി പുസ്തകങ്ങൾ വായിക്കാൻ നന്നായി പ്രോൽസാഹിപ്പിക്കുമായിരുന്നു. അവരുടെ ഹോംലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം വായിക്കാൻ തന്നിരുന്നു. പഠിക്കുന്ന കാലത്തുതന്നെ മാക്‌സിം ഗോർക്കിയും വിക്ടർ ഹ്യൂഗോയുമൊക്കെ അങ്ങനെ എനിക്ക് പരിചിതമായിരുന്നു. പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെയും സർ ആർതർ കോനൽ ഡൊയലിന്റെയുമൊക്കെ രചനകൾ വായനയിലേക്ക് കൂടുതൽ അടുപ്പിച്ചു.

ടി.ടി.സി. ഒന്നാം വർഷത്തിൽ സ്‌കൂൾ മാഗസിൻ എഡിറ്ററായും കോളേജ് പഠന കാലത്ത് മാഗസിൻ എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചു. പല മേഖലകളിലായി നിരവധി കൈയെഴുത്ത് മാഗസിനുകൾ ഇറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജോലി ചെയ്ത സ്ഥാപനങ്ങളിൽ മാഗസിനുകളും സ്‌കൂൾ പത്രങ്ങളും ഇറക്കുന്നതിൽ ചെറുതല്ലാത്ത റോൾ വഹിച്ചു. ഇവയെല്ലാം വായനയെയും എഴുത്തിനെയും പരിപോഷിപ്പിക്കുകയായിരുന്നു. ഒന്ന് ശ്രമിച്ചാൽ, പരന്ന വായനയും നിരീക്ഷണ ശേഷിയും അൽപമൊക്കെ ജന്മവാസനയും ഉള്ളവർക്ക് നല്ല എഴുത്തുകാരാകാം. നന്മയുടെ സന്ദേശം പ്രചരിപ്പിക്കാൻ പുതിയ എഴുത്തുകാർ വളർന്നുവരണം. ‘നേർപഥം’ പുതിയ എഴുത്തുകാർക്ക് പേജുകൾ അനുവദിക്കുന്നത് വളരെ വലിയ കാര്യമാണ്. അത് ഉപയോഗപ്പെടുത്തുവാൻ പുതുതലമുറയിലുള്ളവർ തയ്യാറാകണം.