SIR കേരളത്തിലും!

ടി.കെ അശ്‌റഫ്

2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ അഥവാ ‘തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം’ കേരളത്തിലും നടപ്പിലാക്കാൻ പോകുകയാണ്. വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പേരു ചേർക്കാനും ഇരട്ടവോട്ട് ഒഴിവാക്കാനും മരണപ്പെട്ടവരുടെ പേരിലുള്ള വ്യാജ വോട്ട് തടയാനും ലക്ഷ്യംവെച്ച് സാധാരണ നടപ്പാക്കുന്ന ഒരു പ്രക്രിയയാണ് ഇത് എന്നാണ് ഇലക്ഷൻ കമ്മീഷന്റെ വിശദീകരണം. 2002ലാണ് അവസാനമായി ഇത് പരിഷ്‌കരിച്ചത്.

ഉയരുന്ന വിമർശനം

തങ്ങൾക്ക് രാഷ്ട്രീയമായി അനുകൂലമല്ലാത്ത സംസ്ഥാനങ്ങളിലെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണ് പുതിയ പരിഷ്‌കരണത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് എന്നതാണ് പ്രതിപക്ഷ ആക്ഷേപം. അതിന് ഉദാഹരണമായി ബീഹാറിലെ വോട്ടർ പട്ടികയിലെ കൃത്രിമത്വം ഉയർത്തിക്കാണിക്കുന്നു.

കേരളത്തിൽ 54 ലക്ഷത്തിനും മേലെ പുതിയ വോട്ടർമാരുടെ പേരുകൾ 2002നു ശേഷം പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തിരിച്ചറിയൽ രേഖകൾ കൊടുത്തിട്ടാണ് ഇവരെല്ലാം ചേർന്നത്. വീണ്ടും തിരിച്ചറിയൽ രേഖയുമായി ഇതിന് പിന്നാലെ എന്തിന് നടത്തണം? 2002നു ശേഷം നടന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും 5 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവരാണ് ഇവരിൽ ഭൂരിഭാഗവും. തിരിച്ചറിയൽ രേഖയായി ആധാറും ഉപയോഗിക്കാമെ ങ്കിൽ എന്തുകൊണ്ട് വോട്ടർപട്ടിക ആധാറുമായി ലിങ്ക് ചെയ്തുകൂടാ? അങ്ങനെ ചെയ്താൽ ഇത്തരത്തിലുള്ള തീവ്ര പരിഷ്‌കരണ പ്രക്രിയ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യാം. ഇതൊക്കെയാണ് ഉയർന്നു കേൾക്കുന്ന പ്രധാന വിമർശനങ്ങൾ.

കേരളത്തിൽ നടപ്പാക്കുമ്പോഴുള്ള ആശങ്ക

പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കും എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് ഒന്നുകിൽ അത് ലക്ഷ്യത്തിലെത്തണം; ആധാറുമായി ലിങ്ക് ചെയ്ത് ശാശ്വത പരിഹാരം കാണണം. അല്ലാത്തപക്ഷം, പരസ്പരം തർക്കിച്ച് സമയം കടന്നുപോകുകയും അവസാനം ധൃതിപിടിച്ച് ലക്ഷക്കണക്കിന് വരുന്ന വോട്ടർമാർ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നെട്ടോട്ടമോടുന്ന സാഹചര്യമുണ്ടാകും.

ഇതിനു പിന്നിൽ പ്രത്യേക അജണ്ടയുള്ളവർ അവരുടെ വോട്ടർമാരെല്ലാം പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടാകും. അല്ലാത്തവർക്ക് വോട്ട് നിഷേധിക്കപ്പെടും. പ്രവാസികളുടെ വോട്ട് വൻതോതിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

നമുക്ക് ചെയ്യാവുന്നത്

1984ന് ശേഷം ജനിച്ച ആരുടെയും പേര് വോട്ടർ പട്ടികയിൽ ഉണ്ടാകില്ല. അവർ പുതുതായി വോട്ട് ചേർക്കുന്നത് പോലെ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. പ്രവാസികൾ മാത്രമല്ല നേരത്തെ ഉണ്ടായിരുന്ന ബൂത്തിൽ നിന്ന് വോട്ടുകൾ മാറ്റിയവരെയും ഇത് പ്രതികൂലമായി ബാധിക്കും. 2002ലെ എസ്‌ഐആറിൽ ഏതു ബൂത്തിന്റെ പരിധിയിലാണോ താമസിച്ചിരുന്നത് അവിടുത്തെ വോട്ടർ പട്ടികയിലേ പേരുണ്ടാകൂ. എസ്‌ഐആർ കഴിയുമ്പോൾ ആ വോട്ടർ പട്ടികയിൽ നിന്ന് പേരു വെട്ടും. 2002ന് മുമ്പുള്ളവർ വോട്ടർപട്ടികയിൽ ഉണ്ടാകും എന്ന് കരുതുന്നവർ പേരു ചേർക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യില്ല. അങ്ങനെ അവർ പുറത്താകാനുള്ള സാധ്യതയുണ്ട്.

ഓരോ ബൂത്തിലും മതനിരപേക്ഷ വോട്ടുകൾ ഉറപ്പുവരുത്താൻ പാർട്ടികളും കൂട്ടായ്മകളും ശ്രദ്ധിക്കുക. ഇപ്പോൾ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികളെയും എൻട്രോൾ ചെയ്യിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകണം. ന്യൂനപക്ഷങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അശ്രദ്ധമൂലം കൈയിലുള്ള ഏക ആയുധമായ വോട്ട് കൂടി നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത വേണം.