ധാർമികത പരിഹാരമല്ലേ?

വി.വി. ബഷീർ വടകര

2025 മാർച്ച് 29, 1446 റമദാൻ 28

വർധിച്ചുവരുന്ന ലഹരി വ്യാപനം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അരുംകൊലകളും ആത്മഹത്യകളും വർധിച്ചുവരുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. പരിഹാരമാർഗങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നു എന്ന തലക്കെട്ടോടെ വാർത്താമാധ്യമങ്ങൾ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു! പലരും പല നിർദേശങ്ങൾ വെക്കുന്നു. കർശന നിയമം കൊണ്ടുവരണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു! ശിക്ഷ ലഘൂകീകരിക്കപ്പെടുന്നതാണ് പ്രശ്‌നം എന്ന് മറ്റുചിലർ!

ബോധവൽക്കരണങ്ങളും ചർച്ചകളും കുടുംബ സദസ്സുകളുമൊക്കെ വാർഡ് തലത്തിൽ സജീവമാണിപ്പോൾ. ലഹരിയെ തുരത്താൻ നാട് ഒരുങ്ങിക്കഴിഞ്ഞു എന്ന് പലരും ആശ്വാസംകൊള്ളുന്നു. എന്നാൽ ഇതിനെല്ലാമിടയിലൂടെ ലഹരിക്ക് അടിമകളായവൻ ഇഴഞ്ഞുനീങ്ങുന്നത് നാം കാണാതെ പോകുന്നു. ബോധവൽക്കരണ ക്ലാസുകളിൽ സാന്നിധ്യമറിയിക്കുന്നത് 99 ശതമാനവും രക്ഷിതാക്കളാണ്. കേൾക്കേണ്ടവർ കേൾക്കുകയോ ബോധവാന്മാരാകുകയോ ചെയ്യുന്നില്ല.

കേരളത്തിലെ ഒരു പത്രം ഏതാനും ദിവസം മുമ്പ് പൊതുജനങ്ങളിൽനിന്ന് ലഹരിക്കെതിരെ പ്രതികരണം ആവശ്യപ്പെട്ടിരുന്നു. ഈയുള്ളവനും ഒരു കുറിപ്പിലൂടെ പരിഹാരം നിർദേശിച്ചിരുന്നു. നാലുപരിഹാരങ്ങളിൽ ഒന്ന് ധാർമികതയായിരുന്നു എന്നുള്ളത് പത്രക്കാരെ ചൊടിപ്പിച്ചു. വാർത്ത വരാത്തത് അന്വേഷിച്ചപ്പോൾ ധാർമികതയെ പരിഹാരമായി നിർദേശിച്ചു കൂടാ എന്നാണ് ഡെസ്‌കിൽ നിന്ന് മറുപടി കിട്ടിയത്.

1400 വർഷങ്ങൾക്കപ്പുറം അറേബ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന അധാർമികതകൾ ഇന്നത്തേതിനെക്കാൾ വലുതായിരുന്നു. അവിടെ പ്രവാചകൻ ﷺ കൈക്കൊണ്ട നിലപാടുകളാണ് ഇസ്‌ലാമിക നാഗരികതയ്ക്ക് കരുത്തായത്. അധാർമികതളെ പൂർണമായും അവരുടെ ജീവിതത്തിൽനിന്നും തുടച്ചു നീക്കാനായത് വിശുദ്ധ ക്വുർആനിന്റെ ധാർമികാധ്യാപനങ്ങൾകൊണ്ടാണ്.

കൊള്ളയും കൊലയും വ്യഭിചാരവും പെൺകുട്ടികളെ കുഴിച്ചുമൂടലും നിലനിന്നിരുന്ന ഒരു സമൂഹത്തെ പരിശുദ്ധ ക്വുർആനാകുന്ന ഒരു മഹത്തായ ഗ്രന്ഥംകൊണ്ട് പരിവർത്തിപ്പിച്ചെടുത്തത് കെട്ടുകഥയോ ഭാവനയോ അല്ല, ചരിത്ര സത്യമാണ്.

“തീർച്ചയായും ഈ ക്വുർ ആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 17:9).

ഇന്ന് കാണപ്പെടുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയാണ്. പരിശുദ്ധ ക്വുർആൻ ലഹരിക്കെതിരെ കൃത്യമായ ഉൽബോധനമാണ് നടത്തിയത്.

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓർമിക്കുന്നതിൽനിന്നും നമസ്‌കാരത്തിൽനിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?’’ (ക്വുർആൻ 5:90,91).

ക്വുർആൻ പകർന്നുതരുന്ന വിശ്വാസം ഉൾക്കൊണ്ടാൽ നമുക്ക് നിർഭയരാകാം. ദൈവസ്മരണയിലൂടെ തിന്മയെ അകറ്റാം.