ഛത്തീസ്ഗഢ് സംഭവം നൽകുന്ന സൂചന
ടി.കെ അഷ്‌റഫ്, ജനറൽ സെക്രട്ടറി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
2025 ആഗസ്റ്റ് 02, 1447 സഫർ 08

വിവിധ മതസ്ഥർ പരസ്പര സഹകരണത്തോടെയും സൗഹാർദത്തോടെയും കഴിഞ്ഞുകൂടിയിരുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. എന്നാൽ ഏതാനും വർഷങ്ങളായി അത് പരസ്പര ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും വഴിമാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾ അങ്ങനെയൊരു ശത്രുത ആഗ്രഹിക്കുന്നില്ല. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി തീവ്ര ഹിന്ദുത്വവാദികൾ വിവിധ കാരണങ്ങളുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
മതപ്രബോധനവും മതംമാറ്റവും മതാചാരങ്ങൾ നിർവഹിക്കുന്നതുമൊന്നും ഒരു കുറ്റകൃത്യമായി നമ്മുടെ ഭരണാധികാരികൾ കണ്ടിരുന്നില്ല. എന്നാൽ ആ അവസ്ഥക്കും മാറ്റം സംഭവിച്ചിരിക്കുന്നു. ന്യൂനപക്ഷ മതപ്രബോധകർ വേട്ടയാടപ്പെടുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നത് പോലും നിർബന്ധിത മതപരിവർത്തനത്തിന്റെ കണക്കിൽ പെടുത്തപ്പെടുന്നു.
തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കാനും അത് നിർഭയമായി ആചരിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഇന്ത്യൻ പൗരന് അനുവദിച്ചു തരുന്ന മൗലികാവകാശമാണ്. പൊതുക്രമത്തിനും ധാർമികതക്കും വിധേയമായും ഭരണഘടനയിലെ 3ാം ഭാഗത്തെ വ്യവസ്ഥകൾക്കു വിധേയമായും എല്ലാ വ്യക്തികൾക്കും തുല്യമായ മനസ്സാക്ഷിസ്വാതന്ത്ര്യവും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയുടെ 25ാം വകുപ്പ് നൽകുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലെ (Universal Declaration of Human Rights) 18-ാം വകുപ്പ് ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പു നൽകിയിരിക്കുന്നു. ഈ അവകാശം ഒരാളുടെ മതം അഥവാ വിശ്വാസം മാറാനുള്ള സ്വാതന്ത്ര്യവും ഒറ്റക്കോ മറ്റുള്ളവരോടൊപ്പം സമൂഹത്തിലോ പരസ്യമായി അഥവാ സ്വകാര്യമായി, പ്രബോധനം, അഭ്യസനം, ആരാധന, നിഷ്ഠ എന്നിവയിൽ ഒരാളുടെ മതമോ വിശ്വാസമോ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പുതന്നിരിക്കുന്നു. അതുകൊണ്ട് മതസ്വാതന്ത്ര്യം ഉണ്ടായിരിക്കാനുള്ള അവകാശം (The Right to Religious Freedom) ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മാനുഷ്യാവകാശമാണ്.
ഭരണഘടനാ നിർമാണവേളയിൽ കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലി സ്ഥാപിച്ച ന്യൂനപക്ഷങ്ങൾക്കായു ള്ള കമ്മിറ്റി ഇങ്ങനെ ശുപാർശ ചെയ്തു; ഇസ്‌ലാം, ക്രിസ്തുമതം എന്നിവപോലുള്ള മതങ്ങൾ പരിവർത്തന വിശ്വാസങ്ങൾ (proselytising faiths) ആയതിനാൽ അവർക്ക് മതം പ്രചരിപ്പിക്കാനുള്ള അവകാശം ഒരു മൗലികാവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് അഭിലഷണീയമായിരിക്കും.
മതപ്രബോധനം എന്നാൽ നിർബന്ധിത മതപരിവർത്തനം എന്ന ആഖ്യാനത്തിലേക്ക് ചില നിയമങ്ങൾ പാസ്സാക്കുക വഴി എത്തിനിൽക്കുകയാണ് നമ്മുടെ രാജ്യം. ഇത് തിരുത്തിയേ പറ്റൂ. ഭരണകൂടം ശത്രുപക്ഷത്ത് നിർത്തിയ മതങ്ങളും അതിന്റെ വിശ്വാസികളും അനുഭവിക്കുന്ന കടുത്ത അനീതിയുടെ മറ്റൊരു അധ്യായം മാത്രമാണ് ഇപ്പോൾ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി.
തീർത്തും തെറ്റായ നരേറ്റീവുകൾ നിരത്തി ക്രൈസ്തവ- മുസ്‌ലിം വിഭാഗങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ഒറ്റപ്പെടുത്തി വേട്ടയാടുക എന്ന നയമാണ് ഇവിടെ സ്വീകരിച്ചു വരുന്നത്. ഇക്കാര്യം എത്ര നേരത്തെ തിരിച്ചറിഞ്ഞ്, ഒന്നിച്ചു നിന്ന് പ്രതികരിക്കാൻ അവർക്ക് കഴിയുന്നുവോ അത്രയും വേഗം മൗലികാവകാശങ്ങൾ സംരക്ഷിക്കാനും പോലീസ് വേട്ടയിൽനിന്ന് രക്ഷപ്പെടാനും സാധിക്കും.
