പാത്രം കഴുകുന്ന കൊച്ചുകുട്ടി
ഇബ്നു അലി എടത്തനാട്ടുകര
2025 മാർച്ച് 01, 1446 റമദാൻ 01

ആ കൊച്ചുകുട്ടി പാത്രം കഴുകുന്ന കാഴ്ച സത്യത്തിൽ എന്നെ ഞെട്ടിച്ചു. രാത്രി ഒരു സംഘടിത ഔദ്യോഗിക യാത്ര തുടങ്ങുന്നതിന് മുമ്പ് സഹപ്രവർത്തകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച നേരത്താണ് കണ്ടത്. അയാളുടെ മോളാണ് നഴ്‌സറിയിൽ പഠിക്കുന്ന ആ കുട്ടി. വീട്ടിലെ എല്ലാവരും അവനവെൻറ പ്ലേറ്റ് കഴുകി അടുക്കളയിൽ വയ്ക്കുന്നു. ഭക്ഷണത്തിനുശേഷം ഞാനും പാത്രം കഴുകാൻ എഴുന്നേറ്റു. വേണ്ട എന്ന് പറഞ്ഞ് എന്നെ മുടക്കിയെങ്കിലും ശബ്ദത്തിന് അത്ര ഉറപ്പ് ഉണ്ടായിരുന്നില്ല. കൊച്ചുകുട്ടി പോലും പാത്രം മോറുമ്പോൾ, അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ കുട്ടിയെക്കാൾ ചെറുതാകില്ലേ ഞാൻ!
അന്വേഷിച്ചപ്പോൾ അറിഞ്ഞു, ആ വീട്ടിൽ അവനവൻ കഴിച്ച പാത്രം കഴുകുക എന്ന ശീലം എത്രയോ കാലമായി തുടരുന്നു എന്ന്.
സ്വന്തം വീട്ടിൽ അന്നം കഴിച്ച പ്ലേറ്റുകൾ സ്വയം കഴുകുന്ന ശീലം എത്ര പേർക്കുണ്ട്? പൊതുവെ വീട്ടുകാരിയുടെ ജോലിയാണ് അത് എന്നാണ് വയ്പ്. പെൺമക്കൾ സഹായിച്ചാലായി എന്ന് മാത്രം. ഭർത്താവും ആൺ മക്കളും ഈ പണിയെടുക്കുന്നത് മോശമായി കാണുന്നു. സ്വന്തം പാത്രം വൃത്തിയാക്കാതിരിക്കുന്ന ശീലം ഇല്ലാതിരിക്കാൻ കാരണം ഗൃഹനാഥയാണെന്നു തന്നെ പറയണം. മക്കളെ, പ്രത്യേകിച്ച് ആൺകുട്ടികളെ കൊണ്ട് ചെയ്യിക്കില്ല, ശീലിപ്പിക്കില്ല. അഥവാ അവർ ഒരുങ്ങിയാൽ അത് മുടക്കുകയും ചെയ്യും. മരുമക്കളുള്ള വീടാണെങ്കിൽ അത് അവരുടെ പണിയാണെന്നാണ് കണക്ക്. വിവാഹിതനായ മകനെങ്ങാനും അടുക്കളയിൽ സഹായിച്ചാൽ അവനെ പെൺകോന്തൻ എന്നു മുദ്രകുത്തുകയും ചെയ്യും.
കാൽ നൂറ്റാണ്ട് മുമ്പ് ഒരു ഒരു റസിഡൻഷ്യൽ കോഴ്‌സിന് ചേർന്നപ്പോഴാണ് സത്യത്തിൽ പാത്രം കഴുകുക എന്ന സംഗതിയുടെ പ്രാധാന്യവും ഗൗരവവും പിടി കിട്ടിയത്. അവനവൻ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി യഥാസ്ഥാനത്ത് വയ്ക്കണമായിരുന്നു അവിടെ. അന്ന് തുടങ്ങിയ ശീലം പൂർണമല്ലെങ്കിലും തുടർച്ചയില്ലെങ്കിലും ഇന്നും കൂടെയുണ്ട്. വീട്ടിൽ ആൺമക്കൾക്കുമുണ്ട് ഈ ശീലം.
അടുക്കളയിൽ സഹായിക്കുക എന്നത് പുണ്യപ്രവൃത്തി കൂടിയാണ്. പ്രവാചകൻ ﷺ ഇത്തരത്തിൽ സഹായിച്ചിരുന്ന ചരിത്രം കേൾക്കാത്തവർ കുറവാകും.
ഗൃഹനാഥ ജോലിക്കാരി കൂടിയാണെങ്കിൽ അതിനായി പോകുന്നതിനു മുമ്പും കഴിഞ്ഞ് വന്നതിനുശേഷവും അടുക്കളയിലെ അങ്കം പറയാനില്ല. സമയത്തോട് പൊരുതി യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ പണിയും പൂർത്തിയാക്കാനുള്ള വെപ്രാളം പറഞ്ഞറിയിക്കാൻ കഴിയില്ല. അന്നേരം ഒരു കൈ സഹായിക്കുക എന്നത് സൽകർമം കൂടിയാകുന്നു. അവനവന്റെ ഭക്ഷണ തളികകളെങ്കിലും കഴുകി വൃത്തിയാക്കുക എന്ന ശീലം വളർന്നു വരട്ടെ; പെൺമക്കളിൽ മാത്രമല്ല, ഗൃഹനാഥൻമാരിലും ആൺകുട്ടികളിലും.

