തട്ടുകടയിലെ മിടുക്കൻ

ഇബ്നു അലി എടത്തനാട്ടുകര

2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ പുസ്തക പ്രകാശനത്തിന് ആദ്യമായി എനിക്കും ഭാര്യക്കും അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷമായി. ഭക്ഷണകാര്യങ്ങൾ ആലോചിച്ചപ്പോൾ ഒപ്പം ആശങ്കയും തോന്നി. പൊതുവെ അറേബ്യൻ ഭക്ഷണത്തോട് അത്ര പ്രിയമില്ല ഇരുവർക്കും.

ഷാർജ റോളയിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ അതിരാവിലെ നാട്ടുകാരൻ സുഹൃത്ത് എത്തി. സമീപത്തുള്ള തട്ടുകട വലിപ്പമുള്ള ചെറിയ ഹോട്ടൽ പരിചയപ്പെടുത്തി. പാർസൽ വാങ്ങിത്തന്നാണ് അവൻ ധൃതിയിൽ ജോലിക്ക് പോയത്. മുറിയിലെത്തി ചായയും പൂരിയും ബാജിയും കഴിച്ചപ്പോൾ കരുതിയിരുന്നില്ല ഇനി ഒരാഴ്ച അവിടെനിന്ന് തന്നെയാകും ഭക്ഷണമെന്ന്.

നാട്ടിലെ നാടൻ ചായ കിട്ടാൻ ഫ്രഷ് മിൽക്ക് ചായ എന്ന് പറയണമെന്നും മറ്റുള്ളവ നമുക്ക് പിടിക്കില്ലെന്നും പറഞ്ഞ് തന്നിരുന്നു. ദിർഹമിനെ മനക്കണക്ക് കൂട്ടി, ഒരു ചായക്ക് 50 രൂപക്ക് അടുത്തോ എന്ന് ആദ്യം അമ്പരന്നെങ്കിലും പിന്നീടത് ശീലമായി.

ഒരു ഊണ് വാങ്ങിയാൽ ഞാനും ഭാര്യയും കഴിച്ചാലും ബാക്കിയാവും. എങ്ങനെയത് പറഞ്ഞു മനസ്സിലാക്കി, പിശുക്കനല്ലെന്ന് ബോധ്യപ്പെടുത്തും എന്നൊരു സംശയമുണ്ടായിരുന്നു. സ്റ്റാഫുകളിൽ രണ്ടു പേരൊഴികെ എല്ലാവരും മലയാളികളായിരുന്നു. അതിൽ ഊർജസ്വലനായൊരു പയ്യൻ പെട്ടെന്ന് പ്രിയങ്കരനായി. വെളുത്ത് മെലിഞ്ഞ്, ഇത്തിരി നീണ്ട ഒരിരുപതുകാരൻ! എപ്പോഴും ചിരിക്കുന്ന മുഖം. എല്ലായിടത്തും ഓടിച്ചാടി നടക്കുന്നുണ്ടാവും. ഒന്നുരണ്ട് നേരം കൊണ്ടുതന്നെ ഞങ്ങൾക്ക് ഏതുതരം ഭക്ഷണം എത്രയളവിൽ വേണമെന്ന് അവൻ മനസ്സിലാക്കി. അതോടെ ആ പരിസരത്തുണ്ടെങ്കിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും അവിടെ നിന്നു തന്നെയായി ഭക്ഷണം. മറ്റൊരു ഹോട്ടൽ പരീക്ഷിക്കാൻ സാധ്യതയില്ലാത്ത വണ്ണം അതിനോടും അവനോടും ഒരിഷ്ടം തോന്നിത്തുടങ്ങിയിരുന്നു. തിരക്കുള്ള രണ്ട് റോഡുകൾ മുറിച്ചുകടന്ന് ഒരു കിലോമീറ്റർ നടന്നു ചെന്നിട്ടാണെങ്കിലും അവിടെനിന്ന് ഭക്ഷണം കഴിച്ച് തൃപ്തിയടഞ്ഞു.

ഓടിച്ചാടി നടന്ന് മേശ വൃത്തിയാക്കി, പാത്രം കഴുകി, ഓർഡർ എടുത്ത്, അത് സെർവ് ചെയ്ത്, പാർസൽ കൊടുത്ത്, കാഷ് കൗണ്ടറിൽ ഇരുന്ന് കാശ് വാങ്ങുക കൂടി ചെയ്യുന്ന അവനെ കാത്തിരിക്കും ഞങ്ങൾ; ഓർഡർ കൊടുക്കാൻ.

അവനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു ഞങ്ങൾക്ക്. അവനെ പിരിയാൻ നേരിയ വിഷമം. മടങ്ങുന്ന ദിവസം അവിടെനിന്ന് നെയ്‌ച്ചോറും ചിക്കൻ കറിയും കഴിച്ചു പോരുമ്പോൾ, അവന് എന്തെ ങ്കിലും കൊടുക്കണം എന്ന് ഭാര്യ ആവശ്യപ്പെട്ടു; നാട്ടിലുള്ള മകനെ ഓർത്തിട്ടുകൂടിയായിരിക്കാം. ക്യാഷ് വാങ്ങി പണിത്തിരക്കിലേക്ക് കുതിക്കാൻ ഒരുങ്ങുമ്പോൾ, ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ് എന്നു പറഞ്ഞ് ഒരു നോട്ട് കയ്യിൽ വെച്ച് കൊടുത്തു. ചിരി ഒന്ന് മാഞ്ഞെങ്കിലും പ്രത്യേകിച്ച് ഒന്നും പറയാതെ അവൻ അടുത്ത മേശക്കടുത്തേക്ക് ഓടി. അവൻ തന്റെ മാതാപിതാക്കളെ ഓർത്തിരിക്കുമോ ആവോ?

ചെറുപ്രായത്തിൽ നാടും വീടും വിട്ട് അന്യദേശത്ത് അതിരാവിലെ മുതൽ രാത്രി വൈകിവരെ എല്ലാ പണികളും എടുക്കുന്നത് തന്റെ മാതാപിതാക്കളെയും ഇളയവരെയും പോറ്റാനായിരിക്കുമല്ലോ.

ഒരു വേള നാട്ടിലെ ചില കുട്ടികളെക്കുറിച്ച് ഓർത്തുപോയി. വീട്ടിൽ പാകം ചെയ്തു വെച്ച ഭക്ഷണം ഉണ്ടായിട്ടും വിളമ്പിക്കഴിക്കാൻ മടി കാണിക്കുന്നവർ. ഉള്ള ഭക്ഷണത്തെ കുറ്റം പറയുന്നവർ. കഴിച്ച പാത്രം കഴുകുന്നത് പോയിട്ട് അടുക്കളയിലേക്ക് എടുത്ത് വെക്കാൻ പോലും തയ്യാറാകാത്തവർ. അത്യാവശ്യമെങ്കിൽ പോലും കടയിൽ പോയി സാധനം വാങ്ങിക്കൊണ്ട് വരാൻ കൂട്ടാക്കാത്തവർ. എന്നാൽ ചിരിമായാ മുഖത്തോടെ രാപകൽ അവിശ്രമം പല പണിയുമെടുക്കുന്ന ആ കാസർകോട്ടുകാരൻ കുട്ടി മനസ്സിൽനിന്ന് മായുന്നില്ല.