ജോലി തേടിയെത്തിയ പയ്യൻ

ഇബ്നു അലി എടത്തനാട്ടുകര

2025 മെയ് 10, 1446 ദുൽഖഅദ് 12

പതിവുപോലെ മഗ്‌രിബ് നമസ്‌കാരാനന്തരം ഹോട്ടലിൽ കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ കേറി. അന്നേരം പുതിയ ഒരു പ്ലാസ്റ്റിക് പായയുമായി ഒരു അന്യസംസ്ഥാന പയ്യൻ കടയിലേക്ക് എത്തി. അവന്റെ കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു. ഏകദേശം പതിനെട്ടു വയസ്സ് തോന്നിക്കുന്ന, ഇരുനിറമുള്ള ആ പയ്യൻ ഏറെ സന്തോഷത്തിലായിരുന്നു. കൂടെയുള്ളത് മൂത്ത സഹോദരനാണെന്ന് കൂട്ടുകാരൻ ചോദിച്ചറിഞ്ഞു. ഒരു പയ്യൻ കൂലിപ്പണിക്കാരനായിത്തീരുകയാണ്. അതിനാണ് അവൻ കേരളത്തിൽ എത്തിയിരിക്കുന്നത്. ചായയും കടിയും കഴിച്ച് പായയുമായി ഊർജസ്വലതയോടെ അവൻ സ്ഥലം വിട്ടു.

സ്വാഭാവികമായും ഞങ്ങളുടെ ചർച്ച അവനിലായി. നമുക്ക് ചുറ്റുമുള്ള ഇതേ പ്രായത്തിലുള്ള കുട്ടികളെക്കുറിച്ച് ആലോചിക്കാതിരിക്കാനാവില്ല. വാശിപിടിച്ച് ആവശ്യമുള്ളതെല്ലാം മാതാപിതാക്കളിൽ നിന്ന് വാങ്ങിയെടുക്കാനവർ സമർഥരാണ്. പഠനം ആണ് ‘തൊഴിൽ’ എന്ന് പറയുമെങ്കിലും അതും നേരെചൊവ്വേ ചെയ്യുന്നവർ ചുരുക്കം. അസമയത്ത് വീട്ടിൽനിന്ന് ഇറങ്ങുന്നു. കൂട്ടുകാരോടൊത്ത് കറങ്ങി എവിടെനിന്നൊക്കെയോ ഭക്ഷണം കഴിക്കുന്നു. ഏറെ വൈകി വീട്ടിലെത്തി ഉറങ്ങുന്നു. വളരെ വൈകി എഴുന്നേൽക്കുന്നു.

ഇത്തരം കൂട്ടുകെട്ടുകൾ തന്നെയാണ് പലരെയും മയക്കുമരുന്ന് പോലുള്ളവയുടെ വലയിൽ പെടുത്തുന്നത്. ചോദ്യം ചെയ്യാൻ മാതാപിതാക്കൾക്ക് ധൈര്യമില്ല. എന്ത് മറുപടിയാണ് പറയുക, എന്താണവർ ചെയ്യുക എന്ന് ഊഹിക്കാനാവില്ല. അവരുടെ കാര്യത്തിൽ ഇടപെടാൻ ആരെയും അവർ അനുവദിക്കുകയുമില്ല.

പഠനത്തിനിടയിലും ജോലി ചെയ്യുന്ന വിദ്യാർഥികളെ കാണാതിരിക്കാനാവില്ല. പഠനത്തോടൊപ്പം പെട്രോൾ പമ്പിലും കടകളിലും കാറ്ററിങ്ങിലും മറ്റും പാർട് ടൈമായി ജോലി ചെയ്യുന്ന കുട്ടികൾ ധാരാളമുണ്ട്. പഠനച്ചെലവിനാണെങ്കിലും ചിലർ വീട്ടുകാരെ സഹായിക്കാൻ കൂടി ഈ കൂലി ഉപയോഗിക്കുന്നുവെന്നത് അഭിനന്ദനീയമാണ്. എനിക്ക് അത്തരക്കാരോട് പ്രത്യേക മമതയുണ്ട്, കാരണം കുട്ടിക്കാലത്ത് ഞാനും അവരിലൊരാളായിരുന്നു.

മധ്യവർഗത്തിലും അതിന് മുകളിലുമുള്ള കുടുംബത്തിലെ കുട്ടികൾ മിക്കവരും വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ഉത്സാഹിക്കുന്നവരാണ്. രക്ഷിതാക്കൾക്ക് സാമ്പത്തിക അടിത്തറയില്ലെങ്കിലും നിർബന്ധിച്ച് അവർ അന്യരാജ്യപഠനം ഒപ്പിക്കുന്നു. അവിടെയെത്തിയാൽ ഇവർ ഹോട്ടലിലും മറ്റും ജോലി ചെയ്യാൻ തിരക്ക് കൂട്ടുന്നു എന്നത് രസകരവും ചിന്തനീയവുമാണ്.

കുടുംബത്തിലെ സാമ്പത്തിക സ്ഥിതിയും പരാധീനതകളും കുട്ടികളെ ബോധപൂർവം ബോധ്യപ്പെടുത്തണം. ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയില്ല എന്ന് അവർക്ക് സ്വയം മനസ്സിലാകണം. ചോദിക്കുന്നതെന്തും കടംവാങ്ങിയിട്ടെങ്കിലും വാങ്ങിക്കൊടുക്കുന്നത് ശീലമാക്കിയാൽ പിന്നെ ചോദിച്ചത് കിട്ടിയില്ലെങ്കിൽ അവരുടെ സ്വഭാവം മാറും. ഇല്ല എന്ന വാക്ക് അവർക്ക് സഹിക്കാൻ കഴിയില്ല. വീട്ടിലെ ഇല്ലായ്മകൾ അറിഞ്ഞ് മക്കൾ വളരട്ടെ. അത് അവരുടെ ഭാവിജീവിതത്തിൽ അവർക്ക് ഏറെ ഉപകാരപ്പെടും.