അന്നവിചാരം
ഇബ്നു അലി എടത്തനാട്ടുകര
2025 ജൂൺ 28, 1447 മുഹറം 02

വീട്ടിൽ ഉച്ചഭക്ഷണമില്ലാത്ത ഒരു നാൾ തൊട്ടടുത്ത അങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറി. സമീപത്തെ ഹൈസ്‌കൂളിനും ട്യൂഷൻ സെന്ററിനും ഉച്ചഭക്ഷണ ഇടവേളയായതിനാൽ ഹോട്ടലിൽ കുട്ടികളുടെ തിരക്കും ബഹളവും. യൂണിഫോമിൽ എത്തിയ അവർ സീറ്റുകൾ മിക്കവാറും കൈയടക്കിയിരിക്കുന്നു. ഒന്നോ രണ്ടോ പൊറോട്ടയും ഫ്രീ കറിയുമാണ് അവരുടെ മെനു. അതിനുള്ള കാശേ കാണൂ കൈയിൽ.
ഒരാൾക്ക് ചെലവ് പത്തോ ഇരുപതോ രൂപ മാത്രം. തിരക്കു കാരണം പതിവു കസ്റ്റമേഴ്‌സിനെ പോലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ ഹോട്ടൽ ജീവനക്കാർ.
സ്വുബ്ഹി നമസ്‌കാരത്തിനു ശേഷം കൂട്ടുകാരനൊപ്പം ആ കടയിൽ നിന്ന് ചായയും ചട്‌നിയൊഴിച്ച് ചൂടപ്പവും കഴിക്കൽ പതിവാണ്. ഹോട്ടലുടമ അനിയന്മാരെയും വീട്ടുകാരെയും കൂട്ടി നടത്തുന്ന ഹോട്ടലിലെ നാടൻ രുചി ഇഷ്ടപ്പെടുന്ന കുറെ പേരുണ്ട്. അതുകൊണ്ടുതന്നെ, ഭാര്യ വീട്ടിലില്ലാത്ത അപൂർവം ദിവസങ്ങളിൽ പുറത്തു നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ആദ്യം ഓർമ വരുന്നത് ഈ ഹോട്ടൽ തന്നെ.
കുട്ടികളുടെ തിരക്കിനിടയിൽ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോൾ, നല്ല തിരക്കാണല്ലോ എന്ന് ഉടമയോട് പറഞ്ഞു.
“ഒന്നോ രണ്ടോ പൊറോട്ടയാണ് കുട്ടികൾ മിക്കവാറും കഴിക്കുന്നത്. ചിലർ തിരക്കിനിടയിൽ കാശ് തരാതെ ഇറങ്ങിപ്പോകും. രണ്ടോ മൂന്നോ എണ്ണം കഴിച്ചാലും ചിലർ ഒരു പൊറോട്ട കഴിച്ചു എന്ന് പറഞ്ഞ് പത്തു രൂപ തരും. ചിലതൊക്കെ അറിഞ്ഞാലും അറിയാത്ത പോലെ നടിക്കും.’’
കുട്ടികളല്ലേ, വിശന്നിട്ടല്ലേ, കഴിച്ചു പോകട്ടെ എന്ന കാരുണ്യഭാവം കടയുയമയുടെ മുഖത്ത്.
കൈയിൽ കാശില്ലാതെ വിശന്നു വരുന്നവർക്ക് അദ്ദേഹം സൗജന്യമായി ഭക്ഷണം കൊടുക്കാറുണ്ടെന്നും അപൂർവം ചിലർ അതിന് മുൻകൂർ കാശ് ഏൽപിക്കാറുമുണ്ടെന്നതും അധികമാരുമറിയാത്ത രഹസ്യമാണ്.
വെജും നോൺ വെജുമായി നമ്മളൊക്കെ വയർ നിറയെ വിവിധതരം ഭക്ഷണം കഴിക്കുകയും ശേഷം അത് ദഹിക്കാനായി നാരങ്ങ ചേർത്ത ചായയും കോളയും കുടിക്കുകയും ചെയ്യുന്നു. നേരത്തിന് നല്ല ഭക്ഷണം കഴിക്കാതെ കഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റിലുമുണ്ടെന്നറിയുക; വിശിഷ്യാ, സ്‌കൂൾ തുറന്ന് ചെലവ് കൂടുകയും കൂലിപ്പണി കുറയുകയും ചെയ്യുന്ന ഈ മഴക്കാലത്ത്. അവരെ മറക്കാതിരിക്കുക.
“ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നൽകുകയും ചെയ്യും. (അവർ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ആഹാരം നൽകുന്നത്. നിങ്ങളുടെ പക്കൽ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ, ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് തീർച്ചയായും ഞങ്ങൾ ഭയപ്പെടുന്നു’’ (ക്വുർആൻ 76:8-10).
